സിനിമയിൽനിന്ന് സംവിധായകർ പുറത്താക്കപ്പെടുമോ?

സിനിമയിലും ദൃശ്യചിത്രീകരണങ്ങളിലും എ.ഐ ഉപയോഗം കൂടിവരികയാണ്. ‘എ.ഐയും സിനിമയും’ എന്ന വിഷയത്തെ മുൻനിർത്തി ഒരു സംവാദമാണിത്. ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ പി.കെ. സുരേന്ദ്രൻ, റാസി മുഹമ്മദ്, കൃഷാന്ത്, ഹാഷിർ ചില്ലിടത്ത് എന്നിവരാണ് സംവാദത്തിൽ പ​െങ്കടുക്കുന്നത്.തിരക്കഥ മുതൽ വിഷ്വൽ ഇഫക്ടുകളടക്കം മുഴുവൻ സിനിമയും നിർമിക്കാൻ ഇന്ന് ജനറേറ്റിവ് എ.ഐക്ക് സാധിക്കും. എന്നാൽ, മികച്ച കലാസൃഷ്ടികൾ രൂപപ്പെടുത്തുന്ന ജീവിതാനുഭവങ്ങൾ, സർഗാത്മകമായ കാഴ്ചപ്പാടുകൾ, വർഷങ്ങളുടെ നൈപുണ്യം എന്നിവ പകർത്താൻ എ.ഐക്ക് കഴിയില്ലെന്നാണ് പ്രശസ്തരായ ചില ചലച്ചിത്ര പ്രവർത്തകർ വാദിക്കുന്നത്. ഭാവി ചലച്ചിത്ര പ്രവർത്തകർ തങ്ങളുടെ...

സിനിമയിലും ദൃശ്യചിത്രീകരണങ്ങളിലും എ.ഐ ഉപയോഗം കൂടിവരികയാണ്. ‘എ.ഐയും സിനിമയും’ എന്ന വിഷയത്തെ മുൻനിർത്തി ഒരു സംവാദമാണിത്. ചലച്ചിത്ര നിരൂപകനും എഴുത്തുകാരനുമായ പി.കെ. സുരേന്ദ്രൻ, റാസി മുഹമ്മദ്, കൃഷാന്ത്, ഹാഷിർ ചില്ലിടത്ത് എന്നിവരാണ് സംവാദത്തിൽ പ​െങ്കടുക്കുന്നത്.

തിരക്കഥ മുതൽ വിഷ്വൽ ഇഫക്ടുകളടക്കം മുഴുവൻ സിനിമയും നിർമിക്കാൻ ഇന്ന് ജനറേറ്റിവ് എ.ഐക്ക് സാധിക്കും. എന്നാൽ, മികച്ച കലാസൃഷ്ടികൾ രൂപപ്പെടുത്തുന്ന ജീവിതാനുഭവങ്ങൾ, സർഗാത്മകമായ കാഴ്ചപ്പാടുകൾ, വർഷങ്ങളുടെ നൈപുണ്യം എന്നിവ പകർത്താൻ എ.ഐക്ക് കഴിയില്ലെന്നാണ് പ്രശസ്തരായ ചില ചലച്ചിത്ര പ്രവർത്തകർ വാദിക്കുന്നത്.

ഭാവി ചലച്ചിത്ര പ്രവർത്തകർ തങ്ങളുടെ കല സ്വായത്തമാക്കുന്നതിനെ എ.ഐ തടഞ്ഞേക്കാമെന്ന് മെക്സിക്കൻ സംവിധായകൻ ഗില്ലെർമോ ഡെൽ തോറോ (Guillermo del Toro) പറഞ്ഞു. അദ്ദേഹത്തിന്റെ ‘പാൻസ് ലാബരിന്ത്’ (Pan’s Labyrinth) എന്ന സിനിമയുടെ 3D പതിപ്പ് എ.ഐക്ക് പകരം സൂക്ഷ്മവും അതീവ ശ്രദ്ധ ആവശ്യമുള്ളതുമായ റോട്ടോസ്കോപ്പിങ് രീതി ഉപയോഗിച്ച് കലാകാരന്മാർ പൂർണമായും കൈകൊണ്ടാണ് സൃഷ്ടിച്ചത്. ഈ പരമ്പരാഗത രീതിക്ക് ഭാരിച്ച ചെലവ് വന്നുവെങ്കിലും താനത് കാര്യമാക്കിയില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. ‘‘നാം സംരക്ഷിക്കുന്നത് കലയുടെ സൗന്ദര്യത്തെയും അതിന്റെ വീണ്ടെടുപ്പുമാണ്. കലയുടെ പാരമ്പര്യത്തെയാണ് നാം ഇവിടെ സംരക്ഷിക്കുന്നത്. ഒരു തലമുറയെ അവരുടെ കല പഠിക്കുന്നതിൽനിന്ന് നാം അകറ്റിനിർത്തിയാൽ, അതിലൂടെ ആ മാധ്യമത്തിന്റെ ശേഷിക്കുന്ന ചരിത്രംതന്നെയാണ് നാം മുറിച്ചുമാറ്റുന്നത്.’’ ഡെൽ തോറോ പറഞ്ഞു.

എ.ഐയെ സംശയത്തോടെ വീക്ഷിക്കണമെന്ന് ക്രിസ്റ്റഫർ നോളൻ (Christopher Nolan) പറയുന്നു. മനുഷ്യർക്ക് മാത്രം സൃഷ്ടിക്കാൻ കഴിയുന്നത് എന്താണ് എന്നത് പുനർവിചിന്തനം ചെയ്യാൻ എ.ഐ ആളുകളെ നിർബന്ധിതരാക്കുന്നുവെന്ന് ബോങ് ജൂൺ ഹോ (Bong Joon Ho) പറയുന്നു. ‘‘ഒരു സർഗാത്മകവ്യക്തിക്ക് പകരമായി എ.ഐ വരുന്നതിനോട് എനിക്ക് യോജിപ്പില്ല” എന്ന് സ്റ്റീവൻ സ്പീൽബർഗ് (Steven Spielberg) വ്യക്തമാക്കി. എന്നാൽ, താൻ ഈ സാങ്കേതികവിദ്യക്ക് പൂർണമായും എതിരല്ലെന്നും, മറ്റ് പല മേഖലകളിലും എ.ഐ ഉപയോഗിക്കുന്നതിനെ താൻ പിന്തുണക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇന്നത്തെ LLMകളും ന്യൂറൽ നെറ്റ്‌വർക്കുകളും ഡേറ്റ അധിഷ്ഠിത അനുമാനങ്ങളിൽ മാത്രം പ്രവർത്തിക്കുന്നതിനാൽ, അപ്രതീക്ഷിതവും വിപ്ലവാത്മകവുമായ കലാപരമായ ലംഘനങ്ങൾക്ക് അൽഗോരിതമിക് മൂലധനത്തിന്റെ ലോകത്ത് സാധ്യത കുറവാണെന്ന് അലക്സാണ്ടർ ഗാലോവേ (Alexander Galloway) ചൂണ്ടിക്കാണിക്കുന്നു. അതായത്, നിലവിലുള്ള വിവരങ്ങളെ പുനരുൽപാദിപ്പിക്കുക എന്നതിനപ്പുറം, അടിസ്ഥാനപരമായ പുതിയ മാറ്റങ്ങൾക്ക് വഴിതുറക്കാൻ ഡിജിറ്റൽ സംവിധാനങ്ങൾക്ക് കഴിയില്ല. ഡിജിറ്റൽ ചിഹ്നങ്ങൾക്കോ കമ്പ്യൂട്ടേഷനൽ യുക്തിക്കോ പൂർണമായി പ്രവചിക്കാൻ കഴിയാത്ത മേഖലകളെയാണ് ‘Uncomputabl’ എന്നത് അടയാളപ്പെടുത്തുന്നത്. മനുഷ്യന്റെ സഹജമായ അവബോധം, ശാരീരികാനുഭവങ്ങൾ, വികാരങ്ങൾ, സ്നേഹം, വിയോഗം എന്നിവയെ 0,1 എന്നീ ബൈനറി കോഡുകളിലേക്ക് മാത്രം ചുരുക്കുക അസാധ്യമാണ്.

