പാതിയുറക്കത്തിൽ മാധ്യമങ്ങൾ; മുഴുനിദ്രയിൽ ഇലക്ഷൻ കമീഷൻ

സാധാരണനിലക്ക് ഞായറാഴ്ചകൾ പത്ര ​െഡസ്കുകൾക്കും ആലസ്യത്തിന്റെ സമയമാണ്. തിങ്കളാഴ്ചകൾക്കായി മുൻപേജ് വാർത്തകൾ കിട്ടാൻ പ്രയാസം. പലപ്പോഴും നിസ്സാര വാർത്തകൾ പൊലിപ്പിച്ചെടുക്കേണ്ടിവരും. പക്ഷേ, ഏപ്രിൽ 21 (ഞായർ) വാർത്തകളു​െട കാര്യത്തിൽ നിർജീവമായിരുന്നില്ല. ഗസ്സയിലെ ഖാൻയൂനിസിൽ പുതിയ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയത് അന്തർദേശീയ വാർത്തകളിൽ പ്രമുഖം. ദേശീയതലത്തിൽ, നരേന്ദ്ര മോദി രാജസ്ഥാനിൽ ചെയ്ത വിദ്വേഷപ്രസംഗവും തെരഞ്ഞെടുപ്പു കമീഷന്റെ നിഷ്ക്രിയത്വവും.പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്നയാൾ തെരഞ്ഞെടുപ്പു കമീഷനെയും സുപ്രീംകോടതിയെയും സ്വധർമത്തെയും ധിക്കരിച്ച് പരസ്യമായി...

സാധാരണനിലക്ക് ഞായറാഴ്ചകൾ പത്ര ​െഡസ്കുകൾക്കും ആലസ്യത്തിന്റെ സമയമാണ്. തിങ്കളാഴ്ചകൾക്കായി മുൻപേജ് വാർത്തകൾ കിട്ടാൻ പ്രയാസം. പലപ്പോഴും നിസ്സാര വാർത്തകൾ പൊലിപ്പിച്ചെടുക്കേണ്ടിവരും. പക്ഷേ, ഏപ്രിൽ 21 (ഞായർ) വാർത്തകളു​െട കാര്യത്തിൽ നിർജീവമായിരുന്നില്ല. ഗസ്സയിലെ ഖാൻയൂനിസിൽ പുതിയ കൂട്ടക്കുഴിമാടങ്ങൾ കണ്ടെത്തിയത് അന്തർദേശീയ വാർത്തകളിൽ പ്രമുഖം. ദേശീയതലത്തിൽ, നരേന്ദ്ര മോദി രാജസ്ഥാനിൽ ചെയ്ത വിദ്വേഷപ്രസംഗവും തെരഞ്ഞെടുപ്പു കമീഷന്റെ നിഷ്ക്രിയത്വവും.

പ്രധാനമന്ത്രി സ്ഥാനത്ത് ഇരിക്കുന്നയാൾ തെരഞ്ഞെടുപ്പു കമീഷനെയും സുപ്രീംകോടതിയെയും സ്വധർമത്തെയും ധിക്കരിച്ച് പരസ്യമായി വിദ്വേഷപ്രസംഗംചെയ്തത് വാർത്താപ്രാധാന്യമനുസരിച്ച് ലീഡ് ആകേണ്ടതായിരുന്നു. ഇംഗ്ലീഷ് പത്രങ്ങൾ മിക്കതിലും അത് ലീഡ് തന്നെയായി (ഏപ്രിൽ 22). ദ ഹിന്ദു, ദ ടെലിഗ്രാഫ്, ടൈംസ് ഓഫ് ഇന്ത്യ, ഇന്ത്യൻ എക്സ്പ്രസ് എന്നിവ അന്നത്തെ മുഖ്യ വാർത്തയായി ഒന്നാംപേജിൽ ​ചേർത്തത്, മാതൃക പെരുമാറ്റച്ചട്ടത്തിന്റെ പരസ്യലംഘനമാകാവുന്ന മോദിയുടെ പ്രസംഗമായിരുന്നു. ഇതിനുപുറമെ അനേകം ഓൺലൈൻ മാധ്യമങ്ങളിലും വിദേശമാധ്യമങ്ങളുടെ ഓൺലൈൻ പതിപ്പുകളിലും ഏപ്രിൽ 21നു തന്നെ ഈ വാർത്തക്ക് വലിയ പ്രാമുഖ്യം കിട്ടി. ടൈം മാഗസിൻ, വാഷിങ്ടൺ പോസ്റ്റ്, അൽജസീറ, സി.എൻ.എൻ, ന്യൂയോർക് ടൈംസ്, ബി.ബി.സി, ഗാർഡിയൻ, ഇൻഡിപെൻഡന്റ് തുടങ്ങിയവ അക്കൂട്ടത്തിൽപെടും.

