ചിന്തകനും ആക്ടിവിസ്റ്റുമായ എം.എം. സോമശേഖരെന്റ നിലപാടുകൾ അദ്ദേഹത്തിന്റെ ‘ചരിത്രം മാർക്സിസത്തെ മറികടക്കുന്നു’ എന്ന പുസ്തകത്തിന്റെയും സമീപകാല എഴുത്തുകളുടെയും പശ്ചാത്തലത്തിൽ വിമർശനവിധേയമാക്കുന്നു. കെ. വേണുവിന്റെ പാതയിൽ മാർക്സിസത്തെ നിേഷധിക്കുന്ന വലതുപക്ഷപാതയാണ് സോമശേഖരന്റേത് എന്ന് വാദിക്കുന്നു.
‘കൊമ്പൻ പോയ വഴിയേ മോഴയും’ എന്ന മട്ടിൽ ഈ തലവാചകം വായിക്കപ്പെട്ടേക്കാം. എന്നാലത്, ലിംഗവിവേചന ദോഷം മാറ്റിനിർത്തിയുള്ള ആലോചനയിൽതന്നെ, സോമശേഖരന് ഇഷ്ടമായിക്കൊള്ളണമെന്നില്ല. കാരണം 1987നു ശേഷം വേണുവിന്റേത് ‘പതന’മാണെന്നും അതുകൊണ്ട് താനാണ് കൊമ്പനെന്നും സ്വയം വിശ്വസിക്കാനോ മറ്റുള്ളവരെ വിശ്വസിപ്പിക്കാനോ ശ്രമിച്ച ഒരു ഘട്ടം അദ്ദേഹത്തിനുണ്ട്. തന്റെ ബൗദ്ധികൗന്നത്യത്തിൽ അദ്ദേഹത്തിന് ആത്മവിശ്വാസവുമുണ്ടായിരിക്കാം. താനാണ് കൊമ്പൻ എന്നൊരു തോന്നൽ അദ്ദേഹത്തിനുണ്ടായിരിക്കാം. പക്ഷേ, അദ്ദേഹത്തിന്റെ ബൗദ്ധികാന്വേഷണങ്ങൾ വേണുവിന് പിന്നാലെ വഴിനടക്കുന്നതിലാണ് അദ്ദേഹത്തെയും എത്തിച്ചിരിക്കുന്നത് എന്ന് വിമർശകർക്ക് ഇനിയും പറയാതിരിക്കാനാകില്ല.
കഴിഞ്ഞ വർഷം ജൂണിൽ അടിയന്തരാവസ്ഥയുടെ അമ്പതാം വാർഷികത്തോടനുബന്ധിച്ച് ‘ട്രൂകോപ്പി തിങ്ക്’ എന്ന വെബ്മാഗസിനിൽ അതിന്റെ ചീഫ് എഡിറ്റർ കമൽറാം സജീവ് നടത്തിയ ഇന്റർവ്യൂവിൽ മാർക്സിസം അപ്രസക്തമാവുന്നതിനെയും ചരിത്രം മാർക്സിസത്തെ മറികടക്കുന്നതിനെയും കുറിച്ച് വിശദീകരിക്കാനായി ഒരു ചെറിയ പുസ്തകമെഴുതുന്നതായി സോമശേഖരൻ സൂചിപ്പിക്കുന്നുണ്ട്.1 ആ പുസ്തകം കഴിഞ്ഞ ആഴ്ച അച്ചടിച്ചുവന്നിട്ടുണ്ട്. ഇതേ വെബ് മാഗസിനിൽ 2025 നവംബറിൽ ദിലീപ് രാജ്, ഡോ. മഹേഷ് മംഗലാട്ട് എന്നിവർ സോമശേഖരനുമായി നടത്തിയ അഭിമുഖത്തിന്റെ ടെക്സ്റ്റ് പ്രസിദ്ധീകരിച്ചിരുന്നു. അതിൽ അദ്ദേഹം ഇങ്ങനെ പ്രസ്താവിക്കുന്നു:
‘‘ഒരു പ്രസ്താവമായി പറഞ്ഞാൽ ഇന്ന് ഞാൻ ഒരു മാർക്സിസ്റ്റ് അല്ല. ഇതും തെറ്റിദ്ധരിക്കപ്പെടാൻ എളുപ്പമുള്ള പ്രസ്താവമാണെന്ന് അറിയാം. മാർക്സിനോട് അങ്ങേയറ്റത്തെ ബഹുമാനം നിലനിർത്തുമ്പോൾ തന്നെയാണ് ഇതു പറയുന്നത്. ഞാൻ മാർക്സിസ്റ്റ് അല്ല എന്ന് പരസ്യമായി പറയാൻ ആഗ്രഹിക്കുന്നത് ഏതു തരത്തിലുമുള്ള ഇസത്തിനും ഉള്ള ഒരു പ്രശ്നത്തെ മുൻനിർത്തിയാണ്. നിങ്ങൾ ഒരു ഇസം എന്ന് പറയുമ്പോൾ ഏതെങ്കിലും തരത്തിലുള്ള കേന്ദ്രപ്രശ്നത്തെ ഒറ്റപ്പെടുത്തിയെടുക്കുകയാണ്. അരികുകളിലെ മറ്റെല്ലാ വിഷയങ്ങളും പിന്നെ നിങ്ങൾക്ക് വെട്ടിമാറ്റേണ്ടതായി വരും. മാർക്സിനു ശേഷം വിജ്ഞാനത്തിൽ വന്ന വികാസത്തെക്കുറിച്ച് ആലോചിച്ചുനോക്കൂ. അന്നത്തെ ജ്ഞാനാന്തരീക്ഷമല്ല ഇന്നത്തേത്. നിരന്തരം പുതുക്കാതെ ഇക്കാലത്തെ പിടിച്ചെടുക്കാൻ സാധിക്കില്ല.’’2
ഏതാനും വർഷങ്ങൾക്ക് മുമ്പ് ‘മാർക്സിലേക്കുള്ള വഴികൾ’, ‘മാർക്സ്, മാർക്സിസം, മൂലധനം’ എന്നിങ്ങനെയുള്ള പുസ്തകങ്ങൾ എഴുതി മാർക്സിന്റെ ശരിമയെ തെളിയിക്കാൻ വെമ്പിനിന്നിരുന്ന വ്യക്തിയാണ് സോമശേഖരൻ. ഏറെയും അവയിലെ ആവർത്തനങ്ങൾതന്നെയാണ് പുതിയ പുസ്തകമായ ‘ചരിത്രം മാർക്സിസത്തെ മറികടക്കുന്നു’ എന്ന പുസ്തകത്തിലുള്ളതെങ്കിലും മാർക്സിസത്തോടുള്ള ബന്ധവിച്ഛേദനം മറനീക്കി ഇതിലൂടെ പുറത്തുവന്നിരിക്കുകയാണ്. കെ. വേണു 1990കളുടെ ആദ്യത്തിൽ ചെയ്ത കാര്യം സോമശേഖരൻ ഇപ്പോൾ ചെയ്യുന്നു.
കെ. വേണുവും സോമശേഖരനും
ഇന്ത്യയിലെ എം.എൽ പ്രസ്ഥാനം 1972ലെ ചാരു മജുംദാറിന്റെ മരണത്തോടെ ശൈഥില്യം നേരിട്ടശേഷമുള്ള കേരളത്തിലെ പ്രസ്ഥാനത്തിന്റെ പുനഃസംഘടനാ ശ്രമങ്ങളുമായി ബന്ധപ്പെട്ടാണ് കെ. വേണുവും സോമശേഖരനുമെല്ലാം രാഷ്ട്രീയത്തിൽ സജീവമാകുന്നത്. അടിയന്തരാവസ്ഥക്കു ശേഷമാണ് ഈ ശ്രമങ്ങൾ പിന്നെയും മുന്നോട്ടുപോവുന്നത്. പുനഃസംഘടനാ ശ്രമങ്ങൾ ദേശീയാടിസ്ഥാനത്തിൽ കേന്ദ്രീകരിച്ചായിരുന്നില്ല. മറിച്ച് പ്രാദേശികാടിസ്ഥാനത്തിലുള്ള സ്വതന്ത്രശ്രമങ്ങളായിരുന്നു. സൈദ്ധാന്തികമായ വിശദീകരണശേഷിയുള്ള ആളുകൾ എന്നനിലയിൽ ഇതിൽ കെ. വേണുവും സോമശേഖരനും പ്രധാനികളായി മാറുന്നുണ്ട്.
കേരളത്തിലെ നക്സലൈറ്റ് പ്രസ്ഥാനം മറ്റു സംസ്ഥാനങ്ങളിലെ പുനഃസംഘടനാ ശ്രമങ്ങളിൽനിന്ന് വ്യത്യസ്തമായി ചില സവിശേഷതകൾ പ്രകടിപ്പിച്ചതിന് ഇവരുടെ സംഭാവനകൾ ഉണ്ടായിരുന്നു എന്നത് നിഷേധിക്കാനാവില്ല. എംഎൽ പാർട്ടിയുടെ പുനഃസംഘടന മാത്രമല്ല, മറിച്ച് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെതന്നെ പുനഃസംഘടന ലക്ഷ്യമായി സ്വീകരിക്കപ്പെടുന്നുണ്ട്. കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ തന്നെ പിശകുകളെ തിരുത്തി മുന്നോട്ടുപോകുവാനുള്ള മുൻകൈ പ്രവർത്തനത്തിനുള്ള അവസരവും സ്വാതന്ത്ര്യവും ഇരുവർക്കും വന്നുചേർന്നിരുന്നു എന്നതാണ് സത്യം.
