ഒത്തുപിടിച്ചൊരു ഫലസ്തീൻ രാജ്യം

ചരിത്രകാരനായ വില്യം ഡാൽറിംപിൾ ഫലസ്​തീൻ വിഷയത്തെ ​േകന്ദ്രീകരിച്ച്​ ‘ഫ്രം ദ ഹോളി മൗണ്ടൻ’ എന്ന പുസ്​തകം കാൽനൂറ്റാണ്ടു മുമ്പ്​ എഴുതിയിരുന്നു. പശ്ചിമേഷ്യൻ വിഷയത്തെ സൂക്ഷ്​മമായി ശ്രദ്ധിക്കുന്ന അദ്ദേഹം ഫലസ്​തീൻ വിഷയത്തെ കേന്ദ്രീകരിച്ച്​ ‘മാധ്യമം’ എഡിറ്റർ വി.എം. ഇബ്രാഹീമുമായി സംസാരിക്കുന്നു. ‘‘തൊ​ഴു​ത്തി​ലെ പു​ൽ​ത്തൊ​ട്ടി​യിലെ പ​ട്ടി എ​ത്ര​കാ​ലം അ​വി​ടെ കി​ട​ന്നാ​ലും അ​തി​ന് അ​വി​ടെ കു​ടി​കി​ട​പ്പ​വ​കാ​ശം കൊ​ടു​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞാ​ൽ ഞാ​ൻ സ​മ്മ​തി​ക്കി​ല്ല. ആ ​അ​വ​കാ​ശം ഞാ​ൻ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. അ​മേ​രി​ക്ക​യി​ലെ റെ​ഡ് ഇ​ന്ത്യ​ക്കാ​രോ​ടും ആ​സ്ട്രേ​ലി​യ​യി​ലെ...

ചരിത്രകാരനായ വില്യം ഡാൽറിംപിൾ ഫലസ്​തീൻ വിഷയത്തെ ​േകന്ദ്രീകരിച്ച്​ ‘ഫ്രം ദ ഹോളി മൗണ്ടൻ’ എന്ന പുസ്​തകം കാൽനൂറ്റാണ്ടു മുമ്പ്​ എഴുതിയിരുന്നു. പശ്ചിമേഷ്യൻ വിഷയത്തെ സൂക്ഷ്​മമായി ശ്രദ്ധിക്കുന്ന അദ്ദേഹം ഫലസ്​തീൻ വിഷയത്തെ കേന്ദ്രീകരിച്ച്​ ‘മാധ്യമം’ എഡിറ്റർ വി.എം. ഇബ്രാഹീമുമായി സംസാരിക്കുന്നു. 

‘‘തൊ​ഴു​ത്തി​ലെ പു​ൽ​ത്തൊ​ട്ടി​യിലെ പ​ട്ടി എ​ത്ര​കാ​ലം അ​വി​ടെ കി​ട​ന്നാ​ലും അ​തി​ന് അ​വി​ടെ കു​ടി​കി​ട​പ്പ​വ​കാ​ശം കൊ​ടു​ക്ക​ണ​മെ​ന്നു പ​റ​ഞ്ഞാ​ൽ ഞാ​ൻ സ​മ്മ​തി​ക്കി​ല്ല. ആ ​അ​വ​കാ​ശം ഞാ​ൻ അം​ഗീ​ക​രി​ക്കു​ന്നി​ല്ല. അ​മേ​രി​ക്ക​യി​ലെ റെ​ഡ് ഇ​ന്ത്യ​ക്കാ​രോ​ടും ആ​സ്ട്രേ​ലി​യ​യി​ലെ ക​റു​ത്ത​വ​രോ​ടും കൊ​ടി​യ പാ​ത​കം എ​ന്തോ ചെ​യ്തെ​ന്നും ഞാ​ൻ ക​രു​തു​ന്നി​ല്ല. ക​രു​ത്തും കു​ല​മ​ഹി​മ​യും ലോ​ക​വി​വ​ര​വു​മൊ​ക്കെ​യു​ള്ള ഒ​രു വം​ശം അ​വ​രു​ടെ നാ​ട്ടി​ൽ അ​വ​രു​ടെ സ്ഥാ​ന​ത്തു​വ​ന്ന​ത് ആ ​ജ​ന​ത​യോ​ട് ചെ​യ്ത അ​രു​താ​യ്മ​യാ​ണെ​ന്ന് എ​നി​ക്ക് തോ​ന്നു​ന്നി​ല്ല’’ –വം​ശ​വെ​റി​യു​ടെ ഈ ​കോ​യ്മ​പ്പ​റ​ച്ചി​ൽ ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി വി​ൻ​സ്റ്റ​ൺ ച​ർ​ച്ചി​ലി​ന്‍റേ​താ​ണ്.

ബ്രി​ട്ടീ​ഷ് കോ​ള​നി​ത്ത​മ്പ്രാ​ക്ക​ളു​ടെ എ​ല്ലാ ഔ​ദ്ധ​ത്യ​വും നി​റ​ഞ്ഞ ആ ​വാ​ക്കു​ക​ൾ പ​ക​ർ​ത്തി​യ ശേ​ഷം ദേ​ശ​വം​ശ​ങ്ങ​ളു​ടെ ച​രി​ത്ര​കാ​ര​നാ​യ വി​ല്യം ഡാ​ൽ​റിം​പി​ൾ ‘എ​ക്സി’​ൽ കു​റി​ച്ചു: ‘‘1948ൽ ​ഏ​ഴ​ര ല​ക്ഷം ഫ​ല​സ്തീ​ൻ​കാ​രെ അ​ക്ര​മ​ത്തി​ലൂ​ടെ പു​റ​ന്ത​ള്ളി​യ ച​രി​ത്രം ന​ന്നേ ചു​രു​ക്കംപേ​രേ അ​റി​യൂ. അ​ത് സ്കൂ​ളു​ക​ളി​ൽ പ​ഠി​പ്പി​ക്കു​ന്നി​ല്ല. പ​ക​രം ഞാ​ന​ട​ക്കം മി​ക്ക​വ​രും ഫ​ല​സ്തീ​നെ​ക്കു​റി​ച്ച് പ​ഠി​ച്ച​തെ​ല്ലാം ക​രും​നു​ണ​ക​ളാ​ണ്. അ​ത് ഒ​രു വി​ജ​ന​മാ​യ മ​രു​ദേ​ശ​മാ​യി​രു​ന്നു ന​മ്മു​ടെ​യൊ​ക്കെ ഭാ​വ​ന​യി​ൽ.