രാജസ്ഥാനിൽ മോദി പറഞ്ഞത്: അധികാരം കിട്ടിയാൽ കോൺഗ്രസ് ഇന്ത്യക്കാരുടെ സമ്പത്തെടുത്ത് മുസ്‍ലിംകൾക്ക് വിതരണംചെയ്യും; മുസ്‍ലിംകൾ ‘ധാരാളം കുട്ടികളുള്ള’വരും ‘നുഴഞ്ഞുകയറ്റക്കാരു’മാണ്. രാജ്യത്തിന്റെ വിഭവങ്ങളിൽ മുസ്‍ലിംകൾക്കാണ് പ്രഥമ അവകാശമെന്ന് മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ് പ്രസംഗിച്ചിട്ടുണ്ട്. ഇപ്പറഞ്ഞത് മൂന്നും സത്യത്തിന്റെ ‘‘അടുത്തുപോലും എത്താത്തവയാണെ’’ന്ന് വിവിധ മാധ്യമങ്ങളും (ഹിന്ദു എഡിറ്റോറിയൽ, ഏപ്രിൽ 23 കാണുക) വസ്തുത പരിശോധകരും വ്യക്തമാക്കിക്കഴിഞ്ഞു.

എന്തുകൊണ്ടോ മോദിയുടെ പ്രസംഗത്തിന്റെ പ്രാധാന്യം തിരിച്ചറിയുന്നതിൽ മലയാള പത്രങ്ങൾ ആദ്യ ദിവസം പരാജയപ്പെട്ടു. മാതൃഭൂമി, കേരള കൗമുദി, ദേശാഭിമാനി, ചന്ദ്രിക, മംഗളം, സിറാജ്, വീക്ഷണം, ജനയുഗം തുടങ്ങിയവയിൽ 22ന് ആ വാർത്ത കണ്ടില്ല. ‘സോണിയ ഗാന്ധിക്കെതിരെ മോദിയുടെ പരിഹാസം’ എന്നൊരു ജയ്പൂർ റിപ്പോർട്ട് ദീപികയിലുണ്ട്; എന്നാൽ അതിനെക്കാൾ ഗുരുതരമായ, തെരഞ്ഞെടുപ്പ് ചട്ടങ്ങളോടുള്ള പരിഹാസത്തിന്റെ വാർത്തയില്ല. മലയാള മനോരമ 13ാംപേജിൽ ആ വാർത്ത ചേർത്തു. അതിലെ ഗുരുതരമായ ചട്ടലംഘനത്തെക്കാൾ വാർത്തയുടെ ശ്രദ്ധ കേന്ദ്രീകരിച്ചത് കക്ഷിരാഷ്ട്രീയ വൈരത്തിലാണ് –‘കോൺഗ്രസിനെതിരെ മോദിയുടെ ആരോപണം: ‘‘നിങ്ങളുടെ സ്വത്ത്, കൂടുതൽ മക്കളുള്ള നുഴഞ്ഞുകയറ്റക്കാർക്ക് നൽകും.’’ ’

