ലോകത്തിലെ ഏറ്റവും വലിയ സൗരോർജ വിമാനം മെക്സിക്കോ ഉൾക്കടലിൽ തകർന്നു വീണു

മെക്സിക്കോ സിറ്റി: ലോകം ചുറ്റിസഞ്ചരിച്ച് ചരിത്രം സൃഷ്ടിച്ച ഏറ്റവും വലിയ സൗരോർജ വിമാനം ‘സോളാർ ഇംപൾസ് 2’ വൈദ്യുത തകരാർ മൂലം തകർന്നുവീണു. നാഷനൽ ട്രാൻസ്പോർട്ടേഷൻ സേഫ്റ്റി ബോർഡിന്റെ റിപ്പോർട്ട് അനുസരിച്ച്, പൂർണമായും സൗരോർജത്തിൽ പ്രവർത്തിക്കുന്ന ഈ വിമാനം പരീക്ഷണ പറക്കലിനിടെയാണ് മെക്സിക്കോ ഉൾക്കടലിൽ തകർന്നുവീണത്. അപകടത്തിൽ മരണമോ ആർക്കെങ്കിലും പരിക്കേറ്റതായോ റിപ്പോർട്ട് ചെയ്തിട്ടില്ല. വ്യോമയാന ചരിത്രത്തിലെ ഏറ്റവും ശ്രദ്ധേയമായ കണ്ടുപിടിത്തങ്ങളിലൊന്നായിരുന്നു സോളാൾ ഇംപൾസ്.

സ്വിസ് വ്യോമയാന സംരംഭകരും സാഹസികരുമായ ബെർട്രാൻഡ് പിക്കാർഡും ആൻഡ്രെ ബോർഷ്ബെർഗും നേതൃത്വം നൽകുന്ന ഒരു സംഘമാണ് ഈ വിമാനത്തിന്റെ പിറവിക്കുപിന്നിൽ. വിമാനങ്ങളുടെ ‘സീറോ എമിഷൻ’ സാധ്യതകൾ പ്രദർശിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ഇരുവരുടെയും സംഘം അവരുടെ ഇഷ്ടാനുസരണം നിർമിച്ചതായിരുന്നു ഈ വിമാനം. രണ്ട് സ്വിസ് വൈമാനികരും ചേർന്ന് സോളാർ ഇംപൾസ് 2 ലോകമെമ്പാടും പറത്തി. 17 ഘട്ടങ്ങളിലായി സോളാർ ഇംപൾസ് 42000 കിലോമീറ്ററുകൾ ഇതിനോടകം പിന്നിട്ടു.

2003ലാണ് സോളാർ ഇംപൾസ് എന്ന ആശയം ആദ്യമായി മുന്നോട്ടുവച്ചത്. വാണിജ്യ ആവശ്യങ്ങൾക്കായി ഈ വിമാനം ഉപയോഗിക്കാൻ ഒരിക്കലും ഉദ്ദേശിച്ചിരുന്നില്ല. പകരം ലോകംചുറ്റാൻ കഴിവുള്ള ആദ്യത്തെ സൗരോർജ വിമാനം നിർമിച്ച് സുസ്ഥിര ഊർജത്തെക്കുറിച്ചുള്ള അവബോധം വളർത്തുക എന്നതു മാത്രമായിരുന്നു ലക്ഷ്യം. സോളാർ ഇംപൾസ് 1, 2009ൽ അതിന്റെ ആദ്യ പരീക്ഷണ പറക്കൽ പൂർത്തിയാക്കി. തുടർന്നുള്ള വർഷങ്ങളിൽ ഒന്നിലധികം യാത്രകൾ നടത്തുകയും ചെയ്തു.

2011ലാണ് സോളാർ ഇംപൾസ് 2ന്റെ നിർമാണം ആരംഭിച്ചത്. ബോയിങ് 747നെക്കാൾ വീതിയുള്ള 232 അടി ചിറകുകൾ ഉണ്ടായിരുന്നിട്ടും പൂർണമായും കാർബൺ-ഫൈബർ ഫ്രെയിം ഉപയോഗിച്ച വിമാനത്തിന് ഏകദേശം 5100 പൗണ്ട് ഭാരം മാത്രമേ ഉണ്ടായിരുന്നുള്ളൂ. 130 ക്യുബിക് അടി വ്യാസമുള്ള കോക്ക്പിറ്റിൽ ഓക്സിജൻ കരുതൽ ശേഖരവുമുണ്ടായിരുന്നു. പൈലറ്റിന് പരമാവധി 39000 അടി ഉയരത്തിൽ ദീർഘദൂരം സഞ്ചരിക്കാൻ കഴിയുന്ന രീതിയിലായിരുന്നു ഇംപൾസ് 2ന്റെ ഡിസൈൻ. 2016ൽ ഭൂമിയെ ചുറ്റുന്ന ആദ്യത്തെ സൗരോർജത്തിൽ പ്രവർത്തിക്കുന്ന വിമാനമായി സോളാർ ഇംപൾസ് 2 ചരിത്രം സൃഷ്ടിച്ചു.

2019ൽ, സോളാർ ഇംപൾസ് ഫൗണ്ടേഷൻ സോളാർ ഇംപൾസ് 2 സ്കൈഡ്‌വെല്ലർ എയ്‌റോക്ക് വിൽക്കുന്നതായി പ്രഖ്യാപിച്ചു. ഈ സ്പാനിഷ്-അമേരിക്കൻ കമ്പനിയുടെ പദ്ധതികൾ വിമാനത്തിന്റെ പ്രാരംഭ ലക്ഷ്യത്തിൽനിന്ന് വളരെ വ്യത്യസ്തമായിരുന്നു. സൗരോർജ ശേഷികളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനുപകരം, റഡാർ, ഇലക്ട്രോണിക് ഒപ്റ്റിക്സ്, ടെലികമ്മ്യൂണിക്കേഷൻ, ടെലിഫോൺ ലിസണിങ്, ഇന്റർസെപ്ഷൻ സിസ്റ്റങ്ങൾ എന്നിവ വഹിക്കുന്നതുൾപ്പെടെയുള്ള സൈനിക സംബന്ധിയായ നിരീക്ഷണ സാധ്യതകൾ പിന്തുടരുകയാണ് സ്കൈഡ്‌വെല്ലർ ചെയ്തത്.

Tags:    
News Summary - Pioneering solar powered aircraft Solar Impulse 2 crashes off US Gulf coast

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.