ഒരു അസ്സൽ കലാസൃഷ്ടിക്കുള്ള സവിശേഷമായ പരിവേഷം (Aura) യന്ത്രങ്ങൾ ഉപയോഗിച്ച് കലകൾ പുനർനിർമിക്കപ്പെടാൻ തുടങ്ങിയപ്പോൾ നഷ്ടപ്പെട്ടു എന്ന് വളരെക്കാലം മുമ്പ് വാൾട്ടർ ബെന്യാമിൻ എഴുതിയിട്ടുണ്ട്. ഇന്ന് എ.ഐ ഉപയോഗിച്ച് നിർമിക്കുന്ന ചിത്രങ്ങൾക്കോ കവിതകൾക്കോ സിനിമകൾക്കോ ഒരു അസ്സൽ രൂപമില്ല. ഡിജിറ്റൽ ലോകത്ത് അതിന് പരിധിയില്ലാത്ത പകർപ്പുകൾ മാത്രമാണുള്ളത്. അതിനാൽ, എ.ഐ കലയുടെ ‘ഓറ’യെ പൂർണമായും ഇല്ലാതാക്കുന്നു.

ജനറേറ്റിവ് എ.ഐയെക്കുറിച്ചുള്ള സംവാദങ്ങൾ സിനിമാമേഖലയിൽ രൂക്ഷമായി തുടരുമ്പോഴും, പ്രമുഖരായ നിരവധി സംവിധായകരും സ്റ്റുഡിയോ എക്സിക്യൂട്ടിവുകളും സ്വതന്ത്ര ചലച്ചിത്രപ്രവർത്തകരും ഇതിന്റെ ഉപയോഗത്തെ പിന്തുണക്കുന്നുണ്ട്. കോൺസെപ്റ്റ് ആർട്ട്, പ്രീ-വിഷ്വലൈസേഷൻ, വി.എഫ്.എക്സ് (VFX) നിർമാണത്തിലെ ലാളിത്യം, കുറഞ്ഞ ബജറ്റിലുള്ള സിനിമാനിർമാണം എന്നിവക്ക് ഇതൊരു മികച്ച സഹായ ഉപകരണമായിട്ടാണ് ഇവർ കാണുന്നത്.

സ്റ്റീവൻ സോഡർബർഗ് (Steven Soderbergh) ജോൺ ലെനൻ, യോക്കോ ഒനോ എന്നിവരെക്കുറിച്ചുള്ള ഡോക്യുമെന്ററി ​േപ്രാജക്ടിനായി ജനറേറ്റിവ് എ.ഐ ഉപയോഗിച്ച് സ്വപ്നസദൃശമായ ദൃശ്യങ്ങൾ നിർമിച്ചു. റോൺ ഹൊവാർഡ് (Ron Howard) വിയറ്റ്നാമിലെ യു.എസ് യുദ്ധത്തടവുകാർ വരച്ച ചിത്രങ്ങളെ ആസ്പദമാക്കി നിർമിക്കുന്ന ‘ദി കോഡ്’ (The Code) എ.ഐ അസിസ്റ്റഡ് അനിമേറ്റഡ് സിനിമയാണ്. ‘ഒബ്സിഡിയൻ’ (Obsidian) എന്ന എ.ഐ സ്റ്റുഡിയോയുടെ പങ്കാളിത്തത്തോടെയാണ് സിനിമ നിർമിക്കുന്നത്.

ഡാരൻ അരോണോഫ്സ്കി (Darren Aronofsky) തന്റെ എ.ഐ അധിഷ്ഠിത പ്രൊഡക്ഷൻ കമ്പനിയായ പ്രൈമോർഡിയൽ സൂപ് (Primordial Soup) വഴി നിർമിച്ച ‘ഓൺ ദിസ് ഡേ... 1776’ (On This Day... 1776) എന്ന പരമ്പരയിൽ എ.ഐ സാങ്കേതികവിദ്യയുടെ സാധ്യതകൾ പരീക്ഷിക്കുകയുണ്ടായി. പരമ്പരാഗത ഹോളിവുഡ് സംവിധായകർക്ക് പുറമെ, എ.ഐ സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവർത്തിക്കുന്ന പുതിയൊരു കൂട്ടം സ്വതന്ത്ര സംവിധായകരും ഉയർന്നുവരുന്നുണ്ട്.

മുഴുസമയ ശസ്ത്രക്രിയാ വിദഗ്ധയായ സാമന്ത പിള്ള (Samantha Pilla) വിവിധ പുരസ്കാരങ്ങൾ നേടിയ ഒരു എ.ഐ ചലച്ചിത്രകാരിയായി മാറി. ചലച്ചിത്ര രംഗത്ത് മുൻപരിചയമോ കാമറയോ ആഫ്റ്റർ ഇഫക്ട്സ് ഉപയോഗിക്കാനുള്ള അറിവോ ഒന്നുംതന്നെ അവർക്കുണ്ടായിരുന്നില്ല. ‘ആൻ ഇൻകോണ്ടി​െനന്റ് ട്രൂത്ത്’ (An Incontinent Truth) ഈ വർഷം പാരിസിൽ നടന്ന എ.ഐ ഫിലിം അവാർഡ്സിൽ മികച്ച ഡോക്യുമെന്ററിക്കുള്ള പുരസ്കാരം നേടി. എ.ഐ ഫിലിം സ്റ്റുഡിയോ സ്ഥാപിച്ച ആസ്ട്രേലിയയിലെ ആദ്യ വനിത എന്ന ബഹുമതിയും അവർക്കുണ്ട്.

എ.ഐ. മനുഷ്യനെ മാറ്റിസ്ഥാപിക്കുമോ എന്ന ചോദ്യത്തിന് മറുപടി എന്നോണം ഒരു സംഭവം പറയാം. ഷൂട്ടിങ് ലൊക്കേഷനിൽ ആവശ്യമായ ലെൻസ് ലഭ്യമല്ലാതിരുന്നപ്പോൾ തന്റെ കണ്ണട ഉപയോഗിച്ചാണ് ഋത്വിക് ഘട്ടക് ‘സുബർണരേഖ’യിലെ നീതയുടെ കണ്ണിന്റെ ഒരിക്കലും മറക്കാനാവാത്ത ക്ലോസപ് ഷോട്ട് എടുത്തത്. ഘട്ടക് മദ്യപിക്കുമായിരുന്നു, അൽപം ഭ്രാന്ത് ഉണ്ടായിരുന്നു, പിന്നെ ഒരു മൂന്നാം കണ്ണും. എന്നാല്‍, എ.ഐക്ക് ഇതൊന്നും ഇല്ലല്ലോ.

ഈ പശ്ചാത്തലത്തിൽ എ.ഐ സാങ്കേതികവിദ്യയുടെ വരവ് സിനിമാരംഗത്ത് സൃഷ്ടിക്കുന്ന മാറ്റങ്ങളെക്കുറിച്ചും ആശങ്കകളെക്കുറിച്ചുമുള്ള ചർച്ചയാണിത്. സംവാദത്തിൽ എന്നോടൊപ്പം റാസി മുഹമ്മദ്, കൃഷാന്ത്, ഹാഷിർ ചില്ലിടത്ത് എന്നിവർ പങ്കെടുക്കുന്നു.

 

-----------------

ചലച്ചിത്ര സംവിധായകൻ (‘വെളുത്ത രാത്രികൾ’), ആർട്ടിസ്റ്റ്, വി.എഫ്.എക്സ് സൂപ്പർവൈസർ എന്നീ നിലകളിൽ പ്രവർത്തിക്കുന്ന റാസിയുടെ എ.ഐയുമായുള്ള ഇടപെടൽ, നിശ്ചല ദൃശ്യങ്ങളായാലും ചലിക്കുന്ന ദൃശ്യങ്ങളായാലും, അദ്ദേഹത്തിന്റെ കോമ്പോസിറ്റ് ഇമേജ് മേക്കിങ് പരീക്ഷണങ്ങളുടെ ബോധപൂർവമായ വിപുലീകരണമാണ്. എ.ഐ നൽകുന്ന ഔട്ട്പുട്ടുകളെ അന്തിമ സൃഷ്ടിയായല്ല, മറിച്ച് തന്റെ ദൃശ്യഘടനകളിലേക്ക് ലെയർചെയ്യാനുള്ള അസംസ്കൃത ഘടകങ്ങളായാണ് അദ്ദേഹം ഉപയോഗിക്കുന്നത്. മനുഷ്യന്റെ അവബോധത്തെ മെഷീനിലേക്ക് നൽകി നിലവാരമുള്ള ദൃശ്യങ്ങൾ നിർമിക്കാൻ നിർബന്ധിക്കുകയാണ് ഇവിടെ ചെയ്യുന്നത്.

