സത്യ നദെല്ല
ഔട്ട്ലുക്ക് പണിമുടക്കിയത് 'പെർഫെക്ട് സ്റ്റോം' കാരണം! പിഴവ് സമ്മതിച്ച് സത്യ നദെല്ല
ഇ-മെയിൽ അയക്കാൻ നോക്കിയിട്ട് ഇൻബോക്സ് തുറക്കുന്നില്ല, സന്ദേശങ്ങൾ വരുന്നില്ല, മൈക്രോസോഫ്റ്റിന്റെ മറ്റ് സേവനങ്ങളും പണിമുടക്കുന്നു! കഴിഞ്ഞയാഴ്ച ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉപയോക്താക്കളെ വലച്ച മൈക്രോസോഫ്റ്റ് ഔട്ട്ലുക്ക് തകരാറിന് പിന്നിലെ കാരണം ഒടുവിൽ വിശദീകരിച്ച് കമ്പനി സി.ഇ.ഒ സത്യ നദെല്ല. ഒരു പ്രത്യേക രീതിയിലുള്ള ഉപയോക്തൃ ട്രാഫിക് എത്തിയപ്പോഴാണ് മാസങ്ങളായി ഒളിഞ്ഞുകിടന്ന സോഫ്റ്റ്വെയർ പിഴവ് പുറത്തുവന്നതെന്നാണ് അദ്ദേഹത്തിന്റെ വെളിപ്പെടുത്തൽ. വേണ്ടത്ര പരിശോധനയും സുരക്ഷാ സംവിധാനങ്ങളും ഉണ്ടായിരുന്നെങ്കിൽ ആഗോളതലത്തിലുള്ള തകരാർ ഒഴിവാക്കാമായിരുന്നുവെന്നും നദെല്ല സമ്മതിച്ചു.നവംബർ 12-നാണ് മൈക്രോസോഫ്റ്റിന്റെ വിവിധ സേവനങ്ങളെ ബാധിച്ച ആഗോള തകരാർ ആരംഭിച്ചത്. ഔട്ട്ലുക്ക് വഴി ഇമെയിൽ പരിശോധിക്കാനും അയക്കാനും കഴിയാത്ത സാഹചര്യം നിരവധി ഉപയോക്താക്കൾ നേരിട്ടു. പിന്നീട് മൈക്രോസോഫ്റ്റ് 365, ടീംസ്, കോപൈലറ്റ്, ഷെയർപോയിന്റ്, വൺഡ്രൈവ് തുടങ്ങിയ സേവനങ്ങളെയും പ്രശ്നം ബാധിച്ചു. നവംബർ 13-നാണ് സേവനങ്ങൾ സാധാരണ നിലയിലേക്ക് മടങ്ങിയത്.പരിശോധനകൾ നേരത്തേ നടത്തേണ്ടതായിരുന്നുവെന്നും ഒരു ഭാഗത്തുണ്ടാകുന്ന തകരാർ ആഗോളതലത്തിൽ വ്യാപിക്കാതിരിക്കാനുള്ള സംവിധാനങ്ങൾ ഒരുക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം സമ്മതിച്ചു.മൈക്രോസോഫ്റ്റിന്റെ നവംബർ 15-ലെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് പ്രകാരം മൂന്ന് ഘടകങ്ങളാണ് തകരാറിലേക്ക് നയിച്ചത്.
ഒന്നാമത്തേത്, ജൂലൈയിൽ അവതരിപ്പിച്ച ഒരു സോഫ്റ്റ്വെയർ മാറ്റത്തിലുണ്ടായിരുന്ന പിഴവാണ്. ചില പ്രത്യേക സാഹചര്യങ്ങളിൽ സെർവറുകളുടെ പ്രവർത്തനശേഷി അമിതമായി ഉപയോഗിക്കപ്പെടുകയും അവ പ്രതികരിക്കാതാകുകയും ചെയ്യുന്ന പ്രശ്നമായിരുന്നു ഇത്. സാധാരണ പരിശോധനകളിൽ ഈ പിഴവ് കണ്ടെത്താനായില്ലെന്നും വ്യത്യസ്തമായ ട്രാഫിക് സാഹചര്യങ്ങളും കൂടുതൽ ശേഷിയുള്ള പുതിയ ഹാർഡ്വെയറുകളും ഉപയോഗിച്ചുള്ള പരിശോധനകൾ ആവശ്യമായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കുന്നു.
