ലബനാനിൽ ആക്രമണം ശക്തമാക്കി ഇസ്രായേൽ; മൂന്ന് യു.എൻ നിരീക്ഷകർ കൊല്ലപ്പെട്ടു

ബെയ്റൂത്ത്: ഹിസ്ബുല്ലക്കെതിരെ ഇസ്രായേൽ ശക്തമായ ആക്രമണം നടത്തുന്ന തെക്കൻ ലബനാനിൽ മൂന്ന് യു.എൻ നിരീക്ഷകർ കൊല്ലപ്പെട്ടു. തിങ്കളാഴ്ച നടന്ന ആക്രണത്തിൽ രണ്ടു പേരും തെട്ടുമുമ്പത്തെ ദിവസം ഒരു സമാധാനപ്രവർത്തകനുമാണ് കൊല്ലപ്പെട്ടതെന്ന് യു.എൻ അധികൃതർ അറിയിച്ചു. ലെബനനിലെ യു.എൻ ഇടക്കാല സേന (യു.എൻ.ഐ.എഫ്.ഐ.എൽ) അംഗങ്ങളായ ഇന്തോനേഷ്യൻ പൗരന്മാരാണ് തിങ്കളാഴ്ച കൊല്ലപ്പെട്ടത്. സ്ഫോടനത്തിൽ സംഘത്തിന്‍റെ വാഹനം തകർന്നു. രണ്ടു പോർക്ക് പരിക്കേറ്റു. ഇതിൽ ഒരാളുടെ നില ഗരുതരമാ‍ണ്. ബനി ഹയ്യാൻ ഗ്രാമത്തിലാണ് ആക്രമണം നടന്നത്. ഇസ്രായേലി ആക്രമണത്തിൽ തങ്ങളുടെ ഒരു സൈനികൻ കൊല്ലപ്പെട്ടതായി ലെബനൻ സൈന്യവും പറഞ്ഞു.

ഇറാനിൽ യു.എസും ഇസ്രായേലും സംയുക്തമായി ആക്രമണം ആരംഭിക്കുകയും ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈ കൊല്ലപ്പെടുകയും ചെയ്തതിന് പിന്നാലെ മാർച്ച് രണ്ടിനാണ് ഹിസ്ബുല്ല ഇസ്രായേലിനെതിരെ ആക്രമണം ആരംഭിച്ചത്. ഇതോടെ ഇസ്രായേൽ ലെബനാനിൽ ആക്രമണം ശക്തിപ്പെടുത്തുകയായിരുന്നു. ലബാനാനിൽ സാധാരണക്കാർക്കു നേരെയും ഇസ്രായേൽ ശക്തമായ ആക്രമണം നടത്തുന്നുണ്ട്. ഇസ്രായേൽ ആക്രമണത്തിൽ 1,200 ൽ അധികം ആളുകൾ കൊല്ലപ്പെട്ടതായി ലെബനൻ അധികൃതർ പറയുന്നു.

തിങ്കളാഴ്ച നടന്ന മരണങ്ങളെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി യു.എൻ ദൗത്യസംഘം അറിയിച്ചു. സമാധാന പ്രവർത്തകരെ ആക്രമണത്തിൽ കൊലപ്പെടുത്തിയതിനെ യു.എൻ ദൗത്യം അപലപിച്ചു. കൊല്ലപ്പെട്ട സമാധാന സേനാംഗം തങ്ങളുടെ പൗരനാണെന്ന് ഇന്തോനേഷ്യയുടെ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു."സംഭവത്തെ ഇന്തോനേഷ്യ ശക്തമായി അപലപിക്കുകയും സമഗ്രവും സുതാര്യവുമായ അന്വേഷണം ആവശ്യപ്പെടുകയും ചെയ്യുന്നു," മന്ത്രാലയം ഒരു പ്രസ്താവനയിൽ പറഞ്ഞു. "തെക്കൻ ലെബനനിലെ ഇസ്രായേലിന്റെ ആക്രമണങ്ങളെ ഇന്തോനേഷ്യ അപലപിക്കുന്നു. ലെബനന്റെ പരമാധികാരത്തെയും പ്രദേശിക സമഗ്രതയെയും ബഹുമാനിക്കാനും, സിവിലിയൻ ജനതയ്ക്കും അടിസ്ഥാന സൗകര്യങ്ങൾക്കും എതിരായ ആക്രമണങ്ങൾ അവസാനിപ്പിക്കാനും ഇസ്രയേൽ തയ്യാറാവണം. കൂടുതൽ സംഘർഷം തടയുന്നതിനും സമാധാനം പുനസ്ഥാപിക്കാനും സംഭാഷണത്തിലേക്കും നയതന്ത്രത്തിലേക്കും മടങ്ങാൻ എല്ലാ കക്ഷികളും തയ്യാറാവണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.