രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആർ.എസ്.എസ്) ശതാബ്ദി പ്രമാണിച്ച് ധാരാളം കവർ സ്റ്റോറികളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകൃതമായി. കേസരി വാരിക, ചന്ദ്രിക ആഴ്ചപ്പതിപ്പ്, ഫ്രണ്ട്ലൈൻ, കാരവൻ ഓർഗനൈസർ തുടങ്ങിയവ അതിലുൾപ്പെടും. ആർ.എസ്.എസിന്റെ ജിഹ്വകളിൽ അപരവത്കരണത്തിന്റെ സ്വരഭാവങ്ങൾ കൂടുതലായിട്ടേയുള്ളൂ. ആർ.എസ്.എസ് നേതാക്കൾ പുറമേക്ക് പറയുന്ന ഉൾക്കൊള്ളലിന്റെ ആശയങ്ങളൊന്നും അവയിൽ കാണാനാവുന്നില്ല. ഘടനയിലെ സുതാര്യതയില്ലായ്മയുടെ പ്രയോജനങ്ങൾ ആ സംഘടനക്ക് നന്നായി ലഭ്യമാകുന്നുണ്ട്. കാരവൻ മാഗസിന്റെ ജൂലൈ കവർസ്റ്റോറി ശീർഷകം ‘ആർ.എസ്.എസ് എന്നൊന്നില്ല’ (The RSS Does Not Exist) എന്നായിരുന്നു. രേഖകളിലൊന്നും കാണാത്ത...
രാഷ്ട്രീയ സ്വയം സേവക് സംഘിന്റെ (ആർ.എസ്.എസ്) ശതാബ്ദി പ്രമാണിച്ച് ധാരാളം കവർ സ്റ്റോറികളും ലേഖനങ്ങളും ആനുകാലികങ്ങളിൽ പ്രസിദ്ധീകൃതമായി. കേസരി വാരിക, ചന്ദ്രിക ആഴ്ചപ്പതിപ്പ്, ഫ്രണ്ട്ലൈൻ, കാരവൻ ഓർഗനൈസർ തുടങ്ങിയവ അതിലുൾപ്പെടും. ആർ.എസ്.എസിന്റെ ജിഹ്വകളിൽ അപരവത്കരണത്തിന്റെ സ്വരഭാവങ്ങൾ കൂടുതലായിട്ടേയുള്ളൂ. ആർ.എസ്.എസ് നേതാക്കൾ പുറമേക്ക് പറയുന്ന ഉൾക്കൊള്ളലിന്റെ ആശയങ്ങളൊന്നും അവയിൽ കാണാനാവുന്നില്ല.
ഘടനയിലെ സുതാര്യതയില്ലായ്മയുടെ പ്രയോജനങ്ങൾ ആ സംഘടനക്ക് നന്നായി ലഭ്യമാകുന്നുണ്ട്. കാരവൻ മാഗസിന്റെ ജൂലൈ കവർസ്റ്റോറി ശീർഷകം ‘ആർ.എസ്.എസ് എന്നൊന്നില്ല’ (The RSS Does Not Exist) എന്നായിരുന്നു. രേഖകളിലൊന്നും കാണാത്ത അതിന്റെ നിഗൂഢഘടനയെപ്പറ്റിയാണ് ലേഖിക അമൃത സിങ് സുദീർഘ ലേഖനത്തിൽ പ്രതിപാദിക്കുന്നത്. സുതാര്യ ഘടനയില്ലാത്ത, രജിസ്റ്റർ ചെയ്യാത്ത, നിയമസംവിധാനങ്ങളോട് ഉത്തരം പറയേണ്ടതില്ലാത്ത സംഘത്തിന്റെ ആധാരം ജാത്യഭിമാനമാണ്; പ്രവർത്തനങ്ങൾ രഹസ്യാത്മകവും –ലേഖിക പറയുന്നു.
