വടക്കൻ ഇസ്രായേലിലെ അൽ ദാഹി ഗ്രാമത്തിൽ ആക്രമണത്തിനിരയായ പള്ളി
ഇസ്രായേലിൽ മുസ്ലിം പള്ളി ആക്രമിച്ച് തീയിട്ടു ; ചുവരുകളിൽ വംശീയ വിദ്വേഷ മുദ്രാവാക്യങ്ങൾ
ജറുസലേം:വടക്കൻ ഇസ്രായേലിലെ അൽ ദാഹി ഗ്രാമത്തിലുള്ള മുസ്ലിം പള്ളിക്ക് നേരെ തീവെപ്പ് ആക്രമണം. നവംബർ 19 വ്യാഴാഴ്ച പുലർച്ചെയായിരുന്നു സംഭവം. പള്ളിയുടെ ജനൽ തകർത്ത ശേഷം അക്രമികൾ അകത്തേക്ക് തീപിടിക്കുന്ന വസ്തു എറിയുകയായിരുന്നു. പള്ളിക്ക് സമീപത്തെ ചുവരുകളിൽ വംശീയ അധിക്ഷേപങ്ങളും വിദ്വേഷം പരത്തുന്ന മുദ്രാവാക്യങ്ങളും എഴുതുകയും ചെയ്തിട്ടുണ്ട്.
പുലർച്ചെ നമസ്കാരത്തിനെത്തിയ ഇമാം ഖാലിദ് അൽ സുബിയാണ് പള്ളിയുടെ താഴത്തെ നിലയിലെ മുറിയിൽ തീ പടരുന്നത് ആദ്യം ശ്രദ്ധിച്ചത്. തുടർന്ന് തീ നിയന്ത്രണവിധേയമാക്കാൻ സാധിച്ചതിനാൽ വലിയ നാശനഷ്ടങ്ങൾ ഒഴിവായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
മൂന്ന് മുഖംമൂടി ധരിച്ച ആളുകൾ പള്ളിക്ക് സമീപം എത്തുന്നതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഇവരുടെ കൈയിൽ കുപ്പികളുണ്ടായിരുന്നുവെന്നും ആക്രമണത്തിന് പിന്നാലെ സ്ഥലത്തുനിന്ന് ഓടിപ്പോയെന്നും ദൃശ്യങ്ങളിൽ കാണാം. ചുവരുകളിൽ ‘പ്രതികാരം’ എന്നർഥം വരുന്ന വാക്കുകളും എഴുതിയിട്ടുണ്ട്.
സംഭവത്തിൽ ഇസ്രായേൽ പൊലീസ് അന്വേഷണം ആരംഭിച്ചു. രാജ്യത്തിന്റെ ആഭ്യന്തര സുരക്ഷാ ഏജൻസിയായ ഷിൻ ബെറ്റും അന്വേഷണത്തിൽ പങ്കാളിയാണ്. ആക്രമണത്തിന് പിന്നിൽ ആരാണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. തീവ്ര വലതുപക്ഷ പ്രവർത്തകരാണ് ആക്രമണത്തിന് പിന്നിലെന്ന ആരോപണങ്ങൾ ഉയരുന്നുണ്ട്.
ഇസ്രായേലിലെ അൽ ദാഹി ഗ്രാമത്തിൽ മുസ്ലിം പള്ളിക്കുനേരെയുണ്ടായ തീവെപ്പ് ആക്രമണത്തെ അറബ് രാഷ്ട്രീയ നേതാക്കളും ഹമാസും ശക്തമായി വിമർശിച്ചു. അറബ് സമൂഹത്തിനെതിരായ വിദ്വേഷ പ്രചാരണങ്ങളാണ് ഇത്തരം സംഭവങ്ങൾക്ക് കാരണമെന്നും, പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു വിഷയത്തിൽ ഇടപെടണമെന്നും റാഅം പാർട്ടി നേതാവ് മൻസൂർ അബ്ബാസ് ആവശ്യപ്പെട്ടു. ഹമാസും ഈ ആക്രമണത്തെ അപലഗിച്ചുകൊണ്ട് രംഗത്തുവന്നിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.