ഷിംല: ഹിമാചൽ പ്രദേശിൽ വിനോദസഞ്ചാരത്തിനെത്തിയ ഇസ്രായേൽ സൈനികനെതിരെ നടപടിയാവശ്യപ്പെട്ട് ഹിന്ദ് റജബ് ഫൗണ്ടേഷൻ (എ.എച്ച്.ആർ.എഫ്) ഇന്ത്യൻ അധികൃതർക്ക് പരാതി നൽകി.
ഗസ്സ യുദ്ധത്തിനിടെ സാധാരണക്കാരുടെ വീടുകളും അടിസ്ഥാന സൗകര്യങ്ങളും തകർക്കുന്നതിൽ പങ്കാളിയായ ഇസ്രായേൽ സൈനികനായ ഈതൻ ഗിൽബോയെ അറസ്റ്റ് ചെയ്യണമെന്നാണ് ബെൽജിയം കേന്ദ്രമായി പ്രവർത്തിക്കുന്ന സംഘടനയുടെ ആവശ്യം.
ഈതൻ ഗിൽബോ നിലവിൽ ഹിമാചൽ പ്രദേശിലെ പഴയ മണാലിയിലും ഗോണ്ട്‍ല ഗ്രാമത്തിലുമാണുള്ളതെന്ന് സംഘടന ആരോപിക്കുന്നു. ഇസ്രായേൽ സൈന്യത്തിന്റെ 271ാം കോംബാറ്റ് എൻജിനീയറിങ് ബറ്റാലിയൻ അംഗമാണ് ഇയാളെന്ന് എച്ച്.ആർ.എഫ് വ്യക്തമാക്കി.
ഗസ്സയിലെ ഖാൻ യൂനിസ്, റഫ തുടങ്ങിയ സ്ഥലങ്ങളിൽ ജനവാസ കേന്ദ്രങ്ങൾ തകർക്കുന്നതിന്റെ ദൃശ്യങ്ങൾ ഇയാൾ തന്നെ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിച്ചിരുന്നു. ഈ ദൃശ്യങ്ങൾ ഉൾപ്പെടെയുള്ള തെളിവുകൾ സഹിതമാണ് ഇന്ത്യൻ അധികൃതർക്ക് പരാതി നൽകിയത്.
ജനീവ കൺവെൻഷൻ നിയമം (1960) പ്രകാരം ഇയാൾക്കെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നും ഇമ്മിഗ്രേഷൻ വിഭാഗത്തെ അറിയിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു. മേയ് 30ന് പൊലീസിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും ഇമിഗ്രേഷൻ ബ്യൂറോക്കുമാണ് സംഘടന പരാതി നൽകിയത്.
വിദേശ രാജ്യങ്ങളിൽ ഇസ്രായേൽ സൈനികർക്കെതിരെ നിയമനടപടികൾ സ്വീകരിക്കുന്ന സംഘടനയാണ് ഹിന്ദ് റജബ് ഫൗണ്ടേഷൻ. ആറ് വയസ്സുകാരിയായ ഫലസ്തീൻ പെൺകുട്ടി ഹിന്ദ് റജബിന്റെ മരണത്തെത്തുടർന്ന് 2024ലാണ് ഈ സംഘടന രൂപവത്കരിക്കുന്നത്. ഗസ്സയിലെ യുദ്ധവുമായി ബന്ധപ്പെട്ട് ഇസ്രായേൽ സൈനികർക്കെതിരെ ഏകദേശം 30 രാജ്യങ്ങളിലായി 90ലധികം പരാതികൾ സംഘടന ഇതിനകം നൽകിയിട്ടുണ്ട്.
സൈനിക സേവനം പൂർത്തിയാക്കിയ ശേഷം ഇസ്രായേൽ യുവാക്കൾ ഇന്ത്യയുൾപ്പെടെയുള്ള രാജ്യങ്ങളിൽ വിനോദസഞ്ചാരത്തിനായി എത്താറുണ്ട്. ഇത്തരത്തിൽ സഞ്ചരിക്കുന്നവരെ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കാൻ പാടില്ലെന്നും ഹിന്ദ് റജബ് ഫൗണ്ടേഷൻ ഡയറക്ടർ ദ്യാബ് അബു ജഹ്ജ പറഞ്ഞു. ആരോപണങ്ങളോട് ബന്ധപ്പെട്ടവരോ ഇസ്രായേൽ, ഇന്ത്യൻ അധികൃതരോ ഇതുവരെ പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.