കച്ചവടത്തില്‍ വല്ലഭന്‍; രാഷ്ട്രീയത്തില്‍ വിവാദനായകന്‍

എന്നും മറ്റുള്ളവരുടെ പ്രതീക്ഷകളെ തകിടം മറിച്ച ചരിത്രമാണ് ഡൊണാള്‍ഡ് ജോണ്‍ ട്രംപിന്‍െറത്. തോറ്റു പോകുമെന്ന് ലോകം മുന്‍വിധിയെഴുതിയപ്പോള്‍ എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് അമേരിക്കന്‍ പ്രസിഡന്‍റായതുപോലെ മറ്റുള്ളവരെ അമ്പരപ്പിച്ച നാടകീയത എന്നും ട്രംപിന്‍െറ കൂടെയുണ്ടായിരുന്നു. റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരനായ പിതാവു പോലും എഴുതിത്തള്ളയിടത്തുനിന്ന് അദ്ദേഹത്തെ മറികടന്ന വമ്പന്‍ ബിസിനസുകാരനായി മാറിയതും നാടകീയമായായിരുന്നു.

13ാം വയസ്സില്‍ സ്കൂളില്‍നിന്ന് പുറത്താക്കിയ മകനെ പിതാവ് സൈനിക സ്കൂളില്‍ ചേര്‍ത്തു. കുട്ടിയുടെ സ്വഭാവദൂഷ്യമാണ് പുറത്താക്കലിന് കാരണമായത്. സൈനിക അക്കാദമിയില്‍നിന്ന് ഹൈസ്കൂള്‍ പഠനം പൂര്‍ത്തിയാക്കിയ ആ കുട്ടിയില്‍ മാതാപിതാക്കള്‍ക്ക് വലിയ പ്രതീക്ഷയൊന്നുമുണ്ടായിരുന്നില്ല. എന്നാല്‍, ന്യൂയോര്‍ക്കിലെ റിയല്‍ എസ്റ്റേറ്റ് കച്ചവടത്തിലെ പ്രധാനിയായ ഫ്രഡ് ട്രംപിന്‍െറയും മേരി ട്രംപിന്‍െറയും മകനായ ആ കുട്ടി പ്രതീക്ഷകളെ അട്ടിമറിച്ചു.  പിതാവിനേക്കാള്‍ വലിയ നേട്ടങ്ങളുണ്ടാക്കി. ഡോണള്‍ഡ് ജോണ്‍ ട്രംപെന്ന ആ കുട്ടിയുടെ നേട്ടങ്ങളെല്ലാം അന്നും ഇന്നും മറ്റുള്ളവരെ അമ്പരപ്പിക്കുന്നതായിരുന്നു.

ട്രംപിന്‍െറ ബിസിനസ് ജീവിതം ആരംഭിക്കുന്നത് കൗമാരത്തിലാണ്. സ്വന്തം പിതാവില്‍നിന്ന് 10 ലക്ഷം ഡോളര്‍ കടംവാങ്ങിയായിരുന്നു അദ്ദേഹം റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ കാലെടുത്തുവെക്കുന്നത്. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദമെടുത്ത ശേഷം 1971ല്‍ പിതാവിന്‍െറ കമ്പനിയുടെ നിയന്ത്രണം ട്രംപിന്‍െറ കൈകളിലത്തെി. കമ്പനിയുടെ പേര് ‘ദ ട്രംപ് ഓര്‍ഗനൈസേഷന്‍’ എന്നാക്കുകയും ആസ്ഥാനം മാന്‍ഹാട്ടനിലേക്ക് മാറ്റുകയും ചെയ്തത് ആ വര്‍ഷമായിരുന്നു. സ്വഭാവദൂഷ്യങ്ങളാലുള്ള വിവാദങ്ങള്‍ ട്രംപിനെ എക്കാലത്തും പിന്തുടര്‍ന്നു.