മാധ്യമം മുൻപേജിൽ വാർത്ത ചേർത്തെങ്കിലും, ‘വിദ്വേഷപ്രസംഗവുമായി മോദി’ എന്ന ദുർബലമായ തലക്കെട്ട് അതിന്റെ ഗൗരവം കുറച്ചു. ഒന്നാം പേജിൽ വാർത്ത കൊടുത്ത സുപ്രഭാതം സംഭവത്തിന്റെ ഗൗരവം കുറെക്കൂടി പ്രതിഫലിപ്പിച്ചു: ‘ ‘‘കോൺഗ്രസ് ജയിച്ചാൽ സ്വത്തെല്ലാം മുസ്‍ലിംകൾക്ക്’’: കടുത്ത മുസ്‍ലിം വിരുദ്ധ പ്രസംഗവുമായി പ്രധാനമന്ത്രി.’ വിഷയത്തിന്റെ പ്രാധാന്യം തിരിച്ചറിയാതെപോയവർ അടുത്തദിവസം ഉണർന്നു. അതിനിടക്ക് അത് ദേശീയ-അന്തർദേശീയ തലങ്ങളിൽ ഏറെ പ്രചരിക്കുകയും ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു.

മനോരമ (ഏപ്രിൽ 23) വാർത്തയുടെ മുന ഇത്തവണ കണ്ടെത്തി. ‘വല്ലാത്ത വാക്ക്’ എന്ന് ലീഡ് തലക്കെട്ട്. ‘പ്രധാനമന്ത്രി വിദ്വേഷം പരത്തുന്നെന്ന് കോൺഗ്രസ്; ആവർത്തിച്ച് മോദി; പ്രതികരിക്കാതെ തിരഞ്ഞെടുപ്പ് കമീഷൻ’ എന്ന് ഉപ തലക്കെട്ടുകൾ. ഉൾ​േപജിൽ, ‘തിരഞ്ഞെടുപ്പു കമീഷൻ വായ് മൂടപ്പെട്ട നിലയിൽ’ എന്ന് ജോമി തോമസിന്റെ കുറിപ്പ്.

മാതൃഭൂമിക്കും ലീഡ് തലക്കെട്ടു തന്നെ: ‘മലീമസം; രാജസ്ഥാനിൽ പ്രചാരണത്തിനിടെ വിദ്വേഷപ്രസംഗവുമായി പ്രധാനമന്ത്രി’. ഉൾപേജിൽ, ​‘മോദിയും ബി.ജെ.പിയും തകർത്തത് സ്വന്തം മുദ്രാവാക്യം.’ സുപ്രഭാതം ലീഡ്: ‘വിദ്വേഷം കത്തുന്നു; മോദിയുടെ വിദ്വേഷ പ്രസംഗം: തെര. കമ്മീഷനിൽ പരാതി പ്രളയം.’

മാധ്യമം ലീഡ്: ‘വെറുപ്പിന് ഗാരന്റി; തെരഞ്ഞെടുപ്പു കമീഷന് മൗനം.’

ചന്ദ്രിക ലീഡ്: ‘വിഷം തുപ്പി വീണ്ടും മോദി.’ മംഗളം ലീഡ്: ‘വർഗീയ ചുവയിൽ മോദിയുടെ പ്രസംഗം; പരാതി നൽകി കോൺഗ്രസ്.’ വീക്ഷണം ലീഡ്: ‘വിഷം തുപ്പുന്നു.’ സിറാജ് ലീഡ്: ‘വിദ്വേഷക്കുരുക്ക്.’ ദീപിക ലീഡ്: ‘വിവാദം, പരാതി; മോദിയുടെ പ്രകോപന പ്രസംഗം.’