ഈ ദൗത്യത്തിൽ ഇരുവരും പരാജയമായിരുന്നുവെന്ന് പ്രത്യേകമായി പറയേണ്ടതില്ലല്ലോ. ഇക്കാലത്ത് ആഗോളമായി കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനേറ്റ തിരിച്ചടികളുടെയും ഇന്ത്യയിലെ എം.എൽ പ്രസ്ഥാനത്തിന്റെ തുടർച്ചയായ ശൈഥില്യത്തിന്റെയും പൊതു പശ്ചാത്തലത്തിൽ ഈ വൈയക്തിക പരാജയങ്ങൾ പ്രാധാന്യമുള്ളതല്ല. എന്നാൽ, വൈയക്തിമായ അനുഭവതലത്തിൽ മാത്രമെടുക്കുമ്പോൾ ഇതു രണ്ടു ജീവിതദൗത്യങ്ങളുടെ പരാജയമായി വരുന്നു. സങ്കടകരമായ ഒന്നാണിത്. ഈ ജീവിതദൗത്യങ്ങളുടെ മഹത്വത്തിലാണ് ഇവർ ജീവിതാവസാനം വരെയും ശേഷവും പരിഗണിക്കപ്പെടുകയും അറിയപ്പെടുകയും ചെയ്യുക. എന്നാൽ പരാജയങ്ങൾ നിശ്ശബ്ദമായി ഇവരെ നിരന്തരം വേട്ടയാടുകയും ചെയ്യും.
കെ. വേണു സെക്രട്ടറിയായിരുന്ന കേന്ദ്രപുനഃസംഘടന കമ്മിറ്റി 1987ൽ പിളർന്ന് വേണുവും സോമശേഖരനും വിരുദ്ധപക്ഷങ്ങളിലാവുന്നുണ്ട്. ഇന്നാരും പ്രാധാന്യത്തോടെ പരിഗണിക്കാത്ത, ‘തൊഴിലാളിവർഗ ജനാധിപത്യം’, ‘സ്വതന്ത്ര കേരളം’ തുടങ്ങിയ മുദ്രാവാക്യങ്ങൾ വേണു തുടർന്ന് മുന്നോട്ടുവെക്കുന്നുണ്ട്. സംഘടന പിളർന്നു ക്ഷയിച്ചുവന്നതിനാൽ അദ്ദേഹം രാഷ്ട്രീയം മതിയാക്കുന്നതിലെത്തിച്ചേരുകയും മാർക്സിസത്തെതന്നെ തള്ളിപ്പറയുകയും ചെയ്തു.
1990കളുടെ ആദ്യത്തിൽ ഇതു നടക്കുമ്പോഴാണ് ആഗോളവത്കരണത്തിന് തുടക്കമാവുന്നത്. ആഗോളവത്കരണത്തിനെതിരായ സമരകേന്ദ്രമായി മാറാൻ സോമശേഖരൻ അംഗമായ സംഘടന കേരളത്തിൽ ശ്രമിക്കുന്നുണ്ട്. അതു നടന്നില്ല. ഏതാണ്ട് പത്തുവർഷത്തിനുള്ളിൽ, അതായത് 2003ൽ അദ്ദേഹത്തിന്റെ സംഘടനയും പിളർന്നു ക്ഷയിച്ചു. അതോടെ, സംഘടനാ പ്രവർത്തനം നിർത്തിയ സോമശേഖരൻ, തുടർന്ന് ചില ജനാധിപത്യ കൂട്ടായ്മകൾ ഉണ്ടാക്കാൻ തുടർച്ചയായി ശ്രമിച്ചിരുന്നെങ്കിലും അവയും പരാജയപ്പെട്ടു.
ഇതാണ് ഇരുവരുടെയും സംക്ഷിപ്ത രാഷ്ട്രീയചരിത്രം. മാർക്സിസത്തിലുള്ള ഇവരുടെ വ്യുൽപത്തി എത്രത്തോളമെന്ന പരിശോധന ഇവിടെ സംഗതമാവുന്നുണ്ട്. പ്രധാനമായും സോമശേഖരന്റെ പുതിയ പുസ്തകത്തെ പരിശോധിക്കാനാണ് ഈ കുറിപ്പിൽ ശ്രമിക്കുന്നത്. അദ്ദേഹം വേണുവിന്റെ വഴി നടക്കുന്നതെങ്ങനെ എന്നത് മനസ്സിലാക്കുന്നതിനുവേണ്ടി മാത്രമാണ് വേണുവിനെ പരാമർശിക്കുന്നത്.
കെ. വേണുവും മാർക്സിസവും
ആത്മകഥാപരമായ കെ. വേണുവിന്റെ എഴുത്തുകളിൽനിന്ന് മനസ്സിലാക്കാവുന്ന ഒരു കാര്യം അദ്ദേഹത്തിന്റെ ബൗദ്ധികാന്വേഷണത്തിന്റെ ഉന്നതബിന്ദു അദ്ദേഹം ലെനിനെ ജനാധിപത്യവിരുദ്ധനായി തിരിച്ചറിയുന്ന നിമിഷമാണ്. അതുതൊട്ടാണ് അദ്ദേഹം മാർക്സിസത്തെ ഉപേക്ഷിക്കുന്നതും മാർക്സിസ്റ്റ് വിരുദ്ധനായി തീരുന്നതും. വളരെ വൈകാരികഭാരത്തോടെ, ഒരു വെളിപാടെന്നോ ദിവ്യജ്ഞാനലബ്ധിയെന്നോ മട്ടിലാണ് അദ്ദേഹം ഇത് അവതരിപ്പിക്കുന്നത്. ശരിക്കും കരഞ്ഞുപോയി എന്നദ്ദേഹം പറയുന്നു. ട്രേഡ് യൂനിയനുകളുടെ ഭരണകൂടബന്ധം സംബന്ധിച്ച് ട്രോട്സ്കിയുമായുള്ള വിവാദത്തിൽ ലെനിൻ അവയെ പൽചക്രങ്ങളായി വിശേഷിപ്പിച്ചതാണ് സന്ദർഭം.3 തൊഴിലാളിവർഗ സർവാധിപത്യത്തിൽ പാർട്ടി നേതൃത്വത്തിന്റെ ഏകാധിപത്യമാണെന്നും അതിൽ ജനാധിപത്യം സാധ്യമല്ലെന്നിത് തെളിയിക്കുന്നുവെന്നും ലെനിനിൽനിന്നുതന്നെയാണ് ഇതു തുടങ്ങുന്നതെന്നും വേണു പറയുന്നു.
വേണുവിന്റെ സത്യസന്ധതയും നിഷ്കളങ്കതയും ആത്മാർഥതയും വൈകാരികതയും മാനിക്കേണ്ടതുതന്നെ. പക്ഷേ, ഈ കരച്ചിൽ കണ്ട് ചിരിക്കാനുള്ള മറ്റുള്ളവരുടെ അവകാശവും അനുവദിക്കപ്പെടണം. ഒന്നാമത്, ഈ പൽചക്രപരാമർശം 1980കളിൽ വ്യാപകമായിട്ടുള്ള ഒന്നാണ്. സോവിയറ്റ് യൂനിയനിലെ പാർട്ടി സെക്രട്ടറി ഗോർബച്ചോവ് തന്റെ പ്രചാരണങ്ങളിൽ ഇത് ഉപയോഗിക്കുന്നുണ്ട്. മിഖാേയൽ ഹെല്ലർ (Mikhail Heller) എഴുതിയ ഒരു റഷ്യൻ പുസ്തകത്തിന്റെ ഇംഗ്ലീഷ് പരിഭാഷ ‘Cogs in the Soviet Wheel –The Formation of Soviet Man’ എന്ന ടൈറ്റിലിൽ 1988ൽ ലണ്ടനിൽനിന്ന് പ്രസിദ്ധീകരിക്കപ്പെടുന്നുണ്ട്. ഇതിന്റെ മൂലകൃതി ഇറങ്ങിയത് 1985ലാണ്. ഈ കൃതിയിൽ ഉപയോഗിച്ചിരിക്കുന്ന പരിഹാസച്ചുവയുള്ള ‘Homo Sovieticus’ എന്ന പേര് സോമശേഖരന്റെ പുസ്തകത്തിലെ ആദ്യാധ്യായത്തിലെ വിവിധ മനുഷ്യവംശ സ്പീഷീസുകളുടെ പേരുകൾ വായിക്കുമ്പോൾ ഓർക്കാവുന്നതാണ്.
