അങ്ങനെയിരിക്കെ രാജ്യത്തിന്റെ വടക്കേയറ്റത്ത് മാധ്യമസ്വാതന്ത്ര്യത്തിന്റെ ശേഷക്രിയകൾക്ക് തുടക്കമായിരിക്കുന്നു.
ജമ്മു-കശ്മീരിന്റെ പ്രത്യേകപദവി എടുത്തുകളഞ്ഞ 2019 ആഗസ്റ്റ് 5നുശേഷം അവിടെ മുൻഗണനയോടെ നടന്നുവരുന്നത് സ്വതന്ത്ര മാധ്യമപ്രവർത്തനം ഇല്ലാതാക്കലാണ്.
നവംബർ 20ന് ജമ്മു-കശ്മീർ പൊലീസിന്റെ സ്റ്റേറ്റ് ഇൻവെസ്റ്റിഗേഷൻ ഏജൻസി (എസ്.ഐ.എ) ജമ്മുവിലുള്ള കശ്മീർ ടൈംസ് പത്രത്തിന്റെ ഹെഡ് ഓഫിസിൽ റെയ്ഡ് നടത്തി. അവർക്കെതിരെ കേസെടുത്തു. രാജ്യത്തിന്റെ പരമാധികാരത്തിനു ദോഷംചെയ്യുന്ന ഉള്ളടക്കങ്ങളുടെ പേരിലാണത്രെ കേസ്. കശ്മീർ ടൈംസ് മാനേജിങ് എഡിറ്റർ അനുരാധ ഭാസിൻ, എഡിറ്റർ പ്രബോധ് ജംവാൽ എന്നിവരെയും കേസിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഓഫിസിനു പുറമെ ജംവാലിന്റെ വീട്ടിലും റെയ്ഡ് നടത്തി.
ഓഫിസിൽനിന്ന് ഒരു റിവോൾവറടക്കം ആയുധങ്ങളും മറ്റു ആയുധ സാമഗ്രികളും കണ്ടെടുത്തതായി എസ്.ഐ.എ പറയുന്നു. മൂന്നു നാലു വർഷമായി ഉപയോഗത്തിലില്ലാത്തതാണ് ഓഫിസ് എന്നതാണ് തമാശ. അതിൽ ബാക്കിയായിരിക്കുന്നത് പഴയ കമ്പ്യൂട്ടറുകളും ഓഫിസ് രേഖകളും മാത്രമാണെന്ന് അനുരാധ ഭാസിൻ പറയുന്നു. 2019നു മുമ്പും ശേഷവും ഭരണകൂടത്തെ വിമർശിക്കാൻ മടിക്കാത്ത പത്രമാണ് കശ്മീർ ടൈംസ്. 2020ൽ ജമ്മു-കശ്മീർ സർക്കാർ അതിന്റെ ഓഫിസ് പൂട്ടി മുദ്രവെച്ചു. അതോെട അച്ചടിപ്പതിപ്പ് ക്ഷയിച്ചു. 2021 അവസാനത്തോടെ അത് പൂർണമായും നിലച്ചു. എങ്കിലും ഡിജിറ്റൽ പതിപ്പ് ഫ്രീലാൻസ് റിപ്പോർട്ടർമാരുടെ സഹായത്തോടെ സജീവമായി നിലകൊണ്ടു.
ഓഫിസ് സീൽ ചെയ്യാൻ ഒരു കാരണമുണ്ടായിരുന്നു. 2019 ആഗസ്റ്റിൽ ജമ്മു-കശ്മീരിന്റെ പദവി എടുത്തുകളഞ്ഞതിനൊപ്പം അവിടെ ദിവസങ്ങളോളം ഇന്റർനെറ്റ് വിച്ഛേദിച്ചു. ഇത് മാധ്യമസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും മാധ്യമപ്രവർത്തകരുടെ ജീവനോപാധിയെക്കൂടി ബാധിക്കുന്നതാണെന്നും കാണിച്ച് അനുരാധ ഭാസിൻ മോദി സർക്കാറിനെതിരെ സുപ്രീംകോടതിയിൽ കേസ് കൊടുത്തു. കേസിൽ പരാതിക്കാരിക്കനുകൂലമായാണ് കോടതി വിധിച്ചത്. ഇന്റർനെറ്റ് ബന്ധം പുനഃസ്ഥാപിക്കാൻ കോടതി കൽപിച്ചില്ലെങ്കിലും നിയന്ത്രണങ്ങൾ പുനഃപരിശോധിക്കണമെന്ന് ഉത്തരവിട്ടു.
