‘ഇറാനെ തൊട്ടാൽ ബഹുമുഖ യുദ്ധം’; നെതന്യാഹുവിന് സൈനിക ഇന്റലിജൻസിന്റെ മുന്നറിയിപ്പ്

ജറുസലം/വാഷിങ്ടൺ: ഇറാനെതിരെ ഇസ്രായേൽ ആക്രമണം നടത്തിയാൽ ലബനാൻ, സിറിയ, ഗസ്സ എന്നിവ ഉൾപ്പെടുന്ന വിപുലമായ പ്രാദേശിക യുദ്ധത്തിന് കാരണമായേക്കുമെന്ന് ഇസ്രായേൽ സൈനിക രഹസ്യാന്വേഷണ വിഭാഗം (ഐഡിഎഫ് മിലിട്ടറി ഇന്റലിജൻസ്) പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന് മുന്നറിയിപ്പ് നൽകിയതായി റിപ്പോർട്ട്. കഴിഞ്ഞയാഴ്ച നടന്ന അടച്ചിട്ട യോഗത്തിലാണ് മുന്നറിയിപ്പ് നൽകിയതെന്ന് ‘ചാനൽ 12’ ഞായറാഴ്ച റിപ്പോർട്ട് ചെയ്തു.

ഇറാനെതിരായ സൈനിക നീക്കങ്ങളെക്കുറിച്ച് അടുത്തിടെ നടന്ന തീവ്ര ചർച്ചകൾക്കിടെയാണ് നെതന്യാഹുവിനും മുതിർന്ന പ്രതിരോധ ഉദ്യോഗസ്ഥർക്കും മുന്നിൽ ഈ വിലയിരുത്തൽ എത്തിയത്. സൈനിക നടപടി മൂന്ന് മുതൽ അഞ്ച് ദിവസം വരെയുള്ള പരിമിതമായ ആക്രമണമായി ഒതുങ്ങിനിൽക്കുമെന്ന നെതന്യാഹുവിന്റെയും മൊസാദ് മേധാവി റോമൻ ഗോഫ്‌മാന്റെയും പ്രതീക്ഷകൾക്ക് വിരുദ്ധമായി, ആക്രമണം ‘ബഹുമുഖ സംഘർഷത്തിന്’ തിരികൊളുത്തുമെന്ന് സൈനിക ഇന്റലിജൻസ് മുന്നറിയിപ്പ് നൽകി.

ഒക്ടോബർ 27ന് നടന്ന തെരഞ്ഞെടുപ്പിൽ പാർലമെന്റിലെ ഭൂരിപക്ഷം നഷ്ടമായതിന് പിന്നാലെ, പകരമൊരു സർക്കാർ രൂപവത്കരിക്കുന്നത് തടയാനായി നെതന്യാഹു ഇറാൻ ഭീഷണി പെരുപ്പിച്ച് കാണിക്കുകയാണെന്ന ആരോപണം ഉയർന്നിട്ടുണ്ട്. അമേരിക്കയുടെ പങ്കാളിത്തമോ അനുമതിയോ ഇല്ലാതെ നെതന്യാഹു ഏകപക്ഷീയമായ ആക്രമണത്തിന് നീങ്ങിയേക്കാമെന്ന ആശങ്കയാണ് പ്രതിപക്ഷ നേതാവ് അവിഗ്ദോർ ലിബർമാന്റെ സമീപകാല മുന്നറിയിപ്പുകൾക്ക് പിന്നിലെന്നും ചാനൽ 12 റിപ്പോർട്ട് ചെയ്തു.

നെസെറ്റിന്റെ താൽക്കാലിക വിദേശകാര്യ-പ്രതിരോധ സമിതി അധ്യക്ഷനായി ചുമതലയേറ്റ ലിബർമാൻ, ഇപ്പോഴത്തെ ഏതൊരു ഇസ്രായേൽ ആക്രമണവും അനാവശ്യവും ‘തികച്ചും രാഷ്ട്രീയ പ്രേരിതവും’ ആണെന്ന് കഴിഞ്ഞയാഴ്ച വ്യക്തമാക്കിയിരുന്നു. അടച്ചിട്ട യോഗത്തിലെ പരാമർശങ്ങളോട് പ്രതികരിക്കാൻ ഐ.ഡി.എഫ് വിസമ്മതിച്ചു.

