യു.എസിൽ വോട്ടെണ്ണൽ തുടങ്ങി; ആദ്യ ഫലസൂചനകളിൽ ട്രംപിന് തിരിച്ചടി, ഡെമോക്രാറ്റിക് പാർട്ടിക്ക് മുന്നേറ്റം

വാഷിങ്ടൺ: അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിലെ വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ആദ്യ ഫലസൂചനകൾ പ്രസിഡന്റ് ഡോണൾഡ് ട്രംപിനും റിപ്പബ്ലിക്കൻ പാർട്ടിക്കും തിരിച്ചടിയാകുന്നു.  നിർണായക സെനറ്റ് പോരാട്ടങ്ങളിൽ നോർത്ത് കരോലിനയിലും ജോർജിയയിലും ഡെമോക്രാറ്റുകൾക്കാണ് മുന്നേറ്റം. വോട്ടെണ്ണൽ പുരോഗമിക്കുന്നതിനാൽ സെനറ്റിന്റെ നിയന്ത്രണം റിപ്പബ്ലിക്കൻ പാർട്ടിയിൽനിന്ന് പിടിച്ചെടുക്കാൻ ഡെമോക്രാറ്റുകൾക്ക് കഴിയുമോയെന്ന കാര്യത്തിൽ വ്യക്തതയായിട്ടില്ല. ചൊവ്വാഴ്ച നടന്ന തെരഞ്ഞെടുപ്പിൽ ഇരുപാർട്ടികൾക്കും നിർണായകമായ നിരവധി മത്സരങ്ങളുടെ ഫലമാണ് ഇനി പുറത്തുവരാനുള്ളത്.

നോർത്ത് കരോലിനയിൽ മുൻ ഗവർണർ റോയ് കൂപ്പർ ട്രംപിന്റെ പിന്തുണയുള്ള റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക്കൽ വാട്ട്ലിയെ പരാജയപ്പെടുത്തി. റിപ്പബ്ലിക്കൻ പാർട്ടിയുടെ കൈവശമുണ്ടായിരുന്ന സെനറ്റ് സീറ്റാണ് കൂപ്പർ ഡെമോക്രാറ്റുകൾക്കായി പിടിച്ചെടുത്തത്. ഇതോടെ സെനറ്റിൽ ഭൂരിപക്ഷം നേടാൻ ഡെമോക്രാറ്റുകൾക്ക് ആവശ്യമായ നാല് അധിക സീറ്റുകളിൽ ഒന്നുകൂടി സ്വന്തമായി.

ജോർജിയയിൽ ഡെമോക്രാറ്റിക് സെനറ്റർ ജോൺ ഒസോഫ് വിജയിച്ചു. റിപ്പബ്ലിക്കൻ സ്ഥാനാർഥിയും ജനപ്രതിനിധിസഭാംഗവുമായ മൈക്ക് കോളിൻസിനെയാണ് അദ്ദേഹം പരാജയപ്പെടുത്തിയത്. 2028ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഡെമോക്രാറ്റുകളുടെ സാധ്യതയുള്ള സ്ഥാനാർഥികളിലൊരാളായി വിലയിരുത്തപ്പെടുന്ന ഒസോഫിന്റെ വിജയം ശ്രദ്ധേയമാണ്. നേരത്തെ കടുത്ത മത്സരമുണ്ടാകുമെന്ന് കരുതിയിരുന്ന ജോർജിയയിലെ പോരാട്ടത്തിൽ ട്രംപിന്റെ ജനപ്രീതി ഇടിഞ്ഞതോടെ റിപ്പബ്ലിക്കൻ സ്ഥാനാർഥിയുടെ സാധ്യതകൾ മങ്ങിയിരുന്നു.

രാത്രി 8.30 വരെയുള്ള കണക്കനുസരിച്ച് ജനപ്രതിനിധിസഭയിലെ നാൽപതോളം സീറ്റുകളിലെ വിജയികളെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ കോൺഗ്രസിന്റെ നിയന്ത്രണം നിർണയിക്കുന്നതിൽ നിർണായകമാകുമെന്ന് കരുതുന്ന പല മണ്ഡലങ്ങളിലെയും ഫലം പുറത്തുവന്നിരുന്നില്ല. ജനപ്രതിനിധിസഭയിൽ ഭൂരിപക്ഷം നേടാൻ ഡെമോക്രാറ്റുകൾക്ക് മൂന്ന് സീറ്റുകൾ അധികമായി പിടിച്ചെടുക്കണം.

അതേസമയം മിഷിഗനിൽ 13ശതമാനം വോട്ടുകൾ എണ്ണിത്തീർന്നപ്പോൾ ഡെമോക്രാറ്റിക് സ്ഥാനാർഥി അബ്ദുൽ അൽ സഈദ് 55ശതമാനം വോട്ടുകൾ നേടി മുന്നിട്ടുനിൽക്കുകയാണ്. റിപ്പബ്ലിക്കൻ സ്ഥാനാർഥി മൈക് റോജേഴ്സിനെ പിന്തള്ളിയാണ് അൽ സഈദ് മുന്നേറുന്നത്.