‘I Think, Therefore I Am Confused’, ‘Cinema Alchemy’ എന്നീ എക്സിബിഷനുകൾ ഈ പുതിയ വർക്ക്ഫ്ലോയുടെ അടിസ്ഥാന പരീക്ഷണങ്ങളായിരുന്നു. സങ്കീർണമായ ദൃശ്യങ്ങൾ നിർമിക്കുന്നതിലും കൈകാര്യം ചെയ്യുന്നതിലും എ.ഐയെ ഒരു സഹപ്രവർത്തകനാക്കി, അൽഗോരിതങ്ങൾ നൽകിയ സാധ്യതകളെ ഭൗതികമായും ഡിജിറ്റലായും സംയോജിപ്പിച്ചാണ് അദ്ദേഹം കാൻവാസ് ഒരുക്കിയത്. ഡിജിറ്റൽ ഇടത്തിൽനിന്ന് തനിമ ചോർന്നുപോകാതെ അതിനെ ഭൗതിക യാഥാർഥ്യത്തിലേക്ക് മാറ്റുക എന്നതായിരുന്നു ഇതിലെ പ്രധാന വെല്ലുവിളി.

------------------------

‘ആവാസവ്യൂഹം’, ‘മസ്തിഷ്ക മരണം’ മുതലായ സിനിമകളുടെ സംവിധായകനായ കൃഷാന്ത് സിനിമയിൽ എ.ഐ സാങ്കേതികവിദ്യയെ ഏറ്റവും ഫലപ്രദമായി സംയോജിപ്പിക്കുന്നു. വിവിധ എ.ഐ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിച്ച് പ്രീ-വിഷ്വലൈസേഷനും അനിമാറ്റിക്‌സും തയാറാക്കിയാണ് അദ്ദേഹം സിനിമകളുടെ ആദ്യഘട്ട ആസൂത്രണം നിർവഹിക്കുന്നത്. ആർട്ട്, മേക്കപ്പ്, സ്റ്റോറിബോർഡിങ്, പ്രീ-വിസ് അസിസ്റ്റ് തുടങ്ങിയ പ്രീ-പ്രൊഡക്ഷൻ പ്രവർത്തനങ്ങളെല്ലാം എ.ഐ വഴി ക്രമീകരിക്കാൻ അദ്ദേഹത്തിന് സാധിക്കുന്നു. സിനിമക്ക് അനുയോജ്യമായ ലുക്ക്, സൗണ്ട്-വിസ്, ഛായാഗ്രഹണ-വെളിച്ച വിന്യാസങ്ങളുടെ പ്രസന്റേഷൻ, കളർ ഗ്രേഡിങ് എന്നിവയിലെല്ലാം എ.ഐ നിർണായക പങ്കാണ് വഹിക്കുന്നത്.

-----------------------

ഹാഷിർ ചില്ലിടത്ത് -ഗ്രോ എ.ഐയുടെ സ്ഥാപകൻ, എ.ഐ കൺസൽട്ടന്റ്, എജുക്കേറ്റർ, സ്റ്റാർട്ടപ് മെന്റർ, സ്ട്രാറ്റജിസ്റ്റ് എന്നീ നിലകളിൽ പ്രവർത്തിക്കുന്നു.

-------------------

പി.കെ. സുരേന്ദ്രൻ: നിശ്ശബ്ദ സിനിമയിൽനിന്ന് ശബ്ദത്തിലേക്കും കളറിലേക്കും പിന്നീട് ടി.വി, വി.സി.ആർ, ഡിജിറ്റൽ യുഗങ്ങളിലേക്കുമുള്ള മാറ്റങ്ങളെയെല്ലാം വലിയ ഭയത്തോടെയാണ് നാം നോക്കിക്കണ്ടത്. ഇന്ന് സിനിമ എ.ഐ യുഗത്തിൽ എത്തിനിൽക്കുമ്പോൾ, ഈ സാങ്കേതികവിദ്യയെ നാം മുമ്പത്തെപ്പോലെ ഭയപ്പെടേണ്ടതുണ്ടോ? എ.ഐ യുഗത്തിൽ സംവിധായകൻ/സംവിധായിക അല്ലെങ്കിൽ ‘ഓതർ’ (Auteur) എന്ന സങ്കൽപം അൽഗോരിതത്തിന്റെ സാധ്യതകളിൽനിന്ന് തിരഞ്ഞെടുപ്പുകൾ നടത്തുന്ന ‘ക്യൂറേറ്ററോ’ ‘പ്രോംപ്റ്റ് എഡിറ്ററോ’ ആയി ചുരുങ്ങുകയാണോ?

റാസി മുഹമ്മദ്: ഇത്തരത്തിലുള്ള ഓരോ മാറ്റവും സിനിമയുടെ ആവിഷ്കാര സാധ്യതകളെ വികസിപ്പിക്കുക മാത്രമാണ് ചെയ്തത്. എ.ഐ ഉയർത്തുന്ന ആശങ്കകളും ഇതിൽനിന്ന് വ്യത്യസ്തമല്ല. എ.ഐ സംവിധായകനെ ഇല്ലാതാക്കുകയോ സിനിമയെ നശിപ്പിക്കുകയോ ചെയ്യുന്നില്ല. മറിച്ച്, ഒരു സ്രഷ്ടാവിന്റെ കലാപരമായ അടിത്തറയും ദൃശ്യബോധവും എത്രത്തോളം ആഴമുള്ളതാണെന്ന് തുറന്നുകാട്ടുന്ന കണ്ണാടിയായി അത് മാറുന്നു. ക്രാഫ്റ്റിന്മേലുള്ള ആധിപത്യത്തിനും കൂട്ടായ പരിശ്രമങ്ങൾക്കും മാത്രമേ അൽഗോരിതങ്ങളെ മികച്ച കലാസൃഷ്ടികളാക്കാൻ കഴിയൂ.

 

പരമ്പരാഗത സിനിമയിൽ വിദഗ്ധരായ കലാകാരന്മാരാണ് സംവിധായകന്റെ തിരഞ്ഞെടുപ്പുകളെ സമ്പന്നമാക്കുന്നത്. എന്നാൽ എ.ഐ ഉപയോഗിച്ച് ചെറിയ സിനിമകൾ ചെയ്യുമ്പോൾ, ഈ മേഖലകളിലെ തീരുമാനങ്ങളെല്ലാം ഒരാളിലേക്കു മാത്രമായി ചുരുങ്ങുന്നു. ഫ്രെയിമിങ്, കളർ തിയറി, നാടകീയമായ താളം, സംഗീതം തുടങ്ങിയവയിൽ വ്യക്തമായ കാഴ്ചപ്പാടും പഠനവുമില്ലെങ്കിൽ ആ സിനിമ ആത്മാവില്ലാത്തതായി മാറും. അതുകൊണ്ട് തന്നെ, ചെലവ് കുറക്കാൻ ഒരാൾ മാത്രം പ്രോംപ്റ്റ് ടൈപ് ചെയ്യുന്നതിലല്ല എ.ഐ സിനിമയുടെ യഥാർഥ സാധ്യത. മറിച്ച്, വിവിധ മേഖലകളിൽ സൈദ്ധാന്തിക അറിവും പ്രായോഗിക അനുഭവവുമുള്ള കലാകാരന്മാർ എ.ഐ ടൂളുകൾ കൂട്ടായി ഉപയോഗിക്കുമ്പോഴാണ് അത് മനുഷ്യഭാവനയെ പലമടങ്ങ് വിപുലീകരിക്കുന്ന മാധ്യമമാകുന്നത്.

കൃഷാന്ത്: ശരിയാണ്, പുതിയ സാങ്കേതികവിദ്യകളെ ആദ്യം നമ്മൾ ഒരു ഭീഷണിയായാണ് കണ്ടിട്ടുള്ളത്. പക്ഷേ സംഭവിച്ചത് അതിന്റെ വിപരീതമാണ്. ഓരോ സാങ്കേതികമാറ്റവും സിനിമക്ക് പുതിയ സാധ്യതകൾ തുറന്നു. എ.ഐയെയും അതേ രീതിയിലാണ് ഞാൻ കാണുന്നത്. ഒരു ചലച്ചിത്ര സംവിധായകൻ എന്ന നിലയിലും ഡിസൈൻ പഠിപ്പിക്കുന്ന ആളെന്ന നിലയിലും, എ.ഐയെ ഒരു ക്രിയേറ്റിവ് ടൂൾ ആയാണ് ഞാൻ കാണുന്നത്. അതിന്റെ ഏറ്റവും വലിയ സാധ്യത കാര്യക്ഷമത അല്ല; സാധ്യത ആണ്. ഒരു പ്രധാന വസ്തുത നമ്മൾ മറക്കരുത്. എ.ഐ താൽക്കാലികമായി വന്നുപോകുന്ന ഒരു സാങ്കേതികവിദ്യയല്ല; ചലച്ചിത്രനിർമാണം ഉൾപ്പെടെയുള്ള സർഗാത്മക മേഖലകളുടെ അടിസ്ഥാന പ്രവർത്തനരീതികളെത്തന്നെ മാറ്റിയെഴുതാൻ പോകുന്ന ഒന്നാണ്.

