ഫയൽ ഫോട്ടോ

പശ്ചിമേഷ്യകത്തുന്നു; ഹുർമുസിൽ മൈൻ തട്ടി തീപിടിച്ച് എണ്ണക്കപ്പൽ , രണ്ടു കപ്പലുകൾക്കുനേരെ ആക്രമണം

തെഹ്റാൻ: ഒത്തുതീർപ്പ് സാധ്യതകൾ തള്ളി പശ്ചിമേഷ്യ കൂടുതൽ കലുഷിതമാകുന്നു. ഹുർമുസിൽ മൈൻ തട്ടി എണ്ണക്കപ്പൽ തീപിടിച്ചതിന് പിന്നാലെ, പരിസരത്ത് രണ്ടു കപ്പലുകൾ കൂടി ആക്രമിക്കപ്പെട്ടതായി ബ്രിട്ടീഷ് നാവിക ഏജൻസി അറിയിച്ചു. ഹുർമുസിൽ നിരീക്ഷണത്തിനെത്തിയ രണ്ടു യു.എസ് ഡ്രോണുകൾ തകർത്തെന്ന് ഇറാൻ അവകാശപ്പെട്ടു. അതിനിടെ, യമനിൽ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തിന് ഹൂതികൾ നടത്തിയ പ്രത്യാക്രമണം ചെറുത്തതായി സൗദി അറേബ്യ അറിയിച്ചു.

മേഖലയിൽ ഓരോ ദിവസവും സംഘർഷം കൂടുതൽ കനക്കുന്നുവെന്ന സൂചനകൾ നൽകിയാണ് വെള്ളി, ശനി ദിനങ്ങളിലെ രൂക്ഷ ആക്രമണം. ഹുർമുസ് കടക്കുന്നതിനിടെ മൈനിൽ തട്ടിയാണ് എണ്ണക്കപ്പലിന് തീപിടിച്ചതെന്ന് ഇറാൻ റവല്യൂഷനറി ഗാർഡ്സ് അവകാശപ്പെട്ടു. മറ്റു രണ്ടു കപ്പലുകൾക്കുനേരെ ആക്രമണമുണ്ടായതായും സ്ഥിരീകരിച്ചിട്ടുണ്ട്. ഒമാൻ കടലിൽ ഖസബിനു സമീപമാണ് ഒരു കപ്പൽ ആക്രമിക്കപ്പെട്ടത്.

 

യു.എസ് നാവിക സേന അകമ്പടിയിൽ ഹുർമുസ് കടക്കാനുള്ള ശ്രമം അപകടകരമാകുമെന്ന് ഇറാൻ മുന്നറിയിപ്പ് നൽകിയിരുന്നു. ഖിശം ദ്വീപിനു മുകളിൽ പറന്ന എം.ക്യു-1 പ്രിഡേറ്റർ ഡ്രോണും ഹുർമുസിൽ മറ്റൊരിടത്ത് എം.ക്യു-9 ഡ്രോണും തകർത്തതായും ഇറാൻ അവകാശപ്പെട്ടു. ഇറാനെതിരെ വീണ്ടും കനത്ത ആക്രമണം നടത്തുമെന്ന് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

സമാനമായി സൗദിയിൽ ഹൂതികളും യമനിൽ സൗദി പിന്തുണയോടെ ഔദ്യേഗിക സേനയും ആക്രമണം കൂടുതൽ ശക്തമാക്കി. ഹൂതികൾക്കെതിരെ മആരിബിലും ജൗഫിലും സാദയിലുമടക്കം ആക്രമണം നടന്നു. ഹൂതികൾ സമീപനാളുകളിൽ പിടിമുറുക്കിയ തായിസ് പ്രവിശ്യയിലെ അശ്ശമയതയ്ൻ, അൽമവാസിത് എന്നിവിടങ്ങളിലും ബോംബാക്രമണമുണ്ടായി. ഇവിടെ മുതിർന്ന ഹൂതി കമാൻഡറെ വധിച്ചതായി ഔദ്യോഗിക സേന അവകാശപ്പെട്ടു. അതിനിടെ, സൗദിയിൽ ജസാൻ പ്രവിശ്യയിൽ അപായ മുന്നറിയിപ്പ് നൽകിയത് പിൻവലിച്ചു.

പശ്ചിമേഷ്യൻ സംഘർഷത്തിനിടെ ആഗോള നിശ്ശബ്ദത അവസരമാക്കി ഗസ്സയിലും ലബനാനിലും ഇസ്രായേൽ അധിനിവേശം തുടരുകയാണ്. ഗസ്സയുടെ പകുതിയിലേറെയും പിടിച്ചെടുത്ത് സൃഷ്ടിച്ച ‘യെലോ ലൈനും’ കടന്ന് ശനിയാഴ്ച നടത്തിയ സൈനിക നീക്കത്തിൽ നാലു ഫലസ്തീനികൾ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ജബാലിയ, ഗസ്സ സിറ്റിയിലെ തൽ അൽഹവാ, മവാസി എന്നിവിടങ്ങളിലൊക്കെയും ഇസ്രായേൽ ആക്രമണം നടത്തി. ഗസ്സ സിറ്റിയിലാണ് മൂന്നു പേർ കൊല്ലപ്പെട്ടത്. 

Tags:    
News Summary - Hormuz mine blast sets tanker ablaze, two ships hit

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.