പ്രതീകാത്മക ചിത്രം
ഗ്രൗണ്ട് സ്റ്റോപ്പ് പിൻവലിച്ചു; യുഎസിൽ വിമാന സർവീസുകൾ പുനരാരംഭിച്ചു; മുടങ്ങിയത് 11,000 സർവീസുകൾ
വാഷിങ്ടൺ: എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിലുണ്ടായ ആശയവിനിമയ തകരാറിനെ തുടർന്ന് രാജ്യവ്യാപകമായി വിമാനങ്ങൾ നിലത്തിറക്കാൻ നൽകിയ ഉത്തരവ് (ഗ്രൗണ്ട് സ്റ്റോപ്പ്) ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ(എഫ്എഎ) പിൻവലിച്ചു. ഇതോടെ അമേരിക്കയിൽ നിർത്തിവെച്ച ആഭ്യന്തര വിമാന സർവീസുകൾ പുനരാരംഭിച്ചു.
ഈസ്റ്റേൺ സമയം വൈകിട്ട് 3.54-നാണ് ഗ്രൗണ്ട് സ്റ്റോപ്പ് പ്രാബല്യത്തിൽ വന്നത്. നിലത്തുണ്ടായിരുന്ന വിമാനങ്ങൾക്ക് പറന്നുയരാൻ അനുമതി നൽകിയിരുന്നില്ല. ആകാശത്തുണ്ടായിരുന്ന വിമാനങ്ങൾക്ക് ലക്ഷ്യസ്ഥാനങ്ങളിൽ ഇറങ്ങാൻ മാത്രമാണ് അനുമതി നൽകിയത്. അപ്പോൾ 4,042 വിമാനങ്ങൾ അമേരിക്കൻ വിമാനത്താവളങ്ങളിലേക്ക് പറക്കുകയായിരുന്നുവെന്ന് ഫ്ലൈറ്റ് റഡാർ24 അറിയിച്ചു.
ഗ്രൗണ്ട് സ്റ്റോപ്പ് പിൻവലിച്ചെങ്കിലും സർവീസുകൾ പൂർണമായും സാധാരണ നിലയിലായിട്ടില്ല. തകരാറിനെ തുടർന്ന് 11,000-ത്തിലധികം സർവീസുകൾ വൈകുകയോ റദ്ദാക്കുകയോ ചെയ്തു. ഫ്ലൈറ്റ് അവെയറിന്റെ കണക്കനുസരിച്ച് 1,000-ത്തിലധികം സർവീസുകൾ റദ്ദാക്കുകയും 10,000-ത്തോളം സർവീസുകൾ വൈകുകയും ചെയ്തു. ബോസ്റ്റൺ, ന്യൂയോർക്ക്, സിയാറ്റിൽ, ലോസ് ഏഞ്ചൽസ് തുടങ്ങിയ വിമാനത്താവളങ്ങളിൽ യാത്രക്കാർ കുടുങ്ങിയിട്ടുണ്ട്. ഗേറ്റുകൾ നിറഞ്ഞതോടെ എത്തിയ വിമാനങ്ങൾ ടാക്സിവേയിൽ കാത്തുകിടക്കേണ്ടി വന്നു.
തകരാർ അമേരിക്കക്ക് പുറത്തേക്കും വ്യാപിച്ചിരുന്നു. കാനഡയിൽ നിന്നും യൂറോപ്പിൽ നിന്നുമുള്ള സർവീസുകളും റദ്ദാക്കേണ്ടി വന്നു.
തകരാറിന് പിന്നിൽ സൈബർ ആക്രമണമോ എഐയോ ഇല്ലെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഫോക്സ് ന്യൂസിനോട് പറഞ്ഞു. എഫ്എഎയുടെ ഗ്രൗണ്ട് സ്റ്റോപ്പുമായി തങ്ങളുടെ സേവനങ്ങൾക്ക് ബന്ധമുണ്ടെന്നതിന് സൂചനയില്ലെന്ന് മൈക്രോസോഫ്റ്റും വ്യക്തമാക്കി. മനഃപൂർവമുള്ള ആക്രമണമാണെന്നതിന് ഉടനടി സൂചനയില്ലെന്ന് ഹോംലാൻഡ് സെക്യൂരിറ്റി സെക്രട്ടറി മാർക്വെയ്ൻ മുള്ളിൻ വൈറ്റ് ഹൗസിന് പുറത്ത് മാധ്യമങ്ങളോട് പറഞ്ഞു.
