വിക്ടർ ഓർബൻ

ഹംഗറിയിൽ വൻ അഴിമതി വേട്ട; കാടുകളിലും കെട്ടിടങ്ങളിലും ഒളിപ്പിച്ച 1,750 കോടി രൂപ കണ്ടെത്തി

ബുഡാപെസ്റ്റ്: മുൻ പ്രധാനമന്ത്രി വിക്ടർ ഓർബന്റെ ഭരണകാലത്തെ അഴിമതി ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കി ഹംഗറിയിലെ പുതിയ സർക്കാർ. അന്വേഷണത്തിനിടെ കാടുകളിലും കെട്ടിടങ്ങളിലും വിവിധ രഹസ്യകേന്ദ്രങ്ങളിലുമായി ഒളിപ്പിച്ച നിലയിൽ 19.5 ദശലക്ഷം ഡോളർ (ഏകദേശം 1,750 കോടി രൂപ) കണ്ടെത്തി. മുൻ മന്ത്രിക്കെതിരായ കൈക്കൂലി അന്വേഷണത്തിന്റെ ഭാഗമായാണ് ഇത്രയും വലിയ തുക പിടിച്ചെടുത്തത്.

പൊതുമുതൽ ദുരുപയോഗം ചെയ്തെന്ന ആരോപണങ്ങൾ അന്വേഷിക്കാൻ പുതുതായി രൂപീകരിച്ച നാഷണൽ അസറ്റ് റിക്കവറി ആൻഡ് പ്രൊട്ടക്ഷൻ ഓഫിസാണ് പരിശോധനകൾ നടത്തിയത്. നവംബർ 12, 13 തീയതികളിൽ തലസ്ഥാനമായ ബുഡാപെസ്റ്റിലും രാജ്യത്തെ മറ്റ് മൂന്ന് പ്രദേശങ്ങളിലുമായിരുന്നു പരിശോധന.

കൃഷിയിടങ്ങളിലെ കെട്ടിടങ്ങൾ, ഗോഡൗണുകൾ, ഒരു വീട്, രഹസ്യമായ സ്ഥലത്തെ സുരക്ഷാ നിലവറ എന്നിവിടങ്ങളിൽനിന്നാണ് പണം കണ്ടെത്തിയത്. ഹംഗേറിയൻ ഫോറിന്റ്, യൂറോ, യുഎസ് ഡോളർ എന്നിവയുടെ കെട്ടുകളാണ് പിടിച്ചെടുത്തത്. വനപ്രദേശങ്ങളിൽ മണ്ണിനടിയിൽ കുഴിച്ചിട്ട നിലയിലും പണം കണ്ടെത്തി. രാത്രിയിൽ വനത്തിനുള്ളിൽ ഉദ്യോഗസ്ഥർ കുഴിയെടുക്കുന്നതിന്റെയും പണത്തിന്റെ കെട്ടുകൾ പരിശോധിക്കുന്നതിന്റെയും ദൃശ്യങ്ങൾ അന്വേഷണ ഏജൻസി പുറത്തുവിട്ടു. പിടിച്ചെടുത്ത പണം പിന്നീട് സംസ്ഥാന ട്രഷറിയിൽ നിക്ഷേപിച്ചു.

പണം എണ്ണുന്നതിനായി ട്രഷറിയിലെ 12 ജീവനക്കാർ എട്ടു മണിക്കൂർ ചെലവഴിച്ചതായി ധനമന്ത്രി ആൻഡ്രാസ് കാർമാൻ അറിയിച്ചു. വെള്ളിയാഴ്ച ഫെയ്‌സ്ബുക്കിലൂടെയായിരുന്നു മന്ത്രിയുടെ പ്രതികരണം.

2014 മുതൽ 2018 വരെ ഹംഗറിയുടെ വികസന മന്ത്രിയായിരുന്ന മിക്ലോസ് സെസ്റ്റാക്കിനെതിരായ അഴിമതി അന്വേഷണത്തിന്റെ ഭാഗമായാണ് പണം കണ്ടെത്തിയത്. 37.2 ദശലക്ഷം ഡോളറിലധികം (ഏകദേശം 3,330 കോടി രൂപ) കൈക്കൂലിയും അനധികൃത കമ്മീഷനും കൈപ്പറ്റിയെന്നാണ് അദ്ദേഹത്തിനെതിരായ ആരോപണം. സർക്കാർ ഉടമസ്ഥതയിലുള്ള ഗതാഗത കമ്പനിക്കായി പഴയ ബസുകൾ അമിതവിലക്ക് വാങ്ങിയതുമായും സർക്കാർ നിർമാണ പദ്ധതികളുമായും ബന്ധപ്പെട്ടാണ് ആരോപണങ്ങൾ. സെപ്റ്റംബറിൽ കസ്റ്റഡിയിലെടുത്ത സെസ്റ്റാക് കുറ്റം നിഷേധിച്ചിട്ടുണ്ട്.

ഓർബന്റെ 16 വർഷത്തെ ഭരണത്തിന് അന്ത്യം കുറിച്ച് ഏപ്രിലിൽ അധികാരത്തിലെത്തിയ പ്രധാനമന്ത്രി പീറ്റർ മഗ്യാർ സംഭവത്തിൽ പ്രതികരിച്ചു. പണം കണ്ടെത്തിയത് മുൻ ഭരണസഖ്യമായ ഫിഡെസ്-കെഡിഎൻപിയുടെ 'മാഫിയാ ഭരണത്തിന്' അന്ത്യമാകുന്നതിന്റെ സൂചനയാണെന്ന് അദ്ദേഹം പറഞ്ഞു. ഓർബന്റെ വലതുപക്ഷ പാർട്ടിയായ ഫിഡെസും ക്രിസ്ത്യൻ ഡെമോക്രാറ്റിക് പീപ്പിൾസ് പാർട്ടിയും (കെഡിഎൻപി) ചേർന്നായിരുന്നു മുൻ സർക്കാർ ഭരിച്ചിരുന്നത്.

അതേസമയം, അഴിമതി അന്വേഷണങ്ങൾ തന്നെ രാഷ്ട്രീയത്തിൽനിന്ന് പുറത്താക്കാനുള്ള പുതിയ സർക്കാരിന്റെ നീക്കമാണെന്ന് ഓർബൻ ആരോപിച്ചിരുന്നു. മറ്റ് അഴിമതിക്കേസുകളിലും മുൻ മന്ത്രിമാർ അറസ്റ്റിലായിട്ടുണ്ട്. ഹംഗറിയുടെ സെൻട്രൽ ബാങ്ക് മുൻ ഗവർണർ ഗ്യോർജി മാറ്റോൾസിയും ഇതിൽ ഉൾപ്പെടുന്നു. സെൻട്രൽ ബാങ്ക് ഫൗണ്ടേഷന്റെ കൈവശമുണ്ടായിരുന്ന പൊതുമുതൽ ദുരുപയോഗം ചെയ്തെന്ന ആരോപണത്തിലാണ് അദ്ദേഹത്തിനെതിരായ അന്വേഷണം. എന്നാൽ മാറ്റോൾസിയും കുറ്റം നിഷേധിച്ചിട്ടുണ്ട്.

Tags:    
News Summary - Massive corruption raid in Hungary: ₹1,750 crore hidden in forests and buildings discovered

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.