വേണുവിന്റെ ബോധോദയമെന്ന മട്ടിലുള്ള അവതരണത്തിലെ വശപ്പിശകിനെക്കാളും നമ്മെ അമ്പരപ്പിക്കുന്നത്, അദ്ദേഹം എത്രമാത്രം ഡോഗ്മാറ്റിക് ആണെന്നുള്ളതാണ്. ലെനിനോ മാർക്സ് തന്നെയോ തിരുത്തലുകൾക്ക് വിധേയരല്ല എന്ന നിലയിലാണ് അദ്ദേഹം കാണുന്നത്. സോവിയറ്റ് യൂനിയനിലെ സോഷ്യലിസ്റ്റ് പരീക്ഷണത്തെ വിമർശനബുദ്ധ്യാ കാണുന്ന ആശയപരിസരംകൂടി ഉൾപ്പെട്ടതാണ് മാർക്സിസം. സോവിയറ്റ് യൂfoയനെ സോഷ്യലിസ്റ്റ് എന്നും ജീർണിച്ച സോഷ്യലിസ്റ്റ് സ്റ്റേറ്റ് എന്നും സ്റ്റേറ്റ് കാപിറ്റലിസ്റ്റ് എന്നും വിശേഷിപ്പിച്ചുള്ള ട്രോട്സ്കിയിസ്റ്റുകൾക്കിടയിൽ നടന്ന തർക്കങ്ങൾ പ്രസിദ്ധമാണ്. മാർക്സിന്റെ വിമോചനാശയങ്ങൾക്ക് അനുസരിച്ചല്ല സോവിയറ്റ് ഭരണകൂടം പ്രവർത്തിക്കുന്നത് എന്ന വിമർശനമുന്നയിച്ചുകൊണ്ട് 1958ൽ ഫ്രാങ്ക്ഫർട്ട് സ്കൂളിലെ ഹെർബർട്ട് മാർക്യൂസ് ‘സോവിയറ്റ് മാർക്സിസം –ഒരു വിമർശനപരമായ വിശകലനം’ എന്ന പുസ്തകം പ്രസിദ്ധീകരിക്കുന്നുണ്ട്. ലെനിനെയും സോവിയറ്റ് യൂനിയനെയും തള്ളിപ്പറഞ്ഞുകൊണ്ടുതന്നെ മാർക്സിസ്റ്റ് ആകാമായിരുന്നുവെന്ന് ഈ ഉദാഹരണങ്ങൾ സൂചിപ്പിക്കുന്നു.
വേണുവിന്റെ പ്രശ്നം മാർക്സിസംതന്നെയായിരുന്നു. തത്ത്വചിന്താപരമായി പോസിറ്റിവിസമാണ് തന്നെ ആകർഷിച്ചിട്ടുള്ളതെന്ന് വേണു പറഞ്ഞിട്ടുണ്ട്. പോസിറ്റിവിസം ഒരാളിന്റെയുള്ളിൽ രൂഢമൂലമായ മനോഭാവത്തെയാണ് സൃഷ്ടിക്കുന്നത്. ഭൗതികലോകവും സമൂഹവും സ്വയംസിദ്ധമായ ശാസ്ത്രീയ നിയമങ്ങളാൽ ചലിക്കുന്നു എന്നതാണതിന്റെ നിലപാട്. രാഷ്ട്രീയമോ സദാചാരപരമോ സ്വേച്ഛാപരമോ പ്രത്യയശാസ്ത്രപരമോ ആയ പക്ഷപാതിത്വങ്ങളൊന്നുമില്ലാതെ വേണം ശാസ്ത്രവും അന്വേഷണങ്ങളും നടക്കേണ്ടതെന്നുമാണതിന്റെ വാദം. നിലനിൽക്കുന്ന ഒന്നിൽ ഇത്തരം പക്ഷപാതപരമായ ഇടപെടലുകളെയോ നിയന്ത്രണങ്ങളെയോ മാറ്റങ്ങളെയോ അത് ഇഷ്ടപ്പെടുന്നില്ല. അവയെല്ലാം പാപങ്ങളോ നിഷിദ്ധങ്ങളോ ദുരന്തപര്യവസായിയായതോ ആയിട്ടാണ് ഇത്തരക്കാർ കണക്കാക്കുക.
മാർക്സിസം ഇതിനു കടകവിരുദ്ധമായ ഒരു തത്ത്വചിന്തയാണ് മുന്നോട്ടുവെക്കുന്നത്. ഫോയർബാക്കിനെ കുറിച്ചുള്ള പതിനൊന്ന് തീസിസുകളിൽ അവസാനത്തേതിൽ മാർക്സ് ഇങ്ങനെ പ്രഖ്യാപിച്ചു. ‘‘തത്ത്വചിന്തകർ ലോകത്തെ പലവിധത്തിൽ വ്യാഖ്യാനിക്കുക മാത്രമാണ് ചെയ്തത്. പക്ഷേ, അതിനെ മാറ്റുക എന്നതാണ് പ്രധാനമായിരിക്കുന്നത്.’’ ഈ വാചകമാണ് മാർക്സിന്റെ ശവകുടീരത്തിൽപോലും കൊത്തിവെച്ചിട്ടുള്ളത്. തന്റെ സാഹചര്യങ്ങളെ മാറ്റുക എന്നതാണ് മനുഷ്യന്റെ കടമ എന്നാണ് മാർക്സിസം കണക്കാക്കുന്നത്. മാറ്റത്തിന്റെ കർതൃത്വം മനുഷ്യനിലുണ്ട്. എന്ത് എങ്ങനെ മാറ്റണമെന്നത് സമൂർത്തസാഹചര്യങ്ങളാൽ നിശ്ചയിക്കപ്പെടുന്നു. ചുറ്റുപാടുകളെ മാറ്റുന്നതിലൂടെ മനുഷ്യൻ കൂടുതൽ സ്വതന്ത്രനായ, വികസിതമായ മനുഷ്യനായി സ്വയം പരിണമിക്കുന്നു.
പോസിറ്റിവിസ്റ്റുകൾ പൊതുവിൽ വ്യവസ്ഥാപാലകരായിട്ടാണ് പരിണമിക്കുക. ആരെങ്കിലും ആദർശം, പ്രത്യയശാസ്ത്രം തുടങ്ങിയവയാൽ പ്രേരിതമായി മാറ്റത്തിനു ശ്രമിച്ചാൽ അതു ദുരന്തത്തിലാണ് കലാശിക്കുക എന്ന് പോസിറ്റിവിസ്റ്റുകൾ കരുതുന്നു. അത് സ്വച്ഛന്ദതയെ തകർക്കുന്ന സ്വേച്ഛാധികാരപ്രയോഗമാണ്. അത് അനുവദനീയമല്ല.
പോസിറ്റിവിസ്റ്റായ വേണു തീവ്രവിപ്ലവ നിലപാടുള്ള ഒരു എം.എൽ സംഘടനയുടെ തലപ്പത്തുവന്നതുതന്നെ വിസ്മയകരമാണെന്നതിലേറെ ആ പ്രസ്ഥാനത്തിന്റെ ദൗർബല്യത്തെത്തന്നെയാണ് വെളിപ്പെടുത്തുന്നതെന്ന് സംഘടനയുടെ മറ്റൊരു നേതാവായ എം.എസ്. ജയകുമാർ മുമ്പ് പറഞ്ഞത് ഇവിടെ സ്മരണീയമാണ്. വ്യവസ്ഥാപരിവർത്തനം എന്ന അജണ്ടയിലേക്ക് കടക്കാൻ വേണുവിന് കഴിയുമായിരുന്നില്ല. മാർക്സിസത്തിലെ അദ്ദേഹത്തിന്റെ മനസ്സിലാക്കലും ഇടപെടലും പോസിറ്റിവിസ്റ്റ് ചട്ടക്കൂടിനുള്ളിൽനിന്നുകൊണ്ട് മീഡിയോക്കർ തലത്തിലുള്ള യാന്ത്രികവാദമോ വരട്ടുവാദമോ ആകാനേ തരമുണ്ടായിരുന്നുള്ളൂ.