സെനറ്റിൽ ഭൂരിപക്ഷം നേടുക ഡെമോക്രാറ്റുകൾക്ക് കൂടുതൽ കടുപ്പമേറിയ ദൗത്യമാണ്. നിലവിലുള്ള എല്ലാ സീറ്റുകളും നിലനിർത്തുന്നതിനൊപ്പം രണ്ട് വർഷം മുമ്പ് ട്രംപിന് ഇരട്ടയക്ക ഭൂരിപക്ഷം ലഭിച്ച സംസ്ഥാനങ്ങളിൽ കുറഞ്ഞത് രണ്ടിടത്തെങ്കിലും വിജയിക്കണം. അലാസ്ക, അയോവ, കൻസാസ്, നെബ്രാസ്ക, ഒഹായോ, സൗത്ത് കരോലിന, ടെക്സാസ് തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഡെമോക്രാറ്റുകൾക്ക് നിർണായക പോരാട്ടമുള്ളത്. ഈ സംസ്ഥാനങ്ങളിലെല്ലാം ഡെമോക്രാറ്റുകൾ നേരിയ മുന്നേറ്റം നേടുകയോ റിപ്പബ്ലിക്കൻ സ്ഥാനാർഥികൾക്ക് കടുത്ത വെല്ലുവിളി ഉയർത്തുകയോ ചെയ്യുന്നുവെന്നാണ് അഭിപ്രായ സർവേകൾ സൂചിപ്പിക്കുന്നത്.

അമേരിക്കൻ മാധ്യമങ്ങളുടെ കൂട്ടായ്മക്കുവേണ്ടി എസ്.എസ്.ആർ.എസ് നടത്തിയ എക്സിറ്റ് പോൾ ഫലങ്ങളും ഭരണകക്ഷിക്കെതിരായ ജനവികാരം വ്യക്തമാക്കുന്നുണ്ട്. രാജ്യത്തെ പകുതിയോളം വോട്ടർമാർ 2026ലെ ഇടക്കാല തെരഞ്ഞെടുപ്പിനെ പ്രസിഡന്റിനെതിരായ പ്രതിഷേധം രേഖപ്പെടുത്താനുള്ള അവസരമായാണ് കണ്ടത്. രാജ്യത്തിന്റെ നിലവിലെ അവസ്ഥയിൽ 75 ശതമാനം പേർ അതൃപ്തിയോ രോഷമോ പ്രകടിപ്പിച്ചു. പ്രസിഡന്റിന്റെ അധികാരത്തിന് മേൽ കോൺഗ്രസ് കൂടുതൽ നിയന്ത്രണങ്ങളും സന്തുലിതാവസ്ഥയും ഉറപ്പാക്കണമെന്ന് 70 ശതമാനം വോട്ടർമാരും അഭിപ്രായപ്പെട്ടു.

ട്രംപിന്റെ രണ്ടാം ഭരണകാലത്തെ ആദ്യ രണ്ടുവർഷത്തെ പ്രവർത്തനങ്ങളുടെ വിലയിരുത്തലായാണ് ഈ തെരഞ്ഞെടുപ്പ് പൊതുവെ കണക്കാക്കപ്പെടുന്നത്. ജനപ്രതിനിധിസഭയിൽ ഡെമോക്രാറ്റുകൾക്ക് വിജയസാധ്യത കൂടുതലാണെന്നാണ് സർവേകൾ സൂചിപ്പിക്കുന്നത്. എന്നാൽ സെനറ്റിൽ മത്സരം ഇപ്പോഴും കടുത്ത നിലയിലാണ്. വോട്ടർമാരോട് 'ഞാനാണ് ബാലറ്റിലുള്ളതെന്ന് കരുതി വോട്ട് ചെയ്യണം' എന്നായിരുന്നു ട്രംപിന്റെ ആഹ്വാനം.

നിലവിൽ ട്രംപിന്റെ ജനപ്രീതി അദ്ദേഹത്തിന്റെ രാഷ്ട്രീയജീവിതത്തിലെ ഏറ്റവും താഴ്ന്ന നിലകളിലൊന്നിലാണ്. ഇറാനുമായുള്ള യുദ്ധം, ഇന്ധനവിലയിലെ വർധന, ഉയർന്ന ജീവിതച്ചെലവ് തുടങ്ങിയവയിൽ വോട്ടർമാർക്കുള്ള അതൃപ്തി റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായേക്കുമെന്നാണ് വിലയിരുത്തൽ.

Tags:    
News Summary - US Midterm Election Results: Democrats take early lead in House & Senate, grab 4 governor seats

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.