ഫ്രാന്‍സിന്‍െറ മേല്‍നോട്ടത്തില്‍ പശ്ചിമേഷ്യന്‍ സമാധാന ചര്‍ച്ച തുടങ്ങി

പാരിസ്: അറബ്-പാശ്ചാത്യ നാടുകളിലെ മന്ത്രിമാരുടെ പങ്കാളിത്തത്തോടെ പാരിസില്‍ ഫലസ്തീന്‍-ഇസ്രായേല്‍ സമാധാന ചര്‍ച്ച തുടങ്ങി. ഇരുരാജ്യങ്ങളുടെയും പ്രതിനിധികളില്ലാതെയാണ് ഫ്രാന്‍സിന്‍െറ നേതൃത്വത്തില്‍ ചര്‍ച്ച പുരോഗമിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ചര്‍ച്ചക്കായി ക്ഷണിച്ചിട്ടും ഇസ്രായേല്‍ പ്രധാനമന്ത്രി ബിന്യമിന്‍ നെതന്യാഹു പങ്കെടുക്കാന്‍ തയാറായില്ല. നേരിട്ടുള്ള ചര്‍ച്ചകളിലൂടെ മാത്രമേ സംഘര്‍ഷത്തിന് പരിഹാരം കാണാനാവൂയെന്നും അതില്‍നിന്ന് ഒളിച്ചോടാന്‍  ഫലസ്തീന്‍ പ്രസിഡന്‍റ് മഹ്മൂദ് അബ്ബാസിന് അവസരമൊരുക്കുകയാണ് പാരിസ് സമ്മേളനമെന്നും  നെതന്യാഹു ആരോപിച്ചു. ചര്‍ച്ചക്കുള്ള ഫ്രാന്‍സിന്‍െറ ശ്രമങ്ങളെ മഹ്മൂദ് അബ്ബാസ് സ്വാഗതംചെയ്തു. സംഘര്‍ഷം പരിഹരിക്കാന്‍ അന്താരാഷ്ട്ര ഇടപെടല്‍ വേണമെന്ന് ഫലസ്തീന്‍ ആവശ്യപ്പെട്ടിരുന്നു.  യു.എന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണും യു.എസ് വിദേശകാര്യ സെക്രട്ടറി ജോണ്‍ കെറിയും പാരിസിലെത്തി.

കാലങ്ങളായി തുടരുന്ന പശ്ചിമേഷ്യന്‍ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിന് ഫലസ്തീനികള്‍ക്കും ഇസ്രായേലികള്‍ക്കുമിടയിലെ സമാധാന ചര്‍ച്ചകള്‍ പുനരാരംഭിക്കേണ്ടത് അനിവാര്യമാണെന്ന്  ഫ്രഞ്ച് പ്രസിഡന്‍റ് ഫ്രാന്‍സ്വാ ഓലന്‍ഡ് വ്യക്തമാക്കി. അന്താരാഷ്ട്ര സമാധാന സമ്മേളനം വിളിച്ചുചേര്‍ക്കുക, ചര്‍ച്ചകളിലൂടെ സ്വീകരിക്കേണ്ട നടപടികള്‍ നിര്‍ണയിക്കുന്നതിന് സംഘത്തെ  രൂപവത്കരിക്കുക എന്നീ രണ്ടു ഘട്ടങ്ങളായുള്ള പരിഹാരമാര്‍ഗങ്ങളും അദ്ദേഹം മുന്നോട്ടുവെച്ചു.അറബ്-ഇസ്രായേല്‍ സംഘട്ടനം അടിയന്തരമായി അവസാനിപ്പിക്കേണ്ടതുണ്ടെന്നും ഓലന്‍ഡ് അഭിപ്രായപ്പെട്ടു. 1967ല്‍ ഇസ്രായേല്‍ പിടിച്ചെടുത്ത ഭാഗങ്ങള്‍,  കിഴക്കന്‍ ജറൂസലം, വെസ്റ്റ്ബാങ്ക്, ഗസ്സ അതിര്‍ത്തി എന്നിവയുള്‍പ്പെട്ട സര്‍ക്കാര്‍ രൂപവത്കരിക്കണമെന്നതാണ് ഫലസ്തീന്‍െറ പ്രധാന ആവശ്യം.

ഈ സര്‍ക്കാറിന് തത്ത്വത്തില്‍ യു.എന്‍ അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍, സര്‍ക്കാര്‍ യാഥാര്‍ഥ്യമാകണമെങ്കില്‍ ഇസ്രായേലുമായുള്ള ചര്‍ച്ചകൂടിയേ തീരൂ. അവസാനമായി ഇരുരാജ്യങ്ങളും തമ്മില്‍ ചര്‍ച്ച നടന്നത് 2008ലാണ്.  മഹ്മൂദ് അബ്ബാസും അന്നത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി യെഹൂദ് ഒല്‍മര്‍ട്ടും തമ്മിലായിരുന്നു അത്.ഈ ആവശ്യം ഖണ്ഡിച്ച ഇസ്രായേല്‍ ജറൂസലം തങ്ങളുടെ അവിഭാജ്യ ഭാഗമാണെന്നും വിഭജിക്കാനാകില്ലെന്നും വ്യക്തമാക്കിയിരുന്നു. അടുത്തിടെ അധിനിവേശ മേഖലകളില്‍ ഇസ്രായേല്‍ കൈയേറ്റം വ്യാപിപ്പിക്കാനുള്ള ശ്രമങ്ങളും തുടരുകയാണ്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.