'അറസ്റ്റിലായാലോ കൊല്ലപ്പെട്ടാലോ കുഴപ്പമില്ല'; ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുമെന്ന് ശൈഖ് ഹസീന

ധാക്ക: അറസ്റ്റോ തടവോ വധശ്രമമോ നേരിടേണ്ടിവന്നാലും ബംഗ്ലാദേശിലേക്ക് മടങ്ങിപ്പോകുമെന്ന് ശൈഖ് ഹസീന. രാജ്യത്ത് തിരിച്ചെത്തിയാൽ അറസ്റ്റിലാകാനും കൊല്ലപ്പെടാനും സാധ്യതയുണ്ടെന്ന് അറിയാമെന്നും എന്നാൽ അതൊന്നും തന്നെ ഭയപ്പെടുത്തില്ലെന്നും അവർ വ്യക്തമാക്കി. സ്വന്തം ജനങ്ങൾക്കൊപ്പം സ്വന്തം രാജ്യത്തിന്റെ മണ്ണിൽ മരിക്കേണ്ടിവന്നാലും പ്രശ്നമില്ലെന്നും അവർ പറയുന്നു.

അതേസമയം, ബംഗ്ലാദേശിലേക്ക് മടങ്ങിയാലുണ്ടാകുന്ന പരിണതഫലങ്ങളെക്കുറിച്ച് പൂർണ ബോധ്യമുണ്ടെന്നും ഹസീന പറഞ്ഞു. 1981ൽ സൈനികഭരണകാലത്തും 2007ൽ സൈനിക പിന്തുണയുള്ള സർക്കാർ അധികാരത്തിലിരുന്നപ്പോഴും ബംഗ്ലാദേശിലേക്ക് മടങ്ങിയ കാര്യവും അവർ ഓർത്തെടുത്തു. അന്ന് അറസ്റ്റിലാകാൻ സാധ്യതയുണ്ടെന്ന് അറിഞ്ഞുകൊണ്ടായിരുന്നു മടക്കം. തടവും നിരവധി വധശ്രമങ്ങളും നേരിട്ടിട്ടുണ്ടെന്നും ശരിയെന്ന് വിശ്വസിക്കുന്ന കാര്യങ്ങൾ ചെയ്യുന്നതിൽ ഒരിക്കലും ഭയം തോന്നിയിട്ടില്ലെന്നും ഹസീന പറഞ്ഞു.

ബംഗ്ലാദേശ് നിലവിൽ കടുത്ത പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നതെന്നും അവാമി ലീഗ് നേതാക്കളും പ്രവർത്തകരും പീഡനങ്ങൾ നേരിടുകയാണെന്നും സാധാരണക്കാർ ദുരിതത്തിലാണെന്നും അവർ ആരോപിച്ചു. നിരവധി കുടുംബങ്ങൾക്ക് വീടും ഉപജീവനമാർഗവും നഷ്ടപ്പെടുന്ന സാഹചര്യമാണുള്ളത്. ജനങ്ങൾ ഇത്രയേറെ ദുരിതം അനുഭവിക്കുമ്പോൾ അവരിൽനിന്ന് അകന്നുനിൽക്കാൻ കഴിയില്ലെന്നും തിരിച്ചെത്തി അവർക്കൊപ്പം നിൽക്കാനാണ് ആഗ്രഹമെന്നും ഹസീന പറഞ്ഞു.

2024ലെ ബംഗ്ലാദേശ് പ്രക്ഷോഭത്തിൽ തനിക്കെതിരായി വന്ന ആരോപണങ്ങളും ഹസീന നിഷേധിച്ചു. നിരപരാധികളെ കൊല്ലാൻ താൻ ഒരിക്കലും ഉത്തരവിട്ടിട്ടില്ലെന്നാണ് അവരുടെ വാദം.

Tags:    
News Summary - Sheikh Hasina Denies Bangladesh Protests

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.