റോഹിങ്ക്യൻ വംശഹത്യ; ഇരകൾക്ക് നഷ്ടപരിഹാരവും സുരക്ഷിത മടക്കവും ഉറപ്പാക്കണമെന്ന് ബംഗ്ലാദേശ്
ധാക്ക: റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരായ വംശഹത്യയിൽ മ്യാന്മർ നഷ്ടപരിഹാരം നൽകണമെന്നും അഭയാർഥികളുടെ സുരക്ഷിതവും സ്വമേധയാ ഉള്ളതും അന്തസ്സുറ്റതുമായ മടക്കം ഉറപ്പാക്കണമെന്നും ബംഗ്ലാദേശ് ആവശ്യപ്പെട്ടു. റോഹിങ്ക്യകൾക്കെതിരെ മ്യാന്മർ വംശഹത്യ നടത്തിയെന്ന അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐ.സി.ജെ) ചരിത്രപരമായ വിധിയുടെ പശ്ചാത്തലത്തിലാണ് ബംഗ്ലാദേശിന്റെ ആവശ്യം.
2017ൽ മ്യാന്മറിലെ വടക്കൻ റാഖൈൻ സംസ്ഥാനത്ത് സൈന്യം നടത്തിയ സൈനിക നടപടികൾക്കിടെ ന്യൂനപക്ഷമായ റോഹിങ്ക്യൻ മുസ്ലിംകൾക്കെതിരെ വംശഹത്യ നടന്നതായി വ്യാഴാഴ്ചയാണ് അന്താരാഷ്ട്ര നീതിന്യായ കോടതി വിധിച്ചത്. 1948ലെ വംശഹത്യ തടയുന്നതിനുള്ള കൺവെൻഷൻ പ്രകാരം ഒരു രാജ്യത്തെ വംശഹത്യക്ക് ഉത്തരവാദിയായി പ്രഖ്യാപിക്കുന്നത് കോടതിയുടെ 80 വർഷത്തെ ചരിത്രത്തിൽ ആദ്യമായാണ്.
ബംഗ്ലാദേശിലെ കോക്സ് ബസാറിലുള്ള ഉഖിയയിൽ റോഹിങ്ക്യൻ അഭയാർഥികളെ അഭിസംബോധന ചെയ്യുകയായിരുന്നു വിദേശകാര്യ മന്ത്രി ഖലീലുർ റഹ്മാൻ. മ്യാന്മറിൽ റോഹിങ്ക്യകൾ നേരിട്ട അതിക്രമങ്ങളെക്കുറിച്ചുള്ള കോടതിവിധി ചരിത്രനിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. നീതി ലഭിക്കുന്നതിനും സ്വന്തം നാട്ടിലേക്ക് സുരക്ഷിതമായി മടങ്ങുന്നതിനുമുള്ള റോഹിങ്ക്യകളുടെ യാത്രയുടെ തുടക്കമായി ഈ വിധി മാറണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോടതിവിധി അന്തിമവും നിയമപരമായി ബാധ്യതയുള്ളതുമാണെന്നും ഇതിനെതിരെ അപ്പീൽ നൽകാൻ കഴിയില്ലെന്നും ഐക്യരാഷ്ട്രസഭ പൊതുസഭയുടെ 81ാം സമ്മേളനത്തിന്റെ അധ്യക്ഷൻ കൂടിയായ റഹ്മാൻ വ്യക്തമാക്കി.
കോടതി വിധി തള്ളി മ്യാന്മർ
റോഹിങ്ക്യ മുസ്ലിം ന്യൂനപക്ഷത്തിനെതിരെ മ്യാന്മർ സുരക്ഷാ സേന ഭരണകൂട പിന്തുണയോടെ വംശഹത്യ നടത്തിയെന്ന അന്താരാഷ്ട്ര നീതിന്യായ കോടതി വിധി അന്യായമാണെന്ന് മ്യാന്മർ സർക്കാർ വക്താവ് വ്യക്തമാക്കി. വെള്ളിയാഴ്ച തലസ്ഥാനമായ നേപിഡോയിൽ നടത്തിയ വാർത്തസമ്മേളനത്തിലാണ് വക്താവ് ഖയിങ് ഖയിങ് സോ ഇക്കാര്യം പറഞ്ഞത്. വിധി ഏകകണ്ഠമല്ലെന്നും, തങ്ങളുടെ രാജ്യത്തെ തെറ്റുകാരായി കുറ്റപ്പെടുത്തുകയായിരുന്നുവെന്നുമാണ് മ്യാന്മറിന്റെ നിലപാട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.