ഡമസ്കസ്: സിറിയയിൽ അധികാര കൈമാറ്റം പൂർത്തിയാകുന്നതു വരെ ഭരണഘടനയും പാർലമെന്റും സസ്പെൻഡ് ചെയ്തതായി ഇടക്കാല സർക്കാർ. ഭരണഘടനയിൽ പുതിയ ഭേദഗതികൾ കൊണ്ടുവരാൻ നീതിന്യായ, മനുഷ്യാവകാശ സമിതികൾ രൂപവത്കരിക്കുമെന്നും സർക്കാർ വക്താവ് ഉബൈദ് അർനൗത് പറഞ്ഞു. അധികാരക്കൈമാറ്റത്തിനായി സമാന്തര സർക്കാറിന്റെ മന്ത്രിമാരുടെയും അസദ് ഭരണകൂടത്തിലെ മന്ത്രിമാരുടെയും യോഗം നടത്തും. മൂന്നു മാസംകൊണ്ട് അധികാരക്കൈമാറ്റം പൂർത്തിയാക്കും. രാജ്യത്തിന്റെ മതപരവും സാംസ്കാരികവുമായ സ്വാതന്ത്ര്യവും വൈവിധ്യവും നിലനിർത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
അതിനിടെ, ഏഴു മാസമായി സിറിയൻ ജയിലിൽ കഴിയുകയായിരുന്ന യു.എസ് പൗരൻ ട്രാവിസ് ടിമ്മർമാൻ മോചിതനായി. സിറിയയിൽ ബശ്ശാറുൽ അസദിന്റെ സർക്കാറിനെ പുറത്താക്കി അധികാരം പിടിച്ചെടുത്ത വിമത സായുധ വിഭാഗത്തിന്റെ അനുയായികളാണ് തടവറയുടെ വാതിൽ തകർത്ത് ഇയാളെ മോചിപ്പിച്ചത്. തീർഥാടനത്തിനായി ലബനാനിൽനിന്ന് സിറിയയിലേക്ക് കാൽനടയായി വരുന്നതിനിടെയാണ് ഇയാളെ പിടികൂടി ജയിലിലിട്ടത്.
അതേസമയം, അസദിന്റെ കാലത്തെ കുപ്രസിദ്ധമായ തടവറകൾ പൂട്ടുമെന്നും ആയിരക്കണക്കിന് തടവുകാരെ കൊല്ലുകയും പീഡിപ്പിക്കുകയും ചെയ്തവരെ പിടികൂടുമെന്നും വിമത നേതാവ് അബു മുഹമ്മദ് അൽ ജൂലാനി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.