ഇമ്മാനുവൽ മാക്രോൺ
ട്രംപിന്റെ ഗസ്സ സമാധാന അവകാശവാദം പൊള്ളയെന്ന് മാക്രോൺ: ‘ഒരു മാനുഷിക ഇടനാഴി പോലും തുറന്നില്ല, ഇത് ലോകം ലജ്ജിക്കേണ്ട കാഴ്ച’
ന്യൂയോർക്ക്: ഗസ്സയിൽ സമാധാനം പുനഃസ്ഥാപിച്ചുവെന്ന അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ അവകാശവാദത്തെ തള്ളി ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. പ്രഖ്യാപിത സമാധാനത്തിന് ശേഷവും ഗസ്സയിൽ ഒരു മാനുഷിക ഇടനാഴി പോലും തുറന്നിട്ടില്ലെന്നും ലോകം ഇന്ന് കണ്ടുകൊണ്ടിരിക്കുന്നത് എല്ലാവരും ലജ്ജിക്കേണ്ട കാഴ്ചയാണെന്നും ഐക്യരാഷ്ട്രസഭയുടെ വേദിയിൽ മാക്രോൺ തുറന്നടിച്ചു.
‘ചിലർ കരുതപ്പെടുന്ന ഒരു സമാധാനത്തെക്കുറിച്ച് അഹങ്കരിക്കുന്നു. എന്നാൽ യാഥാർത്ഥ്യം എന്താണ്? പ്രഖ്യാപിത സമാധാനത്തിന് ശേഷവും ഗസ്സയിലേക്ക് ഒരു മാനുഷിക ഇടനാഴി പോലും തുറന്നിട്ടില്ല. ഭക്ഷണമില്ല, മരുന്നില്ല, കുട്ടികൾ പട്ടിണി കിടന്ന് മരിക്കുന്നു. ഇത് ലോകം ലജ്ജിക്കേണ്ട കാഴ്ചയാണ്’ മാക്രോൺ പറഞ്ഞു.
ഐക്യരാഷ്ട്രസഭ ജനറൽ അസംബ്ലിയിൽ നടത്തിയ പ്രസംഗത്തിലാണ് മാക്രോൺ ട്രംപിനെ രൂക്ഷമായി വിമർശിച്ചത്. അടുത്ത വർഷം മെയ് മാസത്തിൽ ഫ്രഞ്ച് പ്രസിഡന്റ് സ്ഥാനത്തുനിന്ന് പടിയിറങ്ങുന്നതിന് മുൻപുള്ള മാക്രോണിന്റെ അവസാന യു.എൻ പ്രസംഗമായിരുന്നു ഇത്. ജനറൽ അസംബ്ലിയിൽ ഒരേ ദിവസം, ഒരേ വേദിയിൽ മണിക്കൂറുകളുടെ വ്യത്യാസത്തിലാണ് ഇരു നേതാക്കളും പ്രസംഗിച്ചത്.
തന്റെ ഗസ്സ സമാധാന പദ്ധതിയെ ചരിത്രത്തിലെ ഏറ്റവും വലിയ നയതന്ത്ര വിജയങ്ങളിലൊന്നായി ട്രംപ് പ്രഖ്യാപിച്ചിരുന്നു. യുദ്ധം അവസാനിപ്പിച്ചുവെന്നും മേഖലയിൽ സ്ഥിരത കൊണ്ടുവന്നുവെന്നും ട്രംപ് അവകാശപ്പെട്ടു. എന്നാൽ ഇതിന് പിന്നാലെ പ്രസംഗിക്കാനെത്തിയ മാക്രോൺ, ട്രംപിന്റെ ആ പ്രഖ്യാപനത്തെ അപ്പാടെ തള്ളിക്കളയുകയായിരുന്നു.
ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിച്ചതിനെ പരിഹസിക്കുന്നവർക്കും മാക്രോൺ മറുപടി നൽകി. ഒരു വർഷം മുൻപ്, ഇതേ ഹാളിൽ വെച്ച്, പന്ത്രണ്ടോളം രാജ്യങ്ങൾ മാത്രമാണ് ഫലസ്തീനെ അംഗീകരിച്ചിരുന്നത്. ഇന്ന് അത് ഇരട്ടിയായി. അപ്പോൾ ചിലരുടെ പരിഹാസം ഞാൻ കേൾക്കുന്നു. അംഗീകാരം വെറും ഒരു കടലാസ് കഷണമാണ്. യാഥാർത്ഥ്യം നോക്കൂ എന്ന് പറഞ്ഞുകൊണ്ട് മാക്രോൺ പോഡിയത്തിൽ മുഷ്ടി ചുരുട്ടി ശക്തമായി ഇടിച്ചു.
‘ഞാൻ ചോദിക്കുന്നു, ഗസ്സയുടെ മുന്നിൽ നാം നിഷ്ക്രിയരായി തുടർന്നാൽ നമുക്ക് എന്ത് വിശ്വാസ്യതയാണുള്ളത്? കടലാസിൽ സമാധാനം എഴുതിവെച്ചിട്ട്, നിലത്ത് മനുഷ്യരെ മരിക്കാൻ അനുവദിക്കുന്നതാണോ നയതന്ത്ര വിജയം?’ മാക്രോൺ ചോദിച്ചു. ഫ്രാൻസ് ഫലസ്തീനെ ഔദ്യോഗികമായി അംഗീകരിച്ചതിന് പിന്നാലെയാണ് മാക്രോണിന്റെ ഈ ശക്തമായ നിലപാട്. ഗസ്സയിൽ അടിയന്തര വെടിനിർത്തലും തടസ്സമില്ലാത്ത മാനുഷിക സഹായവും അനുവദിക്കണമെന്നും മാക്രോൺ യു.എന്നിൽ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.