എന്നാല്‍, അമിത മദ്യപാനംമൂലം ജ്യേഷ്ഠന്‍ ഫ്രഡ് ജൂനിയര്‍ 1981ല്‍ മരണമടഞ്ഞതോടെ മദ്യവും സിഗരറ്റും ട്രംപ് ഉപേക്ഷിച്ചു. ട്രംപിനും കമ്പനിക്കും പൊതുശ്രദ്ധ നേടിക്കൊടുത്ത ആദ്യ സംഭവമുണ്ടാകുന്നത് 1973ലാണ്. അപ്പാര്‍ട്മെന്‍റുകള്‍ വാടകക്ക് നല്‍കുന്നതില്‍ കറുത്തവര്‍ഗക്കാരോട് വിവേചനം കാണിക്കുന്നതായി നീതിന്യായ വകുപ്പാണ് ആരോപണമുന്നയിച്ചത്. ഈ ആരോപണം ശരിയല്ളെന്ന് സര്‍ക്കാറിന് മറുപടിനല്‍കി വിവാദത്തില്‍നിന്ന് തലയൂരി. 1980കളുടെ തുടക്കത്തില്‍ ട്രംപ് കമ്പനി നിരവധി ഹോട്ടലുകളും വ്യാപാര സമുച്ചയങ്ങളും പടുത്തുയര്‍ത്തി.

മാന്‍ഹാട്ടനിലെ ട്രംപ് ടവറടക്കമുള്ള സ്ഥാപനങ്ങള്‍ കമ്പനിയുടെയും ട്രംപിന്‍െറയും കീര്‍ത്തി ഉയര്‍ത്തി. അമേരിക്കയിലെ വിവിധ നഗരങ്ങളിലും വിദേശരാജ്യങ്ങളിലുമായി ഓഫിസ് ടവറുകള്‍, ഹോട്ടലുകള്‍, കാസിനോകള്‍, ഗോള്‍ഫ് കോഴ്സുകള്‍ ആഗോളനിലവാരത്തിലുള്ള അനവധി ആഡംബരസൗധങ്ങള്‍ എന്നിവ പടുത്തുയര്‍ത്തി ട്രംപ് മുന്നേറി. ഫോബ്സ് മാസിക പുറത്തുവിട്ട കണക്കുപ്രകാരം 370 കോടി ഡോളറാണ് ട്രംപിന്‍െറ ആസ്തി.

വിനോദ-കായിക മേഖലകളിലും ട്രംപ് വന്‍തോതില്‍ നിക്ഷേപം നടത്തി. 1996നും 2015നും ഇടയില്‍ മിസ് യൂനിവേഴ്സ്, മിസ് യു.എസ്.എ, മിസ് ടീന്‍ യു.എസ്.എ തുടങ്ങിയ മത്സരങ്ങള്‍ ട്രംപ് ഏറ്റെടുത്തു. 2003 മുതല്‍ ടെലിവിഷന്‍ റിയാലിറ്റിഷോകളുടെ നിര്‍മാതാവായും അവതാരകനായും ട്രംപ് വെള്ളിവെളിച്ചത്തിലത്തെി. എന്‍.ബി.സി ചാനലില്‍ നിരവധി റിയാലിറ്റി ഷോകള്‍ നിര്‍മിക്കുകയും അവതരിപ്പിക്കുകയും ചെയ്തു. വലിയ വരുമാനവും ജനപ്രീതിയും ട്രംപിനിത് നേടിക്കൊടുത്തു. പത്തോളം സിനിമകളിലും അദ്ദേഹം വേഷമിട്ടു.

രാഷ്ട്രീയത്തില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയെ പിന്തുണക്കുന്ന നിലപാടാണ് 1970കളില്‍ ട്രംപ് സ്വീകരിച്ചത്. 1987ലാണ് താനൊരു റിപ്പബ്ളിക്കനാണെന്ന് അദ്ദേഹം പ്രഖ്യാപിക്കുന്നത്. 1999ല്‍ റിഫോം പാര്‍ട്ടിയിലേക്ക് ചുവടുമാറിയ ട്രംപ് പ്രസിഡന്‍റ് സ്ഥാനാര്‍ഥിത്വത്തിനായി പ്രചാരണം നടത്തുകയും പിന്നീട് പിന്മാറുകയും ചെയ്തു. റിഫോം പാര്‍ട്ടിയുമായുള്ള ബന്ധം മൂന്നുവര്‍ഷത്തിന് ശേഷം അവസാനിപ്പിച്ചു.