‘ആ​ളി​ല്ലാ ഭൂ​മി ഭൂ​വി​ല്ലാ ആ​ളു​ക​ൾ​ക്ക്’ (A land without a people for a people without a land) എ​ന്നാ​യി​രു​ന്നു കേ​ട്ടു​പ​ഠി​ച്ച മു​ദ്രാ​വാ​ക്യം. ഒ​രു ര​ണ്ടാം പു​റ​ന്ത​ള്ള​ലിനു​ള്ള (​ന​ക്ബ)​ ച​ർ​ച്ച​ക​ൾ വീ​ണ്ടും ത്വ​രി​ത​പ്പെ​ടു​മ്പോ​ൾ ഈ ​പോ​സ്റ്റ് വാ​യി​ക്കു​ന്ന നി​ങ്ങ​ൾ ആ ​വേ​ദ​നാ​ജ​ന​ക​മാ​യ ച​രി​ത്ര​വും ബ്രി​ട്ട​ന് അ​തി​ലു​ള്ള പ​ങ്കും ഓ​ർ​ത്തെ​ടു​ക്ക​ണം. തീ​രെ വി​വ​രം​കെ​ട്ട​വ​രും മ​ർ​ക്ക​ട​മു​ഷ്ടി​ക്കാ​രും പേ​ടി​ത്തൊ​ണ്ട​ന്മാ​രും പ​ല​പ്പോ​ഴും ഇ​സ്‍ലാം ​പേ​ടി​ക്കാ​രു​മാ​യ ന​മ്മു​ടെ നേ​താ​ക്ക​ളു​ടെ പൂ​ർ​ണ​പി​ന്തു​ണ​യി​ൽ ഇ​നി​യും ഇ​ത്ത​ര​മൊ​ന്ന് ആ​വ​ർ​ത്തി​ക്കാ​തി​രി​ക്കാ​ൻ ആ​വു​ന്ന​തൊ​ക്കെ ചെ​യ്തേ തീ​രൂ.’’

ഫ​ല​സ്തീ​​ന്റെ ആ​ജീ​വ​നാ​ന്ത പി​ന്തു​ണ​ക്കാ​ര​ൻ –വി​ല്യം ഡാ​ൽ​റിം​പി​ൾ സ്വ​യം വി​ശേ​ഷി​പ്പി​ക്കു​ന്ന​ത് അ​ങ്ങ​നെ​യാ​ണ്. വെ​റും അ​വ​കാ​ശ​വാ​ദ​മ​ല്ല, ഫ​ല​സ്തീ​നി​ക​ൾ​ക്കു വേ​ണ്ടി വേ​വു​ന്ന അ​ക​മു​ണ്ട് ത​നി​ക്കെ​ന്നും അ​ത് ച​രി​ത്ര​കാ​ര​​ന്റെ പു​രാ​ലി​ഖി​ത​ങ്ങ​ളി​ൽ ഉ​റ​ങ്ങു​ക​യ​ല്ല, വി​ശാ​ല ഫ​ല​സ്തീ​​ന്റെയും അ​നു​ബ​ന്ധ അ​റ​ബ് ദേ​ശ​ങ്ങ​ളു​ടെ​യും ചോ​ര​പ്പാ​ട​ങ്ങ​ളി​ൽ ഇ​റ​ങ്ങിന​ട​ന്നു നേ​ടി​യ നേ​ര​റി​വു​ക​ളു​ടെ തീ​യ​നു​ഭ​വ​ങ്ങ​ളി​ൽ പു​ക​യു​ക​യാ​ണെ​ന്നും വി​ല്യം പ​റ​യാ​റു​ണ്ട്. പ​ശ്ചി​മേ​ഷ്യ, അ​ഫ്ഗാ​നി​സ്താ​ൻ, പാ​കി​സ്താ​ൻ, ഇ​ന്ത്യ എ​ന്നി​വി​ട​ങ്ങ​ളി​ലെ​ല്ലാം ക​റ​ങ്ങി​ന​ട​ന്ന് വി​വ​ര​ങ്ങ​ളും അ​നു​ഭ​വ​ങ്ങ​ളും പെ​റു​ക്കി കോ​ർ​ത്തെ​ടു​ത്ത അ​ദ്ദേ​ഹ​ത്തി​ന്‍റെ ര​ച​ന​ക​ളെ​ല്ലാം അ​തി​ന്‍റെ നേ​ർ​സാ​ക്ഷ്യ​ങ്ങ​ളാ​ണ്.

2023 ഒ​ക്ടോ​ബ​ർ ഏ​ഴി​നു ശേ​ഷം ഫ​ല​സ്തീ​ൻ പി​ന്നെ​യും ചോ​ര​ച്ചാ​ലു​ക​ളി​ൽ മു​ങ്ങി​യ​പ്പോ​ൾ ഇ​ട​ത​ട​വി​ല്ലാ​തെ എ​ക്സി​ൽ അ​ദ്ദേ​ഹം കു​റി​ക്കു​ന്ന പോ​സ്റ്റു​ക​ളി​ലെ​ല്ലാം ഫ​ല​സ്തീ​നോ​ടു​ള്ള വി​കാ​ര​വാ​യ്പ് പ്ര​ക​ട​മാ​ണ്. ഫ​ല​സ്തീ​നി​ക​ൾ​ക്കുവേ​ണ്ടി സ​ക​ല​രോ​ടും ക​ല​ഹി​ക്കു​ന്നു​ണ്ട് അ​ദ്ദേ​ഹം. അ​തി​​ന്റെയെ​ല്ലാം ചേ​തോ​വി​കാ​രം ഒ​ന്നേ​യു​ള്ളൂ –ത​ല​മു​റ​ക​ളാ​യി സ്വാ​സ്ഥ്യ​വും സ​മാ​ധാ​ന​വും ന​ഷ്ട​പ്പെ​ട്ട​വ​രു​ടെ ഇ​ള​മു​റ​ക്കാ​ർ​ക്കെ​ങ്കി​ലും അ​തു ല​ഭ്യ​മാ​യി​ക്കാ​ണാ​നു​ള്ള അ​തി​യാ​യ ആ​ഗ്ര​ഹം. അ​ക്ര​മ​മ​ല്ല, അ​നു​ര​ഞ്ജ​ന​മാ​ണ് വ​ഴി.

