യുഎസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പ്; ന്യൂയോര്‍ക്കില്‍ ട്രംപിനും ഹിലരിക്കും അനായാസജയം

ബേണിയെ പിന്തുണച്ചിരുന്ന സ്ത്രീകള്‍, കറുത്തവര്‍ഗക്കാര്‍, മെക്സികോ കുടിയേറ്റക്കാര്‍ എന്നിവര്‍ ഹിലരിയെ പിന്തുണച്ചു
ന്യൂയോര്‍ക്: യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ഥി തെരഞ്ഞെടുപ്പില്‍ റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിനും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റനും അനായാസജയം. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ വെല്ലുവിളി ഉയര്‍ത്തിയിരുന്ന എതിരാളികളെ ഇരുനേതാക്കളും നിഷ്പ്രഭരാക്കി.
പാര്‍ട്ടിയുടെ നാമനിര്‍ദേശത്തിനുള്ള അര്‍ഹത തെളിയിക്കുക എന്ന കനത്ത വെല്ലുവിളി നേരിടുകയായിരുന്ന ട്രംപ് പാര്‍ട്ടിയുടെ 95 പ്രതിനിധികളുടെ പിന്തുണയും നേടി.വിസ്കോണ്‍സിന്‍, കൊളറാഡോ, വ്യോമിങ് എന്നിവിടങ്ങളില്‍ എതിരാളിയായ ടെഡ് ക്രൂസ് നേടിയ വിജയത്തിന്‍െറ നേരിയ സ്വാധീനംപോലും ന്യൂയോര്‍ക്കില്‍ പ്രതിഫലിച്ചില്ല. ഒരൊറ്റ പ്രതിനിധികളുടെയും പിന്തുണ നേടാതിരുന്ന അദ്ദേഹം മൂന്നു പ്രതിനിധികളുടെ പിന്തുണനേടിയ ജോണ്‍ കാസിച്ചിനും പിന്നില്‍ മൂന്നാം സ്ഥാനത്തായി.

എതിരാളിയായ ബേണി സാന്‍ഡേഴ്സിന്‍െറ വിജയപരമ്പരകള്‍ക്ക് അന്ത്യംകുറിക്കുന്നതായിരുന്നു സ്വന്തം തട്ടകത്തില്‍ ഹിലരിയുടെ പ്രകടനം. സ്വന്തം ഉപദേശകരുടെ പ്രതീക്ഷകളെപോലും കവച്ചുവെക്കുന്നതായിരുന്നു അവരുടെ പ്രകടനം. ഇതരസംസ്ഥാനങ്ങളില്‍ ബേണിയെ പിന്തുണച്ചിരുന്ന സ്ത്രീകള്‍, കറുത്തവര്‍ഗക്കാര്‍, മെക്സികോ കുടിയേറ്റക്കാര്‍ എന്നിവര്‍ ന്യൂയോര്‍ക്കില്‍ ഹിലരിയെ പിന്തുണച്ചെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. 60 ശതമാനം വോട്ടര്‍മാര്‍ ഹിലരിയെ പിന്തുണച്ചു. തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ട്രംപ് നടത്തിയ പ്രസംഗം വ്യത്യസ്തമായിരുന്നുവെന്ന് യു.എസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. എതിരാളികളെ കടന്നാക്രമിക്കാതെ അദ്ദേഹം നടത്തിയ പ്രസംഗം പ്രസിഡന്‍റ് പദവിക്ക് അനുയോജ്യനായ ഒരാളുടേതായിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.