ഗസ്സ: ഹമാസിന്റെ മുതിർന്ന കമാൻഡർ റാഇദ് സഅ്ദ് (52) ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു. ശനിയാഴ്ച ഗസ്സ സിറ്റിക്ക് പടിഞ്ഞാറുള്ള അൽ റാശിദ് റോഡിൽ കാറിൽ സഞ്ചരിക്കവെ ഇസ്രായേൽ സൈന്യത്തിന്റെ ഡ്രോൺ ആക്രമണത്തിലാണ് സഅ്ദ് കൊല്ലപ്പെട്ടത്. കൂടെയുണ്ടായിരുന്ന നാലുപേരും കൊല്ലപ്പെട്ടു. 25ഓളം പേർക്ക് പരിക്കേറ്റു.
സഅ്ദ് കൊല്ലപ്പെട്ടത് സ്ഥിരീകരിച്ച ഹമാസ് നേതാവ് ഖലീൽ അൽഹയ്യ, ഇസ്രായേൽ വെടിനിർത്തൽ ലംഘിച്ചതായി കുറ്റപ്പെടുത്തി. സഅ്ദിന്റെ കൊലയടക്കം നിരവധി തവണ വെടിനിർത്തൽ ലംഘിച്ച ഇസ്രായേലിനെ നിലക്കുനിർത്താൻ വെടിനിർത്തൽ ചർച്ചക്ക് മുൻകൈയെടുത്ത യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
ഹമാസിന്റെ ഗസ്സ സിറ്റി ബ്രിഗേഡ് മേധാവിയായിരുന്ന സഅ്ദ്, ആയുധ വിഭാഗത്തിന്റെ ചുമതലയും വഹിച്ചിരുന്നു. ഹമാസിന്റെ മിസൈൽ പദ്ധതിയുടെ ബുദ്ധികേന്ദ്രങ്ങളിൽ പ്രധാനിയുമാണ്.
ഗസ്സയിൽ ഇസ്രായേൽ ആക്രമണം കനപ്പിച്ചതോടെ തുരങ്കത്തിലിരുന്ന് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിയിരുന്ന സഅ്ദ് അവിടെനിന്ന് പുറത്തിറങ്ങി ഒരു മണിക്കൂറിനകമാണ് കൊല്ലപ്പെട്ടത് എന്നാണ് റിപ്പോർട്ട്.
2023 ഒക്ടോബർ ഏഴിലെ ഹമാസിന്റെ ഇസ്രായേൽ ആക്രമണത്തിന്റെ പ്രധാന സൂത്രധാരനാണ് കൊല്ലപ്പെട്ടതെന്ന് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സും പറഞ്ഞു. 2024 ജൂൺ 22ന് അൽ ശാത്വി അഭയാർഥി ക്യാമ്പിനുനേരെ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ റാഇദ് സഅ്ദ് തലനാരിഴക്കാണ് രക്ഷപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.