ഷെഹ്ബാസ് ശരീഫ്
2050ഓടെ പാകിസ്താൻ ലോകത്തെ ആറാമത്തെ സാമ്പത്തിക ശക്തിയാകും; കടബാധ്യതകൾക്കിടെ പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്
ഇസ്ലാമാബാദ്: സാമ്പത്തിക പ്രതിസന്ധിയും കടബാധ്യതയും അന്താരാഷ്ട്ര നാണയനിധിയുടെ (ഐ.എം.എഫ്) സഹായത്തിനായുള്ള കാത്തിരിപ്പും തുടരുന്നതിനിടെ, 2050ഓടെ പാകിസ്താൻ ലോകത്തെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി മാറുമെന്ന് പ്രധാനമന്ത്രി ഷെഹ്ബാസ് ശരീഫ്. 2075ഓടെ പാകിസ്താൻ ഈ നേട്ടം കൈവരിക്കുമെന്ന ഗോൾഡ്മാൻ സാക്സിന്റെ പ്രവചനം തിരുത്തിയാണ് 25 വർഷം മുമ്പുതന്നെ ലക്ഷ്യത്തിലെത്തുമെന്ന് ഷെഹ്ബാസ് ശരീഫ് പ്രഖ്യാപിച്ചത്. ഇസ്ലാമാബാദിൽ നടന്ന പാകിസ്താൻ മിനറൽസ് ഇൻവെസ്റ്റ്മെന്റ് ഫോറത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2022ൽ പുറത്തുവിട്ട ദീർഘകാല സാമ്പത്തിക പ്രവചനത്തിൽ 2075ഓടെ പാകിസ്താൻ ലോകത്തെ ആറാമത്തെ വലിയ സമ്പദ്വ്യവസ്ഥയാകുമെന്നായിരുന്നു ഗോൾഡ്മാൻ സാക്സ് വിലയിരുത്തിയത്. ''അതിൽ ചെറിയൊരു തിരുത്തൽ വരുത്താൻ ആഗ്രഹിക്കുന്നു. 2075നുപകരം 2050നുമുമ്പ് തന്നെ പാകിസ്താൻ ആ സ്ഥാനത്തെത്തും'' എന്നായിരുന്നു ഷെഹ്ബാസ് ശരീഫിന്റെ പ്രതികരണം. സാമ്പത്തിക വളർച്ചക്ക് രാജ്യത്തിന്റെ ധാതുസമ്പത്ത് വലിയ സാധ്യതയാണെന്നും ഷെഹ്ബാസ് ശരീഫ് ചൂണ്ടിക്കാട്ടി.
രാജ്യത്തെ ചെമ്പ്, സ്വർണം തുടങ്ങിയ ധാതുസമ്പത്ത് വിദേശനിക്ഷേപം ആകർഷിക്കാനുള്ള പ്രധാന മേഖലയായാണ് പാകിസ്താൻ കാണുന്നത്. അസംസ്കൃത ധാതുക്കൾ ഖനനം ചെയ്ത് വിദേശത്തേക്ക് കയറ്റുമതി ചെയ്യുന്നതിനു പകരം രാജ്യത്തിനകത്തുതന്നെ സംസ്കരിച്ച് മൂല്യവർധിത ഉൽപന്നങ്ങളാക്കി മാറ്റുകയാണ് ലക്ഷ്യം. ഇതിനായി സ്മെൽറ്ററുകൾ, റിഫൈനറികൾ, കേബിൾ, ഇലക്ട്രിക്കൽ കണ്ടക്ടർ നിർമാണശാലകൾ എന്നിവ സ്ഥാപിക്കാൻ നിക്ഷേപകരോട് ഷെഹ്ബാസ് ശരീഫ് ആവശ്യപ്പെട്ടു. ബലൂചിസ്താനിലെ റെക്കോ ദിഖ് ഖനനപദ്ധതിയാണ് ഈ നീക്കത്തിൽ പ്രധാന പ്രതീക്ഷ. ലോകത്തിലെ ഏറ്റവും വലിയ വികസിപ്പിക്കപ്പെടാത്ത ചെമ്പ്, സ്വർണ നിക്ഷേപങ്ങളിലൊന്നായാണ് ഈ മേഖലയെ കണക്കാക്കുന്നത്. ഏകദേശം രണ്ടു പതിറ്റാണ്ടായി മുടങ്ങിക്കിടക്കുന്ന പദ്ധതിയിൽ 2028ൽ ഉൽപാദനം ആരംഭിക്കാനാകുമെന്നാണ് പ്രധാനമന്ത്രിയുടെ പ്രതീക്ഷ. എന്നാൽ സുരക്ഷാ ആശങ്കകളെത്തുടർന്ന് പദ്ധതിയുടെ പ്രവർത്തനങ്ങൾ മന്ദഗതിയിലാക്കിയതായി കനേഡിയൻ ഖനന കമ്പനിയായ ബാരിക് മൈനിങ് അറിയിച്ചിട്ടുണ്ട്. പദ്ധതിക്ക് പ്രതീക്ഷിച്ചതിലും കൂടുതൽ സമയവും ചെലവും വേണ്ടിവന്നേക്കാമെന്നും കമ്പനി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
എന്നാൽ ഈ പ്രവചനം യാഥാർഥ്യമാകണമെങ്കിൽ ജനസംഖ്യാവളർച്ച മാത്രം പോരെന്നും ഉൽപാദനക്ഷമത വർധിപ്പിക്കുകയും സ്ഥാപനങ്ങളുടെ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതും അനുയോജ്യമായ സാമ്പത്തിക നയങ്ങൾ നടപ്പാക്കുന്നതും പ്രധാനമാണ്. നിലവിൽ ലോകത്തെ ഏറ്റവും വലിയ സമ്പദ്വ്യവസ്ഥകളുടെ പട്ടികയിൽ പാകിസ്താൻ ഏറെ പിന്നിലാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.