ഇന്ത്യൻ വ്യോമസേനയുടെ സജീവ റഫാൽ വിമാനങ്ങൾ 32 ആയി കുറഞ്ഞെന്ന്'ഫ്ലൈറ്റ് ഗ്ലോബൽ'; കണക്ക് തള്ളി പ്രതിരോധ മന്ത്രാലയം

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ സജീവ റഫാൽ യുദ്ധവിമാനങ്ങളുടെ എണ്ണം 35ൽ നിന്ന് 32 ആയി കുറഞ്ഞതായി 'ഫ്ലൈറ്റ് ഗ്ലോബലിന്റെ വേൾഡ് എയർ ഫോഴ്‌സസ് 2027' റിപ്പോർട്ട്. എന്നാൽ റിപ്പോർട്ടിലെ കണക്കുകളുടെ കൃത്യത പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർ ചോദ്യം ചെയ്തു. ഈ കണക്കുകൾ വ്യോമസേനയോ മന്ത്രാലയമോ നൽകിയതല്ലെന്നാണ് ഉദ്യോഗസ്ഥരുടെ വിശദീകരണം.

ഇന്ത്യ വാങ്ങിയ 36 റഫാൽ യുദ്ധവിമാനങ്ങളിൽ 32 എണ്ണം മാത്രമാണ് നിലവിൽ സജീവമായുള്ളതെന്നാണ് ബ്രിട്ടീഷ് വ്യോമയാന പ്രസിദ്ധീകരണമായ ഫ്ലൈറ്റ് ഗ്ലോബൽ രേഖപ്പെടുത്തിയിരിക്കുന്നത്. 2025 നവംബറിൽ പുറത്തിറങ്ങിയ മുൻ പതിപ്പിൽ 35 വിമാനങ്ങളാണ് സജീവമായുള്ളതായി രേഖപ്പെടുത്തിയിരുന്നത്.

ദി ഹിന്ദു റിപ്പോർട്ട് ചെയ്തതനുസരിച്ച്, പ്രതിരോധ മന്ത്രാലയത്തിലെ വൃത്തങ്ങൾ ഈ വിലയിരുത്തലിന്റെ കൃത്യതയെ ചോദ്യം ചെയ്തു. ഈ കണക്കുകൾ മന്ത്രാലയമോ വ്യോമസേനയോ നൽകിയതല്ലെന്ന് അവർ വ്യക്തമാക്കി. സിറിയത്തിന്റെ മിലിട്ടറി ഫ്ലീറ്റ് ഡാറ്റാബേസ് ഉപയോഗിച്ച് തയ്യാറാക്കിയ ഏറ്റവും പുതിയ വിലയിരുത്തൽ, സജീവ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിമാനങ്ങൾ ഏതെന്ന് തിരിച്ചറിയുകയോ, കുറവിന് പിന്നിലെ കാരണം വിശദീകരിക്കുകയോ ചെയ്യുന്നില്ലെന്നും മുതിർന്ന ഉദ്യോഗസ്ഥർ ചൂണ്ടിക്കാട്ടി.

ഫ്രാൻസിൽനിന്ന് ഇന്ത്യ വാങ്ങിയ 36 റഫാൽ വിമാനങ്ങളിൽ 28 എണ്ണം സിംഗിൾ സീറ്റർ ഇ.എച്ച് (EH) വിഭാഗത്തിലും എട്ടെണ്ണം ഇരട്ട സീറ്റർ ഡി.എച്ച് (DH) വിഭാഗത്തിലുമാണ്. ഓപ്പറേഷൻ സിന്ദൂറിനിടെ വിമാനങ്ങൾ നഷ്ടമായതായി ഇന്ത്യൻ വ്യോമസേന അംഗീകരിച്ചിരുന്നെങ്കിലും നഷ്ടപ്പെട്ട വിമാനങ്ങളുടെ എണ്ണമോ ഏതൊക്കെ വിമാനങ്ങളാണ് നഷ്ടമായതെന്നോ വെളിപ്പെടുത്തിയിരുന്നില്ല.

2026 ജൂണിൽ 36 റഫാൽ വിമാനങ്ങൾക്കും 'ബ്രിഡ്ജ് സപ്പോർട്ട്' ആവശ്യപ്പെട്ട് ഇന്ത്യൻ വ്യോമസേന ടെൻഡർ പുറപ്പെടുവിച്ചതായി പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് 'ദ ഹിന്ദു' റിപ്പോർട്ട് ചെയ്തിരുന്നു. വിമാനങ്ങളുടെ പരിപാലനവും സാങ്കേതിക പിന്തുണയും മുഴുവൻ വിമാനങ്ങൾക്കും തുടരുന്നുണ്ടെന്നാണ് ഇത് സൂചിപ്പിക്കുന്നത്.