യു​ദ്ധം സേ​ന​ക​ൾ ത​മ്മി​ലാ​ക​ട്ടെ, അ​തി​ന്‍റെ ശി​ക്ഷ നി​ര​പ​രാ​ധ​രി​ലേ​ക്ക് പ​ക​ര​രു​ത് എ​ന്ന​തി​ൽ വി​ട്ടു​വീ​ഴ്ച​ക്ക് ഒ​രു​ക്ക​മി​ല്ല. അ​ത് ഫ​ല​സ്തീ​നു​വേ​ണ്ടി ഹ​മാ​സ് അ​ട​ക്കം ആ​രു ന​ട​ത്തി​യാ​ലും ശ​രി. ഇ​സ്രാ​യേ​ലി​ന്‍റെ പി​റ​വി​യി​ൽ ന​ട​ന്ന ഒ​ന്നാം പു​റ​ന്ത​ള്ള​ലി​ന്‍റെ​യും ര​ക്ത​ച്ചൊ​രി​ച്ചി​ലി​ന്‍റെ​യും ക​ഥ പ​റ​യു​ന്ന ‘ഫ്രം ​ദ ഹോ​ളി മൗ​ണ്ട​നെ’​ക്കു​റി​ച്ച് പ​റ​യാ​നാ​ണ് അ​ദ്ദേ​ഹം കേ​ര​ള ലി​റ്റ​റേ​ച്ച​ർ ഫെ​സ്റ്റി​വ​ലി​ൽ എ​ത്തി​യ​ത്. പ്ര​സി​ദ്ധീ​ക​രി​ച്ച് കാ​ൽ നൂ​റ്റാ​ണ്ടു ക​ട​ന്ന ശേ​ഷ​വും ഗ​സ്സ​യി​ൽ ചോ​ര​പ്പു​ഴ​യൊ​ഴു​കു​ന്ന​ത് കാ​ണേ​ണ്ടിവ​ന്ന​തി​ലെ ആ​ധി ആ ​വ​ർ​ത്ത​മാ​ന​ത്തി​ലു​ട​നീ​ള​മു​ണ്ടാ​യി​രു​ന്നു. പി​ന്നീ​ട് അ​ഭി​മു​ഖ​ത്തി​നി​രി​ക്കു​മ്പോ​ഴും ഡാ​ൽ​റിം​പി​ളി​ന് പ​റ​യാ​നു​ണ്ടാ​യി​രു​ന്ന​ത് സ​മാ​ധാ​ന​ത്തി​ലേ​ക്ക് വ​ഴി​തു​റ​ക്കു​ന്ന​തി​നെ​ക്കു​റി​ച്ചാ​യി​രു​ന്നു. ആ ​സം​ഭാ​ഷ​ണ​ത്തി​ൽനി​ന്ന്:

1948ൽ ഫലസ്തീനികളെ വംശഹത്യ നടത്തിയതിന്‍റെ കഥ പറയുന്നുണ്ട്, താങ്കളുടെ കാൽനൂറ്റാണ്ടും കടന്ന 1997ലെ രചനയായ ‘ഫ്രം ദ ഹോളി മൗണ്ടനി’ൽ. ഇപ്പോൾ ഗസ്സയിൽ വീണ്ടും അതുതന്നെ ആവർത്തിക്കുമ്പോൾ രണ്ടാം നകബയെക്കുറിച്ച ആശങ്ക പങ്കുവെക്കുന്നുണ്ട് താങ്കൾ. മാസം മൂന്നു കടന്നും മുന്നോട്ടുപോകുന്ന ഫലസ്തീൻ ദുരവസ്ഥയെ എങ്ങനെ കാണുന്നു?

തീർച്ചയായും ഏറെക്കാലം നീണ്ട ചരിത്രമുള്ള സംഘർഷമാണിത്. ആയിരക്കണക്കിന് വർഷങ്ങളായി ആ മേഖലയിൽ ജൂതസാന്നിധ്യമുണ്ട്. 1917ൽ ബാൽഫർ പ്രഖ്യാപനമുണ്ടാകുന്ന സമയത്ത് ഫലസ്തീൻ അറബികൾ ജനസംഖ്യയുടെ 96 ശതമാനമുണ്ടായിരുന്നു. 1922ലെ ആദ്യ സെൻസസ് സമയത്ത് 10 ശതമാനമായിരുന്നു ജൂതർ. 10 ശതമാനം ക്രൈസ്തവർ. കഴിച്ചാൽ 80 ശതമാനവും അറബ് മുസ്‍ലിംകളായിരുന്നു. 1948ലെ നക്ബയിൽ ഏഴര ലക്ഷം ഫലസ്തീനികൾ അക്രമപരമായി സ്വന്തം വീടുകളിൽനിന്നു കുടിയിറക്കപ്പെട്ടു. 1967ലെ യുദ്ധത്തിൽ പിന്നെയും പരസഹസ്രം വെസ്റ്റ്ബാങ്കിൽനിന്നും കുടിയൊഴിപ്പിക്കലിനിരയായി. വെസ്റ്റ്ബാങ്കും ഗസ്സയും അതോടെ, ഇസ്രായേൽ അധിനിവേശത്തിൻ കീഴിലായി.

എന്നാൽ, ഏറ്റവും പുതിയ പ്രതിസന്ധി അറബ് ലോകത്തെ ചരിത്രത്തിൽ ആദ്യമാണ്. അത്യന്തം മാരകമാണിത്. രണ്ടാം ലോകയുദ്ധത്തിൽ ഡ്രെസ്ഡെനു നേരെ നടന്ന രൂക്ഷമായ ബോംബിങ്ങിനു ശേഷം നഗരകേന്ദ്രിത യുദ്ധത്തിൽ അഭൂതപൂർവവും വിവേചനരഹിതവുമായ ക്രൂരമായ ബോംബിങ്ങാണ് ഇപ്പോൾ ഗസ്സക്കും വെസ്റ്റ് ബാങ്കിനും മേൽ നടന്നുവരുന്നത്. വടക്കൻ ഗസ്സ ഏതാണ്ട് പൂർണമായി തകർന്നു തരിപ്പണമായി. കണക്കുകൾ അവ്യക്തമാണ്, എങ്കിലും കാൽലക്ഷം ഫലസ്തീനികൾ നൂറു നാൾ പിന്നിടുമ്പോൾ കൊല്ലപ്പെട്ടുകഴിഞ്ഞു. 1980കളിലെ ലബനാനിലെ ഇസ്രായേൽ അധിനിവേശം ഉദാഹരണമായെടുത്താൽ, തകർന്ന കെട്ടിടാവശിഷ്ടങ്ങളും അവക്കിടയിൽ കുടുങ്ങിപ്പോയ മനുഷ്യജീവിതങ്ങളും എല്ലാംകൂടി തിട്ടപ്പെടുത്തുമ്പോൾ ഈ സംഖ്യ 25 ശതമാനം വർധിക്കാനാണിട. നിലവിലെ എണ്ണം തന്നെ ഗസ്സയിലെ ആകെ ജനസംഖ്യയുടെ ഒരു ശതമാനം വരും.

