ഗൾഫിലേക്ക് വീണ്ടും ഇറാൻ ആക്രമണം; യുഎസ് റഡാർ ലക്ഷ്യമിട്ട് ഐആർജിസി

തെഹ്റാൻ: ബഹ്‌റൈനിലെ യു.എസ് റഡാർ സംവിധാനങ്ങൾ ലക്ഷ്യമിട്ട് ഇസ്‍ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് (ഐ.ആർ.ജി.സി) ഡ്രോൺ വർഷിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. സഭവം ബഹ്‌റൈൻ ഔദ്യോഗിക ടെലിവിഷൻ സ്ഥിരീകരിച്ചതായി അൽജസീറ വ്യക്തമാക്കി. മേഖലയിൽ യു.എസിന്റെ ശത്രുതാപരമായ പ്രവർത്തനങ്ങളെ പ്രതിരോധിക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ആക്രമണമെന്ന് ഐ.ആർ.ജി.സി പറഞ്ഞു.

ബഹ്‌റൈനിലെ ഈസ എയർബേസിലെ യുഎസ് റഡാർ സംവിധാനത്തിന് നേരെയാണ് ആക്രമണം നടത്തിയതെന്ന് ചൊവ്വാഴ്ച ഐ.ആർ.ജി.സി അവകാശപ്പെട്ടു. യു.എസ് നേവിയുടെ ഫിഫ്ത് ഫ്ലീറ്റ് സ്ഥിതി ചെയ്യുന്ന ബഹ്‌റൈനിൽ, യു.എസ്-ഇസ്രായേൽ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സമീപ ദിവസങ്ങളിലും സമാനമായ രീതിയിൽ യു.എസ് റഡാർ സംവിധാനങ്ങൾ ലക്ഷ്യമിട്ട് ആക്രമണങ്ങൾ നടന്നിരുന്നു.

ആക്രമണ സാധ്യത മുൻനിർത്തി തലസ്ഥാനമായ മനാമയിൽ താമസക്കാർക്ക് മൊബൈൽ ഫോണുകൾ വഴി മുന്നറിയിപ്പ് നൽകിയിരുന്നു. ഏറ്റവും അടുത്തുള്ള സുരക്ഷിത കേന്ദ്രത്തിലേക്ക് മാറാൻ ആഭ്യന്തര മന്ത്രാലയം ജനങ്ങളോട് ആവശ്യപ്പെട്ടതിന് പിന്നാലെ നഗരത്തിൽ സ്ഫോടന ശബ്ദങ്ങളും മുഴങ്ങി കേട്ടു. പിന്നീട് സ്ഥിതിഗതികൾ ശാന്തമായതോടെ ‘ഓൾ ക്ലിയർ’ സന്ദേശവും അധികൃതർ പുറത്തുവിട്ടു.

ഞായറാഴ്ച യു.എസ് സേന സ്ഥിതി ചെയ്യുന്ന ബഹ്‌റൈനിലെ റിഫ എയർബേസിലെ യുഎസ് വ്യോമപ്രതിരോധ റഡാർ സംവിധാനത്തിന് നേരെ ഐ.ആർ.ജി.സി ആറ് ഡ്രോണുകൾ വിക്ഷേപിച്ചിരുന്നു. വെള്ളിയാഴ്ചയും സമാനമായ രീതിയിൽ ബഹ്‌റൈനിലെ യു.എസ് ഏർളി-വാണിങ് റഡാർ സിസ്റ്റം ലക്ഷ്യമിട്ടതായി ഐ.ആർ.ജി.സി അവകാശപ്പെട്ടിരുന്നുവെങ്കിലും, രണ്ട് ഇറാനിയൻ ഡ്രോണുകളും തകർത്തുവെന്നും നാശനഷ്ടങ്ങളോ ആളപായമോ ഇല്ലെന്നുമായിരുന്നു യു.എസ് സൈന്യത്തിന്റെ വിശദീകരണം.

Tags:    
News Summary - Iran drones target US radar in Gulf

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.