നിയമബാഹ്യമായതിനാൽ അതിന് അംഗത്വരേഖകൾ സൂക്ഷിക്കേണ്ടതില്ലെന്നും, നാഥുറാം ഗോദ്സെയുടെ അംഗത്വമടക്കം നിഷേധിക്കാൻ ഇത് പ്രയോജനപ്പെടുന്നു എന്നും സർദാർ പട്ടേൽ നെഹ്റുവിന് എഴുതിയിരുന്നു. ഗോദ്സെ മരണം വരെയും ആർ.എസ്.എസുകാരനായിരുന്നു എന്നാണ് ധീരേന്ദ്ര ഝാ തന്റെ പുസ്തകത്തിൽ (Gandhi's Assassin: The Making of Nathuram Godse and His Idea of India, 2023) ആഴത്തിലുള്ള വിശകലനങ്ങളിലൂടെ സമർഥിച്ചത്. ബോംബെ ഹൈകോടതിയിൽ ആർ.എസ്.എസ് ഒരു ചാരിറ്റബ്ൾ സ്ഥാപനമായി അവകാശപ്പെട്ടെന്നും എന്നാൽ, ചാരിറ്റി കമീഷണർക്കു മുമ്പാകെ രാഷ്ട്രീയ സംഘമായി സ്വയം പരിചയപ്പെടുത്തിയെന്നും എ.ജി. നൂറാനി ചൂണ്ടിക്കാട്ടിയിട്ടുണ്ട്.
‘‘പ്രത്യയശാസ്ത്ര വ്യക്തതയും അടിത്തട്ടിലുള്ള വ്യാപനവും സനാതനമൂല്യങ്ങളിലൂന്നിയുള്ള ദർശനവും’’ അടയാളപ്പെടുത്തിയ നൂറ്റാണ്ടാണ് ആർ.എസ്.എസ് പിന്നിട്ടതെന്ന് സൈദ്ധാന്തികൻ സിദ്ധാർഥ ദവെ (ഓർഗനൈസർ) പറയുന്നുണ്ട്. പക്ഷേ, പുറമേക്ക് പ്രചരിപ്പിക്കുന്നതും പ്രവർത്തനവും തമ്മിൽ ഈ വ്യക്തത കാണില്ല. ഉദാഹരണത്തിന്, എല്ലാവരെയും ഉൾക്കൊള്ളുന്ന സംസ്കാരമാണ് സംഘത്തിന്റേതെന്ന് മോഹൻ ഭാഗവത് ആവർത്തിച്ച് പറയുമ്പോഴും പ്രവർത്തനത്തിൽ അങ്ങനെയല്ല; സംഘജിഹ്വകളിലെ ലേഖനങ്ങൾപോലും തീർത്തും അന്യവത്കരണത്തിന്റേതാണ് –വ്യാജ പ്രചാരണങ്ങളടക്കം. ദേവനൂറ മഹാദേവ ചൂണ്ടിക്കാട്ടുന്നപോലെ (ഫ്രണ്ട്ലൈൻ, 2025 ഒക്ടോ. 15), ‘‘ഈ ശതാബ്ദി വേളയിൽ ആർ.എസ്.എസ് വളർന്നതായി കാണുന്നത് വലുപ്പത്തിലും ആകാരത്തിലും മാത്രമാണ്; മനസ്സിലും വിവേകത്തിലും ഒട്ടുമില്ല.’’ സ്ഥാപകർ പരസ്യമായി പ്രഖ്യാപിച്ച ഫാഷിസ്റ്റ്, വംശീയ ലക്ഷ്യങ്ങളെ ആർ.എസ്.എസ് ഒരിക്കലും തള്ളിപ്പറഞ്ഞിട്ടില്ലെന്നോർക്കുക. സുധീന്ദ്ര കുൽക്കർണിയുടെ ചോദ്യം: ‘‘പുറത്താക്കൽ നയം ഉപേക്ഷിക്കാനുള്ള ഭാവനാശേഷി അവർക്കുണ്ടോ? ഹിന്ദു-മുസ്‍ലിം മൈത്രിയാണല്ലോ ഇന്ത്യയുടെ പുരോഗതിക്കുള്ള ആധാരം’’ (ഫ്രണ്ട്ലൈൻ): ബി. ജയമോഹൻ (ഫ്രണ്ട്ലൈൻ) ആർ.എസ്.എസിനെ പ്രതിരോധിക്കേണ്ടതെങ്ങനെയെന്ന് ചർച്ചചെയ്യുന്നു: ‘‘ഹിന്ദുത്വമല്ല ഹിന്ദുമതം.’’