സിവിലിയൻ കൂട്ടക്കൊലകൾ

ഞാൻ ഒരു അഭിഭാഷകനല്ല, അതിനാൽ ഇത് ഔദ്യോഗികമായി ഒരു വംശഹത്യയായി കണക്കാക്കാനാവുമോ എന്നുപറയാനാവില്ല. കണിശമായ നിയമനിർധാരണമനുസരിച്ച് അതിൽ തർക്കമുണ്ടാവാം. എന്നാൽ, നിരപരാധരായ സിവിലിയന്മാരുടെ കൂട്ടക്കൊലകളാണ് അവിടെ നടക്കുന്നത്. സായുധരും ഭീകരരുമായ വ്യക്തികളെ കൃത്യപ്പെടുത്തി ഉന്മൂലനംചെയ്യാനുള്ള മികച്ച ആയുധങ്ങൾ ഇസ്രായേലിന്‍റെ കൈവശമിരിക്കെയാണ് അവരുടെ ഈ സിവിലിയൻ കൂട്ടക്കൊലകൾ. ബൈറൂതിൽ ഹമാസ് നേതാവിനെ ഈയിടെ അവർ വധിച്ചത് അങ്ങനെയാണ​േല്ലാ. ഇത്തവണ ഗസ്സയിൽ അവർ തീർത്തും വ്യത്യസ്തമായ തന്ത്രങ്ങളാണ് പ്രയോഗിക്കുന്നത്. പ്രതിരോധമന്ത്രിയും പ്രസിഡന്‍റും പ്രധാനമന്ത്രിയും വംശഹത്യ മുറവിളികളുമായി ഇറങ്ങിയിരിക്കുന്നു. അമാലികുകൾ എന്ന ബൈബിൾ പ്രയോഗമാണ് നെതന്യാഹു ഫലസ്തീനികളെ വിശേഷിപ്പിക്കാൻ ഉപയോഗിച്ചത്.

പ്രതിരോധമന്ത്രി ഫലസ്തീനികളെ മൃഗങ്ങളോടാണ് ഉപമിച്ചത്. പ്രസിഡന്‍റ് പറഞ്ഞത് മുഴുവൻ ഫലസ്തീനികളും കുറ്റക്കാരാണ് എന്നാണ്. എല്ലാംകൂടി ഭീകരമായ ഒരു സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. കഴിഞ്ഞ ഒക്ടോബർ ഏഴിന് ഹമാസ് നടത്തിയ ചില കൃത്യങ്ങളുടെ പേരിൽ മുഴുവൻ ജനതയെയും ശിക്ഷിക്കുകയാണ് ഇസ്രായേൽ.

സിവിലിയന്മാരെ ആക്രമിക്കുന്നതിൽ ഇസ്രായേലും ഹമാസും ഒരുപോലെ കുറ്റക്കാരാണ് എന്നാണ് എന്‍റെ അഭിപ്രായം. ഹമാസ് അവരുടെ ആക്രമണം ഇസ്രായേൽ സൈന്യത്തിൽ പരിമിതപ്പെടുത്തിയിരുന്നെങ്കിൽ ഞാൻ ഹമാസിനൊപ്പം നിന്നേനെ. എന്നാൽ, അവർ അത് ചെയ്തില്ല. അവർ റോക്ക് ഫെസ്റ്റിവലിൽ പങ്കെടുത്തുകൊണ്ടിരുന്ന സിവിലിയന്മാരെ ആക്രമിച്ചു. അത് വിമർശിച്ചേ മതിയാകൂ. സിവിലിയന്മാരുടെ മേൽ കൈവെക്കുമ്പോൾ നിങ്ങൾ നിയന്ത്രണരേഖ ലംഘിക്കുകയാണ്. ഒരു അധിനിവേശത്തിൽ സൈന്യത്തെയും സൈനികരെയും ആക്രമിക്കുന്നത് മനസ്സിലാക്കാം.

എന്നാൽ, ഒരു സംഗീതപരിപാടിയിൽ പങ്കെടുത്തുകൊണ്ടിരിക്കുന്ന സ്ത്രീകളും കുട്ടികളുമടങ്ങുന്ന സിവിലിയന്മാരെ ആക്രമിക്കുന്നത് തീർത്തും വ്യത്യസ്തമാണ്. ഇതേ കുറ്റപ്പെടുത്തൽ തന്നെയാണ് ഐ.ഡി.എഫ് എന്ന ഇസ്രായേൽ സേനക്കെതിരെയും ഉള്ളത്. മുമ്പെങ്ങുമില്ലാത്തവിധം വൻതോതിൽ അവർ സിവിലിയന്മാരെ കൂട്ടക്കൊല ചെയ്യുന്നു. ഏറ്റവുമൊടുവിൽ മുപ്പതിനായിരത്തോളം പേർ കൊലക്കിരയായി എന്നറിയുന്നു. ഇതൊരിക്കലും അംഗീകരിക്കാനാവില്ല.

എന്‍റെ ഭരണകൂടത്തെ ഓർത്ത് ഞാൻ ലജ്ജിക്കുന്നു. ബ്രിട്ടീഷ് ഗവൺമെന്‍റ് ഇസ്രായേലിന്‍റെ പക്ഷം ചേർന്നു. വെറും രാഷ്ട്രീയപിന്തുണയായിരുന്നില്ല, സൈനിക ഇന്‍റലിജൻസ് സഹായം നൽകുകയായിരുന്നു അവർ. ഇസ്രായേലിന് ബോംബ് നൽകുന്നത് അമേരിക്കയാണല്ലോ എന്നോർക്കുമ്പോൾ നടുങ്ങിപ്പോവുന്നു. ചരിത്രത്തിലെ ഏറ്റവും ദുർഘടസന്ധിയാണിത്. അത് വീണ്ടും ഫലസ്തീനിനെ തലക്കെട്ടുകളിലേക്ക് കൊണ്ടുവന്നിരിക്കുന്നു.

 

ദ്വിരാഷ്ട്ര പരിഹാരമാണ് വഴി

താങ്കൾ ദ്വിരാഷ്ട്ര പരിഹാരമാണ് മുന്നോട്ടുവെക്കുന്നത്?

ഒരു ഫലസ്തീനിയോ ഇസ്രായേലിയോ അല്ലാത്ത പുറംവാസിയായ എന്‍റെ അഭിപ്രായത്തിൽ പ്രശ്നത്തിനുള്ള നീതിനിഷ്ഠമായ പരിഹാരം ദ്വിരാഷ്ട്ര പരിഹാരംതന്നെയാണ്. 75 വർഷങ്ങൾക്കുശേഷം ഇസ്രായേലിനെ മായ്ച്ചുകളയാൻ വഴിയൊന്നുമില്ല. ഇസ്രായേൽ നിലനിൽക്കട്ടെ. എന്നാൽ, വെസ്റ്റ്ബാങ്കിൽ പൂർണ പൗരത്വവും സമ്പൂർണ അവകാശങ്ങളുമായി ഫലസ്തീനികൾക്കും ഇടം കിട്ടിയേ തീരൂ. നയതന്ത്രബന്ധങ്ങളും രാജ്യാതിർത്തിയുമെല്ലാം ഉള്ള സമ്പൂർണമായ ഒരു രാഷ്ട്രമായിരിക്കണം അത്. ഇരു രാഷ്ട്രങ്ങളുടെയും അസ്തിത്വം അംഗീകരിച്ചുകൊണ്ടുള്ള പരിഹാരമാണ് വേണ്ടത്. എന്നാൽ, പുറത്തുനിന്നുള്ള ഒരാൾ എന്നനിലക്ക് ഒരു പരിഹാരവും അടിച്ചേൽപിക്കാൻ എനിക്കാവില്ലല്ലോ.