സോമശേഖരന്റെ പുതിയ പുസ്തകം
‘ചരിത്രം മാർക്സിസത്തെ മറികടക്കുന്നു’ എന്ന 80 പേജ് മാത്രമുള്ള സോമശേഖരന്റെ പുതിയ ചെറുപുസ്തകത്തിന് മുഖവുരക്ക് പുറമെ ഏഴ് അധ്യായങ്ങളാണ് ഉള്ളത്. മുഖവുര ലോകത്തിന്റെ വർത്തമാനവും ഭാവിയും സംബന്ധിച്ച വ്യാകുലചിന്തകളാണ് പങ്കുവെക്കുന്നത്. അതോടൊപ്പം, ‘‘സൂക്ഷ്മവും സ്ഥൂലവുമായ തലങ്ങളിൽ ആഗോളസമൂഹത്തിലെ രാസഘടനയിൽ തന്നെ ഉണ്ടായിക്കൊണ്ടിരിക്കുന്ന’’ എളുപ്പത്തിൽ വിശകലനം ചെയ്യാനും വിധിക്കാനുമാകാത്ത സങ്കീർണമായ മാറ്റങ്ങളുമുണ്ട് എന്നും പറയുന്നു. ‘‘മുകളിൽ ദർശിച്ച നിരാശജനകമായ ലോകത്തിന്റെ അകസ്ഥലികളിൽ ഇത്തരം ചില വലിയ അടിയൊഴുക്കുകളുണ്ട് എന്ന് ചൂണ്ടിക്കാട്ടുകയാണ് ഈ ചെറിയ പുസ്തകത്തിന്റെ പ്രധാനോദ്ദേശ്യം’’ എന്നു മുഖവുര തുടരുന്നു. തുടർന്ന് പ്രവൃത്തി ആഹ്വാനം ചെയ്തുകൊണ്ട് മുഖവുരയിൽ പറയുന്ന കാര്യങ്ങളോട് നീതിപുലർത്തുന്നതല്ല പുസ്തകത്തിന്റെ ഉള്ളടക്കം. ആ വാചകങ്ങൾ ഇവയാണ്:
‘‘ഇതു വെറുതെ ചൂണ്ടിക്കാട്ടുക എന്നതല്ലാതെ ആശയ സംഹിതകളടക്കം ചിന്താലോകത്തെയാകെ അതിനനുരോധമായി ഉടച്ചുവാർക്കേണ്ടതുമുണ്ട്. രാഷ്ട്രീയ സാമൂഹ്യ പ്രവർത്തനങ്ങളുടെ മണ്ഡലങ്ങളിലാകെ പുതിയൊരു കാഴ്ചപ്പാട് രൂപപ്പെടുത്തേണ്ടതുണ്ട് എന്നുകൂടി ഇവിടെ പറയേണ്ടതുണ്ട്. മഹാമാറ്റങ്ങളുടെ ഇത്തരമൊരു പ്രക്രിയയിലൂടെ കടന്നുപോകുന്ന ലോകം അതിനു ചേർന്ന ചിന്തയും പ്രവൃത്തിയുമാണാവശ്യപ്പെടുന്നത്.’’ (പേജ് 8)
‘‘സ്വാഭാവികമായ ഒരു ചരിത്ര പ്രക്രിയ എന്നനിലയിൽ മുന്നിലുള്ള സാധ്യതകളായി കാണാവുന്ന ഇതെല്ലാം താനെ സംഭവിച്ചുകൊള്ളും എന്നതിനെയൊന്നും തെറ്റിദ്ധരിക്കയുമരുത്. മാനുഷികവും സാമൂഹികവുമായ സജീവ ഇടപെടലുകൾകൂടി ഇതാവശ്യപ്പെടുന്നുണ്ട്. സാമൂഹ്യമാറ്റത്തിനുള്ള ശ്രമങ്ങൾക്ക് ശക്തികുറക്കുകയല്ല, ചരിത്രത്തിന്റെ പ്രതീക്ഷിത ഭാവി വഴികൾ തിരിച്ചറിഞ്ഞുവേണമതെന്നുകൂടിയാണ് ഇവിടെ ഉദ്ദേശിക്കുന്നത്.’’ (പേജ് 9)
അവസാന അധ്യായത്തിന്റെ അവസാന ഖണ്ഡികയും ഇതുതന്നെയാണ് ആവർത്തിക്കുന്നത്: “മൂലധനാധിപത്യത്തിനു കീഴിൽ ഇന്ന് നിലനിൽക്കുന്ന സാമ്പത്തിക രാഷ്ട്രീയ അധികാര ബന്ധഘടനകൾക്കകത്ത് ഈ മാറ്റത്തിന്റെ സൂചനകളെല്ലാം സ്വയമേവ പ്രവർത്തിച്ച് വ്യവസ്ഥാ പരിവർത്തനം സാധ്യമാക്കിക്കൊള്ളുമെന്ന് ഇതിനെ വായിക്കുകയുമരുത്. പരിവർത്തനത്തിനുള്ള സാഹചര്യം നിലനിൽക്കുന്നു എന്നതിനപ്പുറം മനുഷ്യരുടെയും പ്രസ്ഥാനങ്ങളുടെയുമെല്ലാം ഇടപെടലുകളാണ് പരിവർത്തനത്തിന്റെ എക്കാലത്തെയും നിർണായക ഘടകങ്ങൾ. പക്ഷേ ഈ ഇടപെടലുകൾ നിലനിൽക്കുന്ന മൂർത്ത സാഹചര്യവും അതിനുള്ളിലെ സാധ്യതകളും തിരിച്ചറിഞ്ഞുവേണം എന്നതാണിതിലെ താൽപര്യം.” (പേജ് 80)
മുഖവുരയുടെ അവസാനത്തിലും പുസ്തകാവസാനത്തിലുമുള്ള ഈ വരികൾ സോമശേഖരൻ മാർക്സിസത്തിന്റെ പഴയ ഹാങ്ങോവറിൽ എഴുതിയതാണ്. കാരണം ഒന്നാം അധ്യായത്തിന്റെ അവസാനത്തിൽ ഇതിനെ ഖണ്ഡിച്ചുകൊണ്ടാണ് എഴുതിയിരിക്കുന്നത്.
മനുഷ്യവംശ ചരിത്രം
‘മനുഷ്യവംശത്തിന്റെ ദീർഘചരിത്രം’ എന്ന ഒന്നാം അധ്യായത്തിൽ സോമശേഖരൻ ചെയ്യുന്നത് ആന്ത്രപ്പോളജി അഥവ നരവംശശാസ്ത്രത്തിലെ നവീനമായ കണ്ടെത്തലുകളെയും ഗവേഷണഫലങ്ങളെയും അണിനിരത്തുക എന്നതാണ്. അതിന്റെ ലക്ഷ്യം മാർക്സും എംഗൽസും മനുഷ്യന്റെ ആദിമചരിത്രത്തെ സംബന്ധിച്ച് രൂപപ്പെടുത്തിയ പ്രാഥമികസങ്കൽപങ്ങൾ തെറ്റായിരുന്നു എന്നു സ്ഥാപിക്കലാണ്. ഉദാഹരണത്തിന് മനുഷ്യസമൂഹത്തിന്റെ ആദ്യഘട്ടത്തിൽ വർഗങ്ങളില്ലായിരുന്നു, നിവർന്നുനിൽക്കാനായതിനാൽ കൈകൾ സ്വതന്ത്രമായതാണ് ഉപകരണനിർമാണത്തിനും തദ്വാര ഭാഷ, ബുദ്ധിവികാസത്തിനും വഴിതെളിയിച്ചത്, സാർവത്രികമായ അടിമവ്യവസ്ഥിതി നിലനിന്നിരുന്നു തുടങ്ങിയ സങ്കൽപങ്ങളും പ്രാകൃത കമ്യൂണിസം എന്ന കാലഗണനയും എല്ലാം തെറ്റെന്ന് തെളിഞ്ഞിരിക്കുന്നു എന്നാണ് വാദം.
വളരെ ബാലിശമാണ് ഈ വാദം. ഇന്നത്തെ നരവംശശാസ്ത്ര കാഴ്ചപ്പാടുകൾ പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ച മാർക്സും എംഗൽസും അന്നേ പറഞ്ഞിരുന്നെങ്കിൽ മാത്രമേ സോമശേഖരന് സമാധാനം കിട്ടുകയുള്ളൂ. കേൾക്കുന്നവരെ വാ പൊളിപ്പിച്ചുനിർത്താൻ തക്കവണ്ണമുള്ള ഈ പാണ്ഡിത്യപ്രകടനത്തിന്റെ ഗിമ്മിക്ക് പൊടിക്ക് അടങ്ങുമ്പോൾ, നമുക്ക് പതിയെ പറയാനുള്ളത് ഇത്രയുമാണ്: ‘‘മാർക്സിസ്റ്റ് ആന്ത്രപ്പോളജി വളരെ ശക്തമായ, സജീവമായ ഒരു വിജ്ഞാനശാഖയാണ്.’’
എന്താണ് ഫലശ്രുതി എന്നതിലേക്ക് വരാം. അധ്യായത്തിന്റെ അവസാനം ഇങ്ങനെ പറയുന്നു: ‘‘കേന്ദ്രപ്രശ്നം, ഉൽപാദനോപകരണങ്ങളുടെയും ബന്ധങ്ങളുടെയുമെല്ലാം ദീർഘകാല ചരിത്രം പല സ്പീഷീസുകൾ ഉൾപ്പെടുന്ന പരിണാമ പ്രക്രിയയുമായി കൂടി നേരിട്ടുതന്നെ കെട്ടുപിണഞ്ഞു കിടക്കുന്നു എന്നതാണ്. പ്രകൃതിയുടെയും പ്രപഞ്ചത്തിന്റെ തന്നെയും സമഗ്ര ഘടനാബന്ധങ്ങളിൽനിന്ന് വേറിട്ടതോ കേവലമായി സ്വതന്ത്രാസ്തിത്വമുള്ളതോ ആയ ഒരു വംശമോ പ്രതിഭാസമോ ഒന്നുമല്ല മനുഷ്യനും അവന്റെ ചരിത്രവും. സ്വന്തം വിധിയും ചരിത്രവുമൊന്നും നിർണയിക്കാനുള്ള കേവലാധികാരവും മനുഷ്യനില്ല. തനിക്ക് തെരഞ്ഞെടുക്കുന്നതിന് പരിമിതികളുള്ള, ലഭ്യമായ സാഹചര്യത്തിനകത്താണവൻ നിലനിൽക്കുകയും പ്രവർത്തിക്കുകയും ചെയ്യുന്നത് എന്ന് തിരിച്ചറിയുകയും പറയുകയും ചെയ്ത ആളാണ് മാർക്സ്. ‘‘മനുഷ്യൻ ദൈവത്തിന്റെ സ്ഥാനത്ത് തന്നെ തന്നെ പ്രതിഷ്ഠിക്കേണ്ടതില്ലെ’’ന്നും ഇതു പറയുന്നു. കൂടാതെ, ‘‘ജനങ്ങളാണ് ചരിത്രം സൃഷ്ടിക്കുന്നത്’’ എന്നു തുടങ്ങിയ അതിപ്രസ്താവങ്ങളുടെ പരിമിതിയും.’’ (Emphasis added.)