ഹാഷിർ ചില്ലിടത്ത്: ഏതൊരു പുതിയ സാങ്കേതികവിദ്യയുടെ ആഗമനവും സമൂഹത്തിൽ ഉത്കണ്ഠയും അനിശ്ചിതത്വവും സൃഷ്ടിക്കാറുണ്ട്. ഈ സാങ്കേതികവിദ്യാ ഭയം പ്രധാനമായും ഉടലെടുക്കുന്നത് അപരിചിതത്വത്തിൽനിന്നും അതിനെ വേഗത്തിൽ സ്വായത്തമാക്കാൻ കഴിയുമോ എന്ന ആശങ്കയിൽനിന്നുമാണ്. എന്നാൽ, സാങ്കേതികവിദ്യയുടെ പ്രവർത്തനരീതിയും ഉപയോഗക്ഷമതയും മനസ്സിലാക്കുന്നതിലൂടെ ഈ ഭയത്തെ മറികടക്കാൻ സാധിക്കും. വിഡിയോ എഡിറ്റ് ചെയ്യാനുള്ള ആയിരക്കണക്കിന് സോഫ്റ്റ്‌വെയറുകളിൽനിന്ന് അനുയോജ്യമായവ തിരഞ്ഞെടുത്ത് ഉപയോഗിക്കുന്നതുപോലെയുള്ള ഒരു പ്രായോഗിക സമീപനം മാത്രമാണ് എ.ഐ. സാങ്കേതികവിദ്യയുടെ സ്വീകരണത്തിലും സംഭവിക്കുന്നത്.

യാന്ത്രികവും ആവർത്തന സ്വഭാവമുള്ളതുമായ തൊഴിലുകളിൽ എ.ഐ സർവവ്യാപിയാകുമ്പോൾ, മനുഷ്യൻ കേവലം പ്രോംപ്റ്റ് ചെയ്യുന്ന ആൾ മാത്രമായി ചുരുങ്ങപ്പെടാനുള്ള സാധ്യതയുണ്ട്. എന്നാൽ ചലച്ചിത്രംപോലുള്ള സൗന്ദര്യശാസ്ത്രപരമായ മാധ്യമങ്ങളിൽ ഈ സമവാക്യം തികച്ചും വ്യത്യസ്തമാണ്. ഒരു അൽഗോരിതത്തിന് നിർദേശങ്ങൾക്കനുസരിച്ച് വിവരങ്ങൾ ​േപ്രാസസ് ചെയ്യാൻ സാധിക്കുമെങ്കിലും, സിനിമയുടെ കാതൽ നിർണയിക്കുന്നത് അതിന്റെ രാഷ്ട്രീയവും സൗന്ദര്യശാസ്ത്രപരവുമായ തിരഞ്ഞെടുപ്പുകളാണ്. ഒരു ദൃശ്യത്തിലൂടെ എന്ത് വൈകാരികാനുഭവമാണ് സൃഷ്ടിക്കേണ്ടതെന്നും, എന്തിനാണ് ഈ കഥ പറയുന്നതെന്നും, അത് പ്രേക്ഷകരിലേക്ക് എങ്ങനെ എത്തിച്ചേരണമെന്നുമുള്ള കൃത്യമായ കാഴ്ചപ്പാടും ഭാവുകത്വവും ഒരു സംവിധായകന്റേത് മാത്രമാണ്. ചുരുക്കത്തിൽ, എ.ഐ എന്നത് ഒരു ​േപ്രാസസിങ് ഉപകരണം മാത്രമായി നിലനിൽക്കുമ്പോൾ, ചലച്ചിത്രത്തിന്റെ ആന്തരികമായ സൗന്ദര്യശാസ്ത്രത്തെയും കർതൃത്വത്തെയും (cinematic authorship) നയിക്കുന്നത് അതിനു പിന്നിലെ മാനുഷികമായ കാഴ്ചപ്പാടും സർഗാത്മകതയുമാണ്.

സുരേന്ദ്രൻ: ആഗോള കോർപറേറ്റുകൾ നിയന്ത്രിക്കുന്ന എ.ഐ ടൂളുകൾ പാശ്ചാത്യ-മുതലാളിത്ത കാഴ്ചപ്പാടുകളെ ഡിഫോൾട്ടായി ഉൽപാദിപ്പിക്കുകയും, പ്രവചനീയമായ ‘സുരക്ഷിത ഫോർമുലകൾ’ നിർമിക്കാൻ ശ്രമിക്കുകയും ചെയ്യുമ്പോൾ, അത് പ്രാദേശിക-തദ്ദേശീയ കാഴ്ചകളെ ഏകതാനമാക്കാനും പരീക്ഷണാത്മക/പ്രതിരോധ സിനിമകളുടെ സാധ്യതകളെ ഇല്ലാതാക്കാനും വഴിവെക്കുമോ?

റാസി: എ.ഐയെ കേവലമൊരു ഉപകരണമായി മാത്രം സമീപിച്ചാൽ അൽഗോരിതങ്ങൾ നിർമിക്കുന്ന ഏകതാനത സിനിമക്ക് ഭീഷണിയാകും. നിലവിലുള്ള എ.ഐ മോഡലുകൾ പ്രധാനമായും പാശ്ചാത്യ-കേന്ദ്രീകൃത ഡേറ്റയിലും കോർപറേറ്റ് സുരക്ഷാ മാനദണ്ഡങ്ങളിലുമാണ് പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്. ഡിഫോൾട്ട് രീതിയിൽ ഉപയോഗിക്കുമ്പോൾ, ഇത് അമിതമായി മിനുക്കിയെടുത്ത കൃത്രിമമായ ദൃശ്യഭാഷ ഉൽപാദിപ്പിക്കുകയും, പ്രാദേശിക ഭൂപ്രകൃതിയുടെ അസംസ്കൃത ഭാവങ്ങളെയും തനതായ ശരീരനിറങ്ങളെയും നാടൻതനിമകളെയും മായ്ച്ചുകളയുകയും ചെയ്യുന്നു.

കൂടുതൽ പ്രവചനീയവും സ്ഥിതിവിവരക്കണക്കുകൾ പ്രകാരം സുരക്ഷിതവുമായ ഫലങ്ങൾക്ക് മുൻഗണന നൽകുന്ന അൽഗോരിതങ്ങൾ, പ്രാദേശിക സംസ്കാരങ്ങളുടെ രേഖീയമല്ലാത്ത ആഖ്യാനരീതികൾക്ക് പകരം പാശ്ചാത്യ ത്രീ-ആക്ട് ഘടനകളെയും സുരക്ഷിത കഥാപാത്ര മാതൃകകളെയുമാണ് (Archetypes) പ്രോത്സാഹിപ്പിക്കുന്നത്. പ്രബല വ്യവസായങ്ങളുടെ സാങ്കേതിക ഉപകരണങ്ങളെ മറ്റൊരുരീതിയിൽ ഉപയോഗിച്ചും അട്ടിമറിച്ചുമാണ് ചരിത്രത്തിലെ പരീക്ഷണ സിനിമകൾ ഉയർന്നുവന്നിട്ടുള്ളത്.

സാംസ്കാരികമായ ഉന്മൂലനത്തെ ചെറുക്കാൻ എ.ഐ മോഡലുകളെ പ്രാദേശിക ഓർമകളും സാഹിത്യവും നാടോടിക്കഥകളും സാമൂഹിക-രാഷ്ട്രീയ ചരിത്രങ്ങളും ഉപയോഗിച്ച് പരിപോഷിപ്പിക്കുകയാണ് വേണ്ടത്. യഥാർഥ ഭൗതിക ഘടകങ്ങളെയും പരുക്കൻ യാഥാർഥ്യങ്ങളെയും ഡിജിറ്റൽ സാധ്യതകളുമായി കൂട്ടിയോജിപ്പിക്കുന്നതിലൂടെ ബദൽ സിനിമകൾക്ക് നിലനിൽക്കാനാകും.