എങ്കിലും ഒരു ചരിത്രകാരൻ എന്ന നിലയിൽ?

ഒരു ചരിത്രകാരൻ അല്ലെങ്കിൽ നിരീക്ഷകൻ എന്ന നിലയിൽ ഒന്നു പറയാം. ആദ്യം സീനായിയിലും പിന്നീട് ഗസ്സയിലുമൊക്കെയുണ്ടായിരുന്ന സെറ്റിൽമെന്‍റുകൾ ഇസ്രായേൽ പൊളിച്ചുകളഞ്ഞല്ലോ. വെസ്റ്റ് ബാങ്കിൽനിന്നും അവർ അത് ഒഴിവാക്കണം. 131ാം യു.എൻ പ്രമേയമനുസരിച്ച് വെസ്റ്റ് ബാങ്കിൽ ഫലസ്തീൻ രാഷ്ട്രമുയരണം. പ്രസ്തുത യു.എൻ പ്രമേയത്തിനെതിരായി ഫലസ്തീനിൽ അധിനിവേശം നടത്തിയ ഇസ്രായേലിനെ പാശ്ചാത്യ രാഷ്ട്രങ്ങൾ പിന്തുണക്കുന്നത് ശരിയല്ല.

അടുത്തടുത്തായി ഇരു രാജ്യങ്ങൾ, 1967ലെ അതിരുകളിൽ ഇസ്രായേലും വെസ്റ്റ്ബാങ്കും ഗസ്സയുമടങ്ങുന്ന ഫലസ്തീനും, ഉയർന്നുവരുന്നതിന് സുമനസ്സുകൾ ശ്രമിക്കണം. ഗസ്സയിലെ വംശഹത്യ അവസാനിപ്പിക്കാൻ സാധ്യമായതെല്ലാം ചെയ്യണം. ചില ഇസ്രായേലി ഒഫീഷ്യലുകൾതന്നെ ഇക്കാര്യത്തെക്കുറിച്ച് പറയുന്നുണ്ട്.

കിഴക്കൻ ജറൂസലമിന്‍റെ ഘടനയെക്കുറിച്ച് എന്താണ് അഭിപ്രായം?

അക്കാര്യത്തിൽ പ്രതീകാത്മകമായ ഒരു സൂത്രവാക്യം വേണമെന്നാണ് ഞാൻ പറയുക. ഇരുവിഭാഗവും കിഴക്കൻ ജറൂസലമിന്‍റെ കാര്യത്തിൽ വിട്ടുവീഴ്ചയിലെത്തുകയാണ് അഭികാമ്യം. ചരിത്രത്തിന്‍റെയും നീതിയുടെയും കാര്യം എന്തായാലും സർവശക്തിയോടുംകൂടി ഇസ്രായേൽ നിലനിൽക്കുന്നുവെന്നത് ഒരു യാഥാർഥ്യമാണ്. അതിനാൽ കിഴക്കൻ ജറൂസലമിനു മേലുള്ള പരമാധികാരത്തിനുവേണ്ടി വമ്പിച്ച തോതിൽ സമ്മർദം ചെലുത്തുന്നത് വലിയൊരു അബദ്ധം തന്നെയാവും.

-എന്നുവെച്ചാൽ?

കിഴക്കൻ ജറൂസലമിൽ പരമാധികാരം വേണമെന്ന ഫലസ്തീനികളുടെ ആവശ്യം അബദ്ധമായാണ് കലാശിക്കുക. പണ്ട് യിത്സാക് റബിൻ കൊണ്ടുവന്ന ഓഫർ യാസർ അറഫാത്ത് സ്വീകരിക്കാതിരുന്നത് ചരിത്രപരമായ അബദ്ധമാണെന്ന് ഞാൻ കരുതുന്നു. ഈ വിഷയത്തിൽ വന്ന മികച്ച ഓഫറായിരുന്നു അത്. ചില സന്ദർഭങ്ങളിൽ സാധ്യവും അസാധ്യവും ഏതെന്ന തിരിച്ചറിവോടെ യാഥാർഥ്യം അംഗീകരിച്ചേ മതിയാകൂ.

ഈസ്റ്റ് ജറൂസലമിനുവേണ്ടി ഫലസ്തീനികൾ അധിനിവേശത്തിനു കീഴിൽ തുടരുകയും ഒരു രണ്ടാം നക്ബയെ അഭിമുഖീകരിക്കേണ്ടിവരുകയും ചെയ്യുകയെന്നത് വലിയ ദുരന്തമാണ്. അതുകൊണ്ട് എനിക്ക് ഫലസ്തീൻ സുഹൃത്തുക്കളോട് നിർദേശിക്കാനുള്ളത്, ഒരു നയതന്ത്ര ഉപായത്തിലൂടെ അതിനെ ഒരു അന്തർദേശീയ മേഖലയായോ യു.എൻ നിയന്ത്രിത ഇടമായോ ആക്കി മാറ്റുകയാണ് ഉചിതം എന്നാണ്. ഈസ്റ്റ് ജറൂസലമിൽ പിടിച്ചു മറ്റെല്ലാം നഷ്ടപ്പെടുത്തുകയെന്നത് ഭീമാബദ്ധമായിരിക്കും.

ലണ്ടനിൽ നടന്ന ഒരു ഫലസ്​തീൻ അനുകൂല പ്രകടനം

ചരിത്രം ഒക്ടോബർ ഏഴിന് അല്ല തുടങ്ങുന്നത്. ചരിത്രകാരനെന്ന നിലയിൽ അതിനെ എങ്ങനെ കാണുന്നു?

ഇത് നൂറുവർഷം പഴക്കമുള്ള സംഘർഷമാണെന്നത് വ്യക്തമാണല്ലോ. ഒക്ടോബർ ഏഴിന് ഹമാസ് ഇസ്രായേൽ ഡിഫൻസ് ഫോഴ്സ് എന്ന അവരുടെ സേനയെയാണ് ആക്രമിച്ചിരുന്നതെങ്കിൽ അധിനിവേശത്തിനെതിരായ ന്യായയുക്തമായ ചെറുത്തുനിൽപ് എന്ന നിലയിൽ അതിനെ പിന്തുണക്കാമായിരുന്നു. എന്നാൽ, അവർ അതല്ല ചെയ്തത്. അവർ സിവിലിയന്മാരെ ആക്രമിച്ചു.

നിരപരാധികളെ ആക്രമിക്കുന്ന വിഷയത്തിൽ ഐ.ഡി.എഫിനെ വിമർശിക്കുന്നുവെങ്കിൽ ഹമാസും വിമർശിക്കപ്പെടണം. മതമോ വംശമോ ഏതാവട്ടെ, നിരായുധരായ സ്ത്രീകളെയും കുട്ടികളെയും അവരുടെ വീടുകളിൽ ചെന്നു ആക്രമിക്കുന്നത് ശരിയല്ല. അതൊക്കെ യുദ്ധത്തിന്‍റെ അടിസ്ഥാനനിയമങ്ങളാണല്ലോ.