രണ്ടാമത്തേത്, മൈക്രോസോഫ്റ്റ് ടീംസ് സേവനത്തിലെ പ്രവർത്തനമാറ്റത്തെത്തുടർന്ന് നെറ്റ്വർക്ക് ഗേറ്റ്വേ സംവിധാനത്തിലേക്ക് അധികഭാരം എത്തി. ടീംസ് ട്രാഫിക് മറ്റൊരു സംവിധാനത്തിൽനിന്ന് ഔട്ട്ലുക്കും ഉപയോഗിക്കുന്ന പ്രധാന നെറ്റ്വർക്ക് സംവിധാനത്തിലേക്ക് മാറ്റിയതോടെ അവിടത്തെ ലോഡും ട്രാഫിക് രീതിയും മാറി.മൂന്നാമത്തേത്, മുൻദിവസത്തെ മറ്റൊരു പ്രശ്നം കാരണം നെറ്റ്വർക്ക് ഗേറ്റ്വേയുടെ സെർവർ ശേഷിയുടെ ഏകദേശം 14 ശതമാനം ഉപയോഗത്തിലില്ലായിരുന്നു. ഈ മൂന്ന് ഘടകങ്ങളും ഒരുമിച്ചപ്പോൾ പിഴവ് പുറത്തുവന്നു. സെർവറുകൾ പ്രതികരിക്കാതായതോടെ അവയുടെ ജോലിഭാരം മറ്റ് സെർവറുകളിലേക്ക് മാറുകയും തകരാർ കൂടുതൽ വ്യാപിക്കുകയും ചെയ്തു. ഒരു ഘട്ടത്തിൽ 80 ശതമാനത്തിലധികം സെർവറുകൾ പ്രതികരിക്കാത്ത അവസ്ഥയിലായെന്നും റിപ്പോർട്ട് പറയുന്നു.നദെല്ലയുടെ പ്രതികരണത്തിൽ ശ്രദ്ധേയമായ മറ്റൊരു കാര്യം 'ബൾക്ക്ഹെഡ്' എന്ന സാങ്കേതിക സംവിധാനത്തെക്കുറിച്ചുള്ള പരാമർശമാണ്. കപ്പലുകളിൽ ഒരു ഭാഗത്ത് വെള്ളം കയറിയാൽ മുഴുവൻ കപ്പലും മുങ്ങാതിരിക്കാൻ ഉൾഭാഗം പല അറകളായി വേർതിരിക്കുന്ന രീതിയുണ്ട്. സോഫ്റ്റ്വെയർ സംവിധാനങ്ങളിലും ഇതേ ആശയമാണ് ബൾക്ക്ഹെഡ്.അതായത്, ഒരു സെർവറിലോ സേവനത്തിലോ തകരാർ സംഭവിച്ചാൽ അത് മറ്റ് സംവിധാനങ്ങളിലേക്ക് പടരാതെ വേർതിരിച്ചു നിർത്തുക. അത്തരമൊരു സുരക്ഷാ ക്രമീകരണം കൂടുതൽ ഫലപ്രദമായിരുന്നെങ്കിൽ ഔട്ട്ലുക്കിലെ പ്രശ്നം മൈക്രോസോഫ്റ്റിന്റെ മറ്റ് സേവനങ്ങളെയും ആഗോളതലത്തിൽ ബാധിക്കുന്ന സാഹചര്യം ഒഴിവാക്കാമായിരുന്നുവെന്നാണ് നദെല്ലയുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.