നെതന്യാഹുവിന്റെ ‘അട്ടിമറി ശ്രമം’ പുറത്ത്; ഇസ്രായേലിൽ ഐക്യമുന്നണി സർക്കാരിനുള്ള സാധ്യത അടഞ്ഞു
ജറുസലം: പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവിന്റെ ‘അട്ടിമറി ശ്രമം’ പുറത്തുവന്നതോടെ രാജ്യത്ത് ഐക്യമുന്നണി സർക്കാരിനുള്ള സാധ്യത പൂർണ്ണമായും അടഞ്ഞതായി ഗാഡി ഐസൻകോട്ട് ബ്ലോക്കിലെ മുതിർന്ന ഉദ്യോഗസ്ഥൻ വ്യക്തമാക്കി. ‘കാൻ’ ചാലലിന് നൽകിയ അഭിമുഖത്തിലാണ് നെതന്യാഹുവിനെതിരെ കടുത്ത ആരോപണങ്ങളുമായി ഉദ്യോഗസ്ഥൻ രംഗത്തെത്തിയത്.
തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ അറബ് പാർട്ടികൾ ശ്രമിച്ചുവെന്ന നെതന്യാഹുവിന്റെ അവകാശവാദവും, ഐക്യ ചർച്ചകൾക്കിടയിൽ മൊസാദ് മേധാവിയുടെ യു.എസ് യാത്ര രഹസ്യമായി വെച്ചു എന്ന ആക്ഷേപവുമാണ് പുതിയ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണം.
നെതന്യാഹുവിന്റെ ലിക്കുഡ് പാർട്ടിയുമായി ഒരു സർക്കാർ രൂപവത്കരിക്കാൻ ചെറിയൊരു സാധ്യതയെങ്കിലും ഉണ്ടായിരുന്നെങ്കിൽ, ഇപ്പോൾ അതും പൂർണമായി ഇല്ലാതായിരിക്കുകയാണെന്ന് ഐസൻകോട്ട് ബ്ലോക്ക് വൃത്തങ്ങൾ വ്യക്തമാക്കി.‘സംഭവിച്ചത് അട്ടിമറിയല്ലാതെ മറ്റൊന്നുമല്ല’ എന്നാണ് ഇതേക്കുറിച്ച് ഔദ്യോഗിക പ്രതികരണം വന്നത്.
ഇസ്രായേലിന്റെ ആഭ്യന്തര സുരക്ഷാ, രഹസ്യാന്വേഷണ ഏജൻസിയായ ഷിൻ ബെത്ത് മേധാവി ഡേവിഡ് സിനി, മൊസാദ് മേധാവി റോമാൻ ഗോഫ്മാൻ എന്നിവരെ പുറത്താക്കണമെന്നും ഉദ്യോഗസ്ഥൻ ആവശ്യപ്പെട്ടു.
നെതന്യാഹുവിന്റെ വിശ്വാസ്യത തകർത്ത സംഭവങ്ങളായി രണ്ട് പ്രധാന കാര്യങ്ങളാണ് ചൂണ്ടിക്കാണിക്കുന്നത്. ഒന്ന്, തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെ നെസെറ്റിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ അറബ് പാർട്ടികളെ ഭീകരവാദികളുടെ പിന്തുണക്കാരായി നെതന്യഹു വിശേഷിപ്പിച്ചത്. രണ്ട്, ഐക്യ ചർച്ചകൾ പുരോഗമിക്കുന്നതിനിടയിൽ മൊസാദ് മേധാവിയുടെ യു.എസ് യാത്ര രഹസ്യമാക്കി വെച്ചത്.
തെരഞ്ഞെടുപ്പ് ദിവസം അറബ് പ്രവർത്തകരുടെ അറസ്റ്റിന് പിന്നിൽ നെതന്യഹുവിന്റെ ഓഫിസിന് നേരിട്ട് പങ്കുണ്ടായിരുന്നുവെന്ന റിപ്പോർട്ടുകൾ പ്രോസിക്യൂട്ടർമാരുടെ പരിശോധനയിലാണ്. വോട്ടെടുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചെന്ന പേരിൽ അറസ്റ്റിലായ മൂന്ന് പേരെയും പിന്നീട് യാതൊരു ഉപാധികളുമില്ലാതെ കോടതി വിട്ടയച്ചിരുന്നു. പൊലീസിന്റെ നടപടിക്കെതിരെ പ്രാദേശിക കോടതി കടുത്ത വിമർശനവും ഉന്നയിച്ചിരുന്നു. ഷിൻ ബെത്തിനും പൊലീസിനുമെതിരെ അന്വേഷണം നടത്താൻ സ്റ്റേറ്റ് കമ്മീഷനെ നിയോഗിക്കാനും ഐസൻകോട്ട് ബ്ലോക്ക് ആലോചിക്കുന്നുണ്ട്.
അസേമയം, ഒക്ടോബർ ഏഴിലെ ഹമാസ് ആക്രമണത്തിലെ വീഴ്ചകളെക്കുറിച്ച് അന്വേഷിക്കാൻ സ്റ്റേറ്റ് കമ്മീഷനെ പ്രഖ്യാപിക്കണമെന്ന വാഗ്ദാനത്തിൽനിന്ന് ഐസൻകോട്ട് ബ്ലോക്ക് പിന്നോക്കം പോകുന്നതായി ആരോപിച്ച് ‘ഒക്ടോബർ കൗൺസിൽ’ രംഗത്തെത്തി.
തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ കമീഷനെ പ്രഖ്യാപിക്കുമെന്ന് വാഗ്ദാനം ചെയ്ത നേതാക്കൾ ഇപ്പോൾ നിർബന്ധിത സൈനിക സേവന നിയമം, ജുഡീഷ്യൽ പരിഷ്കരണങ്ങൾ, മറ്റ് രാഷ്ട്രീയ കാര്യങ്ങൾ എന്നിവയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും കുടുംബങ്ങൾ കുറ്റപ്പെടുത്തി. കമീഷൻ രൂപീകരണം രാഷ്ട്രീയ വിലപേശലിനുള്ള ഉപാധിയാക്കാൻ അനുവദിക്കില്ലെന്നും, വൈകിയാൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് നേതൃത്വം നൽകുമെന്നും സംഘടന മുന്നറിയിപ്പ് നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.