അമേരിക്കന്‍ സ്വാതന്ത്ര്യപ്രതിമയിലെ സ്ത്രീരൂപം മുസ് ലിം കര്‍ഷകയുടേത്

വാഷിങ്ടണ്‍: അമേരിക്കയുടെ പുരോഗതിയുടെ സൂചകവും ദേശീയ സ്മാരകവുമായ ‘സറ്റാച്യൂ ഓഫ് ലിബര്‍ട്ടി’ എന്ന സ്വാതന്ത്ര്യപ്രതിമയിലെ സ്ത്രീരൂപം ഈജിപ്തുകാരിയായ ഒരു മുസ്ലിം കര്‍ഷകയുടേതാണെന്ന് വെളിപ്പെടുത്തല്‍. അമേരിക്കയിലെ ‘ദ ഡെയ്ലി ബീസ്റ്റ്’ എന്ന പത്രത്തിലാണ് ഇതുസംബന്ധിച്ച ലേഖനം പ്രത്യക്ഷപ്പെട്ടത്. മൈക്കിള്‍ ഡേലി എന്ന ലേഖകനാണ് ഇത് എഴുതിയിരിക്കുന്നത്.

സൂയസ് കനാലിന് അഭിമുഖമായി സ്ഥാപിക്കുന്നത് മനസ്സില്‍കണ്ടാണ് ശില്‍പിയായ ഫ്രഞ്ചുകാരന്‍ ഫെഡ്രിക് അഗസ്റ്റെ ബര്‍ത്തോല്‍ഡി ഇതിന്‍െറ ചിത്രം വരച്ചുണ്ടാക്കിയത്. ഈജിപ്ത്യന്‍ കര്‍ഷക സ്ത്രീ വിളക്ക് ഉയര്‍ത്തിപ്പിടിച്ച് നില്‍കുന്ന രീതിയിലാണ് ചിത്രം. ഒരേസമയം പുരോഗതിയുടെ ചിഹ്നവും വെളിച്ചം വിതറുന്ന ലൈറ്റ് ഹൗസുമാണ് അദ്ദേഹം വിഭാവന ചെയ്തിരുന്നത്. എന്നാല്‍, അക്കാലത്തെ ഈജിപ്ത്യന്‍ ഗവര്‍ണറായിരുന്ന ഇസ്മായില്‍ പാഷ ഇതിന് അംഗീകാരം നല്‍കിയില്ല. പ്രതിമ നിര്‍മിക്കുന്നതിനുള്ള ആഗ്രഹം ഉപേക്ഷിക്കാതിരുന്ന ശില്‍പി പിന്നീട് ഈ ചിത്രവുമായി അമേരിക്കയിലേക്ക് വരികയായിരുന്നു.

ആദ്യം മാന്‍ഹാട്ടനിലോ സെന്‍ട്രല്‍ പാര്‍ക്കിലോ സ്ഥാപിക്കാനാണ് അദ്ദേഹം പദ്ധതിയിട്ടത്. പിന്നീടാണ് അദ്ദേഹം ഇന്ന് ലിബര്‍ട്ടി ദ്വീപെന്ന് അറിയപ്പെടുന്ന ബെല്‍ദേ ദ്വീപിനെ ഇതിന്‍െറ സ്ഥാനമായി തീരുമാനിച്ചത്. മുസ്ലിം സ്ത്രീയെ ‘ലേഡി ലിബര്‍ട്ടി’എന്നു വിളിക്കുകയും ചെയ്തതോടെ ഈജിപ്ത്യന്‍ കര്‍ഷക സ്ത്രീ അമേരിക്കയുടെ സ്വാതന്ത്ര്യത്തിന്‍െറ ചിഹ്നമാകുകയായിരുന്നു. നിര്‍മാണ സമയത്ത് സാമ്പത്തിക പ്രയാസങ്ങളുണ്ടായപ്പോള്‍ ഒരു ലക്ഷത്തിലധികം വരുന്ന അമേരിക്കയിലെ കുട്ടികളും മുതിര്‍ന്നവരുമെല്ലാം നല്‍കിയ സംഭാവനകളാണ് സഹായമായത്. പാരിസിലെ വിഖ്യാതമായ ഈഫല്‍ ടവര്‍ നിര്‍മിച്ച ഗുസ്താവ് ഈഫലും ഇതിന്‍െറ നിര്‍മാണത്തില്‍ പങ്കുവഹിച്ചിട്ടുണ്ട്.
അമേരിക്കന്‍ ജനതക്ക് ഫ്രാന്‍സ് നല്‍കിയ സമ്മാനമായാണ് പ്രതിമ വിലയിരുത്തപ്പെടുന്നത്.

അമേരിക്കയിലേക്ക് കടന്നുവരുന്നവരെ സ്വാഗതം ചെയ്ത് നില്‍ക്കുന്ന പ്രതിമയില്‍ ഊറ്റം കൊള്ളുന്നവര്‍ അഭയാര്‍ഥികള്‍ക്കെതിരെ വിദ്വേഷം പ്രചരിപ്പിക്കുന്നതിനെ ‘ദ ഡെയ്ലി ബീറ്റ്സ്’ ലേഖനം വിമര്‍ശിക്കുന്നുണ്ട്. മുസ്ലിംകള്‍ അമേരിക്കയില്‍നിന്ന് പുറത്തുപോകണമെന്ന് പറയുന്ന രാഷ്ട്രീയക്കാര്‍ പ്രതിമയെയും നാടുകടത്തുമോ എന്ന രാഷ്ട്രീയ ചോദ്യമാണ് വെളിപ്പെടുത്തലിന്‍െറ പശ്ചാത്തലത്തില്‍ ഉന്നയിക്കുന്നത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.