സങ്കുചിത ലക്ഷ്യങ്ങളിൽ മാറ്റമൊന്നും വരുത്തിയിട്ടില്ലെങ്കിലും പബ്ലിക് റിലേഷൻസ് വഴി ആർ.എസ്.എസ് അതിന്റെ യഥാർഥ മുഖംമറയ്ക്കുന്ന ഉദാരപ്രതിച്ഛായ അണിയാറുണ്ട്. ഇപ്പോഴത്തെ സർസംഘ്ചാലകായ മോഹൻ ഭാഗവത് പി.ആറിൽ മിടുക്കനാണ്. വാർഷിക വിജയദശമി പ്രസംഗങ്ങൾ മാധ്യമ സംഭവങ്ങൾ കൂടിയാണ്. ദൂർദർശൻ മുതൽ റിപ്പബ്ലിക് ടി.വിയും ടൈംസ് നൗവും വരെ അത് തത്സമയ സംപ്രേഷണംചെയ്യാറുണ്ട്. ഇത്തവണ അദ്ദേഹം ‘‘ഉൾക്കൊള്ളൽ ദേശീയത’’ (inclusive nationalism) ഊന്നിപ്പറഞ്ഞത് തലക്കെട്ടുകളിൽ നിറഞ്ഞു. അദ്ദേഹം ഇടക്കിടെ എ.എൻ.ഐക്ക് നൽകുന്ന അഭിമുഖങ്ങൾ അന്താരാഷ്ട്ര വാർത്തയാകുന്നു.
ബഹുമത കൂടിച്ചേരലുകൾ, ‘‘വസുധൈവ കുടുംബക’’ തത്ത്വപ്രചാരണം, ‘‘വെറുപ്പ് ഉപേക്ഷിച്ചുള്ള ഹിന്ദു ഐക്യം’’ (Hindu unity without hatred) തുടങ്ങിയവ വിവിധ എഡിറ്റോറിയലുകളിൽ പ്രശംസിക്കപ്പെട്ടു. മാധ്യമങ്ങളിൽ മുമ്പ് അരികുകളിലായിരുന്നു ആർ.എസ്.എസ് എങ്കിൽ ഇന്ന് മുഖ്യധാരയിലാണ്. അതിന്റെ ശതാബ്ദിയെപ്പറ്റി 2025ൽ മാത്രം ആയിരത്തിലേറെ ലേഖനങ്ങൾ/റിപ്പോർട്ടുകൾ മാധ്യമങ്ങളിൽ വന്നു. കഴിഞ്ഞ വർഷംതന്നെ, ഇന്ത്യടുഡേയുടെ ‘‘മൂഡ് ഓഫ് ദ നേഷൻ’’ സർവേപ്രകാരം ഇന്ത്യൻ നഗരവാസികളിൽ 45 ശതമാനം പേർ ആർ.എസ്.എസിനെ മതിപ്പോടെ കാണുന്നു; 2000ൽ ഇത് 20 ശതമാനമായിരുന്നു.
പുറംവെടിപ്പ്, അകം വെറുപ്പ്
സംഘടനയല്ല മാറിയത്, അതിന്റെ മാധ്യമ പ്രതിച്ഛായയാണ് എന്ന്, ചൊല്ലും ചെയ്തിയും തമ്മിൽ താരതമ്യംചെയ്താൽ ബോധ്യപ്പെടും. ‘‘ഉൾക്കൊള്ളലി’’നെപ്പറ്റി ഏറെ പറയുമ്പോഴും അപരർക്കെതിരെ വെറുപ്പ് പരത്തലും അക്രമപ്രവർത്തനങ്ങളും തുടരുന്നു. അമേരിക്കയിലെ ട്രംപ് സർക്കാറിന്റെ ഫാഷിസ്റ്റ് പ്രകൃതം വ്യക്തമാക്കാൻ കൈൽ ഷ്മിഡ്‍ലിൻ ചൂണ്ടിക്കാട്ടിയ ഒമ്പത് സ്വഭാവങ്ങൾ (രാഷ്ട്രത്തിന്റെ അധികാരങ്ങൾ കോർപറേറ്റുകൾക്കുകൂടി പങ്കുവെക്കൽ, സമഗ്രാധിപത്യ ശൈലി, പൊലീസ് രാജ്, പ്രോപഗൻഡ, സെൻസർഷിപ്, അപരവിദ്വേഷം, ജാതി-ഭാഷ ശ്രേഷ്ഠതാവാദം, യുദ്ധോത്സുക വിദേശ നയം, സാംസ്കാരിക ചിഹ്നങ്ങളിലുള്ള ഭ്രമം) മിക്കവാറും മോദി സർക്കാറിനും ചേരുന്നവയാണ്. യഥാർഥ ഛായയും പ്രതിച്ഛായയും തമ്മിലുള്ള പൊരുത്തക്കേടും വലുതാണ്. ഇതിൽ മാധ്യമങ്ങളാണ് കാര്യമായ ഉപകരണമാകുന്നത്.
