ഇറാനുമായി ഇനിയൊരു ചർച്ചയുമില്ല- ട്രംപ്; ‘യു.എസ് ചർച്ചക്കായി യാചിക്കുന്നു’ -ചുട്ട മറുപടിയുമായി ഇറാൻ, പുതിയ മാപ്പ് പുറത്തുവിട്ട് ട്രംപ്

വാഷിങ്ടൺ/തെഹ്റാൻ: ഇറാനുമായി നിലവിലെന്നല്ല, ഭാവിയിലും യാതൊരുവിധ ചർച്ചകളും നിശ്ചയിച്ചിട്ടില്ലെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. അതേസമയം, ഹുർമുസ് കടലിടുക്ക് തുറന്നുകിടക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ, ഇറാൻ തുറമുഖങ്ങളുടെമേലുള്ള യു.എസ് നാവിക ഉപരോധം പൂർണതോതിൽ തുടരുമെന്നും ട്രംപ് വ്യക്തമാക്കി. തെഹ്‌റാനെ കീഴടക്കുന്നതിൽ പരാജയപ്പെട്ട യു.എസ്, ഇപ്പോൾ തങ്ങളുടെ നിബന്ധനകൾക്കനുസരിച്ച് ചർച്ച നടത്താൻ ‘യാചിക്കുകയാണ്’ എന്ന് ഇറാനിയൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഘ്ചി തിരിച്ചടിച്ചു.

തന്റെ സോഷ്യൽ മീഡിയ പോസ്റ്റിലാണ് യു.എസ് പ്രസിഡന്റിന്റെ പുതിയ പ്രസ്താവനകൾ വന്നത്. ഹുർമുസ് കടലിടുക്കിലെ സമുദ്രപരമായ എല്ലാ തടസ്സങ്ങളും നീക്കിയെന്നും, കടലിടുക്കിലെ മൈനുകൾ പൂർണമായും നീക്കം ചെയ്യുകയോ പൊട്ടിത്തെറിപ്പിക്കുകയോ ചെയ്തിട്ടുണ്ടെന്നും ട്രംപ് അവകാശപ്പെട്ടു. തന്ത്രപ്രധാനമായ ഈ ജലപാതയെ യു.എസ് പ്രദേശമായി ചിത്രീകരിക്കുന്ന ഒരു മാപ്പും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

എന്നാൽ, ട്രംപിന്റെ പ്രസ്താവന അദ്ദേഹത്തിന്റെ മുൻ നിലപാടുകളിൽ നിന്നുള്ള മറ്റൊരു മലക്കംമറിച്ചിലായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം, ഇറാൻ റെവല്യൂഷണറി ഗാർഡുമായി യു.എസ് രഹസ്യ ചർച്ചകൾ നടത്തുന്നുണ്ടെന്നായിരുന്നു ട്രംപിന്റെ അവകാശവാദം. എന്നാൽ, തെഹ്‌റാൻ ഇത് പെട്ടെന്നുതന്നെ തള്ളിക്കളഞ്ഞിരുന്നു.

ഹുർമുസ് കടലിടുക്കുമായി അതിർത്തി പങ്കിടുന്ന ഇറാനും ഒമാനും ജലപാതയുടെ നിയന്ത്രണത്തെക്കുറിച്ച് ചർച്ചകൾ തുടരുന്നതിലുള്ള ട്രംപിന്റെ നിരാശയാണ് ഈ പ്രതിഫലനങ്ങൾക്ക് പിന്നിലെന്നാണ് സൂചന. ഇറാന്റെ കീഴടങ്ങൽ ആവശ്യപ്പെടുകയും, ഒമാൻ ഇതിൽ ഇടപെട്ടാൽ ബോംബിടുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നുവെങ്കിലും അത് വകവെക്കാതെയാണ് ഇരുരാജ്യങ്ങളും ചർച്ചകളുമായി മുന്നോട്ടുപോകുന്നത്.

‘ഇസ്‌ലാമിക റിപ്പബ്ലിക്കായ ഇറാറുമായി നിലവിൽ ചർച്ചകളൊന്നുമില്ല, ഭാവിയിലേക്കും നിശ്ചയിച്ചിട്ടില്ല. നാവിക ഉപരോധം പൂർണ ശക്തിയോടെ തുടരുന്നു. ഹോർമുസ് കടലിടുക്ക് തുറന്ന് പ്രവർത്തിക്കുന്നുണ്ട്. ജലത്തിലെ എല്ലാ മൈനുകളും നീക്കം ചെയ്യുകയോ നിർവീര്യമാക്കുകയോ ചെയ്തിട്ടുണ്ട്’- ട്രംപ് തന്റെ പോസ്റ്റിൽ കുറിച്ചു.

മാർച്ചിൽ ആരംഭിച്ച ശത്രുത അവസാനിപ്പിക്കുന്നതിന്റെ ഭാഗമായി ജൂണിൽ ഒപ്പുവെച്ച ധാരണാപത്രത്തിലെ വ്യവസ്ഥകൾ വാഷിങ്ടൺ പാലിക്കുന്നതുവരെ ഹുർമുസ് കടലിടുക്ക് അടഞ്ഞുകിടക്കുമെന്നാണ് ഇറാൻ ആവർത്തിക്കുന്നത്.

ട്രംപിന്റെ പ്രസ്താവനയോട് ഇറാൻ വിദേശകാര്യ മന്ത്രാലയത്തിന്റെ നിയമകാര്യ-അന്താരാഷ്ട്ര വിഭാഗം ഡെപ്യൂട്ടി മിനിസ്റ്റർ കാസിം ഗരീബാബാദി രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചത്. ‘നിത്യഹരിതമായ പേർഷ്യൻ ഗൾഫിന്റെ പേര് ട്രംപ് ശരിയായി എഴുതിയത് പോലെ, ഹുർമുസ് കടലിടുക്കിനെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ മിഥ്യാധാരണകളും വൈകാതെ തിരുത്തപ്പെടും. അല്ലെങ്കിൽ ആ മിഥ്യാധാരണ ഞങ്ങൾ തിരുത്തിക്കും, ഗരീബാബാദി സമൂഹമാധ്യമങ്ങളിൽ കുറിച്ചു.

Tags:    
News Summary - No Talks With Iran -Trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.