ജൂതരും സയണിസ്റ്റുകളും ജൂതരെയും സയണിസ്റ്റുകളെയും താങ്കൾ വേർതിരിച്ചു കാണുന്നതെങ്ങനെയാണ്?

തീർച്ചയായും, രണ്ടും വ്യത്യസ്തമാണ്. കഴിഞ്ഞ ദിവസം ലണ്ടനിൽ പതിനായിരം ജൂതർ ഫലസ്തീനുവേണ്ടി മാർച്ച് ചെയ്തു. ഗസ്സ ആക്രമണത്തെ യഹൂദവിഭാഗത്തിലെ ഒട്ടേറെ പേർ അപലപിക്കുന്നുണ്ട്. സയണിസത്തെ അവരും സംശയദൃഷ്ടിയോടെയാണ് കാണുന്നത്. അന്യായമായ സെറ്റിൽമെന്‍റുകളെ എതിർക്കുന്ന അവർ സമാധാനത്തിനുവേണ്ടി വാദിക്കുന്നവരാണ്. ഹമാസിന്‍റെ അസ്വീകാര്യമായ പ്രവർത്തനങ്ങളും സിവിലിയന്മാരെ കൊല്ലുന്നതിനെക്കുറിച്ച ആക്ഷേപമില്ലായ്മയും ജൂതസമൂഹത്തിലെ ഫലസ്തീൻ അനുഭാവികളെ അകറ്റിക്കളയും എന്ന വലിയ വിപത്ത് കാണാതിരുന്നുകൂടാ.

ഇസ്രായേലിനെതിരായ ഏതു നീക്കത്തിലെയും അനിഷേധ്യ സഖ്യകക്ഷികളാകേണ്ടവരാണ് അവർ. ലോകത്തെ വ്യക്തമായൊരു ഭൂരിപക്ഷം ദ്വിരാഷ്ട്രപരിഹാരത്തെ പിന്തുണക്കുകയും നീതി പുലരാൻ ആഗ്രഹിക്കുകയും ചെയ്യുന്നവരാണ്. ലിബറലുകളും സയണിസ്റ്റ് വിരുദ്ധരും കുടിയേറ്റ വിരുദ്ധരുമായ ജൂതരെ കൂടി ചേർത്തുപിടിച്ചുകൊണ്ടേ സമാധാനത്തിനു നീക്കം നടത്താനാവൂ. കാരണം, ഇസ്രായേലിന്‍റെ കൈയിൽ എല്ലാ തുറുപ്പുചീട്ടുകളുമുണ്ട്.

തുറുപ്പു ചീട്ടുകളോ?

അതേ, എല്ലാം അവരുടെ കൈപ്പിടിയിലാണ്. നയതന്ത്രവും മീഡിയയും രാഷ്ട്രീയസ്വാധീനവും എല്ലാം അവരുടെ ചൊൽപടിയിലാണ്. അതിനാൽ ധാർമികതയുടെയും നീതിയുടെയും ഘടകങ്ങൾ വെച്ചും നയതന്ത്ര യാഥാർഥ്യബോധത്തിലും പ്രശ്നപരിഹാരത്തിന് വിട്ടുവീഴ്ച വേണ്ടിവരും. ലിബറലുകളും ജനാധിപത്യവാദികളും മനുഷ്യാവകാശവാദികളുമായ, ദ്വിരാഷ്ട്ര പരിഹാരത്തെ അംഗീകരിക്കുന്ന ജൂതരുമൊത്ത് കൂട്ടുചേർന്നു പ്രവർത്തിക്കുകയാണ് സമാധാനം കൈവരുത്താനുള്ള ഏകവഴി.

നമ്മുടെ ആയുഷ്കാലത്തിനിടക്ക് ഇസ്രായേലിനെ യുദ്ധത്തിൽ തോൽപിക്കാൻ മാത്രമുള്ള കെൽപ് ഫലസ്തീൻകാർ ആർജിക്കും എന്നു സങ്കൽപിക്കാനാവില്ല. അതിനാൽ ഇരുജനതക്കും സുരക്ഷയും സമാധാനവും പകരുന്ന ദ്വിരാഷ്ട്രപരിഹാരമാണ് ഏതു നിലക്കും ഏറ്റവും മികച്ച പരിഹാരം.

നെതന്യാഹുവും മിലോസെവിച്ചും

അന്താരാഷ്ട്ര നീതിന്യായ കോടതിയിലെ നിയമയുദ്ധത്തെക്കുറിച്ച് എന്താണ് അഭിപ്രായം...

ഞാൻ ഒരു വക്കീൽ അല്ല. അതിനാൽ അവിടെ നടന്നതിനെക്കുറിച്ച് വിധിപറയാനാവില്ല. ഫലസ്തീനിലെ കൂട്ടക്കൊല വംശഹത്യയുടെ പടിയും കടന്നിരിക്കുന്നു. അന്താരാഷ്ട്ര കോടതിയിൽ വിഷയം കൊണ്ടുവന്നതിലൂടെ ഇസ്രായേലിന്‍റെ ചെയ്തിയെ ആഗോളസമൂഹത്തിനു മുന്നിൽ കൊണ്ടുവരാനും അവരുടെ മേൽ ഉത്തരവാദിത്തം കെട്ടിവെക്കാനും ദക്ഷിണാഫ്രിക്ക നടത്തിയ ശ്രമം ഏറെ ശ്ലാഘനീയമാണ്.

തൊണ്ണൂറുകളിൽ ബോസ്നിയയിലെ സ്രെബ്രനിസയിൽ നടന്നതിനു സദൃശമാണല്ലോ ഗസ്സയിലെ ഇപ്പോഴത്തെ കൂട്ടക്കൊലകളും?

സ്രെബ്രനിസയും ഗസ്സയും തമ്മിൽ സമാനതകളുണ്ട്. നെതന്യാഹുവും മിലോസെവിച്ചും തമ്മിലെ താരതമ്യവും അങ്ങനെ തന്നെ. ഒരു നിരീക്ഷകനെന്ന നിലയിൽ പറയാം, രണ്ടിടത്തും നിരപരാധരുടെ കൂട്ടക്കൊലയാണ് നടക്കുന്നത്.

പാശ്ചാത്യ മാധ്യമങ്ങൾ ഒറ്റവാർപ്പല്ല

പാശ്ചാത്യ മാധ്യമങ്ങളുടെ നിലപാട് ഏറെ അമ്പരപ്പിക്കുന്നതാണ്?

