ഹെബ്രോണിൽ കൂട്ട കുടിയിറക്കൽ; വീടുകൾ കയ്യേറി ഇസ്രായേൽ സൈനിക ബാരക്കുകളാക്കുന്നു

ജറൂസലം: വെസ്റ്റ് ബാങ്കിൽ കഴിഞ്ഞ ദിവസം തുടക്കമിട്ട സൈനിക നീക്കത്തിന്റെ തുടർച്ചയായി ഹെബ്രോണിൽ കൂട്ട കുടിയിറക്കൽ. ഒഴിപ്പിച്ച വീടുകൾ സൈനിക ബാരക്കുകളാക്കുന്നതും തുടരുന്നു. തെക്കൻ ഹെബ്രോണിലെ ഖല്ലത് മന്ന, ദാഹിയത് അൽസൈതൂൻ മേഖലകളിലാണ് നൂറുകണക്കിന് ഫലസ്തീനികളെ നിർബന്ധിച്ച് കുടിയിറക്കിയത്. അൽജലാദ, ഐൻ ദെയ്ർ ബഹ്ഹ, വാദി മഗാരിബ, ശിബ്ൽ അൽമിൽഹ് പ്രദേശങ്ങളിൽനിന്നെല്ലാം കുടുംബങ്ങളെ പുറത്താക്കുന്നത് തുടരുകയാണ്. ആളൊഴിയുന്ന മുറക്ക് വീടുകൾ സൈന്യം കൈയേറുന്നതായും റിപ്പോർട്ടുണ്ട്.

വെള്ളിയാഴ്ച രണ്ട് ഫലസ്തീനികൾ ഇസ്രായേൽ സൈനിക റിസർവ് താവളത്തിനു നേരെ ആക്രമണം നടത്തിയതിന് പിന്നാലെയാണ് ഹെബ്രോണിൽ ലോക്ഡൗൺ പ്രഖ്യാപിച്ച് സൈനിക നീക്കം തുടങ്ങിയത്. ഇരുവരെയും സൈന്യം കൊലപ്പെടുത്തിയിരുന്നു. റോഡുകൾ അടച്ചും റെയ്ഡ് തുടർന്നും സഞ്ചാരം നിഷേധിച്ചുമാണ് കുടിയിറക്കൽ പൂർത്തിയാക്കുന്നത്. വെള്ളിയാഴ്ച മുതൽ ഇവിടെനിന്ന് 47 ഫലസ്തീനികളെ കസ്റ്റഡിയിലെടുത്തിട്ടുമുണ്ട്.

127 പിഞ്ചുകുഞ്ഞുങ്ങളും നിരവധി വൃദ്ധരുമടക്കം 2,200 പേർ പുറത്താക്കപ്പെട്ടതായും റിപ്പോർട്ടുകൾ പറയുന്നു. യത്ത പട്ടണത്തിൽ രണ്ട് പുതിയ സൈനിക ഔട്ട് പോസ്റ്റുകളും ഇസ്രായേൽ സ്ഥാപിച്ചിട്ടുണ്ട്. ഇവിടെ കുടിയേറ്റക്കാർ വ്യാപകമായി ഭൂമി കൈയേറ്റം നടത്തുന്നതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. അതിനിടെ, ബേത്ലഹേമിനടുത്ത് തുടർച്ചയായ മൂന്നാം ദിവസവും പൊലീസ് റോഡടച്ച് ഫലസ്തീനികൾക്ക് സഞ്ചാരം വിലക്കിയിട്ടുണ്ട്. ഇസ്രായേൽ പൊതുതെരഞ്ഞെടുപ്പിൽ വോട്ടുചെയ്യാൻ ദിനങ്ങൾ മാത്രം ബാക്കിനിൽക്കെയാണ് നെതന്യാഹു സർക്കാർ വെസ്റ്റ് ബാങ്കിൽ സൈനിക നടപടി ഊർജിതമാക്കിയത്.

Tags:    
News Summary - Mass Evictions in Hebron; Israeli Forces Seize Homes for Military Use

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.