കൗമുദി മുൻപേജിൽ പ്രധാനമന്ത്രിയുടെ മറ്റൊരു പ്രസംഗം ചേർത്തു: ‘മുസ്‍ലിം പെൺകുട്ടികളുടെ ജീവിതം ബി.ജെ.പി സുരക്ഷിതമാക്കി –മോദി.’ മോദിക്ക് അനുകൂലമായ വാർത്തകളോടുള്ള ഈ താൽപര്യം ഉൾപ്പേജിലെ മറ്റൊരു വാർത്തയിലും കണ്ടു: ‘രാജസ്ഥാനിലെ മുസ്‍ലിം വിരുദ്ധത അലീഗഢിൽ മോദി മയപ്പെടുത്തി.’

പല പത്രങ്ങളും പിന്നീട് മോദിയുടെ വിദ്വേഷപ്രസംഗത്തെയും തെരഞ്ഞെടുപ്പ് കമീഷന്റെ നിഷ്ക്രിയത്വത്തെയും വിമർശിച്ച് എഡിറ്റോറിയൽ എഴുതി; ലേഖനങ്ങൾ ചേർത്തു.

ഫാക്ട് ചെക്ക് റിപ്പോർട്ടിന്റെ ഭാഗമാകണം

തലക്കെട്ടാക്കാൻ പോന്ന പ്രസംഗങ്ങൾ മിക്ക ദിവസങ്ങളിലും ചെയ്യാനുള്ള സാമർഥ്യം രാഷ്ട്രീയ നേതാക്കൾക്കുണ്ട് –പ്രത്യേകിച്ച് മോദിക്ക്. അത്തരം പ്രസംഗങ്ങൾ ഏറെയും വൻ അവകാശവാദങ്ങളും എതിരാളികളെ ഉന്നമിട്ടുള്ള വിമർശനങ്ങളുമാകും. മാധ്യമങ്ങൾ ഇതെല്ലാം അതേപടി വാർത്തയാക്കുന്നതാണ് ഇന്നും കാണുന്നത്.

വാർത്താവിനിമയ മാർഗങ്ങൾ അനേകം ഉണ്ടായിരിക്കെ പൊതുമാധ്യമങ്ങൾക്ക് സ്വന്തം പ്രസക്തി നിലനിർത്താൻ ചെയ്യാവുന്ന ചിലതുണ്ട്. വർഗീയതക്കെതിരെ ഉറച്ച നിലപാടെടുക്കുകയാണ് ഒന്ന്. ഇലക്ഷൻ കമീഷനെപ്പോലുള്ളവയുടെ ഭീരുത്വം പുറത്തുകൊണ്ടുവന്ന്, അതിനെതിരെ പൊതുസമൂഹത്തെ ഉണർത്തുകയും ഭരണഘടനപ്രകാരം പ്രവർത്തിക്കാൻ അവക്കുമേൽ സമ്മർദം ചെലുത്തുകയുമാണ് മറ്റൊന്ന്.

വ്യാജ പ്രസ്താവനകൾ പുറത്തുവരുന്നമുറക്ക് അവയെ ‘ഫാക്ട് ചെക്ക്’ ചെയ്യുക എന്നതും ഇക്കാലത്ത് മാധ്യമങ്ങൾ ഏറ്റെടുക്കേണ്ട ചുമതലയാണ്. മോദിയുടെ പ്രസംഗത്തിലെ അവാസ്തവങ്ങൾ തുറന്നുകാട്ടുന്ന വസ്തുത പരിശോധനകൾ ഓൺലൈൻ മാധ്യമങ്ങൾ ധാരാളം ചെയ്തു, ഹിന്ദു അടക്കമുള്ള പത്രങ്ങളും. ശ്രീനിവാസൻ ജെയിൻ, മറിയം അലവി, സുപ്രിയ ശർമ എന്നിവരുടെ Love Jihad and Other Fictions എന്ന പുസ്തകത്തിലെ, മുസ്‍ലിം ജനസംഖ്യയെപ്പറ്റിയുള്ള കണക്കുകൾ ഉദ്ധരിക്കപ്പെട്ടു.