ഭീഷണികൾക്കു വഴങ്ങാത്ത അനുരാധ ഭാസിന്റെ രീതി മുമ്പേ അധികാരികൾക്ക് ഇഷ്ടമല്ല. ഇക്കൊല്ലം ആഗസ്റ്റിൽ പ്രാദേശിക സർക്കാർ നിരോധിച്ച 25 പുസ്തകങ്ങളിൽ അനുരാധയുടെ ഒരു പുസ്തകമുണ്ട്. സംസ്ഥാന പദവി നഷ്ടപ്പെട്ടശേഷമുള്ള കശ്മീരിന്റെ അവസ്ഥയാണ് ആ പുസ്തകത്തിൽ വിവരിക്കുന്നത്. 2019നുശേഷം അനേകം കശ്മീരി ജേണലിസ്റ്റുകൾ അവിടം വിടുകയോ ആ തൊഴിൽതന്നെ ഉപേക്ഷിക്കുകയോ ചെയ്തിട്ടുണ്ട്. നിരീക്ഷണം, ചോദ്യംചെയ്യൽ, സാമ്പത്തികമായി ഞെരുക്കൽ തുടങ്ങിയ സർക്കാർ മുറകൾ ഫലത്തിൽ മാധ്യമവേട്ടയായി. സർക്കാർ പരസ്യങ്ങൾ മാധ്യമങ്ങളെ വരുതിയിൽ നിർത്താനുള്ള ഉപാധിയായി ഉപയോഗിച്ചുവരുന്നു.
ലോകത്തിലേറ്റവും നീണ്ട ഇന്റർനെറ്റ് മുടക്ക് (500 ദിവസം) കശ്മീരിന്റെ പേരിലാണ് കുറിച്ചിരിക്കുന്നത്. 2019ൽ ലോക്ഡൗണിനൊപ്പം ഫോൺബന്ധവും വിച്ഛേദിച്ചിരുന്നു. മാധ്യമങ്ങൾ മുടങ്ങി. അറസ്റ്റും പ്രതിഷേധവുമൊന്നും വാർത്തയാകുന്നില്ലെന്ന് അധികാരികൾ ഉറപ്പുവരുത്തി. മാധ്യമ ഓഫിസുകളിൽ നിരന്തരം റെയ്ഡുകൾ നടത്തി ഉപകരണങ്ങൾ പിടിച്ചെടുക്കുകയും നശിപ്പിക്കുകയുംചെയ്തു. കശ്മീർ ടൈംസ് ഡിജിറ്റൽ രൂപത്തിൽ അതിജീവിച്ചെങ്കിലും കശ്മീർവാല പാടേ നിലച്ചു; അതിന്റെ എഡിറ്റർ ഫഹദ് ഷായെ തടവിലാക്കി.
40ലേറെ കശ്മീരി ജേണലിസ്റ്റുകൾക്ക് സമൻസും അന്വേഷണവും രഹസ്യനിരീക്ഷണവും റെയ്ഡുമൊക്കെ നേരിടേണ്ടിവന്നിട്ടുണ്ട്. യു.എ.പി.എ, ഭീകരപ്രവർത്തനം തുടങ്ങിയ കേസുകൾവരെ എടുത്തു. പലർക്കും സഞ്ചാരസ്വാതന്ത്ര്യം വിലക്കി. പാസ്പോർട്ടുകൾ റദ്ദാക്കി. വിദേശി ജേണലിസ്റ്റുകൾക്ക് കശ്മീരിലേക്ക് പ്രവേശനം നിഷേധിച്ചു. ഡിജിറ്റൽ മാധ്യമങ്ങൾക്കുവരെ നിയന്ത്രണങ്ങൾ വന്നതോടെ സർക്കാർ പ്രചാരണങ്ങൾ മാത്രമായി കശ്മീരിന്റെ വാർത്താലോകത്ത്. പുതിയ റെയ്ഡും കേസും കണ്ട് അനുരാധ ഭാസിനും പ്രബോധ് ജംവാലും പ്രതികരിച്ചത്, ‘‘ഞങ്ങൾ നിശ്ശബ്ദരാകില്ല’’ എന്നാണ്.
