ജെറൂസലം: ക്രിസ്ത്യാനികളുടെ പവിത്രനഗരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ജെറൂസലമിൽ ക്രൈസ്തവ സമൂഹം ഭീതിയുടെ നിഴലിൽ. നഗരത്തിൽ ക്രൈസ്തവർക്ക് നേരെ ശാരീരിക ആക്രമണങ്ങളും വംശീയ അധിക്ഷേപങ്ങളും വർധിച്ചു വരുന്നതായി ഇസ്രായേിലിലെ പ്രമുഖ പത്രമായ ജെറൂസലം പോസ്റ്റ് റിപ്പോർട്ട് ചെയ്തു. തെരുവുകളിൽ വിശ്വാസികൾക്ക് നേരെ പരസ്യമായി തുപ്പുന്നതും മതചിഹ്നങ്ങളെ അപമാനിക്കുന്നതും ജെറൂസലേമിൽ നിത്യസംഭവമായി മാറിയിരിക്കുകയാണ്.
‘പലതവണ എനിക്ക് നേരെ അതിക്രമങ്ങൾ ഉണ്ടായിട്ടുണ്ട്; തീവ്ര ജൂത മതമൗലികവാദികൾ ഹീബ്രു ഭാഷയിൽ അധിക്ഷേപിക്കുകയും എന്റെ നേരെ തുപ്പുകയും ചെയ്തു’ -ജെറുസലേമിലൂടെ സഞ്ചരിക്കുമ്പോൾ താൻ നേരിട്ട പീഡനം അറബ് കന്യാസ്ത്രീ ‘ദി ജെറുസലം പോസ്റ്റി’നോട് വെളിപ്പെടുത്തി. തുടർന്നും ഇവിടെ ജീവിക്കേണ്ടതിനാൽ ഭയമാണെന്നും പേര് പുറത്തുപറയരുതെന്നും ആവശ്യപ്പെട്ടാണ് ഇക്കാര്യങ്ങൾ പറഞ്ഞത്. ഇതേ തുടർന്ന് അവരുടെ പേരിന്റെ ആദ്യാക്ഷരമായ ‘എൽ’ എന്നാണ് ജെറൂസലം പോസ്റ്റ് അവരെ വിശേഷിപ്പിച്ചത്.
ഇത് വ്യക്തമായ വംശീയതയാണെന്നും തങ്ങൾ വലിയ ഭീഷണിയിലാണ് കഴിയുന്നതെന്നും ഇവർ കൂട്ടിച്ചേർത്തു. വസ്ത്രധാരണത്തിലൂടെയും കഴുത്തിലെ കുരിശിലൂടെയും ക്രൈസ്തവ സ്വത്വം വ്യക്തമാകുന്ന കന്യാസ്ത്രീകളും വൈദികരുമാണ് പ്രധാനമായും ആക്രമിക്കപ്പെടുന്നത്.
‘വംശീയ ആക്രമണമാണ് ഞങ്ങൾ നേരിടുന്നത്. കടുത്ത ഭീഷണികൾക്ക് നടുവിലാണ് ജീവിതം. തീവ്ര ജൂത മതക്കാരാണ് ആക്രമത്തിന് പിന്നിൽ. അവർ ഹീബ്രു ഭാഷയാണ് സംസാരിച്ചിരുന്നത്. സ്ഥിതി കൂടുതൽ വഷളായിരിക്കുന്നു’ -എൽ പറഞ്ഞു. ഗലീലിയിലാണ് ഇവർ ജനിച്ചുവളർന്നത്. നഗരത്തിലെ ക്രിസ്ത്യൻ സമൂഹത്തിനെതിരായ ആക്രമണങ്ങളുടെ തീവ്രത വർധിച്ചുവരികയാണ്.
മറ്റൊരു ഒരു കന്യാസ്ത്രീയെ തെരുവിലൂടെ ഓടിച്ചിട്ട് തള്ളിയിടുകയും ചവിട്ടുന്നതിന്റെയും, ചർച്ചിന് മുന്നിൽ തുപ്പുന്നതിന്റെയും നടുക്കുന്ന ദൃശ്യങ്ങൾ ഇസ്രായേൽ പൊലീസ് തന്നെ പുറത്തുവിട്ടിരുന്നു. പഴയ നഗരത്തിലെ അർമേനിയൻ ക്വാർട്ടറിലെ ചർച്ചിന്റെ പ്രവേശന കവാടത്തിലാണ് ജൂത മതവിശ്വാസി തുപ്പുകയും പ്രകോപനം സൃഷ്ടിക്കുകയും ചെയ്തത്. വെസ്റ്റ് ബാങ്കിലെ കുടിയേറ്റമേഖലയിൽ കന്യാസ്ത്രീയെ ആക്രമിച്ച 36കാരനായ ജൂതനെ പൊലീസ് പിന്നീട് അറസ്റ്റ് ചെയ്തിരുന്നു.
“കൂടുതൽ ജാഗ്രത പാലിക്കുകയും കൂടുതൽ ശ്രദ്ധിക്കുകയും ചെയ്യണം. എന്റെ മത സ്വത്വം മറച്ചുവെക്കാൻ എനിക്ക് സൗകര്യമില്ല. എന്റെ കുരിശ് ഒളിപ്പിക്കാൻ ഞാൻ സമ്മതിക്കില്ല. ഇതാണ് ഞാൻ, എന്റെ വിശ്വാസം മറച്ചുവെക്കാൻ ഞാൻ ഒരു കാരണവശാലും തയ്യാറല്ല. ഈ രാജ്യം എന്റെ വീടാണ്, മറ്റാരെയും പോലെ ഇവിടെ ജീവിക്കാൻ എനിക്കും അവകാശമുണ്ട്’ -എൽ പറഞ്ഞു.
ജെറൂസലേം ആസ്ഥാനമായി പ്രവർത്തിക്കുന്ന റോസിംഗ് സെന്റർ ഫോർ എഡ്യൂക്കേഷൻ ആൻഡ് ഡയലോഗിന്റെ കണക്കുകൾ പ്രകാരം, 2025-ൽ മാത്രം ക്രൈസ്തവർക്കെതിരെ 155 അക്രമാസക്തമായ സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതിൽ 61 ശാരീരിക ആക്രമണങ്ങളും പള്ളികൾക്ക് നേരെയുള്ള 52 അതിക്രമങ്ങളും ഉൾപ്പെടുന്നു. 2024-ൽ 111 കേസുകളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്.
കന്യാമറിയത്തിന്റെ രൂപത്തിൽ കത്തുന്ന സിഗരറ്റ് വെച്ചും യേശുവിന്റെ പ്രതിമ തകർത്തും ഐ.ഡി.എഫ് സൈനികർ ക്രൈസ്തവരെ അപമാനിക്കുന്ന ദൃശ്യങ്ങൾ അടുത്തിടെ പുറത്തുവന്നിരുന്നു. മനുഷ്യത്വത്തിന് നിരക്കാത്ത ഇത്തരം പ്രവൃത്തികൾ സമൂഹത്തിൽ വിദ്വേഷം പടർത്തുകയാണെന്നും സമാധാനപരമായി ജീവിക്കുന്ന ക്രൈസ്തവ സമൂഹത്തെ ഇത് അങ്ങേയറ്റം വേദനിപ്പിക്കുന്നുവെന്നും പ്രദേശത്തെ വ്യാപാരിയായ നാജി മൻസൂർ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.