 

പ്രധാനമന്ത്രി വരെ വെറുപ്പ് പരത്തുമ്പോൾ, തെരഞ്ഞെടുപ്പു കമീഷൻ പകച്ചുനിൽക്കുമ്പോൾ, ജനങ്ങൾക്കുവേണ്ടി ശബ്ദിക്കേണ്ട ഉത്തരവാദിത്തമുണ്ട് പൊതുമാധ്യമങ്ങൾക്ക്. മോദി മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെ പ്രസംഗത്തെ എങ്ങനെ വളച്ചൊടിച്ചു, മുസ്‍ലിംകളെപ്പറ്റി കള്ളവാദമുയർത്തി, സമൂഹത്തിൽ വിദ്വേഷവും സ്പർധയുമുണ്ടാക്കുന്ന തരത്തിൽ പ്രസംഗിച്ചു എന്നെല്ലാം ജനങ്ങൾ അറിഞ്ഞിരിക്കണം. പ്രസംഗം വിവാദമാവുകയും നടപടിയെടുക്കാൻ ഇലക്ഷൻ കമീഷനുമേൽ സമ്മർദമുണ്ടാവുകയും ചെയ്യുന്ന മുറക്ക് പ്രസംഗത്തിന്റെ ഊന്നൽ കോൺഗ്രസ് വിരോധം മാത്രമാണെന്ന് വരുത്താൻ ശ്രമം നടക്കുന്നു. ‘​മൻമോഹൻ സിങ്ങിന്റെ പ്രഖ്യാപനം: നിലപാടിലുറച്ച് പ്രധാനമന്ത്രി; പറഞ്ഞത് സത്യം’ എന്ന വാർത്ത (ജന്മഭൂമി, ഏപ്രിൽ 24) ഇതിന്റെ ഭാഗമാകാം.

തെരഞ്ഞെടുപ്പിലെ മാതൃകാ പെരുമാറ്റ ചട്ടങ്ങളുടെ തുറന്ന ലംഘനമായ പരാമർശങ്ങൾ മോദിയുടെ ആദ്യ പ്രസംഗത്തിലുണ്ടായിരുന്നു. എന്നാൽ, നിയമനടപടിയിൽനിന്ന് വഴുതിമാറാനാകണം, പ്രസംഗത്തിന്റെ റിപ്പോർട്ടുകളിൽനിന്ന് വിവാദഭാഗങ്ങൾ പിന്നീട് നീക്കംചെയ്തിട്ടുണ്ട്. ദ വയർ അറിയിക്കുന്നു: പെരുമാറ്റച്ചട്ട ലംഘനമായ ഭാഗങ്ങൾ മോദിയുടെ വെബ്സൈറ്റിലെ പ്രസംഗവാർത്തയിൽനിന്ന് ഒഴിവാക്കി. ‘നുഴഞ്ഞു കയറ്റക്കാർ’, ‘മുസ്‍ലിംകൾ’, ‘കൂടുതൽ കുട്ടികളുള്ളവർ’ തുടങ്ങിയ പദപ്രയോഗങ്ങൾ നീക്കംചെയ്ത നിലയിലാണ് പ്രസംഗസംഗ്രഹം ചേർത്തത്. മോദിയുടെ വാട്സ്ആപ് ചാനലിൽ ആ പ്രസംഗം കണ്ടില്ലെന്നുകൂടി ദ വയർ ചൂണ്ടിക്കാട്ടുന്നു.

ഇന്ത്യയിലെ പല മാധ്യമങ്ങളും ഈരംഗത്ത് ചെയ്യേണ്ടത് ചെയ്യുന്നില്ല എന്നുപറയേണ്ടതുണ്ട്. പ്രസ്താവനകൾക്ക് ഉച്ചഭാഷിണിയാകുന്നതിന് പകരം അവ പരിശോധിച്ച് നേരും നുണയും വേർതിരിക്കാൻ വേണ്ടത്ര ശ്രമമില്ല.

Tags:    
News Summary - weekly column media scan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.