പ്രതിച്ഛായ നന്നാക്കുന്നതിൽ പ്രധാന തടസ്സമായി വരുന്നത്, രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായുള്ള സമരത്തിൽ ആർ.എസ്.എസ് പങ്കെടുത്തില്ലെന്നതാണ്. മറിച്ചൊരു കഥ അണിയറയിൽ ഒരുങ്ങിവരുന്നുണ്ടെന്ന് ദ വയർ പോർട്ടലിൽ അങ്കിത് രാജ് ചൂണ്ടിക്കാട്ടുന്നു. ഒക്ടോബർ 1ന് പ്രധാനമന്ത്രി മോദി, സ്വാതന്ത്ര്യസമരത്തിൽ ആർ.എസ്.എസ് വഹിച്ച പങ്കിനെ പ്രകീർത്തിച്ചിരുന്നു. അദ്ദേഹം പറഞ്ഞു: ‘‘ഹെഡ്ഗേവാർ അടക്കം അനേകം പ്രവർത്തകർ സ്വാതന്ത്ര്യസമരത്തിൽ പങ്കുകൊള്ളുകയും പലതവണ അറസ്റ്റു ചെയ്യപ്പെടുകയുമുണ്ടായി.’’ 1942ലെ ക്വിറ്റിന്ത്യ സമരവേളയിൽ കുറെ ആർ.എസ്.എസുകാരെ ബ്രിട്ടീഷുകാർ പീഡിപ്പിച്ചതായും മോദി പറഞ്ഞു. 1999ൽ വാജ്പേയിയും ഇത്തരം വാദം മുന്നോട്ടുവെച്ചിരുന്നു; മറ്റുപലരും. എന്നാൽ, ചരിത്രകാരന്മാരും ഗവേഷകരും ഇത് നിരാകരിക്കുന്നു. സ്വാതന്ത്ര്യസമരത്തെ ആർ.എസ്.എസ് തുണച്ചില്ലെന്നു മാത്രമല്ല, തടസ്സപ്പെടുത്തുകയുംചെയ്തുവത്രെ.
ഹെഡ്ഗേവാറിന്റെ ആധികാരിക ജീവചരിത്രമായ ‘സംഘവൃക്ഷത്തിന്റെ വിത്തുകൾ’ (Seeds of the Sangh Tree – Dr. Keshavarao Hedgewar) എന്ന പുസ്തകത്തിൽ ഗ്രന്ഥകർത്താവ് ചന്ദ്രശേഖർ പരമാനന്ദ് ഭിഷികർ ചില കാര്യങ്ങൾ പറയുന്നുണ്ട്. (ആർ.എസ്.എസ് പത്രമായ തരുൺ ഭാരതിന്റെ മുൻ ചീഫ് എഡിറ്റർ, പ്രചാരക് എല്ലാമായിരുന്ന ഇദ്ദേഹത്തിന്റെ ഈ പുസ്തകത്തിന്റെ ഹിന്ദി പതിപ്പിന് ആമുഖമെഴുതിയത് ആർ.എസ്.എസ് മുൻ മേധാവി കെ.എസ്. സുദർശനാണ്.) ഹെഡ്ഗേവാർ ആദ്യം അറസ്റ്റിലായത് ആർ.എസ്.എസിന്റെ സംസ്ഥാപനത്തിനു മുമ്പാണ്. അന്നദ്ദേഹം കോൺഗ്രസുകാരനായിരുന്നു. രണ്ടാംവട്ടം അറസ്റ്റ് ചെയ്യപ്പെട്ടത്, 1930ൽ ഉപ്പുസത്യഗ്രഹത്തിൽ പങ്കെടുത്തതിനായിരുന്നു. അദ്ദേഹം ഉപ്പുസത്യഗ്രഹത്തെ അനുകൂലിച്ചതുകൊണ്ടല്ല ഇത് എന്നതാണ് കൗതുകകരം.
ഹെഡ്ഗേവാർ അണികൾക്ക് നൽകിയ അറിയിപ്പ് ‘‘ആർ.എസ്.എസ് സത്യഗ്രഹത്തിൽ പങ്കെടുക്കുന്നില്ല’’ എന്നായിരുന്നു. എന്നാൽ, ‘‘വ്യക്തിപരമായി പങ്കെടുക്കുന്നതിന് തടസ്സമില്ലെ’’ന്ന് വ്യക്തമാക്കുകയുംചെയ്തു. എന്നിട്ട്, അദ്ദേഹംതന്നെ ദണ്ഡി ഉപ്പു സത്യഗ്രഹത്തിൽ പങ്കെടുത്ത് അറസ്റ്റ് വരിച്ചു. അതിന് കാരണമായി അദ്ദേഹം പറഞ്ഞതെന്തെന്ന് ഈ ജീവചരിത്രത്തിൽ വെളിപ്പെടുത്തുന്നുണ്ട്. കോൺഗ്രസുകാർക്കൊപ്പം ജയിലിലെത്തി, അവരിൽ ആർ.എസ്.എസിന്റെ ആശയം പ്രചരിപ്പിക്കുക എന്നതായിരുന്നു ആ ലക്ഷ്യം. ജയിലിൽ കഴിഞ്ഞ ഒരു മാസം അദ്ദേഹം ആ ജോലിതന്നെയാണ് ചെയ്തത്.