കൃഷാന്ത്: അതിനെക്കുറിച്ചുള്ള ഭയത്തേക്കാൾ അതിലെ വൈരുധ്യമാണ് എനിക്ക് കൗതുകകരം. മുതലാളിത്തം നിർമിച്ച ഉപകരണങ്ങളിലൂടെ മുതലാളിത്തത്തെ ചോദ്യംചെയ്യാനാകുമോ? സിനിമതന്നെ അതിന് നല്ല ഉദാഹരണമാണ്. കാമറയും എഡിറ്റിങ് ഉപകരണങ്ങളും വന്നത് ഒരു അധിനിവേശ വിരുദ്ധ പദ്ധതിയായിട്ടല്ല. എങ്കിലും അവ ഉപയോഗിച്ച് വിപ്ലവാത്മകമായ സിനിമകൾ ഉണ്ടായിട്ടുണ്ട്. കാമറക്ക് സ്വന്തമായി പ്രത്യയശാസ്ത്രമില്ല; അത് ഉപയോഗിക്കുന്നതിലാണ് കാര്യം. എന്നാൽ, എ.ഐയുടെ കാര്യം കൂടുതൽ സങ്കീർണമാണ്. കാരണം, ആ സാങ്കേതികവിദ്യ ചില മുൻവിധികളോടെയാണ് നിർമിക്കപ്പെട്ടിരിക്കുന്നത്. അതുകൊണ്ട് അതിനെ കൂടുതൽ വിമർശനാത്മകമായി വേണം സമീപിക്കാൻ. പ്രാദേശിക സിനിമയുടെ പ്രതിരോധം എ.ഐയെ ഒഴിവാക്കുന്നതിലല്ല; മറിച്ച്, അതിനോട് നമ്മുടെ പ്രാദേശിക ജീവിതാനുഭവങ്ങൾ സംസാരിപ്പിക്കുന്നതിലാണ്. നമ്മുടെ ഓർമയും നാട്ടുഭാഷയും തനത് വാസ്തുവിദ്യയും രാഷ്ട്രീയബോധവുമൊന്നും ഒരു പൊതുനിർദേശം (Generic prompt) കൊണ്ട് ഉണ്ടാകില്ല. അത് ചലച്ചിത്രകാരന്റെ ഉള്ളിൽനിന്നുതന്നെ വരേണ്ടതാണ്.

ഏറ്റവും വലിയ ഭയം കൃത്രിമബുദ്ധി എല്ലാവരെയും ഒരേപോലെയാക്കുമോ എന്നതല്ല; മറിച്ച്, നമ്മൾതന്നെ അതിനെ ഒരേ രീതിയിൽ ഉപയോഗിക്കുമോ എന്നതാണ്. നമുക്ക് ഒറ്റ ബട്ടൺ അമർത്തി ഹോളിവുഡിനെ അനുകരിക്കാം; അല്ലെങ്കിൽ അതേ സാങ്കേതികവിദ്യ ഉപയോഗിച്ച് നമ്മുടെ സ്വന്തം സിനിമാഭാഷ കണ്ടെത്താൻ ശ്രമിക്കാം.

ഹാഷിർ: ഡിജിറ്റൽ മുതലാളിത്തത്തിന്റെ കാലത്ത് നമ്മൾ ഉപയോഗിക്കുന്ന ഓരോ സാങ്കേതികവിദ്യയും സോഷ്യൽ മീഡിയയും മൊബൈൽ ആപ്പുകളും നമ്മളറിയാതെ നമ്മുടെ വിവരങ്ങളും പെരുമാറ്റരീതികളും ശേഖരിച്ച് വലിയൊരു ഡേറ്റ മോഷണംതന്നെയാണ് നടത്തുന്നത്. നേരിട്ട് നമ്മെ ആക്രമിക്കുന്നില്ലെന്ന് തോന്നാമെങ്കിലും, പരോക്ഷമായി നമ്മുടെ ചിന്തകളെയും മുൻഗണനകളെയും സ്വാധീനിക്കാൻ ഈ അൽഗോരിതങ്ങൾക്ക് സാധിക്കുന്നുണ്ട്. ഇതിനെ അതിജീവിക്കാൻ നാം ഏറേ വിവേകത്തോടെയും തന്ത്രപരമായും വേണം സാങ്കേതികവിദ്യയെ സമീപിക്കാൻ.

പ്രത്യേകിച്ച് എ.ഐ ടൂളുകൾ ഉപയോഗിക്കുമ്പോൾ, നമ്മുടെ വ്യക്തിഗത താൽപര്യങ്ങളോ യഥാർഥ ലക്ഷ്യങ്ങളോ പൂർണമായി തുറന്നുനൽകാതെ, എന്നാൽ അവയുടെ പരമാവധി സാധ്യതകളെ ഉപയോഗപ്പെടുത്താൻ നമുക്ക് കഴിയണം. ഉദാഹരണത്തിന്, ഒരു സിനിമയുടെ സ്ക്രിപ്റ്റോ ആശയമോ രൂപപ്പെടുത്തുമ്പോൾ, നമ്മൾ എന്ത് ചെയ്യാൻ ഉദ്ദേശിക്കുന്നു എന്ന് നേരിട്ട് നൽകുന്നതിന് പകരം, ‘A’ എന്ന വിഷയം ‘B’ എന്നോ ‘C’ എന്നോ ഉള്ള കോണുകളിലൂടെ എങ്ങനെ അവതരിപ്പിക്കാം എന്ന രീതിയിൽ പരോക്ഷമായ ചോദ്യങ്ങളിലൂടെ വേണം എ.ഐയെ സമീപിക്കാൻ. നമ്മളെക്കുറിച്ച് എ.ഐ പഠിക്കുന്നത് തടയുകയും അതേസമയം അതിന്റെ സാങ്കേതിക മികവിനെ നമ്മുടെ ആവശ്യങ്ങൾക്കായി പൂർണമായി പ്രയോജനപ്പെടുത്തുകയും ചെയ്യുന്ന ഇത്തരം സ്മാർട്ടായ, ലോജിക്കലായ ഉപയോഗമാണ് ഡിജിറ്റൽ യുഗത്തിൽ നമ്മെ വിജയിപ്പിക്കുന്നത്.

സുരേന്ദ്രൻ: എ.ഐ നിർമിക്കുന്ന ദൃശ്യങ്ങൾ മിനുസമാർന്നതും പെർഫെക്ടുമാണ്. എന്നാൽ സിനിമയുടെ സൗന്ദര്യശാസ്ത്രം പലപ്പോഴും നിലനിൽക്കുന്നത് അതിന്റെ അപൂർണതകളിലും അപാകതകളിലും യാദൃച്ഛികതകളിലുമാണ്. യന്ത്രത്തിന്റെ ഈ അതിരറ്റ തികവിനെ സൗന്ദര്യശാസ്ത്രപരമായ തടസ്സമായി കാണുന്നുണ്ടോ?

റാസി: എ.ഐ ഡിഫോൾട്ടായി നിർമിക്കുന്ന ദൃശ്യങ്ങളുടെ യാന്ത്രികമായ പൂർണതയെ സിനിമാറ്റിക് സത്യമായി തെറ്റിദ്ധരിക്കുന്നത് സൗന്ദര്യശാസ്ത്രപരമായ തടസ്സമാണ്. സിനിമയുടെ നിലനിൽപ് കുറ്റമറ്റ ഗണിതശാസ്ത്ര കൃത്യതയിലല്ല; മറിച്ച് ഭൗതികമായ പ്രതിരോധങ്ങളിൽനിന്നും, മനുഷ്യന്റെ ദൗർബല്യങ്ങളിൽനിന്നും, അപ്രതീക്ഷിത മുഹൂർത്തങ്ങളിൽനിന്നുമാണ് രൂപപ്പെടുന്നത്. സെല്ലുലോയ്ഡ് ഗ്രെയിനുകൾ, ലെൻസുകളുടെ സ്വാഭാവിക അപാകതകൾ, നടന്റെ പതറിയ സൂക്ഷ്മഭാവങ്ങൾ എന്നിവ നൽകുന്ന വൈകാരിക ആഴവും യാഥാർഥ്യവും പ്രവചിക്കാൻ ഒരു അൽഗോരിതത്തിനും കഴിയില്ല.

