യു.എസിലെ ഓണ്‍ലൈന്‍ അധോലോക ബാങ്ക് സ്ഥാപകന് 20 വര്‍ഷം തടവ്

ന്യൂയോര്‍ക്: കുറ്റവാളികള്‍ക്കുവേണ്ടി കള്ളപ്പണം വെളുപ്പിച്ചുവെന്നാരോപിക്കപ്പെടുന്ന ഓണ്‍ലൈന്‍ അധോലോക ബാങ്ക് സ്ഥാപകനെ 20 വര്‍ഷം തടവിനു വിധിച്ചു. വാദം കേള്‍ക്കുന്നതിനു മൂന്നു ദിവസം മുമ്പ് 42കാരനായ ആര്‍തര്‍ ബുഡോവ്സ്കി കള്ളപ്പണം വെളുപ്പിക്കുന്നതിനായി ഗൂഢാലോചന നടത്തിയെന്ന കുറ്റം തെളിഞ്ഞിരുന്നു.ആര്‍തര്‍ യഥാര്‍ഥ പശ്ചാത്താപം പ്രകടിപ്പിക്കുന്നില്ളെന്നു പറഞ്ഞ ജില്ലാ ജഡ്ജി ഡെനിസ് എല്‍. കോട്ട് ഇയാള്‍ 5,00,000 ഡോളര്‍ പിഴയായി അടക്കാനും ഉത്തരവിട്ടു. ആര്‍തര്‍ സാങ്കല്‍പിക പണംകൊണ്ടാണ് പണംവെളുപ്പിച്ചതെങ്കിലും ഇത് കുറ്റകൃത്യമല്ലാതാവുന്നില്ളെന്ന് അസിസ്റ്റന്‍റ് അറ്റോണി ജനറല്‍ ലെസ്ലി ആര്‍. കാള്‍ഡ്വെല്‍ പ്രസ്താവനയില്‍ വ്യക്തമാക്കി.
‘ലിബര്‍ട്ടി റിസര്‍വ്’ എന്ന കമ്പനിയുടെ സ്ഥാപകനായ ആര്‍തര്‍ ലോകത്തെമ്പാടുമുള്ള കുറ്റവാളികള്‍ക്ക് വന്‍തോതില്‍ കള്ളപ്പണം വെളുപ്പിക്കുന്നതിനു സഹായകമായ ഒരു സാമ്രാജ്യമാണ് പടുത്തുയര്‍ത്തിയതെന്ന് ന്യൂയോര്‍ക്കിലെ തെക്കന്‍ ജില്ലയിലെ യു.എസ് അറ്റോണിയായ പ്രീത് ഭരാര പറയുന്നു.ലോകത്തെമ്പാടുമുള്ള സൈബര്‍ കുറ്റവാളികള്‍ക്ക് കള്ളപ്പണം സൂക്ഷിക്കുന്നതിനും കൈമാറ്റം ചെയ്യുന്നതിനും വെളുപ്പിക്കുന്നതിനുമായി കോസ്റ്ററീക കേന്ദ്രീകരിച്ചുള്ള ‘ലിബര്‍ട്ടി റിസര്‍വ്’ വഴി ആര്‍തര്‍ സമാന്തര ഡിജിറ്റല്‍ കറന്‍സി സംവിധാനമൊരുക്കുകയായിരുന്നു. ക്രെഡിറ്റ് കാര്‍ഡ് തട്ടിപ്പുകാരുടെയും, ഹാക്കര്‍മാരുടെയും, മറ്റു സൈബര്‍ കുറ്റകൃത്യങ്ങള്‍ നടത്തുന്നവരുടെയും ഹബ് ആയിരുന്നു കമ്പനി.
ലിബര്‍ട്ടി റിസര്‍വിന് ലോകത്താകെ 5.5 മില്യണ്‍ യൂസര്‍ അക്കൗണ്ടുകളുണ്ട്. ഇതില്‍ 6,00,000 അക്കൗണ്ടുകള്‍ അമേരിക്കയില്‍നിന്നുള്ളവയാണ്. എട്ട് ബില്യണ്‍ ഡോളറിലധികം ഏകീകൃത മൂല്യമുള്ള 78 മില്യണിന്‍െറ സാമ്പത്തിക ഇടപാടുകളാണ് ഇതിലൂടെ നടന്നത്. ഇതിന്‍െറ ഡിജിറ്റല്‍ കൈമാറ്റ രീതി നിക്ഷേപകരുടെ സ്വകാര്യത മറച്ചുവെക്കുന്നു.ആര്‍തറിനെ 2013ല്‍ സ്പെയിനില്‍വെച്ച് അറസ്റ്റ് ചെയ്തിരുന്നെങ്കിലും യു.എസ് പൗരത്വം ഉപേക്ഷിച്ച് കോസ്റ്ററീകയുടെ പൗരത്വം സ്വീകരിച്ച് കോടതിനടപടികളില്‍നിന്ന് രക്ഷപ്പെടുകയായിരുന്നു. ആര്‍തറിനൊപ്പം പിടികൂടിയ മാക്സിം ഷുഖറേവിനെ മൂന്നു കൊല്ലത്തേക്കും മാര്‍ക് മര്‍മിലേവിനെ അഞ്ചു കൊല്ലത്തേക്കും തടവിനു വിധിച്ചു. മറ്റു രണ്ടുപേരുടെ ശിക്ഷ മേയ് 13നു വിധിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.