വ്ലാദിമർ സെലന്‍സ്കി, ഡോണൾഡ് ട്രംപ്, വ്ലാദിമിർ പുടിന്‍

നാറ്റോ അംഗത്വം വേണമെങ്കിൽ ഡോൺബാസ് വിട്ടുകൊടുക്കണമെന്ന് അമേരിക്ക; ജനഹിതം തേടുമെന്ന് സെലൻസ്കി

കിയവ്: സമാധാന ചർച്ചകൾക്കിടെ യുക്രെയ്‌ന് മുന്നിൽ പുതിയ നിർദേശവുമായി അമേരിക്ക. നാറ്റോ സഖ്യത്തിൽ അംഗത്വം ലഭിക്കുന്നതിന് പകരം കിഴക്കൻ യുക്രെയ്‌നിലെ ഡോൺബാസ് മേഖലയിൽനിന്ന് സൈന്യത്തെ പിൻവലിക്കുന്നതിനെക്കുറിച്ച് അമേരിക്കൻ പ്രതിനിധികൾ ചർച്ചകൾ നടത്തിയതായി യുക്രെയ്‌ൻ പ്രസിഡന്റ് വ്ലാദിമിർ സെലൻസ്‌കി അറിയിച്ചു. ഇത്തരമൊരു നിർദേശം അമേരിക്ക ആദ്യമായാണ് മുന്നോട്ടുവെക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

അബൂദബിയിൽ നടന്ന സമാധാന ചർച്ചകൾക്കുശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു സെലൻസ്‌കി. അതേസമയം യുക്രെയ്‌ന്റെ ഭൂപ്രദേശം വിട്ടുനൽകാൻ തയാറല്ലെന്നും സെലൻസ്‌കി ആവർത്തിച്ചു. എന്നാൽ നാറ്റോ അംഗത്വത്തിനൊപ്പം രാജ്യത്തിന് സുരക്ഷയും സാമ്പത്തിക സഹായവും ഉറപ്പാക്കുകയാണെങ്കിൽ ഇക്കാര്യത്തിൽ ജനങ്ങൾക്ക് തീരുമാനമെടുക്കാമെന്നും അദ്ദേഹം അറിയിച്ചു.

'യുക്രെയ്‌ൻ നാറ്റോയിൽ അംഗമായാൽ ഡോൺബാസ് മേഖലയിൽനിന്ന് പിന്മാറുമോ' എന്നായിരുന്നു അമേരിക്കൻ പ്രതിനിധികൾ ചോദിച്ചതെന്ന് സെലൻസ്‌കി പറഞ്ഞു. ഇത്തരമൊരു ചോദ്യം ആദ്യമായാണ് ഉയരുന്നത്. ഇത്തരമൊരു നിർണായക തീരുമാനം ഒറ്റക്ക് എടുക്കാൻ തനിക്ക് അവകാശമില്ലാത്തതിനാൽ ജനങ്ങളോട് അഭിപ്രായം തേടണമെന്നാണ് യുക്രെയ്‌ൻ പ്രസിഡന്റിന്റെ നിലപാട്.

വിഷയം പരിഗണിക്കുന്നതിന് മുമ്പ് സമഗ്രമായ സുരക്ഷ വേണമെന്നാണ് യുക്രെയ്‌ൻ പറയുന്നത്. നാറ്റോയിൽനിന്നും യൂറോപ്യൻ യൂനിയനിൽനിന്നും സുരക്ഷ, സൈന്യം, സാമ്പത്തിക സഹായം എന്നിവയടക്കം നൽകണമെന്നും ആവശ്യപ്പെട്ടു. ഇവ സംബന്ധിച്ച വ്യക്തമായ ഉറപ്പുകൾ ലഭിച്ചാൽ മാത്രമേ നിർദേശം ജനങ്ങൾക്കു മുന്നിൽ അവതരിപ്പിക്കൂവെന്നും സെലൻസ്‌കി പറഞ്ഞു.

റഷ്യയുടെ അധിനിവേശത്തിലുള്ള യുക്രെയ്‌ന്റെ പ്രദേശങ്ങളെ റഷ്യയുടെ ഭാഗമായി പരിഗണിക്കുന്ന ഒരു ധാരണക്കും രാജ്യം തയാറല്ലെന്നും അദ്ദേഹം വ്യക്തമാക്കി. യുക്രെയ്‌ൻ നാറ്റോയിൽ ചേരുന്നതിനെ റഷ്യ നേരത്തേതന്നെ ശക്തമായി എതിർത്തിരുന്നു. ഡോൺബാസ് ഉൾപ്പെടെയുള്ള പ്രദേശങ്ങൾ വിട്ടുനൽകണമെന്നും നാറ്റോ അംഗത്വമോഹം ഉപേക്ഷിക്കണമെന്നുമാണ് മോസ്കോ ആവശ്യപ്പെട്ടത്. എന്നാൽ, ഇത്തരം ആവശ്യങ്ങൾ കിയവ് തള്ളിക്കളയുകയാണ്.

റഷ്യ-യുക്രെയ്‌ൻ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള അമേരിക്കയുടെ മധ്യസ്ഥശ്രമങ്ങൾക്കിടെയാണ് പുതിയ നീക്കം. ഒമ്പത് മാസത്തെ ഇടവേളക്കുശേഷം റഷ്യയും യുക്രെയ്‌നും അമേരിക്കയുടെ മധ്യസ്ഥതയിൽ അബൂദബിയിൽ ചർച്ച നടത്തിയിരുന്നു. രണ്ട് ദിവസം നീണ്ട ചർച്ചയിൽ കാര്യമായ പുരോഗതിയുണ്ടായില്ലെങ്കിലും തുടർചർച്ചകളിൽ യൂറോപ്യൻ രാജ്യങ്ങളെയും ഉൾപ്പെടുത്താൻ ധാരണയായിട്ടുണ്ട്.

Tags:    
News Summary - Zelenskyy Discusses US Peace Proposal

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.