എബോള രോഗബാധ; ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ലോകാരോഗ്യ സംഘടന

ജനീവ: കോംഗോയിലും ഉഗാണ്ടയിലും പടർന്നുപിടിക്കുന്ന എബോള രോഗബാധയുടെ പശ്ചാത്തലത്തിൽ ലോകാരോഗ്യ സംഘടന ആഗോള ആരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ബുന്ദിബുഗ്യോ വൈറസ് മൂലമുണ്ടാകുന്ന രോഗബാധ ആഗോള മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

ശനിയാഴ്ച വരെയുള്ള കണക്കനുസരിച്ച് ഡി.ആർ.സിയിലെ ഇട്ടൂരി പ്രവിശ്യയിലെ ബൂനിയ, റാംപര, മോങ്ബ്‌വാലു മേഖലകളിൽ സംശയാസ്പദമായ 80 മരണങ്ങളും, ലബോറട്ടറി സ്ഥിരീകരിച്ച 8 കേസുകളും, സംശയാസ്പദമായ 246 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്ന് ലോകാരോഗ്യ സംഘടന അറിയിച്ചു. ഉഗാണ്ടയുടെ തലസ്ഥാനമായ കമ്പാലയിൽ ഡി.ആർ.സിയിൽ നിന്ന് യാത്ര ചെയ്ത രണ്ട് പേർക്ക് ലബോറട്ടറി പരിശോധനയിലൂടെ രോഗം സ്ഥിരീകരിച്ചു. ഇതിലൊരാൾ മരണപ്പെടുകയും ചെയ്തു. ഇട്ടൂരിയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് ഡി.ആർ.സി തലസ്ഥാനമായ കിൻഷാസയിലും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്.

രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ, സമൂഹവ്യാപനം നടക്കുന്നുണ്ടെന്ന് ആഫ്രിക്ക സി.ഡി.സി  മുന്നറിയിപ്പ് നൽകി. രോഗം നിയന്ത്രണവിധേയമാക്കാൻ ആരോഗ്യപ്രവർത്തകർ സ്ക്രീനിംഗും സമ്പർക്കപ്പട്ടിക തയ്യാറാക്കലും ഊർജ്ജിതമാക്കിയിട്ടുണ്ട്. വളരെ വേഗത്തിൽ പകരുന്ന രോഗമാണ് എബോള. ഛർദ്ദി, രക്തം, ശുക്ലം തുടങ്ങിയ ശരീരസ്രവങ്ങളിലൂടെയാണ് ഇത് പകരുന്നത്. ഈ രോഗം വളരെ അപൂർവ്വമായി മാത്രമേ കാണാറുള്ളൂവെങ്കിലും, മാരകവും മിക്കപ്പോഴും മരണകാരണവുമാകാറുണ്ട്. കോംഗോയിലെ എബോളബാധ വെള്ളിയാഴ്ചയാണ് അധികൃതർ  പ്രഖ്യാപിക്കുമ്പോൾ 65 മരണങ്ങളും സംശയാസ്പദമായ 246 കേസുകളുമാണ് ഉണ്ടായിരുന്നത്.

പ്രാദേശിക മേഖലയിൽ പ്രത്യേകിച്ച് മോങ്ബ്‌വാലുവിൽ രോഗബാധിതരായ നിരവധി ആളുകൾ ഇപ്പോഴുമുണ്ടെന്നും ഇത് രോഗനിയന്ത്രണത്തെയും സമ്പർക്കപ്പട്ടിക തയ്യാറാക്കുന്നതിനെയും സങ്കീർണ്ണമാക്കുന്നുവെന്നും ആഫ്രിക്ക സി.ഡി.സി ഡയറക്ടർ ജനറൽ ഡോ. ജീൻ കസേയ പറഞ്ഞു. ഇട്ടൂരിയിലെ സുരക്ഷാ പ്രശ്നങ്ങൾ പ്രതിരോധ പ്രവർത്തനങ്ങൾക്കും നിരീക്ഷണങ്ങൾക്കും വലിയ തടസ്സം സൃഷ്ടിക്കുന്നുണ്ട്.

എബോള ബാധ കൈകാര്യം ചെയ്യുന്നതിൽ കോംഗോക്ക് മുൻപരിചയമുണ്ടെങ്കിലും രോഗബാധിത പ്രദേശങ്ങളിൽ വിദഗ്ധരെയും മെഡിക്കൽ സാമഗ്രികളും എത്തിക്കുന്നതിൽ വലിയ പ്രതിസന്ധികൾ നേരിടുന്നുണ്ട്. വിസ്തൃതിയിൽ ആഫ്രിക്കയിലെ രണ്ടാമത്തെ വലിയ രാജ്യമായ കോംഗോയിലെ പ്രവിശ്യകൾ തമ്മിൽ വലിയ ദൂരമുണ്ട്. കൂടാതെ ഭൂരിഭാഗം പ്രദേശങ്ങളും ആഭ്യന്തര സംഘർഷങ്ങളിലാണ്. 

Tags:    
News Summary - WHO declared global public health emergency

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.