വിമാനങ്ങളുടെ ദൃശ്യങ്ങൾ, ഫ്ലൈറ്റ് ട്രാക്കിങ് വിവരങ്ങൾ, പ്രതിരോധവുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ തുടങ്ങിയ പൊതുവായി ലഭ്യമായ വിവരങ്ങൾ അടിസ്ഥാനമാക്കിയാണ് സിറിയം സൈനിക വിമാനങ്ങളുടെ കണക്കുകൾ തയ്യാറാക്കുന്നത്. അറ്റകുറ്റപ്പണികൾ, നവീകരണം, ഘടനാപരമായ പരിശോധനകൾ എന്നിവ കാരണം സജീവ വിമാനങ്ങളുടെ എണ്ണത്തിൽ മാറ്റമുണ്ടാകാം. എന്നാൽ ഇന്ത്യയുടെ റഫാൽ വിമാനങ്ങളുടെ എണ്ണം കുറഞ്ഞതിന്റെ കാരണം പുതിയ പട്ടികയിൽ വ്യക്തമാക്കിയിട്ടില്ല.

ഫ്ലൈറ്റ് ഗ്ലോബലിന്റെ കണക്കുകൾ ഔദ്യോഗിക സർക്കാർ വിവരങ്ങളല്ലെന്നും വിമാനങ്ങളുടെ എണ്ണം സംബന്ധിച്ച ഏകദേശ വിലയിരുത്തലുകളാണെന്നും 'ദ വയർ' റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. വ്യക്തിഗത വിമാനങ്ങളുടെ സീരിയൽ നമ്പറുകളോ പട്ടികയിൽ നിന്ന് ഒഴിവാക്കിയ വിമാനങ്ങളുടെ വിശദാംശങ്ങളോ റിപ്പോർട്ടുകളിൽ നൽകിയിട്ടില്ല.

ഇന്ത്യൻ വ്യോമസേനയുടെ കൈവശം 263 സുഖോയ്-30 എംകെഐ വിമാനങ്ങളുണ്ടെന്നാണ് ഡയറക്ടറിയിൽ പറയുന്നത്. എന്നാൽ 272 വിമാനങ്ങൾ കൈമാറിയതായും 14 എണ്ണം അപകടങ്ങളിൽ നഷ്ടമായതായും റിപ്പോർട്ടുകളുണ്ട്. ഈ കണക്കുകൾ പ്രകാരം 258 വിമാനങ്ങളാണ് ശേഷിക്കേണ്ടത്. വ്യത്യസ്ത സ്രോതസ്സുകളിലെ കണക്കുകൾ തമ്മിലുള്ള പൊരുത്തക്കേടുകൾ ഇതിലൂടെ വ്യക്തമാകുന്നു.

അതേസമയം, ഫ്രാൻസിൽനിന്ന് 114 റഫാൽ യുദ്ധവിമാനങ്ങൾ കൂടി വാങ്ങാനുള്ള നീക്കത്തിലാണ് ഇന്ത്യ. പ്രതിരോധ ഏറ്റെടുക്കൽ കൗൺസിൽ 3.60 ലക്ഷം കോടി രൂപയുടെ പ്രതിരോധ സംഭരണ പദ്ധതികൾക്ക് അംഗീകാരം നൽകിയിട്ടുണ്ട്. ഇതിൽ 114 റഫാൽ വിമാനങ്ങളും ആറ് പി-8ഐ സമുദ്ര നിരീക്ഷണ വിമാനങ്ങളും ഉൾപ്പെടുന്നു. വിമാനവാഹിനിക്കപ്പലുകളിൽ വിന്യസിക്കുന്നതിനായി 26 റഫാൽ-മറൈൻ യുദ്ധവിമാനങ്ങൾ വാങ്ങാൻ ഇന്ത്യൻ നാവികസേന 2025ൽ കരാറിലും ഒപ്പുവച്ചിരുന്നു.

2025 മേയിൽ പഹൽഗാമിൽ  26 പേർ കൊല്ലപ്പെട്ട ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ നടത്തിയത്.  പാകിസ്താനിലും പാക് അധീന കശ്മീരിലുമായി ഒൻപത് ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ആക്രമണം നടത്തി. ഇരുരാജ്യങ്ങളും തമ്മിൽ നാലുദിവസം നീണ്ട സൈനിക സംഘർഷവുമുണ്ടായി. മേയ് 10ന് വെടിനിർത്തലിന് ധാരണയിലെത്തി.

സംഘർഷത്തിനിടെ ഇന്ത്യക്ക് വിമാനങ്ങൾ നഷ്ടമായതായി നിരവധി മുതിർന്ന ഉദ്യോഗസ്ഥർ പിന്നീട് സ്ഥിരീകരിച്ചിരുന്നു. ചീഫ് ഓഫ് ഡിഫൻസ് സ്റ്റാഫ് ജനറൽ അനിൽ ചൗഹാൻ, ഡയറക്ടർ ജനറൽ ഓഫ് എയർ ഓപ്പറേഷൻസ് എയർ മാർഷൽ എ.കെ. ഭാർതി, ഇന്തോനേഷ്യയിലെ ഇന്ത്യയുടെ പ്രതിരോധ അറ്റാഷെ ക്യാപ്റ്റൻ ശിവ് കുമാർ, പ്രതിരോധ സെക്രട്ടറി ആർ.കെ. സിങ് എന്നിവർ ഇതിൽ ഉൾപ്പെടുന്നു. എന്നാൽ നഷ്ടപ്പെട്ട വിമാനങ്ങളുടെ കൃത്യമായ എണ്ണവും വിഭാഗങ്ങളും ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല.

Tags:    
News Summary - FlightGlobal says active IAF Rafale jets down to 32; Defence Ministry rejects figure

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.