മുഖവുരയിൽ പറഞ്ഞതിനു വിപരീതമായി ഈ വാചകങ്ങളിൽ മനുഷ്യന്റെ കർതൃത്വത്തെ ഗ്രന്ഥകർത്താവ് എടുത്തുകളയുന്നു. അതിന് മാർക്സിനെ കൂട്ടുപിടിക്കുന്നത് വാക്കുകളെ ഭാഗികമായി മാത്രം ഉദ്ധരിച്ചാണ്. ‘The Eighteenth Brumaire of Louis Bonaparte’ എന്ന വിഖ്യാത ഗ്രന്ഥത്തിൽ മാർക്സ് യഥാർഥത്തിൽ പറഞ്ഞത് ഇതാണ്: ‘‘മനുഷ്യൻ തന്റെ സ്വന്തം ചരിത്രത്തെ സൃഷ്ടിക്കുന്നു. പേക്ഷ, തങ്ങൾ ആഗ്രഹിച്ചപോലങ്ങ് സൃഷ്ടിക്കുകയല്ല. സ്വയം തെരഞ്ഞെടുത്ത ചുറ്റുപാടിലുമല്ല അവരത് സൃഷ്ടിക്കുന്നത്. മറിച്ച്, ഇപ്പഴേ നിലകൊള്ളുന്ന, ഭൂതകാലത്തിൽനിന്ന് കൈമാറിക്കിട്ടിയ, ലഭ്യമായ, ചുറ്റുപാടുകളിലാണവർ അതു സൃഷ്ടിക്കുന്നത്.’’ (Emphasis added.) മാർക്സ് മനുഷ്യന്റെ കർതൃത്വത്തെ സ്ഥാപിക്കുകയാണ് ചെയ്യുന്നത്.
വർഗസമരം
‘വർഗസമരം ചരിത്രത്തിൽ’ എന്നാണ് രണ്ടാമധ്യായത്തിന്റെ തലവാചകം. ഇതിനുമുമ്പുതന്നെ ചിലയിടങ്ങളിൽ എഴുതിയ ആശയങ്ങളുടെ ആവർത്തനമാണ് ഈ അധ്യായം. മാർക്സിസത്തിന്റെ അടിസ്ഥാന ആശയങ്ങളെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ അജ്ഞതയെ വെളിപ്പെടുത്തുന്നതാണ് ഈ എഴുത്ത് എന്നേ പറയേണ്ടൂ.
ഈ അധ്യായത്തിൽനിന്നെടുത്ത ചില ഉദ്ധരണികൾ നോക്കുക:
‘‘മാത്രവുമല്ല, വർഗസമരങ്ങളുടെ ഫലമായി അടിമകൾ ഭരണാധികാരികളാവുകയോ ഒന്നുമുണ്ടാകുന്നുമില്ല. പകരം കാലക്രമത്തിൽ അടിമക്കും ഉടമക്കും പകരം തികച്ചും പുതിയ സാമൂഹ്യവർഗങ്ങളും ഉൽപാദനക്രമവും രൂപമെടുത്തതായാണ് കാണുക.’’ (പേജ് 26)
‘‘അടിമയും ഉടമയും തമ്മിലുള്ള ആഭ്യന്തരവർഗസമരങ്ങളുടെ സ്വാഭാവികവും രേഖീയവുമായ ഫലമായാണ് യൂറോപ്യൻ ഫ്യൂഡലിസം രൂപപ്പെട്ടതെന്ന് പറയാനാകില്ലെന്നതാണിവിടെ പ്രധാനം.’’ (പേജ് 26)
‘‘അടിമയും ഉടമയും തമ്മിലും കർഷകരും പ്രഭുക്കളും തമ്മിലും ഉണ്ടായ വർഗസമരങ്ങൾ ഇവയിലേതെങ്കിലും ഒന്നിനെ ഇല്ലാതാക്കി മറുപക്ഷം അധികാരത്തിലേറുന്നതല്ല ചരിത്രം. പകരം പുതിയ ഉൽപാദന ക്രമങ്ങളും പുതിയ സാമൂഹ്യവർഗങ്ങളും പഴയതിനെ ഇല്ലാതാക്കി പുതിയൊന്നിലേക്ക് സമൂഹത്തെ വളർത്തുന്നതാണത്.’’ (പേജ് 27)
മുമ്പ് ഇമ്മട്ടിലുള്ള സോമശേഖരന്റെ എഴുത്ത് വായിച്ചിട്ട്, വായന നിർത്തി പുസ്തകത്താളിൽ വിരലുകൊണ്ട് മേടിക്കൊണ്ടിരുന്ന ഒരു അനുഭവം എനിക്കുണ്ട്. ‘Teachers must be taught first’ എന്നു മനസ്സുകൊണ്ട് പറഞ്ഞുപോയി. സോമശേഖരൻ പറയാൻ ശ്രമിക്കുന്നത്, മുതലാളിയും തൊഴിലാളിയും തമ്മിലുള്ള വർഗസമരത്തിൽ തൊഴിലാളി അധികാരത്തിൽ വരും എന്നൊരു വിചാരമൊന്നും വേണ്ട എന്നാണ്. കമ്യൂണിസ്റ്റ് മാനിഫെസ്റ്റോ ഒക്കെ എഴുതിയ മാർക്സും എംഗൽസുമൊക്കെ അത്രക്കും വിവരമില്ലാത്തവരായിരുന്നോ? സോമശേഖരനാണോ ആദ്യമായി ഇക്കാര്യം മനസ്സിലാക്കിയത്? ഇതൊക്കെ സോമശേഖരൻ സ്വയം ചോദിക്കേണ്ട ചോദ്യങ്ങളായിരുന്നു.
മുൻകാല ചൂഷിതവർഗങ്ങളിൽനിന്ന് വ്യത്യസ്തമായി എന്തുകൊണ്ട് തൊഴിലാളിവർഗത്തെ വിപ്ലവവർഗമായി കണക്കാക്കുന്നു എന്നതിന്റെ വിശദീകരണത്തിൽ മാർക്സിസ്റ്റ് പാഠപുസ്തകങ്ങളിൽ ഈ വിഷയം സവിസ്തരമായി പ്രതിപാദിക്കുന്നുണ്ട്. മുൻവർഗസമൂഹങ്ങളെ ഭരിക്കുന്ന ചലനനിയമങ്ങൾ അന്ധമായിട്ടാണ് പ്രവർത്തിച്ചിരുന്നത്. സോമശേഖരൻ തന്നെ ഇതിനെ ഒന്നാം അധ്യായത്തിൽ സംസ്കൃതിക്കുമുമ്പുള്ള മനുഷ്യന്റെ ദീർഘചരിത്രത്തിന്റെ കാര്യത്തിൽ പിന്തുണയ്ക്കുന്നുണ്ട്. ‘‘അതുവരെയുള്ള നീണ്ടകാലം മനുഷ്യവംശം (അല്ലെങ്കിൽ വംശങ്ങൾ) പരിണാമപ്രക്രിയയുടെ ആധിപത്യത്തിനും നിയന്ത്രണത്തിനും കീഴിൽ, ഇന്നു നോക്കുമ്പോൾ താരതമ്യേന അന്ധമായി സഞ്ചരിക്കുകയായിരുന്നുവെന്ന് വേണമെങ്കിൽ പറയാം.’’ (പേജ് 17). ഇത് മുതലാളിത്തപൂർവ വർഗസമൂഹങ്ങളുടെ കാര്യത്തിലും ബാധകമാണ്. എന്നാൽ, ആധുനികഘട്ടത്തിൽ തൊഴിലാളിവർഗം തിരിച്ചറിവ് നേടാൻ കെൽപുള്ള വർഗമായി നിലകൊള്ളുന്നു എന്നതാണ് വ്യത്യാസം.
