വ്യാജവാർത്തകളെന്ന് ആക്ഷേപം; സി.എൻ.എൻ ഉൾപ്പെടെ പ്രമുഖ മാധ്യമങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്കേർപ്പെടുത്തി ട്രംപ്

വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിനെതിരെ വിമർശനങ്ങളും വ്യാജവാർത്തകളും പ്രചരിപ്പിക്കുന്നുവെന്നാരോപിച്ച് പ്രമുഖ മാധ്യമ സ്ഥാപനങ്ങൾക്ക് വൈറ്റ് ഹൗസിൽ വിലക്ക്. സി.എൻ.എൻ, എം.എസ് നൗ, പൊളിറ്റിക്കോ എന്നീ മാധ്യമസ്ഥാപനങ്ങൾക്കാണ് വൈറ്റ് ഹൗസിൽ പ്രവേശിക്കുന്നതിന് ട്രംപ് അടിയന്തര വിലക്കേർപ്പെടുത്തിയത്. ഭരണകൂടത്തിന്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് ഈ മാധ്യമങ്ങൾ നിരന്തരം കെട്ടുകഥകളും നുണകളും പ്രചരിപ്പിക്കുകയാണെന്ന് ട്രംപ് കുറ്റപ്പെടുത്തി. തന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രഖ്യാപനം നടത്തിയത്.

തന്റെ ഭരണകൂടത്തെയോ അമേരിക്കൻ ഐക്യനാടുകളെയോ കുറിച്ച് റിപ്പോർട്ട് ചെയ്യുമ്പോൾ മാധ്യമങ്ങൾ യാഥാർത്ഥ്യങ്ങൾ മൂടിവെച്ച് കൃത്രിമമായ വാർത്തകളും നുണകളും പ്രചരിപ്പിക്കുകയാണെന്ന് ട്രംപ് ആഞ്ഞടിച്ചു. റിപ്പബ്ലിക്കൻ ഭരണകൂടത്തിന്റെ പ്രതിച്ഛായ തകർക്കാൻ ലക്ഷ്യമിട്ട് മാധ്യമങ്ങൾ ബോധപൂർവ്വം നെഗറ്റീവ് വാർത്തകൾ മെനയുകയാണെന്നും എന്നാൽ തങ്ങൾ മികച്ച ഭരണമാണ് കാഴ്ചവെക്കുന്നതെന്നും ഓവൽ ഓഫീസിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവെ ട്രംപ് അവകാശപ്പെട്ടു. കൂടാതെ, വരും ദിവസങ്ങളിൽ ന്യൂയോർക്ക് ടൈംസ്, വാഷിങ്ടൺ പോസ്റ്റ് തുടങ്ങിയ മറ്റ് മാധ്യമങ്ങൾക്കെതിരെയും സമാനമായ നടപടികൾ ഉണ്ടായേക്കാമെന്നും അദ്ദേഹം സൂചന നൽകി.

എന്നാൽ ട്രംപിന്റെ ഈ കടുത്ത നടപടിക്കെതിരെ മാധ്യമപ്രവർത്തകരും മനുഷ്യാവകാശ സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. അമേരിക്കൻ ഭരണഘടനയുടെ ഒന്നാം ഭേദഗതി ഉറപ്പുനൽകുന്ന മാധ്യമസ്വാതന്ത്ര്യത്തിന് മേലുള്ള നഗ്നമായ കടന്നുകയറ്റമാണിതെന്ന് മാധ്യമസ്ഥാപനങ്ങൾ പ്രതികരിച്ചു. വൈറ്റ് ഹൗസ് റിപ്പോർട്ടിങ് സുതാര്യവും കൃത്യവുമായി തുടരുമെന്നും, ഭരണകൂടത്തിന്റെ ഇത്തരം നിയന്ത്രണങ്ങളെ നിയമപരമായി നേരിടുമെന്നും സി.എൻ.എന്നും പൊളിറ്റിക്കോയും വ്യക്തമാക്കി. ജനാധിപത്യത്തിന്റെ അടിത്തറയായ മാധ്യമസ്വാതന്ത്ര്യത്തെ അടിച്ചമർത്താനാണ് ട്രംപ് ഭരണകൂടം ശ്രമിക്കുന്നതെന്ന് 'റിപ്പോർട്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ്', ആംനസ്റ്റി ഇന്റർനാഷണൽ തുടങ്ങിയ സംഘടനകളും ചൂണ്ടിക്കാട്ടി.

Tags:    
News Summary - Trump bans CNN, MS NOW, Politico from White House for ‘fake news’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.