001 മുതല്‍ 2008 വരെ ഡെമോക്രാറ്റ് പാര്‍ട്ടിയിലായിരുന്നു. എന്നാല്‍, 2008ല്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടിയിലേക്ക് തിരിച്ചത്തെി. 2012ല്‍ ഒബാമ രണ്ടാംവട്ടം മത്സരിച്ച തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയാവാന്‍ ട്രംപ് പ്രചാരണത്തിനിറങ്ങി. ഒബാമയുടെ പൗരത്വത്തെ സംബന്ധിച്ച് നടത്തിയ പ്രസ്താവനകള്‍ വിവാദങ്ങള്‍ വിളിച്ചുവരുത്തുകയുണ്ടായി. ജനശ്രദ്ധ കുറഞ്ഞതോടെ പിന്നീട് മത്സരരംഗത്തുനിന്ന് പിന്മാറി.

2016 ജൂണില്‍ യു.എസ് പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് പ്രഖ്യാപിക്കുമ്പോള്‍ അമേരിക്കക്ക് പുറത്ത് ട്രംപെന്ന രാഷ്ട്രീയക്കാരനെ അറിയാവുന്നവര്‍ വളരെ വിരളമായിരുന്നു. ‘മേക് അമേരിക്ക ഗ്രേറ്റ് എഗെയ്ന്‍’ അഥവാ അമേരിക്കയെ വീണ്ടും മഹത്തരമാക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി പ്രചാരണമാരംഭിച്ചതോടെ പാര്‍ട്ടിക്കകത്തുള്ള എതിരാളികള്‍ക്കുപോലും അദ്ദേഹത്തെ പ്രതിരോധിക്കാനായില്ല.

ഒടുവില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിത്വം ഒൗദ്യോഗികമായി പ്രഖ്യാപിച്ചതോടെ ട്രംപ് ലോകത്തിന്‍െറ ശ്രദ്ധാകേന്ദ്രമായി. അമേരിക്കന്‍ വലതുപക്ഷ വംശീയ മനോഭാവത്തെ തൃപ്തിപ്പെടുത്തുന്ന പ്രസ്താവനകളും സ്വതസിദ്ധമായ വാചകക്കസര്‍ത്തും വിവാദങ്ങളോടൊപ്പം പിന്തുണയും നേടിക്കൊടുത്തു. കഥാന്ത്യത്തില്‍, സര്‍വേ ഫലങ്ങളും രാഷ്ട്രീയ നിരീക്ഷകരുടെ പ്രവചനങ്ങളും അട്ടിമറിച്ച് ലോക രാഷ്ട്രീയത്തിന്‍െറ അമരസ്ഥാനത്ത്.

കച്ചവടത്തില്‍ വല്ലഭനായും രാഷ്ട്രീയത്തില്‍ വിവാദപുരുഷനായും നിറഞ്ഞുനിന്ന ഈ 70കാരന്‍ ചോദ്യംചെയ്യാനാവാത്ത പദവിയിലത്തെുമ്പോള്‍ ലോകത്ത് ആശങ്കയാണ് നിറഞ്ഞുനില്‍ക്കുന്നത്. വെള്ള വംശീയതയുടെ മുന്‍വിധികളും അമേരിക്കന്‍ അധീശത്വത്തിന്‍െറ വൈകാരികതയും ചേര്‍ന്നാണ് നിലപാടുകള്‍ രൂപപ്പെടുന്നതെങ്കില്‍ സംഘര്‍ഷ കലുഷിതമായ ‘ട്രംപ് യുഗ’മായിരിക്കും വരാനിരിക്കുന്നത്. മൂന്നാം ഭാര്യയായ മെലാനിയ പ്രഥമ വനിതയായി കൂടെയുണ്ടാകും. ഡോണള്‍ഡ് ജൂനിയര്‍, ഇവാന്‍ക, എറിക്, ടിഫാനി, ബാറോണ്‍ എന്നിവര്‍ മക്കളാണ്.

Tags:    
News Summary - donald trump

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.