തിരിച്ചറിവ് നേടുന്ന ഒരു വർഗം ചരിത്രപ്രക്രിയയിൽ ബോധപൂർവം ഇടപെടുന്നു എന്നു വാദിക്കുന്നിടത്താണ് മാർക്സിസം മറ്റെല്ലാ പ്രത്യയശാസ്ത്രങ്ങളിൽനിന്നും വിഭിന്നമായിരിക്കുന്നത്. തീർച്ചയായും ജനാധിപത്യവിപ്ലവങ്ങൾ നടന്ന യൂറോപ്പിൽ, ആ സമരതീച്ചൂളകളുടെ ചൂടിൽ ജീവിച്ചതുകൊണ്ടുതന്നെയാണ് മാർക്സിന് ഈയൊരു ആശയം മുന്നോട്ടുവെക്കാനാവുന്നത്. സോമശേഖരൻ പറയുന്നതുപോലെ അതൊരു പരിമിതിയല്ല. അതാണതിന്റെ മേന്മ. ജനാധിപത്യം ചരിത്രപ്രക്രിയയിലെ മനുഷ്യന്റെ ബോധപൂർവമായ ഇടപെടലിന്റെ ഫലമായുണ്ടായതാണ്. പക്ഷേ, ചൂഷകവ്യവസ്ഥിതിയെ അതു തകർക്കുന്നില്ല എന്നതുകൊണ്ട് അത് ഭാഗികമാണ്. ബോധപൂർവമുള്ള ചരിത്രത്തിലെ ഇടപെടൽ എന്നത് ഇന്നും ഒരു സമസ്യയായി തുടരുന്നതുകൊണ്ടാണ്, ചരിത്രത്തിലെ ഏറ്റവും കൂടുതൽ ഗവേഷണം നടക്കുന്ന ചരിത്രസംഭവമായി ഫ്രഞ്ച് വിപ്ലവം ഇന്നും തുടരുന്നത്.
ചൂഷകവ്യവസ്ഥിതിയായ മുതലാളിത്തത്തിൽ തൊഴിലാളിവർഗമടക്കമുള്ള മഹാഭൂരിപക്ഷവും അന്യവത്കരണത്തിന് വിധേയമാകുന്നു. സ്പീഷീസിന്റെ തനതുസ്വഭാവവിശേഷങ്ങൾ പ്രകടിപ്പിക്കാനാവാതെ വരുന്നു. അതുകൊണ്ട് സ്വാതന്ത്ര്യവും വികാസസാധ്യതകളും പരിമിതമാവുന്നു. മനുഷ്യന്റെ ചരിത്രനിർമിതി മുരടിക്കുന്നു. അതിനാൽ ചൂഷകവ്യവസ്ഥിതിയെ തകർത്ത് അന്യവത്കരണം അവസാനിപ്പിക്കുമ്പോൾ മാത്രമാണ് സ്പീഷീസിന്റെ സത്തയെ പ്രകാശിപ്പിക്കാനും യഥാർഥ ചരിത്രം ആരംഭിക്കാനും മനുഷ്യന് കഴിയുകയുള്ളൂ എന്നാണ് മാർക്സിന്റെ നിലപാട്. (ചൂഷകവ്യവസ്ഥിതിയിൽനിന്നുള്ള) വിമോചനം, വിപ്ലവം, ചരിത്രപ്രക്രിയയിൽ ബോധപൂർവമായ ഇടപെടൽ തുടങ്ങിയവയൊക്കെയാണ് മാർക്സിന്റെ ആശയലോകത്തെ വ്യത്യസ്തമാക്കുന്നത്.
മാർക്സിസത്തിനുള്ളിലെ എക്കാലത്തെയും വലിയ വിവാദവിഷയമാണ് ബോധപൂർവമായ ചരിത്രത്തിലെ ഇടപെടൽ. തൊഴിലാളി സ്വയമേ വിപ്ലവവർഗമല്ല, സമൂഹത്തെ ബോധപൂർവം മാറ്റുകയാണ് എന്ന വിപ്ലവബോധം തൊഴിലാളി ആർജിക്കേണ്ടതുണ്ട് എന്നിടത്തുതന്നെ അതിന്റെ സങ്കീർണത ആരംഭിക്കുന്നു. സോവിയറ്റ് മാർക്സിസത്തിൽ ബോധത്തിന്റെ ഘടകത്തിന് പ്രാധാന്യം കുറയുന്നുണ്ട്. അതിനെതിരായാണ് ‘History and Class Consciousness’ എന്ന പുസ്തകം ജോർജ് ലൂക്കാക്സ് എഴുതുന്നത്. യൂറോപ്പിൽ സോവിയറ്റ് മാർക്സിസത്തിനെതിരെ വിമത അല്ലെങ്കിൽ ബദൽ ശബ്ദത്തിന് തുടക്കം കുറിച്ചവരാണ് ലൂക്കാക്സും കാൾ കോർഷുമൊക്കെ. എന്നാൽ, ഇത്തരത്തിലുള്ള യൂറോപ്പിലെ മാർക്സിസ്റ്റ് ബുദ്ധിജീവികൾ ഒക്കെ ‘കുഞ്ഞിരാമൻമാർ’ ആണെന്നാണ് സോമശേഖരൻ ഒരിടത്ത് പ്രസംഗിച്ചതത്രെ. തങ്ങൾ വിളിക്കപ്പെടേണ്ട പേര് ആളുകൾ കൂടുതൽ ഉച്ചരിക്കുമായിരിക്കും.
വിമോചനം, വിപ്ലവം തുടങ്ങിയ ആശയങ്ങളൊക്കെ ഉപേക്ഷിക്കുന്നു എങ്കിൽ, ചൂഷണത്തോടും ചൂഷകവ്യവസ്ഥിതിയോടും ഒരാൾക്ക് രാജിയാകേണ്ടിവരും. അതാണ് അടുത്ത അധ്യായത്തിൽ സോമശേഖരൻ ചെയ്യുന്നത്.
ജാതിയും ചൂഷക വ്യവസ്ഥിതിയും ന്യായീകരിക്കപ്പെടുന്നു
‘സ്പീഷീസാണ് പ്രകൃതിക്ക് മുഖ്യം’ എന്ന മൂന്നാമധ്യായത്തിൽ സോമശേഖരൻ പറയുന്നത് നോക്കുക:
‘‘ഇന്ന് നിലനിൽക്കുന്ന വർഗവ്യത്യാസങ്ങൾ മാത്രമല്ല, പൊതുവിൽ വർഗങ്ങളായി പിരിഞ്ഞുള്ള സാമൂഹിക സംഘടനാരൂപംതന്നെ പുതിയ സാമൂഹിക സംഘടനാ രൂപങ്ങൾക്ക് വഴിമാറും എന്നാണ് മനുഷ്യവംശം സഞ്ചരിച്ചെത്തിയ വഴി ഉറപ്പിച്ചുപറയുക. വർഗ വിഭജനങ്ങളടക്കം സാമൂഹ്യവിഭജനങ്ങളും അവക്കിടയിലെ സംഘർഷങ്ങളുമെല്ലാം തിരിച്ചു വരാനാഗ്രഹിക്കാത്ത നിരവധി അനീതികളും നിഷ്ഠൂര ഫലങ്ങളും മനുഷ്യ ചരിത്രത്തിലുണ്ടാക്കിയിട്ടുണ്ട്. എന്നാൽ, മനുഷ്യ ചരിത്രം പൊതുവിലെടുത്താൽ ഈ ചരിത്രകാലങ്ങൾ ഹോമോസാപിയൻ എന്ന സ്പീഷീസിനെ ഏറെ മുമ്പോട്ടുതന്നെയാണ് നയിച്ചത് എന്നു കാണാം.’’ (പേജ് 39)
ഈ അധ്യായത്തിൽ ജാതിവ്യവസ്ഥിതിയെയും ന്യായീകരിക്കുന്നുണ്ട്: ‘‘മിച്ചാധ്വാനം സാധ്യമാക്കിയ ഒഴിവുസമയമാണ് കലയും സാഹിത്യവുമെല്ലാം വളർന്നു വികസിക്കാൻ സാഹചര്യമൊരുക്കിയതും. ഈ മിച്ചാധ്വാനം ഒരു ചെറിയ വിഭാഗം കൈയടക്കി ദൈനംദിന ജീവിതത്തിനുവേണ്ടുന്ന അവശ്യാധ്വാനത്തിൽനിന്ന് മുക്തമായി ഒരു വിശേഷ ശ്രേണിയായി മാറുകയാണുണ്ടായത്. വർഗരൂപവത്കരണവും ജാതിശ്രേണീ ഘടനയുമെല്ലാം ഇതുവഴിതന്നെ. മിച്ച സമ്പത്തിനൊപ്പം കലയും സാഹിത്യവും ചിന്തയും, പൊതുവിൽ സംസ്കൃതി തന്നെയും ഈ ന്യൂനപക്ഷത്തിന്റെ അധികാരസീമയിലാണ് തുടർന്ന് നിലനിന്നത്.” (പേജ് 31) അവസാനാധ്യായത്തിൽ 69ാം പേജിലും ഇത്തരത്തിൽ ജാതിയെ നോർമലൈസ് ചെയ്യുന്നത് കാണാം.