കമ്മിറ്റി ടു പ്രൊട്ടക്ട് ജേണലിസ്റ്റ്സ് (സി.പി.ജെ), ഡിജിറ്റൽ മാധ്യമങ്ങളുടെ സംഘടനയായ ഡിജിപഞ്ച് തുടങ്ങിയവ പുതിയ മാധ്യമ വേട്ടയിൽ പ്രതിഷേധിച്ചിട്ടുണ്ട്. എങ്കിലും പൊതുവെ ഇന്ത്യൻ മാധ്യമലോകം കശ്മീർ മാധ്യമങ്ങളെ കൈയൊഴിഞ്ഞ മട്ടാണ്.
ഇന്ത്യയുടെ തന്നെ ഭാഗമായ കശ്മീരിൽ മാധ്യമപ്രവർത്തനം ഏറക്കുറെ അസാധ്യമായിക്കൊണ്ടിരിക്കുമ്പോൾ ഇന്ത്യൻ മാധ്യമങ്ങൾ എതിർശബ്ദമുയർത്തേണ്ടതുണ്ട്. അതിനെപ്പറ്റിയൊന്നും വാർത്ത ചെയ്യരുത്.
കശ്മീരിൽ മാധ്യമപ്രവർത്തനം പൊതുവെ തന്നെ ഭീഷണി നേരിടുന്നുണ്ടെങ്കിൽ, ദേശീയതലത്തിൽ ചില വിഷയങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിന് നിയന്ത്രണങ്ങളുണ്ട്. സി.പി.ജെ, പ്രസ് കൗൺസിൽ ഓഫ് ഇന്ത്യ, റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (ആർ.എസ്.എഫ്) തുടങ്ങിയ സ്ഥാപനങ്ങൾ ചൂണ്ടിക്കാട്ടിയ ഏതാനും സംഭവങ്ങൾ:
ഉന്നതങ്ങളിലെ അഴിമതിയുടെയും അധികാര ദുർവിനിയോഗത്തിന്റെയും വിവരങ്ങൾ വെളിപ്പെടുത്താനായി ഏതാനും ജേണലിസ്റ്റുകൾ ചേർന്നുണ്ടാക്കിയ കൂട്ടായ്മയാണ് ‘റിപ്പോർട്ടേഴ്സ് കലക്ടിവ്. ലാഭേച്ഛയില്ലാതെ നടത്തുന്ന (നോൺ-പ്രോഫിറ്റ്) സ്ഥാപനമെന്ന നിലയിൽ രജിസ്റ്റർചെയ്ത്, 12 എ, 80 ജി വകുപ്പുകളുടെ ആനുകൂല്യം ഉപയോഗപ്പെടുത്തി സംഭാവനകളിലൂടെ നടന്നുവരുന്ന ഇതിന്റെ ആ ആനുകൂല്യങ്ങൾ 2025 ജനുവരിയിൽ നികുതി വകുപ്പ് പിൻവലിച്ചു. പൊതുജന താൽപര്യം നിർവഹിക്കുന്ന പ്രവർത്തനമല്ല ജേണലിസം എന്നാണ് കാരണം പറഞ്ഞത്. അദാനി ഗ്രൂപ്പിന് യൂനിയൻ സർക്കാറും ചില ബി.ജെ.പി ഭരണ സംസ്ഥാനങ്ങളും അവിഹിതമായി സഹായങ്ങൾ ചെയ്തതിനെപ്പറ്റിയുള്ള റിപ്പോർട്ടുകൾ ‘കലക്ടിവ്’ പുറത്തുവിട്ടിരുന്നു.
വിവരാവകാശ നിയമപ്രകാരവും മറ്റും ആധികാരിക വിവരങ്ങൾ സമ്പാദിച്ച് അധികാര ദുർവിനിയോഗത്തിന്റെ വാർത്തകൾ ചെയ്യുന്ന കന്നടയിലെ ഡിജിറ്റൽ മാധ്യമമാണ് ദ ഫയൽ. അവർക്കുണ്ടായിരുന്ന നികുതിയിളവ് സർക്കാർ പിൻവലിച്ചു. കോവിഡ് കാലത്ത് നടന്ന പർച്ചേസ് ക്രമക്കേടുകളും മറ്റും റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണിത്.
