ഇറാനിൽ 1,500 മുതൽ 2,500വരെ മിസൈലുകൾ ബാക്കിയെന്ന് യു.എസ് ഇന്റലിജൻസ്

വാഷിങ്ടൺ: തെഹ്‌റാനിൽ ഇപ്പോഴും 1,500 മുതൽ 2,500 വരെ ബാലിസ്റ്റിക് മിസൈലുകൾ ഉണ്ടാകാമെന്ന് യു.എസ് ഇന്റലിജൻസ് വിലയിരുത്തൽ. വാൾസ്ട്രീറ്റ് ജേണലിന് നൽകിയ അഭിമുഖത്തിലാണ് ഉദ്യോഗസ്ഥർ ഇക്കാര്യം വ്യക്തമാക്കിയത്. തെഹ്‌റാന്റെ ആയുധശേഖരം കൃത്യമായി നിരീക്ഷിക്കുന്നതിലെ ബുദ്ധിമുട്ട് കാരണം ഇതൊരു ‘കുറഞ്ഞ ഉറപ്പുളള വിലയിരുത്തൽ’ മാത്രമാണെങ്കിലും, ഭരണകൂടത്തിന്റെ പക്കൽ വലിയൊരു ആയുധശേഖരം ബാക്കിയുണ്ടെന്ന് വ്യക്തമാണ്. മിസൈലുകളുടെ ഈ കണക്കുകൾ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ഭരണകൂടത്തിന്റെ നയങ്ങളെയും സ്വാധീനിക്കുന്നുണ്ട്.

ഇറാൻ പക്കൽ 1,500-ലധികം ബാലസ്റ്റിക് മിസൈലുകളുണ്ടെന്ന് ഇസ്രായേൽ ഉദ്യോഗസ്ഥരും വിശ്വസിക്കുന്നു. ഇസ്രായേലുമായുള്ള സംഘർഷത്തിൽ ഇറാനിയൻ മിസൈൽ ശേഖരത്തിനും നിർമാണ കേന്ദ്രങ്ങൾക്കും തിരിച്ചടിയേറ്റിരുന്നുവെങ്കിലും, രാജ്യം പുതിയ സംഘർഷങ്ങൾക്ക് തയ്യാറെടുക്കുകയാണെന്ന് ഒരു ഇസ്രായേലി ഉദ്യോഗസ്ഥൻ ജേണലിനോട് പറഞ്ഞു. ‘അവർ പുനർനിർമ്മാണവും ആയുധം ശേഖരിക്കലും നടത്തുകയാണ്’- അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ച ഇറാൻ പുതിയൊരു ഭൂഗർഭ ‘മിസൈൽ നഗരം’ പുറത്തിറക്കിയിരുന്നു. യു.എസും ഇസ്രായേലുമായി നടത്തിയ സംയുക്ത വ്യോമാക്രമണത്തിൽ ഇറാന്റെ പരമ്പരാഗത സൈനിക ശക്തി തകർന്നെങ്കിലും, അവരുടെ പക്കൽ കുറഞ്ഞത് 1,700 ബാലസ്റ്റിക് മിസൈലുകൾ ബാക്കിയുണ്ടെന്നും മാസം തോറും 50 എണ്ണം വീതം നിർമ്മിക്കുന്നുണ്ടെന്നുമാണ് ബ്ലൂംബർഗിനോട് സംസാരിച്ച ഒരു പാശ്ചാത്യ ഉദ്യോഗസ്ഥൻ വ്യക്തമാക്കിയത്.

ഇറാനിൽ നിന്നോ യമനിലെ ഹൂതികളിൽനിന്നോ പുതിയ പ്രകോപനങ്ങൾ ഉണ്ടാകാതിരുന്നാൽ ഇറാനെ ആക്രമിക്കുന്നത് തൽക്കാലം നീട്ടിവെച്ചേക്കുമെന്ന് യു.എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് അടുത്തിടെ മുതിർന്ന ഉപദേശകരെ അറിയിച്ചിരുന്നു. എന്നാൽ, ഒക്ടോബർ 27ലെ തിരഞ്ഞെടുപ്പിൽ പാർലമെന്റിലെ ഭൂരിപക്ഷം നഷ്ടപ്പെട്ട ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഇപ്പോഴും യു.എസിനെയും ഇസ്രായേലിനെയും കൂട്ടി ഇറാനെതിരെ ആക്രമണം നടത്തണമെന്ന നിലപാടിലാണ്

അതിനിടെ, ബഹ്‌റൈനിൽ ഞായറാഴ്ച പുലർച്ചെ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടു. യു.എസ് സൈനിക താവളത്തിന് നേരെ ആക്രമണം നടത്തിയതായി ഇറാൻ സ്ഥിരീകരിച്ചു. സെപ്റ്റംബറിന് ശേഷമുള്ള ആദ്യ മുന്നറിയിപ്പുകളായി സൈറണുകൾ മുഴങ്ങുകയും അധികൃതർ സമൂഹമാധ്യമങ്ങളിൽ ജാഗ്രതാ നിർദ്ദേശം നൽകുകയും ചെയ്തു.

Tags:    
News Summary - Iran has 1,500-2,500 missiles left, US intel says

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.