ചൂഷകവ്യവസ്ഥിതിയുടെ ന്യായീകരണങ്ങൾ ലാഭം, രാഷ്ട്രം തുടങ്ങിയവയുടെ പേരിലാണ് നാം സാധാരണ കേട്ടു തയമ്പിച്ചിട്ടുള്ളത്. സ്പീഷീസിന്റെ അതിജീവനത്തിന്റെയും പരിണാമപ്രക്രിയയുടെയും പേരിലാക്കാൻ സോമശേഖരനെ പോലുള്ളവർക്കേ കഴിയൂ. മാർക്സ് മുകളിൽ സൂചിപ്പിച്ചതുപോലെ ഇതിന്റെ വിപരീതമാണ് ചിന്തിച്ചത്. മഹാഭൂരിപക്ഷത്തെയും യഥാർഥ സ്പീഷീസ് സ്വഭാവത്തിൽനിന്ന് അകറ്റിനിർത്തുന്ന ചൂഷകവ്യവസ്ഥിതി അവസാനിപ്പിക്കുന്നതിലൂടെ മാത്രമേ വ്യക്തിക്കും സമൂഹത്തിനും യഥാർഥ കഴിവുകൾ പുറത്തെടുക്കാൻ കഴിയുകയുള്ളൂ എന്നാണ് മാർക്സിന്റെ നിലപാട്. ഇതുവരെയുള്ളത് അതുകൊണ്ടുതന്നെ വികലചരിത്രനിർമിതിയാണ്, അല്ലെങ്കിൽ പ്രീ-ഹിസ്റ്ററിയാണ്. വരാനിരിക്കുന്നതാണ് ശരിക്കുമുള്ള ചരിത്രം.
ചൂഷകവ്യവസ്ഥിതിവിരുദ്ധമായി മനുഷ്യൻ സൃഷ്ടിച്ചെടുത്ത മൂല്യങ്ങളെയെല്ലാം ഈ അധ്യായത്തിൽ തൃണവത്കരിക്കുന്നത് നോക്കുക: ‘‘കരുണ, ധർമാധർമങ്ങൾ, നീതിന്യായം, ജനാധിപത്യം തുടങ്ങി ആധുനിക കാലത്ത് പ്രാമുഖ്യം നേടിയ സംവർഗങ്ങളെയെല്ലാം ചരിത്രത്തിലൂടെ മനുഷ്യൻ നിർമിച്ചെടുത്തതാണെന്ന് കാണാം. വംശപരമായിതന്നെ ഒരു സമൂഹജീവി എന്നനിലയിൽ അവന്റെ ജീവശാസ്ത്രപരമായ ജനിതക ഘടനയിലടക്കം ഇതിലേക്ക് നയിക്കുന്ന ഘടകങ്ങളുണ്ടായിരിക്കണം. എന്നാൽ, ഒരു ജൈവചോദനയെന്ന നിലയിൽ മാത്രമല്ലാതെ ചരിത്രകാലങ്ങളിലൂടെ മാറിയും പരിണമിച്ചും പുതിയവയായി നിർമിച്ചെടുത്തുമെല്ലാമാണ് ഇത് ഇന്നു കാണുന്ന നിലയിലെത്തുന്നത്.’’ (പേജ് 40)
ഇങ്ങനെ പറഞ്ഞു പറഞ്ഞു മുന്നോട്ടുപോയി കെ. വേണുവിന്റെ നേരത്തേ സൂചിപ്പിച്ച പോസിറ്റിവിസ്റ്റ് മനോഭാവത്തിൽ നിപതിക്കുന്നത് കാണാം: ‘‘ഇതര ജീവിവംശങ്ങളിൽനിന്ന് മനുഷ്യനുള്ള വ്യത്യാസം പ്രധാനമായും സമൂഹത്തെ ഇങ്ങനെ മാറ്റാനും സ്വയം നിർമിച്ചെടുക്കാനും വികസിപ്പിക്കാനുമുള്ള കഴിവുകൂടിയാണ്. എന്നാലത് പരിണാമപ്രക്രിയയിലെ ആധാരങ്ങളുടെ മേലാണ്. അല്ലാതെ, അതിനെ കേവലമായൊരിക്കലും അതിലംഘിച്ചുകൊണ്ടല്ല. ഈ യാഥാർഥ്യത്തെ വിസ്മരിച്ച് ചരിത്രത്തിന്റെ കേവലവിധികർത്താക്കളായി സ്വയം കരുതിയപ്പോളൊക്കെ അവനെ കാത്തുനിന്നതു ദുരന്തങ്ങളാണ് താനും.’’ (പേജ് 40-41)
ഈ പോസിറ്റിവിസ്റ്റ് നിലപാട് പുസ്തകത്തിൽ ആവർത്തിച്ച് തികട്ടി വരുന്നുണ്ട്. ‘‘സാമൂഹ്യവ്യവസ്ഥാ പരിവർത്തനങ്ങൾ മനുഷ്യൻ സ്വേച്ഛാപൂർവം ആസൂത്രിതമായി ഉണ്ടാക്കുന്നതല്ല എന്നതാണ് വസ്തുത.’’(പേജ് 63) ‘‘ഇത്തരം സ്വേച്ഛാപരമായ ആസൂത്രണങ്ങളല്ല പൊതുവിൽ ദീർഘകാലാടിസ്ഥാനത്തിൽ പരിണാമത്തെയും ചരിത്രത്തെയുമൊന്നും വഴിനയിച്ചത്.’’ (പേജ് 44)
ആഗോളീകരണം
ആഗോളീകരണം മാർക്സിന്റെയോ എംഗൽസിന്റെയോ കാലത്ത് നടന്നതല്ല. സോമശേഖരന്റെ കൺമുന്നിൽ നടന്നതാണ്. നിലവിലെ മാർക്സിസ്റ്റ് ധാരകളുടെ പരികൽപനകൾക്കും വിശകലനങ്ങൾക്കും വഴിപ്പെടുന്നതായിരുന്നില്ല ആഗോളീകരണം. കോമിന്റേൺ ധാരയിലെ പാർട്ടികളെയും ഡിപ്പൻഡൻസി തിയറിക്കാരുടെയും പേരെടുത്തുപറഞ്ഞ് അദ്ദേഹം വിമർശിക്കുന്നുണ്ട്. ആട്ടെ, അദ്ദേഹം എന്താണ് ചെയ്തിരുന്നത്? വികലമായ, വേണുവിയൻ എന്നുതന്നെ പറയാവുന്ന ‘നിയോകൊളോണിയലിസം’ എന്ന പരികൽപനയിൽ അതിനെ വിശദീകരിക്കാൻ ശ്രമിക്കുകയായിരുന്നു. കൊളോണിയലിസം തിരിച്ചുവരുമെന്നായിരുന്നു അതിന്റെ മുന്നറിയിപ്പ്. ആ പരികൽപന പൊളിഞ്ഞു പാളീസായി. ഇതേക്കുറിച്ച് എന്തെങ്കിലും സ്വയം വിമർശനം അദ്ദേഹം നടത്തുന്നുണ്ടോ? അതില്ല. മൊത്തം കുറ്റം മാർക്സിസത്തിന്റെ തലയിൽ വെക്കുകയാണ്. സ്വന്തം കൈയിൽനിന്ന് എടുത്തുവെക്കുന്ന എന്തെങ്കിലും വിശകലന പദ്ധതി അദ്ദേഹം മുന്നോട്ടുവെക്കുന്നുമില്ല.
സോമശേഖരൻ പറയുന്നതുപോലെ, കേവലം വിജ്ഞാനത്തിന്റെയോ ശാസ്ത്ര-സാങ്കേതികവിദ്യയുടെയോ വികാസമല്ല ആഗോളീകരണത്തിന് നിദാനമായിരിക്കുന്നത്. ചരക്കിന്റെ ഉൽപാദനമാണ് മുതലാളിത്തത്തിന്റെ അടിസ്ഥാന യൂനിറ്റ്. ചരക്കുൽപാദനത്തിൽ ഉപയോഗിക്കപ്പെടുന്ന അധ്വാനശക്തിയാണ് മിച്ചമൂല്യത്തിനും അതുവഴി മൂലധനസമാഹരണത്തിനും ഉറവിടമായിരിക്കുന്നത്.
തൊഴിലാളി ചൂഷണത്തിനും അന്യവത്കരണത്തിനും വിധേയമാകുന്നു. ചരക്ക് ക്രയവിക്രയം ചെയ്യപ്പെടുന്ന മാധ്യമമായ പണം രാഷ്ട്രത്തിനുള്ളിലാണ് ഉൽപാദിക്കപ്പെടുന്നതും അംഗീകരിക്കപ്പെടുന്നതും. മൂലധനവും പണരൂപത്തിലാണുള്ളത്. മുതലാളിത്തത്തിൽ ദേശീയമായ പണവ്യവസ്ഥ പ്രധാനമായിരിക്കുന്നതുകൊണ്ടാണ് മുതലാളിത്തത്തോടൊപ്പം ദേശരാഷ്ട്രങ്ങൾ രൂപപ്പെട്ടത്. ഈ പണവ്യവസ്ഥകളെ ഉദ്ഗ്രഥിക്കുന്ന ഒരു ആഗോളപണവ്യവസ്ഥ രൂപപ്പെടുകയാണ് ആഗോളീകരണത്തിൽ സംഭവിച്ചത്. അതോടെ, ദേശരാഷ്ട്രങ്ങൾക്ക് പരമാധികാരം നഷ്ടപ്പെട്ടു. മുതലാളിത്തത്തിൽ വ്യക്തികളാണ് അന്യവത്കരിക്കപ്പെടുന്നതെങ്കിൽ ആഗോളവത്കരണത്തിൽ ദേശീയസമൂഹങ്ങളും അന്യവത്കരിക്കപ്പെട്ടു. ലോകമെങ്ങും ജനാധിപത്യം പ്രതിസന്ധിയിലാകുന്നതും നവഫാഷിസം പിടിമുറുക്കുന്നതും ഈ പശ്ചാത്തലത്തിലാണ്.