ആവാം. എന്നാൽ, പാശ്ചാത്യ മാധ്യമങ്ങൾ ഒറ്റവാർപ്പല്ല. വിവിധയിനം പത്രങ്ങളുണ്ട്. ബ്രിട്ടീഷ് പത്രങ്ങളെയെടുത്താൽ ‘ദ ഗാർഡിയൻ’ ഫലസ്തീനികളുടെ പിന്നിൽ ഉറച്ചുനിൽപുണ്ട്. ‘ദ ടൈംസ്’ വാശിയോടെ അവർക്കെതിരാണ്. ‘ന്യൂയോർക് ടൈംസ്’ അടക്കമുള്ള പത്രങ്ങളിൽപോലും ഗസ്സയിൽനിന്ന് ധീരമായി റിപ്പോർട്ടുകൾ അയക്കുന്നവരുണ്ട്. അതുപോലെതന്നെ വ്യക്തമായി ഇസ്രായേൽ പക്ഷത്തുനിന്നു എഴുതുന്നവരുമുണ്ട്. അതുകൊണ്ട് പാശ്ചാത്യമാധ്യമങ്ങളെ മൊത്തം ഒരു ഏകകമായി കാണേണ്ടതില്ല. കേരളത്തിൽ, വ്യത്യസ്ത വീക്ഷണങ്ങൾ പുലർത്തുന്ന നാനാതരം മാധ്യമങ്ങളും മാധ്യമപ്രവർത്തകരുമുണ്ടല്ലോ.

എന്നാൽ, ഇസ്രായേലിന്‍റെ കൂട്ടക്കൊലകളെക്കുറിച്ച് ഇനിയും വേണ്ടവണ്ണം എഴുതാത്ത പടിഞ്ഞാറൻ മാധ്യമപ്രവർത്തകരെ കാണുമ്പോൾ നിരാശ തോന്നുന്നുണ്ട്. പടിഞ്ഞാറ്, അമേരിക്കയിൽപോലും, ഇസ്രായേലിനെ രൂക്ഷമായി വിമർശിച്ച് തുറന്ന് എഴുതാൻ കഴിയും. പലരും തെറ്റിദ്ധരിച്ച ഒരു കാര്യം, നിങ്ങൾ സമൂഹമാധ്യമങ്ങളിൽ വായിക്കുന്ന ‘മീഡിയയിലെ ജൂതസ്വാധീനം’. എന്നാൽ അതല്ല സംഗതി. റൂപർട്ട് മർഡോക്കിന്‍റേതുപോലുള്ള മിക്ക വലതുപക്ഷ മാധ്യമങ്ങൾക്കും ജൂത ബന്ധമൊന്നുമില്ല. ‘ന്യൂയോർക് ടൈംസി’ൽ അതു കണ്ടേക്കാം. എന്നാൽ, പണ്ടുകാലത്ത് ഫലസ്തീൻ രാഷ്ട്രത്തെ പിന്തുണച്ചിട്ടുണ്ട് അവർ. അതുകൊണ്ട് സെമിറ്റിക് വിരുദ്ധ മിഥ്യകൾകൊണ്ട് യാഥാർഥ്യത്തിന് മങ്ങലേൽപിക്കാനോ അതിനെ ഇരുട്ടിലാക്കാനോ മിനക്കെടരുത്. അത് ഫലസ്തീൻ ലക്ഷ്യത്തെതന്നെ അപകടത്തിലാക്കുകയാണ് ചെയ്യുക.

ഞാൻ വീണ്ടും ഉറച്ചുപറയുന്നു: ലിബറൽ ജൂതരെ, ലിബറൽ ഇസ്രായേലികളെ സമീപിച്ച് അവരെക്കൂടി സമാധാനത്തിനുവേണ്ടി കൂട്ടുപിടിച്ചുള്ള പരിഹാരത്തിനാണ് ശ്രമിക്കേണ്ടത്. ആ മണ്ഡലങ്ങളെ റദ്ദു ചെയ്യുന്ന ഭാഷകൾ ഉപയോഗിക്കാതിരിക്കാനും സമാധാനത്തിനായുള്ള വിശാലസഖ്യത്തിൽ അവരെ കൂടി അണിചേർക്കാനുമാണ് ഫലസ്തീനെ പിന്തുണക്കുന്നവർ ശ്രദ്ധ വെക്കേണ്ടത്.

കഴിഞ്ഞ 75 വർഷമായുള്ള ഫലസ്തീനികളുടെ ചെറുത്തുനിൽപിനെ, അതിനുള്ള അവരുടെ അവകാശത്തെ താങ്കൾ എങ്ങനെ കാണുന്നു?

അന്താരാഷ്ട്ര നിയമമനുസരിച്ച് അധിനിവിഷ്ടജനതക്ക് ചെറുത്തുനിൽക്കാനുള്ള അവകാശമുണ്ട്. എന്നാൽ സംഘർഷത്തിലുള്ള സൈന്യങ്ങളുടെ, യൂനിഫോമിൽ തോക്കേന്തി അക്രമപ്രവർത്തനങ്ങളിൽ സജീവമായി പങ്കുകൊള്ളുന്നവരോട് തിരിച്ചടിക്കാം. ഐ.ഡി.എഫിനെ ഹമാസ് ആക്രമിക്കുന്നതിനെ ഞാൻ എതിർക്കില്ല. എന്നാൽ അത് സിവിലിയന്മാർക്കു നേരെയാകുമ്പോൾ എതിർക്കും.

ഹമാസിനെക്കുറിച്ച് എന്താണ് അഭിപ്രായം?

ഹമാസും ഒര​ു കക്ഷിയാണല്ലോ. അവരുടെ തന്ത്രങ്ങൾ, സിവിലിയന്മാർക്കു നേരെയുള്ള അതിക്രമങ്ങൾ എല്ലാം ഇസ്രായേലിനകത്തുതന്നെ സമാധാനം ആഗ്രഹിച്ചിരുന്നവരുടെ മണ്ഡലത്തെ നശിപ്പിച്ച് ഇല്ലാതാക്കി. ഹമാസും വലതുപക്ഷ ലിക്കുഡും തമ്മിൽ ഒരു സഹജീവനം ഉള്ളതുപോലെ. ഹമാസ് വല്ല അതിക്രമവും ചെയ്യും, ഇസ്രായേലുകാർ അതോടെ വലതുപക്ഷ ഗവൺമെന്‍റിന് വോട്ടുചെയ്യും.

ലിബറൽ ഇസ്രായേലികളെ പ്രമോട്ട് ചെയ്തും അവരെ സമാധാനശ്രമത്തിന് പ്രോത്സാഹിപ്പിച്ചും ഫലസ്തീൻ രാഷ്ട്രം അനുവദിക്കുന്നതുകൊണ്ട് അവർക്ക് നഷ്ടമൊന്നുമില്ലെന്നു ബോധ്യപ്പെടുത്താനും കഴിഞ്ഞാൽ ഫലസ്തീൻ രാഷ്ട്രം നിലവിൽ വരും. ഹമാസ് വലിയ വിന വരുത്തിവെച്ചു എന്നാണ് എന്‍റെ അഭിപ്രായം.

ഈ നീണ്ട കാലമത്രയും അങ്ങനെതന്നെ എന്നാണോ?