ന്യൂസ് ക്ലിക്കിന്റെ ഡൽഹി ഓഫിസും അതിലെ ജേണലിസ്റ്റുകളുടെ വീടുകളും 2023ൽ പൊലീസ് റെയ്ഡ് ചെയ്തു. എഡിറ്റർ പ്രബീർ പുരകായസ്തയെ അറസ്റ്റ് ചെയ്തു. വിദേശ ഫണ്ടുമായി ബന്ധപ്പെട്ട് യു.എ.പി.എ പ്രകാരം കേസെടുത്തു. അദാനി ഗ്രൂപ്പിന്റെ ആഗോള ഇടപാടുകളെപ്പറ്റി ന്യൂസ് ക്ലിക്ക് റിപ്പോർട്ട് ചെയ്തിരുന്നു. (എഡിറ്ററുടെ അറസ്റ്റ് നിയമാനുസൃതമല്ലെന്ന് 2024ൽ സുപ്രീംകോടതി വിധിച്ചു.)
അദാനിയെപ്പറ്റി വാർത്തകൾ ചെയ്യാറുള്ള ദ വയർ, കാരവൻ തുടങ്ങിയവക്കും സെന്റർ ഫോർ പോളിസി റിസർച്, ഓക്സ്ഫാം എന്നിവക്കുമെതിരായ ആദായ നികുതി വകുപ്പിന്റേതടക്കമുള്ള നീക്കങ്ങളും ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്.
പാരമ്പര്യ മാധ്യമങ്ങൾ ഏറെയും തമസ്കരിക്കാറുള്ള ഇത്തരം കാര്യങ്ങൾ വിദേശ മാധ്യമങ്ങൾ വെളിപ്പെടുത്താറുണ്ട്. അൽ ജസീറ ഈയിടെ ഒരു കൗതുകം ചൂണ്ടിക്കാട്ടി.
‘‘ഏറ്റവും കൂടുതൽ ജനസംഖ്യയുള്ള രാജ്യത്ത് ഒരേ ആഴ്ചയിൽ കണ്ട രണ്ടു സംഭവങ്ങൾ അവിടത്തെ മാധ്യമങ്ങളുടെ അവസ്ഥ കാണിക്കുന്നു’’ എന്ന് അതിൽ മീനാക്ഷി രവി.
ഒരു സംഭവം, പ്രധാനമന്ത്രി മോദിയുടെ 75ാം ജന്മദിനമാണ്. പത്രങ്ങളിൽ മുഴുപ്പേജ് പരസ്യങ്ങൾ, കമ്പനികളുടെയും സംസ്ഥാന സർക്കാറുകളുടെയും മന്ത്രാലയങ്ങളുടെയും വക. സമൂഹമാധ്യമങ്ങളിൽ വിശേഷങ്ങളുടെ പെരുമഴ. യൂട്യൂബിൽ സ്തുതിഗീതങ്ങളുടെ പ്രവാഹം. ടി.വി ചാനലുകളിൽ വാർത്താ അവതാരകരുടെ ആശംസാവചനങ്ങൾ മുതൽ പ്രത്യേക പരിപാടികൾ വരെ.
രണ്ടാമത്തെ സംഭവം, ഡൽഹി കോടതി വക മാധ്യമങ്ങൾക്കുമേൽ ഏർപ്പെടുത്തിയ വിലക്കാണ്. അദാനിയെപ്പറ്റി സമൂഹമാധ്യമങ്ങളിലൂടെ ഇറങ്ങിയ വാർത്തകളും അവലോകനങ്ങളുമൊക്കെയായി 220ലേറെ ഇനങ്ങൾ നീക്കംചെയ്യാനാണ് കോടതി ഉത്തരവിട്ടത്. രവീഷ് കുമാർ, ധ്രുവ് റാഠി, ആകാശ് ബാനർജി, പരഞ്ജയ് ഗുഹ ഠാകുർത്ത, ന്യൂസ് ലോൺഡ്രി, ദ വയർ തുടങ്ങിയവരുടെ പോസ്റ്റുകൾ കോടതി നീക്കംചെയ്തത് അവരെ കേൾക്കുകപോലും ചെയ്യാതെയാണ്. മീനാക്ഷി രവി പറഞ്ഞത് തന്നെ ശരി. ചിലത് പൊലിപ്പിക്കപ്പെടും. മറ്റു ചിലത് അടിച്ചൊതുക്കപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.