 

കൃഷാന്തിന്‍റെ ‘മസ്തിഷ്ക മരണം’ എന്ന സിനിമയിലെ എ.ഐ ക്രിയേഷൻ

സിനിമയിലെ പല ഐതിഹാസിക മുഹൂർത്തങ്ങളും മുൻകൂട്ടി പ്ലാൻചെയ്തവയല്ല, മറിച്ച് അവിചാരിതമായി വീഴുന്ന വെളിച്ചമോ കാലാവസ്ഥാ വ്യതിയാനമോ പോലുള്ള യാദൃച്ഛികതകളിൽനിന്ന് പിറവിയെടുക്കുന്നവയാണ്. എന്നാൽ, അനിശ്ചിതത്വങ്ങളെ ഇല്ലാതാക്കാനാണ് എ.ഐ രൂപകൽപന ചെയ്തിരിക്കുന്നത്. അൽഗോരിതങ്ങൾ സംഭവിക്കാൻ ഏറ്റവും സാധ്യതയുള്ളതിനെ തരുമ്പോൾ, കല നിലനിൽക്കുന്നത് സംഭവിക്കാൻ സാധ്യതയില്ലാത്തതിലാണ്. മെഷീനെ അതിന്റെ പരമാവധി പരിധിയിലേക്ക് തള്ളിവിട്ട്, കൃത്രിമ ഘടകങ്ങളെ പരുക്കൻ യാഥാർഥ്യവുമായി കൂട്ടിമുട്ടിക്കുന്നതിലൂടെ സോഫ്റ്റ്‌വെയറുകൾ മായ്ച്ചുകളയുന്ന പ്രതിരോധത്തെ വീണ്ടെടുക്കാൻ സാധിക്കും.

കൃഷാന്ത്: എ.ഐ നൽകുന്ന പൂർണത സൗന്ദര്യശാസ്ത്രപരമായ തടസ്സമായി മാറാം. എന്നാൽ, പ്രശ്നം ഈ പൂർണതയല്ല, മറിച്ച് അത് മാത്രമാണ് സിനിമയുടെ ശരിയായ രീതിയെന്ന് കരുതുന്നതാണ്. സിനിമയുടെ ചരിത്രം പരിശോധിച്ചാൽ, ഫിലിം ഗ്രെയിൻ, ലെൻസ് ഫ്ലെയർ, വെളിച്ചത്തിന്റെ കുറവുകൾ, അപാകതകളുള്ള അഭിനയം എന്നിവ പോലുള്ള പരിമിതികളിൽനിന്നാണ് സിനിമയുടെ സൗന്ദര്യം ഉണ്ടായത്. എങ്കിലും, ഒരു ചലച്ചിത്ര സംവിധായകന് ഈ പരിമിതികളോട് കാൽപനിക മമത ഉണ്ടാകണമെന്നില്ല; പുതിയ സാങ്കേതികവിദ്യ നൽകുന്ന മികച്ച ദൃശ്യങ്ങൾ ഉപയോഗിക്കുന്നതിൽ തെറ്റുമില്ല. പ്രശ്നം ആ പെർഫക്ട് ഇമേജ് തന്നെ സിനിമയുടെ ഭാഷയായി സ്വീകരിക്കുന്നതാണ്.

ഒരു ചലച്ചിത്ര പ്രവർത്തകന് പൂർണതപോലെ തന്നെ അപൂർണത എപ്പോൾ വേണമെന്ന് അറിയുന്നതും പ്രധാനമാണ്. ഡിസൈൻ എന്നത് കഴിവ് പ്രദർശിപ്പിക്കലല്ല, മറിച്ച് ആവശ്യമായ പരിമിതികൾ സ്വയം തിരഞ്ഞെടുക്കലാണ്. എ.ഐയുടെ കാര്യത്തിലും ഇത് പ്രസക്തമാണ്; അതിലെ മിനുസത്തെ ഭയക്കാതെ ഒരു പുതിയ മാധ്യമമായി ഇതിനെ കാണാം.

ഫോട്ടോഗ്രഫിയിൽ കൃത്രിമ വെളിച്ചം വന്നപ്പോഴും സ്വാഭാവിക വെളിച്ചം നിലനിന്നതുപോലെ, എ.ഐ പൂർണത തരുമ്പോഴും അപൂർണതക്ക് സ്ഥാനമുണ്ട്. സിനിമയിൽ അപൂർണത എന്നത് ഒരു യാദൃച്ഛികതയല്ലാതായി മാറി, ഭാവിയിൽ അത് ബോധപൂർവമായ ഒരു തിരഞ്ഞെടുപ്പായി മാറും. ആ സാധ്യതയാണ് എന്നെ ആകർഷിക്കുന്നത്.

ഹാഷിർ: സിനിമയുടെ സൗന്ദര്യശാസ്ത്രം പലപ്പോഴും നിലനിൽക്കുന്നത് അതിന്റെ യാദൃച്ഛികതകളിലും അപൂർണതകളിലും അപാകതകളിലുമാണ് എന്നാണല്ലോ പറയുന്നത്. ഒരു സംവിധായകൻ തന്റെ സവിശേഷമായ കാഴ്ചപ്പാടും ചിന്തകളും പ്രേക്ഷകരിലേക്ക് എത്തിക്കാനാണ് സിനിമയിലെ ഓരോ ഘടകങ്ങളെയും ഉപയോഗപ്പെടുത്തുന്നത്. പ്രേക്ഷകനെ ആ ഒഴുക്കിലേക്ക് കൂട്ടിക്കൊണ്ടുപോകാനും ചിന്തിപ്പിക്കാനും സംവിധായകന്റെ വ്യക്തിപരമായ ഈ സർഗാത്മകതക്ക് മാത്രമേ സാധിക്കൂ.

ഇവിടെ സാങ്കേതികവിദ്യയെയോ എ.ഐ ടൂളുകളെയോ നമ്മൾ കാണേണ്ടത് സംവിധായകന്റെ ആശയങ്ങളെ കൂടുതൽ വ്യക്തതയോടെ പ്രകടമാക്കാൻ സഹായിക്കുന്ന വെറുമൊരു ടൂൾ ആയി മാത്രമാണ്. ഇവയുടെ മികവ് സഹായ ഉപകരണമെന്ന നിലയിൽ അതിഗംഭീരമാണെങ്കിലും, അവക്ക് ഒരിക്കലും മനുഷ്യന്റെ സർഗാത്മകതയെയോ വൈകാരികതയെയോ മാറ്റിസ്ഥാപിക്കാൻ കഴിയില്ല. നമ്മളുടെ ആശയങ്ങളെയും കാഴ്ചപ്പാടുകളെയും കൃത്യമായി മുന്നോട്ട് കൊണ്ടുപോകാൻ ഈ സാങ്കേതികവിദ്യയെ എങ്ങനെ ബുദ്ധിപൂർവം ഉപയോഗപ്പെടുത്താം എന്ന് മനസ്സിലാക്കുന്നിടത്താണ് വിജയം. സാങ്കേതികവിദ്യ നമ്മളെ സഹായിക്കാനുള്ള ഒന്ന് മാത്രമാണെന്ന യാഥാർഥ്യം തിരിച്ചറിഞ്ഞ് അതിനെ മാധ്യമമാക്കുക എന്നതാണ് പ്രധാനം.

 

സുരേന്ദ്രൻ: ചലച്ചിത്ര പ്രവർത്തകരുടെ മുൻകാല അധ്വാനഫലങ്ങൾ (Datasets) അനുമതിയില്ലാതെ ഉപയോഗിച്ച് മോഡലുകളെ ട്രെയിൻ ചെയ്യുന്ന പ്രക്രിയയെ ഒരു ചരിത്രപരമായ ‘അധ്വാന ചൂഷണം’ ആയി കാണാമോ? നിലവിലുള്ള ഡേറ്റകളെ മാത്രം ആശ്രയിച്ചു പ്രവർത്തിക്കുന്ന ഈ സാങ്കേതികവിദ്യക്ക്, മുൻ മാതൃകകളെ തച്ചുടച്ചുകൊണ്ട് തികച്ചും സ്വതന്ത്രവും വിപ്ലവാത്മകവുമായ ചലച്ചിത്രഭാഷ സൃഷ്ടിക്കാൻ സാധിക്കുമോ?

റാസി: ഒരു ആർട്ട് ഡയറക്ടറോ കളറിസ്റ്റോ വർഷങ്ങൾ കൊണ്ട് വികസിപ്പിച്ചെടുക്കുന്ന ദൃശ്യബോധത്തെ സോഫ്റ്റ്‌വെയറുകൾ വിശകലനം ചെയ്ത് ഒരു ‘ഓട്ടോ-എൻഹാൻസ്’ ബട്ടണാക്കി മാറ്റുന്നു. അനുമതിയില്ലാതെ സർഗാത്മക അധ്വാനഫലങ്ങൾ (Datasets) ഉപയോഗിച്ച് ജനറേറ്റിവ് എ.ഐ മോഡലുകളെ പരിശീലിപ്പിക്കുന്നത് മുതലാളിത്ത ചരിത്രത്തിലെ മൂലധന ചൂഷണത്തിന്റെ നേരിട്ടുള്ള തുടർച്ചയാണ്, പൊതുസ്വത്തിനെ സ്വകാര്യ കുത്തകയാക്കി മാറ്റുന്ന ക്ലാസിക് മുതലാളിത്തരീതിയാണ് എന്ന് പറയാം.