അതേ, കാരണം അവരുടെ വിവേചനരഹിതമായ സിവിലിയന്മാർക്കു നേരെയുള്ള ആക്രമണങ്ങളും ഇസ്രായേൽ ഇടതുപക്ഷത്തെ അന്യവത്കരിച്ചതും വലിയ അപകടമാണ് ചെയ്തത്. നെതന്യാഹുവിന്, ഇസ്രായേലി വലതുപക്ഷത്തിന് അധികാരത്തിലെത്താനും കഴിഞ്ഞ 30 വർഷം അധികാരത്തിൽ അടിവെച്ചടിവെച്ചു കയറാനും കഴിഞ്ഞതിൽ അവർ ഹമാസിന് നന്ദി പറയണം. അവർ ഇസ്രായേലുകാരെ ചകിതരാക്കി നിർത്തിയില്ലായിരുന്നെങ്കിൽ ഒരു തീവ്ര വലതുപക്ഷ ഗവൺമെന്‍റിനെ പുണർന്ന് നെതന്യാഹുവിന് കരിയർ നേട്ടമുണ്ടാക്കാൻ അവസരമുണ്ടാകുമായിരുന്നില്ല.

അക്രമത്തിലേക്ക് വഴുതാത്ത, ദ്വിരാഷ്ട്രപരിഹാരം അംഗീകരിച്ച ഫലസ്തീൻ അതോറിറ്റി, ഇസ്രായേലി ഇടതിനും പാശ്ചാത്യ ജനാധിപത്യ രാഷ്ട്രങ്ങൾക്കും ഫലസ്തീനികൾക്കും ഐക്യപ്പെടാനുള്ള ഒരു വേദിയായിരുന്നു. എല്ലാ അഴിമതിയും കെടുകാര്യസ്ഥതയുമൊക്കെ ഉണ്ടെങ്കിലും ഫലസ്തീൻ അതോറിറ്റിതന്നെയാണ് ഇപ്പോഴും എന്‍റെ പ്രതീക്ഷ. കാരണം, നേരത്തേ പറഞ്ഞ എല്ലാവരെയും ഒരുപോലെ ഒന്നിപ്പിക്കാവുന്ന ഘടകം അതാണ് എന്നതുതന്നെ.

എന്നാൽ, വാസ്തവത്തിൽ പി.എൽ.ഒയുടെയും ഫലസ്തീൻ അതോറിറ്റിയുടെയും പരാജയത്തിന്‍റെ ഫലം കൂടിയാണല്ലോ താങ്കൾ വിമർശിക്കുന്ന ഹമാസിന്‍റെ മുന്നേറ്റമുണ്ടാകുന്നത്? അധിനിവിഷ്ട ജനതയുടെ വികാരങ്ങളെ പ്രതിഫലിപ്പിക്കാൻ അവർക്ക് ആവാതെ വന്നപ്പോൾ ജനം മാറി ചിന്തിക്കുകയായിരുന്നല്ലോ?

യിത്സാക് റബീൻ ഒരു പരിഹാരത്തിന്‍റെ ഏറെ അരികിലെത്തിയതായിരുന്നു. യു.എൻ ആവശ്യാനുസൃതം വെസ്റ്റ് ബാങ്ക് ഫലസ്തീനികൾക്ക് വിട്ടുകൊടുക്കാനിരുന്നതാണ്. എന്നാൽ ജറൂസലമിലും ഇസ്രായേലിലും ഹമാസ് നടത്തിയ ബോംബാക്രമണ പരമ്പരകളിലൂടെ അത് നടക്കാതെ പോയി. സമാധാനപ്രക്രിയയെ സ്തംഭിപ്പിച്ച നെതന്യാഹുവിന് ഇസ്രായേലുകാർ വോട്ടുചെയ്തു. അത് ചരിത്രത്തിലെ വ്യക്തമായൊരു പാഠമാണ്. ഓസ് ലോ കരാർ നടന്നു. പി.എൽ.ഒ ഇസ്രായേൽ രാഷ്ട്രത്തെ അംഗീകരിച്ചു. ഇരു രാഷ്ട്ര പരിഹാരം എന്നതിലേക്കുള്ള കൃത്യമായ പ്രവർത്തനങ്ങൾ നടന്നുവരുകയായിരുന്നു.

വ്യോമപാതയുടെ നിയന്ത്രണവും മറ്റു പല നിയന്ത്രണങ്ങളുമൊക്കെ പിടിച്ചുവെക്കുമെന്ന് ഇസ്രായേൽ വാശിപിടിച്ചിരുന്നു. എന്നാൽ അതെല്ലാം തുടർചർച്ചക്ക് വിഷയമായിരുന്നു. ആ കരാർ അന്തിമവാക്കായിരുന്നില്ല. എന്നാൽ അവർ അതിൽനിന്നു പിന്നാക്കം പോയി. താങ്കൾ പറഞ്ഞ കിഴക്കൻ ജറൂസലമിന്‍റെ പേരുപറഞ്ഞ് അറഫാത്തും കരാർ കൈയൊഴിഞ്ഞു. വാസ്തവം പറഞ്ഞാൽ അതൊരു അബദ്ധമായിരുന്നു.

പ്രതീക്ഷയറ്റിട്ടില്ല

ഈ പ്രതിസന്ധിക്കപ്പുറം വല്ല വെളിച്ചവും കാണുന്നുണ്ടോ?

ഞാൻ കാണുന്നുണ്ട്. പ്രതീക്ഷയറ്റു എന്നു ഞാൻ പറയില്ല. ലണ്ടനിലും വാഷിങ്ടണിലുമടക്കം പടിഞ്ഞാറ് അഭൂതപൂർവമായ ഐക്യദാർഢ്യ, പ്രതിഷേധ റാലികളാണ് നടന്നുവരുന്നത്. ഫലസ്തീൻ പ്രശ്നംതന്നെ മാഞ്ഞുപോയെന്നു കരുതിയതാണ്. എല്ലാ ഗൾഫ് രാജ്യങ്ങളും ഫലസ്തീനികളെ കൈവിട്ടു എന്നു കരുതിയതാണ്. ദുബൈ, ഖത്തർ, സൗദി അറേബ്യ എല്ലാം ഫലസ്തീൻവിഷയത്തിൽ ഒന്നും പറയാതെ തന്നെ ഇസ്രായേലുമായി തുറന്ന ബന്ധത്തിനു തയാറായതാണ്. എന്നാൽ ഇപ്പോൾ ഫലസ്തീൻ വീണ്ടും ചർച്ചയിലെത്തിയിരിക്കുന്നു. പ്രശ്നപരിഹാരത്തിനുള്ള ചർച്ചകൾ വീണ്ടും ആരംഭിച്ചിരിക്കുന്നു. ഇതൊക്കെ ശുഭസൂചനതന്നെയാണ് നൽകുന്നത്.

Tags:    
News Summary - weekly interview

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.