പുതിയ എഐ അധിഷ്ഠിത എയർ ട്രാഫിക് കൺട്രോൾ സംവിധാനവുമായി ബന്ധപ്പെട്ട പ്രശ്നമുണ്ടോ എന്നതുൾപ്പെടെ എല്ലാ സാധ്യതകളും പരിശോധിക്കുകയാണെന്നും ഇത് മറ്റൊരു സെപ്റ്റംബർ 11 അല്ലെന്നും ജനങ്ങൾ ഭയപ്പെടേണ്ടതില്ലെന്നും അദ്ദേഹം പറഞ്ഞു.
രാജ്യവ്യാപക ഗ്രൗണ്ട് സ്റ്റോപ്പിന് തൊട്ടുമുമ്പ് ഷിക്കാഗോയിലെ വ്യോമഗതാഗതവും എഫ്എഎ നിർത്തിവെച്ചിരുന്നു. 2001 സെപ്റ്റംബർ 11-ന് ശേഷം അമേരിക്കയിൽ രണ്ടാമതാണ് ഇത്തരമൊരു രാജ്യവ്യാപക നിയന്ത്രണം. 2023 ജനുവരിയിൽ പൈലറ്റുമാർക്ക് സുരക്ഷാ വിവരങ്ങൾ നൽകുന്ന വ്യോമ ദൗത്യങ്ങൾക്കുള്ള അറിയിപ്പ്(NOTAM) സംവിധാനം തകരാറിലായതിനെ തുടർന്ന് രണ്ട് മണിക്കൂറിൽ താഴെ ആഭ്യന്തര സർവീസുകൾ നിർത്തിയിരുന്നു.
ആ സംഭവം അമേരിക്കൻ എയർ ട്രാഫിക് കൺട്രോൾ സംവിധാനത്തിന്റെ വിശ്വാസ്യതയെക്കുറിച്ചുള്ള ആശങ്ക വീണ്ടും ഉയർത്തിയിട്ടുണ്ട്. ഉപകരണങ്ങളുടെയും ആശയവിനിമയത്തിന്റെയും തകരാറുകൾ, ജീവനക്കാരുടെ കുറവ്, പഴക്കം ചെന്ന അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് സംവിധാനം നേരിടുന്ന പ്രധാന വെല്ലുവിളികൾ. എഫ്എഎയുടെ സാങ്കേതികവിദ്യയുടെ ഭൂരിഭാഗവും പതിറ്റാണ്ടുകൾ പഴക്കമുള്ളതാണ്. 400-ലധികം കേന്ദ്രങ്ങളിൽ കാലാവസ്ഥാ വിവരങ്ങൾക്കായി ഉപയോഗിക്കുന്ന ഫ്ലോപ്പി ഡിസ്കുകൾ 2028 അവസാനത്തോടെ പൂർണമായി ഒഴിവാക്കുമെന്ന് കഴിഞ്ഞ ആഴ്ച ഏജൻസി അറിയിച്ചിരുന്നു.
വിമാനത്താവളങ്ങളും എയർ ട്രാഫിക് കൺട്രോൾ സംവിധാനവും നവീകരിക്കാൻ 30.1 ബില്യൺ ഡോളർ കൂടി അനുവദിക്കണമെന്ന് വൈറ്റ് ഹൗസും ഗതാഗത വകുപ്പും ആവശ്യപ്പെട്ടിരുന്നു. 2025 ജനുവരിയിൽ റൊണാൾഡ് റീഗൻ വാഷിങ്ടൺ നാഷണൽ വിമാനത്താവളത്തിന് സമീപമുണ്ടായ വിമാനാപകടത്തിൽ 67 പേർ മരിച്ചതിന് പിന്നാലെ വ്യോമയാന സുരക്ഷയിൽ കടുത്ത പരിശോധന നടക്കുന്നതിനിടെയാണ് പുതിയ തകരാർ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.