യു.എസ്-ചൈന ഉഭയകക്ഷി ചര്‍ച്ചക്ക് തുടക്കം

ബെയ്ജിങ്:  യു.എസ്-ചൈന വാര്‍ഷിക ഉഭയകക്ഷി ചര്‍ച്ചക്ക് (യു.എസ്-ചൈന നയതന്ത്ര-സാമ്പത്തിക ചര്‍ച്ച) തിങ്കളാഴ്ച ബെയ്ജിങ്ങില്‍ തുടക്കമായി. ദക്ഷിണ ചൈനാ കടലിലെ തര്‍ക്കദ്വീപുകള്‍ സംബന്ധിച്ച് ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നത, ആണവദാതാക്കളുടെ ഗ്രൂപ്പില്‍ (എന്‍.എസ്.ജി) ഇന്ത്യയുടെ അംഗത്വം തുടങ്ങി ഒട്ടേറെ വിഷയങ്ങള്‍ ചര്‍ച്ചയുടെ അജണ്ടയില്‍ വരുമെന്നാണ് റിപ്പോര്‍ട്ട്. ചര്‍ച്ചയില്‍ ചൈനയെ പ്രതിനിധാനംചെയ്ത് ഉപപ്രധാനമന്ത്രി വാങ് യാങ്, കൗണ്‍സിലര്‍ യാങ് ജിയേഷി എന്നിവരും അമേരിക്കയെ പ്രതിനിധാനംചെയ്ത് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറിയും ധനകാര്യ സെക്രട്ടറി ജേക്കബ് ലിയോയുമാണ് പങ്കെടുക്കുന്നത്. എട്ടാമത് വാര്‍ഷിക ചര്‍ച്ചയാണ് തിങ്കളാഴ്ച ബെയ്ജിങ്ങില്‍ ആരംഭിച്ചിരിക്കുന്നത്.

ദക്ഷിണ ചൈനാ കടലിലെ തര്‍ക്കത്തില്‍ ഇതാദ്യമായി അമേരിക്ക ചൈനക്കെതിരായി പരസ്യ നിലപാട് സ്വീകരിച്ചതിനുശേഷം ഇരുരാജ്യങ്ങളും തമ്മില്‍ നടക്കുന്ന ചര്‍ച്ച എന്ന പ്രാധാന്യംകൂടിയുണ്ട് ബെയ്ജിങ്ങിലെ കൂടിക്കാഴ്ചക്ക്. ചര്‍ച്ചയുടെ ആദ്യഘട്ടത്തില്‍തന്നെ വിഷയം കടന്നുവരുകയും ചെയ്യുമെന്നാണ് കരുതുന്നത്. മേഖലയിലെ പ്രശ്നപരിഹാരത്തിന് ചൈന സമുദ്രാതിര്‍ത്തി നിയമങ്ങള്‍ കൃത്യമായി പാലിക്കുകയാണ് വേണ്ടതെന്ന് ബെയ്ജിങ്ങിലത്തെിയ ഉടന്‍ കെറി പ്രസ്താവിച്ചത് ഇതാണ് സൂചിപ്പിക്കുന്നത്. തര്‍ക്കദ്വീപില്‍ പ്രതിരോധനിലയം സ്ഥാപിക്കാനുള്ള ചൈനയുടെ നീക്കം മേഖലയെ അസ്ഥിരപ്പെടുത്തുമെന്നുമുള്ള നിലപാട് ബെയ്ജിങ്ങിലും അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം, സമുദ്രാതിര്‍ത്തി വിഷയത്തിലുള്ള ഭിന്നത നിലനിര്‍ത്തിക്കൊണ്ടുള്ള ‘സുഗമമായ’ ചര്‍ച്ചയാണ് വേണ്ടതെന്ന് ചൈനീസ് പ്രസിഡന്‍റ് ഷി ജിന്‍പിങ് പ്രതികരിച്ചു. ചര്‍ച്ചയുടെ ഒൗദ്യോഗിക ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.

എന്‍.എസ്.ജിയിലെ ഇന്ത്യയുടെ അംഗത്വം സംബന്ധിച്ചും രാഷ്ട്രനേതാക്കള്‍ ചര്‍ച്ചചെയ്യും. ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിലും ഇവര്‍ക്കിടയില്‍ ഭിന്നതയുണ്ട്. ഇന്ത്യയും പാകിസ്താനും എന്‍.എസ്.ജി അംഗത്വത്തിനായി സമര്‍പ്പിച്ച അപേക്ഷിച്ച ജൂണ്‍ ഒമ്പതിലെ വിയന സമ്മേളനത്തില്‍ പരിഗണിക്കാനിരിക്കയാണ്. ആണവ നിര്‍വ്യാപന കരാറില്‍ ഒപ്പുവെക്കാത്ത ഇന്ത്യയുടെ അപേക്ഷ തള്ളണമെന്നാണ് ചൈനയുടെ നിലപാട്. അതേസമയം, അമേരിക്ക ഇന്ത്യക്ക് പിന്തുണ വാഗ്ദാനം ചെയ്തിട്ടുണ്ട്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.