കണക്കുകൾ പ്രകാരം ഏറ്റവും ‘കാര്യക്ഷമമായ’ പാതകളിലേക്ക് ക്രിയേറ്റർമാരെ തള്ളിവിടാനാണ് ഇന്ന് ടൂളുകൾ രൂപകൽപന ചെയ്യുന്നത്. ഓട്ടോ സീൻ ഡിറ്റക്ഷൻ, ഓട്ടോ കളർ മാച്ചിങ്, ജനറേറ്റിവ് ഫിൽ തുടങ്ങിയ ഫീച്ചറുകൾ സാധാരണരീതികളെ പ്രോത്സാഹിപ്പിക്കുകയും സാവധാനത്തിലുള്ളതും പരീക്ഷണാത്മകവുമായ വ്യത്യസ്ത വഴികളെ നിരുത്സാഹപ്പെടുത്തുകയും ചെയ്യുന്നു. ഒരു യന്ത്രത്തിന് രാഷ്ട്രീയബോധമോ മരണഭയമോ മാനസിക ആഘാതങ്ങളോ യഥാർഥ ജീവിതാനുഭവങ്ങളോ ഇല്ല. പഴയ രൂപങ്ങളെ തച്ചുടക്കാൻ ഒരു കലാകാരനെ പ്രേരിപ്പിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളും ഇതുതന്നെയാണ്.

കൃഷാന്ത്: നവീകരണം എന്ന പേരിൽ സമ്മതത്തെയും സർഗാത്മക അധ്വാനത്തെയും അപ്രസക്തമാക്കാൻ പാടില്ല. കല എപ്പോഴാണ് പൂർണമായും മൗലികമായിട്ടുള്ളത്? കല ഒരിക്കലും ശൂന്യതയിൽനിന്നല്ല ഉണ്ടാകുന്നത്; നമ്മൾ കണ്ട സിനിമകൾ, വായിച്ച പുസ്തകങ്ങൾ, കേട്ട സംഗീതം, കണ്ട ചിത്രങ്ങൾ, ജീവിച്ച അനുഭവങ്ങൾ –എല്ലാം നമ്മുടെ ഉള്ളിൽ വിവരശേഖരങ്ങൾപോലെയാണ് പ്രവർത്തിക്കുന്നത്.

എന്നാൽ, മനുഷ്യന്റെ പഠനപ്രക്രിയയെ കൃത്രിമബുദ്ധിയുടെ പരിശീലനവുമായി തുല്യപ്പെടുത്താൻ കഴിയില്ല. ആരുടെ അനുമതിയോടെ പഠിക്കുന്നു, അതിൽനിന്ന് ആരാണ് ലാഭം കൊയ്യുന്നത് എന്നതാണ് പ്രധാനം. ഇവിടെ സമ്മതവും സുതാര്യതയും സ്രഷ്ടാക്കൾക്ക് അർഹമായ പ്രതിഫലവും ഉറപ്പാക്കേണ്ടതുണ്ട്. ഒരു ചലച്ചിത്രകാരന്റെ യഥാർഥ സ്വത്ത് വിവരശേഖരമല്ല, അയാളുടെ ലോകവീക്ഷണമാണ്. കൃത്രിമബുദ്ധിയും അത് കൈവരിക്കുമെന്ന് പ്രത്യാശിക്കാം.

ഹാഷിർ: അമേരിക്കയുടെ സ്വന്തം ഹോളിവുഡിൽപോലും എ.ഐ ഇമേജുകൾക്കും വിഡിയോകൾക്കും പകർപ്പവകാശം (Copyright) ലഭിക്കാത്തതിന്റെ പ്രധാന കാരണം, മറ്റ് മനുഷ്യരുടെ അറിവും സൃഷ്ടികളും പരിശീലനത്തിനായി ഉപയോഗിച്ച് നിർമിക്കുന്ന ഒന്നായതുകൊണ്ടാണ്. ഇത് അധ്വാനചൂഷണമാണോ അതോ മികവാണോ എന്നത് നിയമപരമായ ഘടനകൾ രൂപപ്പെടുന്നതുവരെ ചർച്ചാവിഷയമായി തുടരും. എങ്കിലും, ഒരു പരിധി വരെ ഇത് അധ്വാനചൂഷണംതന്നെയാണ്. കാരണം, മനുഷ്യൻ സ്വന്തം ഭാവനയിലൂടെയും ചിന്തകളിലൂടെയും നിർമിച്ചെടുക്കുന്ന കാര്യങ്ങൾതന്നെയാണ് എ.ഐയും ക്രോഡീകരിച്ച് തരുന്നത്. അതുകൊണ്ട് തന്നെ ഇതൊരു പരിമിതിയും അതേസമയം മികവുമാണ്. ഒരു കത്തി നല്ല കാര്യത്തിനും ചീത്ത കാര്യത്തിനും ഉപയോഗിക്കാവുന്നതുപോലെ, എ.ഐയെ നമ്മൾ ഏത് രീതിയിൽ പ്രയോജനപ്പെടുത്തുന്നു എന്നതിലാണ് കാര്യം. സാങ്കേതികവിദ്യയേക്കാൾ അതിനെ സമീപിക്കുന്ന മനുഷ്യന്റെ ചിന്താഗതിയിലാണ് മാറ്റംവരേണ്ടത്.

നിലവിലുള്ള എ.ഐ മോഡലുകൾ വെച്ച് സ്വതന്ത്രവും വിപ്ലവാത്മകവുമായ ചലച്ചിത്രഭാഷ സൃഷ്ടിക്കാൻ കഴിയില്ല എന്നതാണ് യാഥാർഥ്യം. കാരണം, ഇതിനെ പരിശീലിപ്പിച്ചിരിക്കുന്ന കമ്പനികളുടെ താൽപര്യങ്ങൾക്ക് ഉള്ളിൽ നിന്നുകൊണ്ട് മാത്രമേ അതിന് പ്രവർത്തിക്കാനാകൂ. അതിന് സ്വന്തമായി ‘വിപ്ലവം’ എന്താണെന്നോ ‘സ്വാതന്ത്ര്യം’ എന്താണെന്നോ അറിയില്ല. പുറംലോകത്തിന്റെ ഡേറ്റ ശേഖരണത്തിൽനിന്ന് പൂർണമായും സ്വതന്ത്രമായി, വ്യക്തികളുടെയോ ഒരു പ്രത്യേക ചലച്ചിത്രകാരന്റെയോ ചിന്തകളും രീതികളും ഓർമകളും മാത്രം ഉൾക്കൊള്ളിച്ച് നിർമിക്കുന്ന ഇത്തരം പ്രാദേശിക എ.ഐ മോഡലുകൾക്ക് വേണമെങ്കിൽ പക്ഷഭേദങ്ങളില്ലാത്ത, സ്വതന്ത്രവും വിപ്ലവാത്മകവുമായ ഒരു ചലച്ചിത്രഭാഷ രൂപപ്പെടുത്താൻ സാധിച്ചേക്കാം. ഇവയെ ‘സോവറിൻ എ.ഐ’ (Sovereign AI) എന്നുപറയുന്നു.

 

സുരേന്ദ്രൻ: വലിയ ബജറ്റുകളും വലിയ സ്റ്റുഡിയോകളുടെ പിന്തുണയും ഇല്ലാത്ത സ്വതന്ത്ര ചലച്ചിത്രകാരന്മാർക്ക് തങ്ങളുടെ സങ്കീർണമായ ഭാവനകൾ കുറഞ്ഞ ചെലവിൽ സാക്ഷാത്കരിക്കാൻ എ.ഐ വലിയ സാധ്യതയാണ് നൽകുന്നത്. ഡിജിറ്റലിന്റെ വരവോടെ ആർക്കും സിനിമ നിർമിക്കാം എന്ന അവസ്ഥ സംജാതമായി. മൂലധനത്തിന്റെ നിയന്ത്രണങ്ങൾ ഇല്ലാതാവുകയും സാങ്കേതികവിദ്യ ചുരുങ്ങിയ ചെലവിൽ ലഭ്യമാവുകയും ചെയ്താൽ, മറ്റു വാക്കുകളിൽ പറഞ്ഞാൽ, ടൂളുകൾ ലഭ്യമായതുകൊണ്ടുമാത്രം നല്ല സിനിമകൾ ഉണ്ടാവുമോ?

