യു.കെയിലെ ഓക്സ്ഫോർഡ് സർവകലാശാലയിലെ ശാസ്ത്രജ്ഞർ രണ്ട് മുതൽ മൂന്ന് മാസത്തിനുള്ളിൽ മനുഷ്യരിലെ ക്ലിനിക്കൽ പരീക്ഷണങ്ങൾക്ക് തയ്യാറായേക്കാവുന്ന എബോള വാക്സിൻ വികസിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലും അയൽരാജ്യമായ ഉഗാണ്ടയിലും അതിവേഗം പടരുന്ന അപൂർവ എബോള രോഗബാധയെ തുടർന്നാണ് ഈ അടിയന്തിര നടപടി.
രോഗബാധിതരിൽ മൂന്നിലൊന്ന് പേരുടെ മരണത്തിന് കാരണമാകുന്ന 'ബുന്ദിബുഗ്യോ' എന്ന അപൂർവ ഇനം എബോള വൈറസിനെതിരെയാണ് ഈ വാക്സിൻ നിർമ്മിക്കുന്നത്. സാധാരണ കണ്ടുവരുന്ന സയർ ഇനത്തിൽ നിന്ന് വ്യത്യസ്തമായി, ബുന്ദിബുഗ്യോ ഇനത്തിന് നിലവിൽ അംഗീകൃത വാക്സിനുകളൊന്നുമില്ല. 2007-ൽ ഉഗാണ്ടയിലും 2012-ൽ ഡിആർ കോംഗോയിലും - മുമ്പ് ബുണ്ടിബുഗ്യോ പടർന്നുപിടിച്ചത്.
ഓക്സ്ഫോർഡ്-ആസ്ട്രാസെനെക്ക കോവിഡ്-19 വാക്സിൻ നിർമ്മിക്കാൻ ഉപയോഗിച്ച അതേ ChAdOx1 സാങ്കേതികവിദ്യയാണ് ഇതിനും ഉപയോഗിക്കുന്നത്. കോവിഡ് വാക്സിനിൽ കൊറോണ വൈറസിന്റെ ജനിതക കോഡ് ഉപയോഗിച്ചിരുന്നെങ്കിൽ ഇതിൽ ബുണ്ടിബുഗ്യോ എബോള വൈറസിന്റെ ഡി.എൻ.എയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ചിമ്പാൻസികളിൽ കാണപ്പെടുന്ന, മനുഷ്യർക്ക് ദോഷകരമല്ലാത്ത ഒരു കോൾഡ് വൈറസിനെ മാറ്റം വരുത്തിയാണ് ഈ വാക്സിൻ നിർമ്മിക്കുന്നത്.
എബോളയുടെ ജനിതക വിവരങ്ങൾ ശരീരത്തിലെ കോശങ്ങളിലേക്ക് എത്തിച്ച് പ്രതിരോധ സംവിധാനം രോഗത്തെ തിരിച്ചറിയാനും ചെറുക്കാനും പരിശീലിപ്പിക്കുകയാണ് ലക്ഷ്യം. ഈ വാക്സിൻ എബോള രോഗമോ ലക്ഷണങ്ങളോ ഉണ്ടാക്കില്ലെന്നും ഗവേഷകർ പറയുന്നു.
മൃഗങ്ങളിലെ പരീക്ഷണം നിലവിൽ ഓക്സ്ഫോർഡിൽ പുരോഗമിക്കുകയാണ്. വാക്സിൻ വിജയകരമായാൽ അതിന്റെ വലിയ തോതിലുള്ള നിർമ്മാണം ഇന്ത്യയിലെ സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർവഹിക്കുമെന്ന് റിപ്പോർട്ടിൽ പറയുന്നു. ഇതേ വൈറസിനെതിരെ ലോകമെമ്പാടും മറ്റൊരു വാക്സിൻ കൂടി വികസിപ്പിക്കുന്നുണ്ടെങ്കിലും, അത് പരീക്ഷണത്തിന് തയ്യാറാകാൻ 6 മുതൽ 9 മാസം വരെ സമയമെടുക്കും. എന്നാൽ ഓക്സ്ഫോർഡിന്റെ വാക്സിൻ 2-3 മാസത്തിനുള്ളിൽ തയ്യാറാകും എന്നതാണ് ഇതിന്റെ ഏറ്റവും വലിയ പ്രത്യേകത.
ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച്, നിലവിലെ രോഗബാധ മൂലം ഇതിനകം 750 ഓളം ആളുകളിൽ രോഗലക്ഷണങ്ങൾ കണ്ടെത്തുകയും 177 പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്. വൈറസിന്റെ അതിവേഗ വ്യാപനം കണക്കിലെടുത്ത് കോംഗോയിലെ ആരോഗ്യ അടിയന്തരാവസ്ഥ 'വളരെ ഉയർന്നത്' എന്ന് ലോകാരോഗ്യ സംഘടന രേഖപ്പെടുത്തിയിട്ടുണ്ട്.
ഈ വാക്സിൻ പൊതുജനങ്ങൾക്ക് മുഴുവനായി നൽകാനല്ല ഉദ്ദേശിക്കുന്നത്. രോഗികളുമായി നേരിട്ട് സമ്പർക്കത്തിൽ വരുന്നവർക്കും, മുൻനിര ആരോഗ്യപ്രവർത്തകർക്കും മാത്രം നൽകുന്ന 'റിംഗ് വാക്സിനേഷൻ' രീതിയായിരിക്കും ഇതിനായി ഉപയോഗിക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.