ദ വയറിൽതന്നെ മൃദുല മുഖർജി എഴുതിയ ലേഖനത്തിലും ആർ.എസ്.എസ് 1925-47 കാലത്തൊരിക്കലും ബ്രിട്ടീഷ് വിരുദ്ധ പ്രസ്ഥാനത്തിൽ പങ്കെടുക്കുകയേ ഉണ്ടായില്ലെന്ന് സമർഥിക്കുന്നുണ്ട്. സംഘം സ്ഥാപിച്ച് രണ്ട് വർഷമായപ്പോഴേക്കും രാജ്യം സൈമൺ കമീഷനെതിരായ പ്രക്ഷോഭത്തിലേക്കിറങ്ങി. ഇതിൽ ആർ.എസ്.എസ് ഒരിടത്തും പങ്കാളിയായില്ല. ദേശീയ പതാകയായി ത്രിവർണ പതാക ഉയർത്താൻ കോൺഗ്രസ് തീരുമാനിച്ചപ്പോഴും അവർ വിട്ടുനിന്നു. ഒന്നാം ലോകയുദ്ധ കാലത്ത് സ്വാതന്ത്ര്യ പ്രസ്ഥാനം ബ്രിട്ടനെതിരെ നിലപാടെടുത്തപ്പോൾ വി.ഡി. സവർക്കർ ചെയ്തത് വൈസ്രോയിയെ കണ്ട് ബ്രിട്ടന് പിന്തുണ പ്രഖ്യാപിക്കുകയാണ്.
സാമുദായിക ധ്രുവീകരണത്തിലൂടെ രാജ്യത്തിന്റെ ശേഷിക്ക് ക്ഷതമേൽപിച്ച സംഘമായല്ല കുറെ സാധാരണ ആർ.എസ്.എസുകാർപോലും അതിനെ മനസ്സിലാക്കുന്നത്. അപരവിദ്വേഷം നിഷ്കളങ്കരെ എത്രത്തോളം അടിമകളാക്കുന്നുണ്ടെന്ന് മുൻ ആർ.എസ്.എസ് പ്രചാരകനായ പാർഥ ബാനർജി തന്റെ പുസ്തകത്തിൽ (In the Belly of the Beast: The Hindu Supremacist RSS and the BJP of India, An Insider's View) വിവരിച്ചിട്ടുണ്ട്. വെറുപ്പിന്റെ ഈ പ്രത്യയശാസ്ത്രം മടുത്ത് അതിൽനിന്ന് ഒഴിയുക മാത്രമല്ല അതിനെതിരെ ബോധവത്കരണം ചുമതലയായി കരുതുകയുംചെയ്യുന്ന പാർഥ ബാനർജിയെപ്പറ്റി ബ്രിട്ടീഷ് പത്രമായ ദ ഗാർഡിയനിൽ രാഹുൽ ഭാട്ട്യ കഴിഞ്ഞ വർഷം എഴുതിയിരുന്നു. (‘Nobody knows what I know’: how a loyal RSS member abandoned Hindu nationalislm.)
ആ പ്രത്യയശാസ്ത്രം ഇന്ത്യയിൽ വേരുപിടിക്കാൻ ഒരു നൂറ്റാണ്ടോളമെടുത്തു. സാംസ്കാരിക പ്രചാരണങ്ങൾ മുതൽ മാധ്യമങ്ങൾ വഴിയുള്ള പ്രോപഗൻഡയുംസിനിമ അടക്കമുള്ള കലാരൂപങ്ങളിലൂടെ സാധിച്ചെടുത്ത വ്യാപകമായ സവർണ നോർമലൈസേഷനും വരെ ഇതിൽ പങ്കാളിത്തം വഹിച്ചിട്ടുണ്ട്. വെറുപ്പിന്റെ അങ്ങാടിയിൽ കട നടത്തുന്ന ഗോദി മീഡിയ ഇന്ന് മുൻനിര ‘‘പ്രചാരകരാ’’ണല്ലോ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.