റാസി: സാങ്കേതികവിദ്യയുടെ ജനാധിപത്യവത്കരണം നിർമാണ പ്രക്രിയയെ മാത്രമാണ് ജനാധിപത്യവത്കരിക്കുന്നത്, അല്ലാതെ കലാപരമായ ദർശനത്തെയല്ല. പതിറ്റാണ്ടുകൾക്കു മുമ്പ് സംഭവിച്ച ഡിജിറ്റൽ വിപ്ലവംതന്നെ ഇതിന് ഉത്തരം നൽകിയതാണ്: കുറഞ്ഞ ചെലവിലുള്ള ഡിജിറ്റൽ കാമറകളും, എഡിറ്റിങ് സോഫ്റ്റ്‌വെയറുകളും വന്നതോടെ ആർക്കും സിനിമ ഷൂട്ട് ചെയ്യാനും എഡിറ്റ് ചെയ്യാനും കഴിയുമെന്ന അവസ്ഥയുണ്ടായി; എന്നാൽ ലോകം പെട്ടെന്ന് മികച്ച സിനിമകൾകൊണ്ട് നിറയുകയൊന്നും ചെയ്തില്ല.

വലിയ സ്റ്റുഡിയോ ബജറ്റുകളുടെ ആധിപത്യത്തിൽനിന്ന് സ്വതന്ത്ര ചലച്ചിത്രകാരന്മാർക്ക് മോചനം നൽകുന്ന ഒരു വലിയ കാൻവാസാണ് എ.ഐ തുറന്നു നൽകുന്നത്. എന്നാൽ സിനിമയുടെ ആത്മാവ് ഒരിക്കലും സോഫ്റ്റ്‌വെയറുകളിലല്ല കുടികൊള്ളുന്നത്. തങ്ങളുടെ ക്രാഫ്റ്റിൽ പ്രാവീണ്യം നേടിയ, മനുഷ്യജീവിതത്തിന്റെ സങ്കീർണതകൾ മനസ്സിലാക്കുന്ന കലാകാരന്മാരുടെ കൈകളിൽ ഈ ഉപകരണങ്ങൾ എത്തുമ്പോൾ മാത്രമേ, സാങ്കേതികവിദ്യയുടെ കേവലശേഷിയെ കാവ്യാത്മകമായ നല്ല സിനിമകളാക്കി മാറ്റാൻ കഴിയൂ.

കൃഷാന്ത്: ഒരു എ.ഐ ടൂൾ എല്ലാവർക്കും ലഭ്യമാണെന്ന് കരുതുക. പക്ഷേ കൂടുതൽ ശേഷിയുള്ള മാതൃക ഉപയോഗിക്കാൻ വരിസംഖ്യ നൽകണം. കൂടുതൽ കമ്പ്യൂട്ടിങ് ശേഷി വേണം. കൂടുതൽ നിർമിതിക്കുള്ള ക്രെഡിറ്റുകൾ വേണം. വലിയ ദൃശ്യവ്യക്തത വേണമെങ്കിൽ കൂടുതൽ പണം വേണം. കൂടുതൽ ആവർത്തനങ്ങൾ നടത്താൻ കൂടുതൽ ക്രെഡിറ്റുകൾ വേണം. ഒടുവിൽ ഭാവനപോലും ഒരു പരിധി വരെ കമ്പ്യൂട്ടിങ് ശേഷിയുടെയും ക്രെഡിറ്റുകളുടെയും സമ്പദ്‌വ്യവസ്ഥയായി മാറുന്നു. അതുകൊണ്ട് ‘‘ഇനി എല്ലാവർക്കും ഒരേ ടൂൾ ലഭ്യമാണ്’’ എന്നതിന് ‘‘ഇനി എല്ലാവർക്കും ഒരേ അവസരമാണ്’’ എന്ന് അർഥമില്ല. മുമ്പ് പണം ഇല്ലാത്തതുകൊണ്ട് ഞാൻ ചിന്തിക്കാതിരുന്ന ഒരു സിനിമയെ, ഇനി എനിക്ക് കുറഞ്ഞത് ചിന്തിച്ചു നോക്കാനെങ്കിലും കഴിയും എന്നുമാത്രം. എന്നെ സംബന്ധിച്ച് അതാണ് കൃത്രിമബുദ്ധിയുടെ ഏറ്റവും വലിയ ജനാധിപത്യ സാധ്യത.

ഒരു നല്ല സിനിമ ഉണ്ടാകുന്നതിന് ടൂളുകളെക്കാൾ പ്രധാനപ്പെട്ടത് അഭിരുചി, നിരീക്ഷണം, രചന, ഘടന, പ്രകടനം, താളം, പശ്ചാത്തലം, ജീവിതാനുഭവം, പിന്നെ ഏറ്റവും പ്രധാനമായി, എന്താണ് പറയാനുള്ളത് എന്ന ബോധമാണ്.

ഹാഷിർ: കോവിഡ് കാലത്ത് രാജ്യം നേരിട്ട പ്രധാന വെല്ലുവിളികളിലൊന്നായിരുന്നു ഡിജിറ്റൽ ഡിവൈഡ്. സ്മാർട്ട്ഫോണും ഇന്റർനെറ്റ് സൗകര്യവുമുള്ളവർ പഠനം തുടരുകയും, അതില്ലാത്ത സാധാരണക്കാരായ കുട്ടികൾ പുറന്തള്ളപ്പെടുകയും ചെയ്ത സാഹചര്യം നാം കണ്ടതാണ്. എന്നാൽ ഇന്ന് ഏവർക്കും പ്രാപ്യമായ രീതിയിൽ കുറഞ്ഞ ചെലവിൽ ലഭ്യമാകുന്ന എ.ഐ ടൂളുകൾ ഈ അന്തരം കുറക്കാനുള്ള വലിയൊരു സാധ്യതയായി വേണം കരുതാൻ. സർഗാത്മകതയും കഴിവുമുള്ള ഒരു തുടക്കക്കാരന് വലിയ സാമ്പത്തിക നിക്ഷേപമോ വലിയൊരു സംഘത്തിന്റെ പിൻബലമോ ഇല്ലാതെതന്നെ തന്റെ ആശയങ്ങളെ അല്ലെങ്കിൽ ഒരു ചെറുസിനിമയെ ലോകത്തിനു മുന്നിൽ അവതരിപ്പിക്കാൻ ഇന്ന് സാധിക്കും. സ്വന്തം താൽപര്യങ്ങളും കഴിവുകളും വികസിപ്പിച്ചെടുക്കാനും അത് തെളിയിക്കാനും ചരിത്രത്തിൽ ഇന്നുവരെ ലഭിച്ചിട്ടില്ലാത്തത്ര മികച്ചൊരു അവസരമാണ് ഈ കാലഘട്ടം നൽകുന്നത്.

നിലവിൽ സാങ്കേതികവിദ്യ അതിവേഗം വളരുമ്പോഴും ഡേറ്റ നിയമങ്ങളും മറ്റ് നിയന്ത്രണങ്ങളും പൂർണമായി രൂപപ്പെട്ടിട്ടില്ലാത്ത ഈ ഘട്ടത്തെ ഒരു അനുകൂല അവസരമായി കണ്ട് കലാകാരന്മാർ പരമാവധി പ്രയോജനപ്പെടുത്തണം. വരുംവർഷങ്ങളിൽ കർശനമായ നിയമങ്ങളും പരിധികളും വരുമ്പോൾ ഇത്തരം ഫീച്ചറുകൾ എല്ലാവർക്കും ഒരുപോലെ ലഭ്യമായെന്ന് വരില്ല. എനിക്ക് കഴിവുണ്ട് എന്ന് വെറുതെ പറയുന്നതിന് പകരം, ലഭ്യമായ എ.ഐ ടൂളുകൾ ഉപയോഗിച്ച് നിർമിച്ച സ്വന്തം സൃഷ്ടികൾ കാണിച്ച് കഴിവ് തെളിയിക്കാൻ ഇന്ന് ഏതൊരാൾക്കും കഴിയും. അതുകൊണ്ട് തന്നെ എ.ഐയെ ഭയക്കാതെ, അതിനെ ഫലപ്രദമായി കീഴ്പ്പെടുത്തി സ്വന്തം ആശയങ്ങൾക്കായി ഉപയോഗിക്കാനുള്ള ചിന്താഗതിയും മനോഭാവവുമാണ് പുതിയ കാലത്തെ കലാകാരന്മാർ വളർത്തിയെടുക്കേണ്ടത്.

Tags:    
News Summary - AI and Cinema Tool Threat or Co-Creator

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.