ഇറാനെതിരെ എത്രയും വേഗം ആക്രമണം നടത്തണമെന്ന് നെതന്യാഹു യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിൽ സമ്മർദം ചെലുത്തുന്നതായി ‘കാൻ’ പബ്ലിക് ബ്രോഡ്കാസ്റ്റർ റിപ്പോർട്ട് ചെയ്തു. എന്നാൽ ട്രംപ് ഇതുവരെ തീരുമാനമെടുത്തിട്ടില്ലെന്നും ആക്രമണത്തിന് മടിക്കുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു. യുദ്ധക്കെടുതികളും കടുത്ത യുഎസ് ഉപരോധങ്ങളും മൂലം ഇറാൻ നേരിടുന്ന പ്രതിസന്ധി കണക്കിലെടുത്ത്, പുതിയ ആക്രമണങ്ങൾക്ക് പകരം സാമ്പത്തിക ഉപരോധങ്ങളുടെ ഫലം കാണാൻ കൂടുതൽ സമയം നൽകണമെന്ന നിലപാടാണ് വൈറ്റ് ഹൗസിലെ ചിലർക്കുള്ളത്.

പുതുവർഷത്തിന് മുമ്പ് കരാറിലെത്തിയില്ലെങ്കിൽ ഇറാനെതിരെ മറ്റൊരു സൈനിക നീക്കത്തിന് താൻ താൽപര്യപ്പെടുന്നതായി ട്രംപ് ഞായറാഴ്ച ‘ഫോക്സ് ന്യൂസി’നോട് പറഞ്ഞു. തനിക്ക് സ്വീകാര്യമായ ഒരു കരാറിലെത്താൻ ഇറാൻ താൽപര്യം കാണിക്കുന്നില്ലെന്നും ട്രംപ് ഫോൺ അഭിമുഖത്തിൽ ആരോപിച്ചു.

കരാറിലെത്തുന്നതിൽ ഇറാൻ കാലതാമസം വരുത്തുകയാണെന്നും അതോടൊപ്പം കൂടുതൽ ആക്രമണോത്സുകരാകുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തി. കഴിഞ്ഞ ദിവസങ്ങളിൽ കുവൈത്തിലെയും ബഹ്‌റൈനിലെയും യു.എസ് താവളങ്ങൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളെ പരാമർശിച്ചായിരുന്നു ഈ വിമർശനം. ‘ഇടക്കാല തെരഞ്ഞെടുപ്പിന് മുമ്പുള്ളതിനേക്കാൾ അവർ ഇപ്പോൾ കൂടുതൽ ആക്രമണോത്സുകരാണ്. അവർ എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കും, സംസാരം മാത്രമേയുള്ളൂ, അതെല്ലാം അസംബന്ധമാണ്’- ട്രംപ് പറഞ്ഞു. ഇറാന് കരാർ വേണമെങ്കിലും അവർ മുന്നോട്ടുവെക്കുന്ന നിബന്ധനകൾ ‘അംഗീകരിക്കാനാവാത്തതാണ്’ എന്ന് കഴിഞ്ഞ വെള്ളിയാഴ്ചയും ട്രംപ് പറഞ്ഞിരുന്നു. ഏകദേശം ഒമ്പത് മാസം നീണ്ടുനിന്ന സംഘർഷത്തിന്റെ ആഭ്യന്തര രാഷ്ട്രീയ പ്രത്യാഘാതങ്ങൾക്കിടയിലാണ്, ആക്രമണങ്ങൾ പുനരാരംഭിക്കുന്ന കാര്യം ട്രംപ് ആലോചിക്കുന്നത്.

Tags:    
News Summary - Attack on Iran will trigger multi-front war: Intel warns Netanyahu

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.