എന്നുവെച്ചാൽ ചൂഷകവ്യവസ്ഥിതി കൂടുതൽ ലെയറുകളോടുകൂടി ബലപ്പെടുകയാണ് ചെയ്തത്. ഇതിൽനിന്നുള്ള വിമോചനത്തിന്റെ വഴികൾ മനുഷ്യരാശിക്ക് മുന്നിൽ തെളിഞ്ഞിട്ടില്ല. ഇക്കാലത്തെ മാർക്സിസത്തിന്റെ പ്രതിസന്ധിയിതാണ്. ചൂഷകവ്യവസ്ഥിതി കൂടുതൽ പ്രബലമായതുകൊണ്ട്, പ്രത്യക്ഷത്തിൽ ഉത്തരങ്ങളൊന്നും ഇല്ലെങ്കിലും, ഒരു വിമോചന പ്രത്യയശാസ്ത്രത്തിന്റെ ആവശ്യകത ഇന്ന് കൂടുതലായിട്ടുണ്ട്. ചരിത്രം മാർക്സിസത്തെ മറികടക്കുകയല്ല ഇന്ന്. മറിച്ച് മാർക്സിസത്തിലേക്ക് പ്രതീക്ഷയോടെ നോക്കുകയാണ് ചെയ്യുന്നത്. ഭാവിയിലെ പ്രശ്നങ്ങൾക്കെല്ലാമുള്ള ഉത്തരം ഇപ്പോഴേ സംഭരിച്ചുവെച്ചിരിക്കുന്ന ഒന്നാണ് മാർക്സിസം എന്ന നിലയിലതിനെ കാണാനാവില്ല. വികസ്വരമായ ഒന്നാണ് മാർക്സിസം. വിപ്ലവ, വിമോചന പ്രസ്ഥാനങ്ങൾക്ക് കാലം മുന്നോട്ടുപോകവെ പുതിയ വെല്ലുവിളികളെ നേരിടേണ്ടതായും പുതിയ ഉത്തരങ്ങളെ കണ്ടെത്തേണ്ടതായും വരും. വ്യവസ്ഥയോടൊപ്പം ചേർന്നവർക്ക് അതിന്റെ ആവശ്യമില്ല. വ്യവസ്ഥയോടൊപ്പം സഞ്ചരിച്ചാൽ മാത്രം മതിയാകും. സോമശേഖരൻ ഇതിലേത് തെരഞ്ഞെടുക്കുന്നു എന്നു പറയേണ്ടതില്ലല്ലോ.
അവസാന മൂന്ന് അധ്യായങ്ങൾ
‘മാറ്റങ്ങളിൽ പരിണാമത്തിന്റെ പങ്ക്’, ‘ഒന്നാകുന്നു മനുഷ്യകുലം’, ‘മാനുഷികത: പണിതീരാത്ത ഒരു നിർമിതി’ എന്നീ മൂന്ന് അധ്യായങ്ങളിൽ വിഷയകൃത്യത ഒന്നുമില്ലാതെ തോന്നുംപടി എഴുതിയവയാണുള്ളത്. മാർക്സിസത്തിന്റെ ഹാങ്ങോവറിൽ എഴുതിയവയും എന്നാൽ, മാർക്സിസത്തിന്റെ നിരാകരണത്തിനായി പറയേണ്ടുന്നവയും അവയിൽ കൂടിക്കലർന്നാണ് വരുന്നത്. ഇടക്ക് വലിയ വിപ്ലവകരമായ പ്രഖ്യാപനമൊക്കെ നടത്തിക്കളയും. ഇതു നോക്കുക: “മനുഷ്യന്റെ തന്നെ സൃഷ്ടിയായ മൂലധനം അവന്റെ സാമൂഹ്യസംവിധാനമായ ജനാധിപത്യത്തെയും അങ്ങനെ മനുഷ്യനെത്തന്നെയും നിയന്ത്രിക്കുകയും ഭരിക്കുകയും ചെയ്യുന്ന നിർമാനുഷിക അവസ്ഥയാണിന്ന് പരിഹരിക്കേണ്ട കേന്ദ്രവിഷയങ്ങളിൽ പ്രധാനം.
മൂലധനത്തിനു മേൽ മനുഷ്യൻ മേധാവിത്വം തിരിച്ചുപിടിക്കുക എന്നതാണിതിന്റെ ഫലം. മൂലധനത്തിനുമേൽ ജനാധിപത്യപരമായ സാമൂഹ്യനിയന്ത്രണം കൊണ്ടുവരിക വഴി നിലനിൽക്കുന്ന മനുഷ്യ-മൂലധന ബന്ധത്തെ കീഴ്മേൽ മറിക്കുക എന്നാണിതിനർഥം. ശാസ്ത്ര സാങ്കേതികതയിലടക്കം മൂലധനം ഇന്ന് കൈവരിച്ചിരിക്കുന്ന ആഗോളഘടന ഇതേതെങ്കിലും കുറച്ചു ദേശാതിർത്തികൾക്കകത്ത് മാത്രമായൊതുങ്ങുന്നതല്ല എന്നാണ് വ്യക്തമാക്കുന്നത്.” (പേജ് 74) ഇതിനെല്ലാം വേണ്ടി എന്തുചെയ്യണം എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല. ഞാനിങ്ങനെ പറയും എന്നതാണ് മനോഭാവം.
‘ചരിത്രം മാർക്സിസത്തെ മറികടക്കുന്നു’ എന്നതാണ് പുസ്തകത്തിന്റെ ടൈറ്റിൽ. ആധുനിക ചരിത്രെത്തയും ഇന്നത്തെ ജ്ഞാനവ്യവസ്ഥയെയും രൂപപ്പെടുത്തിയതിൽ പ്രധാന പങ്കുവഹിച്ച മഹാപ്രവാഹമാണ് മാർക്സിസമെന്ന കാര്യം മനസ്സിലാക്കാതെയാണ് ഗ്രന്ഥകർത്താവ് തന്റെ പുസ്തകത്തിന് ഇത്തരമൊരു ടൈറ്റിൽ നൽകിയിരിക്കുന്നത്. ചൂഷണവും അന്യവത്കരണവും അവസാനിപ്പിക്കുക, സ്വകാര്യസ്വത്തിനെ ഇല്ലാതാക്കുക തുടങ്ങിയ മാർക്സിസം മുന്നോട്ടുവെച്ച ലക്ഷ്യങ്ങൾ മാനവകുലത്തിന്റെതന്നെ ലക്ഷ്യങ്ങളായിരിക്കുമ്പോൾ അതിനേറ്റ പരാജയങ്ങൾ, അതിന്റെ പരിമിതികൾ, അതിന്റെ അനുഭവപാഠങ്ങൾ, മാനവകുലത്തിന്റേതുകൂടിയായി മാറിയിട്ടുണ്ട്. ചരിത്രനിർമിതിയുടെ പാഠമാണ് മാർക്സിസം മനുഷ്യനെ പഠിപ്പിക്കുന്നത്. അതുകൊണ്ടുതന്നെ ചരിത്രത്തിന് മാർക്സിസത്തെ മറികടക്കാനാവില്ല.
ഉപസംഹാരം
‘ഉണ്ടിരിക്കുന്ന നായർക്കൊരു വിളി തോന്നി’യതുപോലെ പൊടുന്നനെ ‘ഞാൻ മാർക്സിസ്റ്റ് അല്ല’ എന്ന് സോമശേഖരൻ പ്രസ്താവിക്കുന്നതിലെ ഉപയോഗമൂല്യം, ഒരുവശത്ത്, ഹിന്ദുത്വ ഫാഷിസ്റ്റ് സർക്കാറിന്റെ പൊലീസ് വാതിലിൽ മുട്ടുന്നത് ഒഴിവാക്കാം എന്നതാകാം. മറുവശത്ത്, കമൽറാം സജീവുമാരെപ്പോലുള്ളവരുടെ പെറ്റ് ആകുന്നതിലൂടെ മാധ്യമസാന്നിധ്യം തുടരാം എന്നതുമാകാം. അത്തരക്കാരെ സംബന്ധിച്ച് മുൻ മാർക്സിസ്റ്റ് സൈദ്ധാന്തികനാണ് മൈലേജ് കൂടുതൽ കിട്ടുക. ഇത്തരത്തിൽ സ്വയം ഒടുങ്ങുന്നതിൽപരം ലജ്ജാകരമായിട്ടെന്തുണ്ട്?
========================
1. https://truecopythink.media/politics/police-brutality-in-kerala-at-the-time-of-emergency-mm-somasekharan-interview-by-kamalram-sajeev
https://www.youtube.com/watch?v=Jg3TlgjNau8
2. https://truecopythink.media/books/rajan-parayatha-kadhakal-book-by-mm-somasekharan
3. https://www.marxists.org/archive/lenin/works/1920/dec/30.htm
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.