ഫോട്ടോ കടപ്പാട് റോയിട്ടേഴ്സ്
ഡ്രോൺ ആക്രമണത്തിൽ റഷ്യൻ ചരക്കുകപ്പലിന് തീപിടിച്ചു; ഫിൻലൻഡ് തീരത്ത് അഗ്നിശമന ശ്രമം തുടരുന്നു
ഹെൽസിങ്കി: ഡ്രോൺ ആക്രമണത്തിൽ തകർന്ന റഷ്യൻ ചരക്കുകപ്പലിൽ രാത്രി മുഴുവൻ തീ തുടരുന്നതായി ഫിൻലൻഡ് കോസ്റ്റ് ഗാർഡ് അറിയിച്ചു. തീ അണക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെങ്കിലും കപ്പലിലെ തീ പൂർണമായി നിയന്ത്രണവിധേയമായിട്ടില്ല.
ശനിയാഴ്ച ബാൾട്ടിക് കടലിൽ സ്പാർട്ട II എന്ന റഷ്യൻ ചരക്കുകപ്പലിന് നേരെയുണ്ടായ ആക്രമണം യുക്രെയ്ൻ നടത്തിയതാകാമെന്നാണ് ഫിൻലൻഡ് സൈന്യത്തിന്റെ വിലയിരുത്തൽ. ആക്രമണത്തിനുശേഷം കപ്പൽ ഫിൻലൻഡിന്റെ സമുദ്രാതിർത്തിയിലേക്ക് ഒഴുകിയെത്തുകയും നിലവിൽ അവിടെ നങ്കൂരമിടുകയും ചെയ്തു. കപ്പലിലുണ്ടായിരുന്ന 16 ജീവനക്കാരെയും സമീപത്തുണ്ടായിരുന്ന മറ്റൊരു റഷ്യൻ കപ്പലിലേക്ക് മാറ്റി.
തീപിടിത്തം അണക്കുന്നതിനും കപ്പലിന്റെ ഡെക്കിൽ അടുക്കിവച്ചിരുന്ന കണ്ടെയ്‌നറുകൾ തണുപ്പിക്കുന്നതിനുമായി നിരവധി കപ്പലുകൾ രാത്രി മുഴുവൻ ജലപീരങ്കികൾ ഉപയോഗിച്ച് വെള്ളം ചീറ്റിച്ചു. ഇതിന്റെ ദൃശ്യങ്ങൾ ഫിൻലൻഡ് കോസ്റ്റ് ഗാർഡ് പുറത്തുവിട്ടു.
ഈ വർഷം റഷ്യയുടെ വടക്കുപടിഞ്ഞാറൻ തീരമേഖലയായ ലെനിങ്രാഡിലേക്ക് യുക്രെയ്ൻ നിരവധി ഡ്രോൺ ആക്രമണങ്ങൾ നടത്തിയിട്ടുണ്ട്. ആക്രമണങ്ങളിൽ ചില ഡ്രോണുകൾ സമീപത്തെ ബാൾട്ടിക് രാജ്യങ്ങളുടെ വ്യോമാതിർത്തിയിലും പ്രവേശിച്ചത് യുദ്ധം നാറ്റോ രാജ്യങ്ങളിലേക്ക് വ്യാപിക്കുമോ എന്ന ആശങ്ക ഉയർത്തിയിട്ടുണ്ട്.
റഷ്യയുടെ ഗോഗ്ലാൻഡ് ദ്വീപിന് പടിഞ്ഞാറ് അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽവച്ചാണ് കപ്പലിന് ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതെന്ന് ഫിൻലൻഡ് പ്രതിരോധ സേന അറിയിച്ചു. റഷ്യൻ അധികൃതർ നേരത്തെ നൽകിയ വിവരങ്ങളും ഇതുമായി പൊരുത്തപ്പെടുന്നുണ്ട്. റഷ്യയുടെ കാലിനിൻഗ്രാഡ് മേഖലയിലേക്കുള്ള യാത്രയിലായിരുന്നു കപ്പൽ.
ബാൾട്ടിക് കടലിന്റെ ഇടുങ്ങിയ ഭാഗമായ ഫിൻലൻഡ് ഉൾക്കടലിൽ കൂടുതൽ ആക്രമണങ്ങൾ ഉണ്ടാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്ന് എസ്റ്റോണിയൻ നാവികസേനാ മേധാവി ഇവോ വാർക്ക് പൊതുമാധ്യമമായ ഇ.ആർ. ആറിനോട് പറഞ്ഞു.
കഴിഞ്ഞയാഴ്ച യുക്രെയ്ൻ നടത്തിയ ഡ്രോൺ ആക്രമണങ്ങൾക്കിടെ ഇതേ മേഖലയിൽ റഷ്യൻ യുദ്ധക്കപ്പലിന് നേരെയുണ്ടായ ആക്രമണവും ഫിൻലൻഡ് സൈന്യം കണ്ടെത്തിയിരുന്നു.
121 മീറ്റർ നീളമുള്ള റഷ്യൻ പതാകയേന്തിയ ചരക്കുകപ്പലായ സ്പാർട്ട II റഷ്യൻ ഷിപ്പിങ് കമ്പനിയായ ഒബൊറോൺലൊജിസ്തികയുടെ ഉടമസ്ഥതയിലുള്ളതാണ്. വെള്ളിയാഴ്ച സെന്റ് പീറ്റേഴ്സ്ബർഗിൽനിന്നാണ് കപ്പൽ യാത്ര തിരിച്ചത്. കപ്പലിന് യു.എസ് ഉപരോധം നിലവിലുണ്ടെന്ന് യു.എസ് ട്രഷറി വകുപ്പും വ്യക്തമാക്കിയിട്ടുണ്ട്. റഷ്യൻ പ്രതിരോധ മന്ത്രാലയത്തിന് ലോജിസ്റ്റിക് സേവനങ്ങൾ നൽകുന്ന കമ്പനിയാണ് ഒബൊറോൺലൊജിസ്തിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.