ലോകത്തിന് വെളിച്ചം പകര്‍ന്ന മഹാസമ്മേളനത്തിന് 50 വയസ്സ്

തെഹ്റാന്‍: ഇന്ന് സെപ്റ്റംബര്‍ എട്ട്; ലോക സാക്ഷരത ദിനം. ജനങ്ങള്‍ക്ക് അക്ഷരം പകര്‍ന്നുകൊടുക്കുന്നതിലൂടെ ലോകത്തെ പല പ്രശ്നങ്ങള്‍ക്കും പരിഹാരം കാണാനാകുമെന്ന് യു.എന്‍ പ്രഖ്യാപിച്ച ദിനത്തിന്‍െറ ഓര്‍മപുതുക്കല്‍ കൂടിയാണ് ഈ ദിനം. 1965ല്‍ ഇറാന്‍ തലസ്ഥാനമായ തെഹ്റാനില്‍വെച്ചായിരുന്നു യുനെസ്കോയുടെ ആ പ്രഖ്യാപനം. വേള്‍ഡ് കോണ്‍ഫറന്‍സ് ഓഫ് മിനിസ്റ്റേഴ്സ് ഓഫ് എജുക്കേഷന്‍  ഓണ്‍ ദി ഇറാഡിക്കേഷന്‍ ഓഫ് ഇല്ലിറ്ററസി’ എന്ന പേരില്‍ സെപ്റ്റംബര്‍ എട്ടു മുതല്‍ 19 വരെ നടന്ന സമ്മേളനത്തിലാണ് ലോകത്തെ മുഴുവന്‍ ജനങ്ങളെയും എഴുതാനും വായിക്കാനൂം പഠിപ്പിക്കാനുള്ള തീരുമാനമെടുത്തത്. ഈ സമ്മേളനത്തിന്‍െറ സന്ദേശം പ്രചരിപ്പിക്കുന്നതിനായി  സെപ്റ്റംബര്‍ എട്ട് ലോക സാക്ഷരത ദിനമായി പ്രഖ്യാപിച്ചതും ആ വേദിയില്‍വെച്ചായിരുന്നു. ആ മഹാ സമ്മേളനത്തിന്‍െറ ഓര്‍മകള്‍ക്ക് ഇപ്പോള്‍ 50 വയസ്സ്.

ഇന്ത്യയുള്‍പെടെയുള്ള 88 രാജ്യങ്ങളിലെ പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കാനത്തെിയിരുന്നു. പലരും അവരുടെ വിദ്യാഭ്യാസ മന്ത്രിമാരെ തന്നെ അയച്ചു. യു.എന്‍ ജനറല്‍ സെക്രട്ടറി, മാര്‍പാപ്പ, ഇറാന്‍ ആത്മീയാചാര്യന്‍ തുടങ്ങിയ പ്രമുഖരും സമ്മേളനത്തിന് ആശംസയുമായത്തെി. വിദ്യാഭ്യാസം ഓരോ ആളുടെയും മൗലികമായ അവകാശമാണെന്ന് ആ സമ്മേളനം ഒരിക്കല്‍കൂടി പ്രഖ്യാപിച്ചു. എഴുതാനും വായിക്കാനും കഴിഞ്ഞില്ളെങ്കില്‍ രാഷ്ട്ര പ്രവര്‍ത്തനത്തിന്‍െറ ഭാഗമാകാന്‍ കഴിയില്ളെന്നും അങ്ങനെ അരികുവത്കരിക്കപ്പെട്ട കോടിക്കണക്കിനാളുകള്‍ ഇപ്പോഴും ലോകത്തുണ്ടെന്നും സമ്മേളനം തുറന്നു സമ്മതിച്ചു. ഈ ജനങ്ങളെ മുഖ്യധാരയിലത്തെിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളാണ് ഓരോ വര്‍ഷവും യുനെസ്കോ ആവിഷ്കരിച്ചത്.

അഞ്ച് പതിറ്റാണ്ടിനിടെയുള്ള പ്രവര്‍ത്തനത്തിനിടെ സാക്ഷരതയില്‍ കാര്യമായ പുരോഗതിയുണ്ടായതായി കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ, ജനസംഖ്യ കാര്യമായി വര്‍ധിച്ചപ്പോഴും സാക്ഷരതാ നിരക്ക് കൂട്ടാന്‍ സാധിച്ചിട്ടുണ്ട്. 43 രാജ്യങ്ങള്‍ ഈ രംഗത്ത് കാര്യമായ പുരോഗതി കൈവരിച്ചതായി യുനെസ്കോ സാക്ഷ്യപ്പെടുത്തുന്നു. പക്ഷേ, ഇപ്പോഴും എഴുതാനും വായിക്കാനുമറിയാത്ത 76 കോടി ജനങ്ങള്‍ ലോകത്തുണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. അതില്‍ മൂന്നില്‍ രണ്ടും സ്ത്രീകളാണ്. ബുര്‍കിനഫാസോ (12.8), നൈജര്‍ (14.4), മാലി (19) തുടങ്ങിയ രാജ്യങ്ങളില്‍ സാക്ഷരത നിരക്ക് ഏറെ താഴെയാണ്.

എല്ലാ വര്‍ഷവും സവിശേഷമായ പ്രമേയങ്ങളുടെ പുറത്താണ് സാക്ഷരതാ ദിനം ആചരിക്കാറുള്ളത്. ആദ്യ കാലങ്ങളില്‍ നേരിട്ട് എഴുത്തും വായനയും അഭ്യസിപ്പിക്കുന്ന പദ്ധതികള്‍ക്കും മറ്റുമായിരുന്നു പ്രാമുഖ്യം നല്‍കിയിരുന്നത്. എന്നാല്‍, പുതുനൂറ്റാണ്ടില്‍ പ്രമേയങ്ങള്‍ക്ക് പുതിയ മുഖം കൈവന്നു.‘സാക്ഷരത വികസനത്തെ സ്ഥിരപ്പെടുത്തുന്നു’ (2006), ‘സാക്ഷരതയും ആരോഗ്യവും’ (2007, 2008), ‘സാക്ഷരതയും ശാക്തീകരണവും’ (2009, 2010), ‘സാക്ഷരതയും സമാധാനവും’ (2011, 2012), ‘21ാം നൂറ്റാണ്ടിനുവേണ്ട സാക്ഷരത’ (2013), സാക്ഷരതയും സുസ്ഥിര വികസനവും’ (2014), ‘സാക്ഷരതയും സുസ്ഥിര സമൂഹവും’ (2015) എന്നിങ്ങനെയായിരുന്നു വിവിധ വര്‍ഷങ്ങളിലെ സാക്ഷരത ദിന പ്രമേയങ്ങള്‍.  ‘ചരിത്രത്തില്‍നിന്ന് വായിക്കുക; ഭാവിക്കുവേണ്ടി എഴുതുക’ എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.