ഫാ. അര്‍തുറോ സോസ ഈശോസഭ സുപ്പീരിയര്‍ ജനറല്‍

റോം: ഈശോസഭയുടെ 31ാം സുപ്പീരിയര്‍ ജനറലായി (കറുത്ത പാപ്പ) വെനിസ്വേലന്‍ പ്രവിശ്യയില്‍നിന്നുള്ള ഫാ. അര്‍തുറോ സോസ അബാസ്കലിനെ (66) തെരഞ്ഞെടുത്തു. ഈശോസഭയുടെ റോമിലെ പ്രവര്‍ത്തനങ്ങളുടെയും അന്താരാഷ്ട്ര ഭവനങ്ങളുടെയും ചുമതലക്കാരനായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു. വെനിസ്വേലയിലെ കറാക്കാസില്‍ 1948 നവംബര്‍ 12നാണ് ജനനം.

വെനിസ്വേലയിലെ കേന്ദ്ര സര്‍വകലാശാലയില്‍നിന്ന് രാഷ്ട്രമീമാംസയില്‍ ഡോക്ടറേറ്റ് നേടിയ അദ്ദേഹം 1996 മുതല്‍ 2004 വരെ സഭയുടെ വെനിസ്വേല പ്രൊവിന്‍ഷ്യാളായിരുന്നു. 2008 മുതല്‍ റോമില്‍ ജനറലിന്‍െറ ഉപദേശകനായും 2014 മുതല്‍ ഭരണകാര്യാലയത്തിന്‍െറ നിയന്ത്രാവായും ജോലി ചെയ്യുകയായിരുന്നു. ഗ്രിഗോറിയന്‍ സര്‍വകലാശാല ബിബ്ളിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, ഓറിയന്‍റല്‍ ഇന്‍സ്റ്റിറ്റ്യൂട്ട്, വത്തിക്കാന്‍ വാനനിരീക്ഷണ കേന്ദ്രം തുടങ്ങി നിരവധി അന്താരാഷ്ട്ര കോളജുകളും സ്ഥാപനങ്ങളും നിയന്ത്രിച്ചിരുന്നതും ഫാ. അര്‍തുറോ ആയിരുന്നു.

ഗോവയില്‍നിന്നുള്ള ഫാ. ആഗ്നെല്ളോ മസ്കരനാസാണ് സെക്രട്ടറി ജനറല്‍. ശനിയാഴ്ച നടക്കുന്ന കൃതജ്ഞതാബലിക്കുശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ സമ്മേളനത്തെ അഭിസംബോധന ചെയ്യും. ഈശോസഭാംഗം തന്നെയായ മാര്‍പാപ്പ ആദ്യമായാണ് ഈശോസഭയുടെ സാര്‍വത്രിക സമ്മേളനത്തെ അഭിസംബോധന ചെയ്യുന്നത്.  16740 അംഗങ്ങളുള്ള ഈശോസഭയാണ് കത്തോലിക്ക സഭയിലെ ഏറ്റവും വലിയ സന്യാസി സമൂഹം. അതില്‍ നാലായിരത്തോളം പേരും ഇന്ത്യക്കാരാണ്. സാര്‍വത്രിക സമ്മേളനത്തില്‍ കേരളത്തില്‍നിന്ന് പ്രൊവിന്‍ഷ്യല്‍ ഫാ. എം.കെ. ജോര്‍ജ്, പ്രതിനിധി ഫാ. ജോസ് ജേക്കബ് എന്നിവര്‍ പങ്കെടുക്കുന്നുണ്ട്.

 

Tags:    
News Summary - isio saba

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.