കോഹിനൂർരത്നം: ബ്രിട്ടീഷ് രാജ്ഞിക്കെതിരെ ഇന്ത്യക്കാർ കോടതിയിലേക്ക്

ലണ്ടൻ: ഇന്ത്യയിൽനിന്ന് കവർന്ന, ശതകോടികൾ വിലയുള്ള കോഹിനൂർരത്നം തിരിച്ചുനൽകാനാവശ്യപ്പെട്ട് ബ്രിട്ടീഷ് രാജ്ഞിക്കെതിരെ കേസിന് ഇന്ത്യൻകൂട്ടായ്മ ഒരുങ്ങുന്നു. ബോളിവുഡ് താരങ്ങൾ, വൻകിട ബിസിനസ് പ്രമുഖർ എന്നിവർ ചേർന്ന് ‘മൗണ്ടൻ ഓഫ് ലൈറ്റ്’ എന്ന കൂട്ടായ്മ രൂപവത്കരിച്ചാണ് ലണ്ടൻ ഹൈകോടതിയിൽ കേസ് നൽകുന്നത്. കിങ് ജോർജ് ആറാമൻ 1937ൽ അധികാരമേൽക്കുമ്പോൾ അവരുടെ ഭാര്യയും പിന്നീട് 1953ൽ അധികാരാരോഹണസമയത്ത് എലിസബത്ത് രാജ്ഞിയും ഇത് ധരിച്ചിരുന്നു. 1000 കോടി രൂപ മൂല്യംവരുന്ന 105 കാരറ്റ് രത്നം ഇന്ത്യയിൽനിന്ന് കടത്തിക്കൊണ്ടുപോയതാണെന്നും യഥാർഥ അവകാശികൾക്ക് തിരിച്ചുനൽകണമെന്നുമാണ് ആവശ്യം.

13ാം നൂറ്റാണ്ടിൽ ആന്ധ്രയിലെ ഗുണ്ടൂർ ജില്ലയിലുള്ള കൊല്ലൂർ ഖനിയിൽനിന്ന് കുഴിച്ചെടുത്തതാണ് കോഹിനൂർ എന്നാണ് കരുതുന്നത്. പേർഷ്യൻ ചക്രവർത്തി നാദിർഷയാണ് ഇതിന് കോഹിനൂർ എന്ന പേര് നൽകിയത്. ഇന്ത്യ ഭരിച്ച വിവിധ ഭരണവംശങ്ങളിലൂടെ കൈമാറി 1800കളുടെ അവസാനത്തിൽ ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിെൻറ ഭാഗമായി. 186 കാരറ്റിലേറെ ഭാരമുണ്ടായിരുന്ന ഇത് പലവുരു ചെത്തിമിനുക്കിയാണ് നിലവിലെ 105 കാരറ്റിലെത്തിയത്. ബ്രിട്ടനിലെ ഹോളകോസ്റ്റസ് നിയമപ്രകാരമാണ് (പൈതൃകപ്രധാനമായ വസ്തുക്കൾ തിരിച്ചുനൽകാനുള്ളത്) കേസ് നൽകുകയെന്നാണ് അഭിഭാഷകർ പറയുന്നത്. ഗ്രീസിെൻറ ഉടമസ്ഥതയിലായിരുന്ന എൽജിൻ മാർബ്ൾസ് എന്ന ശിൽപവും സമാനമായി ബ്രിട്ടനിൽ നിയമക്കുരുക്ക് നേരിടുന്ന ചരിത്രവസ്തുവാണ്.

സാമ്പത്തികമൂല്യം മാത്രമല്ല, ഇന്ത്യയുടെ ചരിത്രവും പൈതൃകവുമായി ഏറെ അടുത്തുനിൽക്കുന്നവയാണ് കോഹിനൂർ രത്നമെന്ന് ബോളിവുഡ് നടിയും മൗണ്ടൻ ഓഫ് ലൈറ്റ് അംഗവുമായ ഭൂമിക സിങ് പറഞ്ഞു.

 

1937ൽ ജോർജ് ആറാമൻ അധികാരമേൽക്കുമ്പോൾ കോഹിനൂർ രത്നം തലയിലണിഞ്ഞ് അവരുടെ പത്നി
 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.