എന്താണ് ഹരിതഗൃഹപ്രഭാവം?

ഭൂമിയുടെ അന്തരീക്ഷത്തിലെ ചില ഘടകങ്ങൾ (പ്രധാനമായും കാർബൺ ഡൈഓക്സൈഡ്) സൗരതാപത്തെ ആഗിരണം ചെയ്യുകയും ഭൂമിയുടെ താപനില ഉയർത്തുകയും ചെയ്യുന്ന പ്രതിഭാസമാണ് ഹരിതഗൃഹപ്രഭാവം. (Greenhouse effect). ഭൂമി തണുത്തുറഞ്ഞു പോകാതെ ജീവ​െൻറ നിലനിൽപിന് അനുയോജ്യമായ താപനില നിലനിർത്താൻ ഹരിതഗൃഹപ്രഭാവം സഹായിക്കുന്നു. എന്നാൽ, ഇപ്പോൾ മനുഷ്യ​െൻറ തെറ്റായ ചില പ്രവർത്തനങ്ങൾമൂലം അന്തരീക്ഷത്തിൽ കാർബൺ ഡൈഓക്സൈഡി​െൻറ അളവ് കൂടുകയും ഭൂമിയുടെ അന്തരീക്ഷ താപനില അനഭിലഷണീയമാം വിധം ഉയരുകയും ചെയ്യുന്നുണ്ട്. പരിസ്ഥിതി ശാസ്ത്രജ്ഞർക്കിടയിൽ ഹരിതഗൃഹപ്രഭാവം ഒരു സജീവ ചർച്ചാവിഷയമാകുന്നത് അതു കൊണ്ടാണ്.

പേരിനു പിന്നിൽ

ശൈത്യരാജ്യങ്ങളിൽ അതിശൈത്യം കാരണം ചിലയിനം ചെടികൾ നശിച്ചുപോവുക സാധാരണമാണ്. അതിനാൽ, കർഷകർ സംരക്ഷിക്കേണ്ട ചെടികളെ ഒരു ചില്ലു കൂടിനുള്ളിൽ വളർത്തുന്നു. ഈ ചില്ലുകൂടാണ് ഹരിതഗൃഹം (Green house). ചില്ല് സുതാര്യമായതിനാൽ പ്രകാശരശ്മികൾ ഉള്ളിൽ കയറും. എന്നാൽ, ചില്ലുകൂട് താപരശ്മികളെ പുറത്തുകടക്കാൻ അനുവദിക്കാതെ കെണിയിലാക്കുന്നു. അതിനാൽ, ചില്ലുകൂടിനുള്ളിലെ താപനില ഉയരുകയും ചെടികൾ അതിശൈത്യത്തിൽ നിന്നും രക്ഷപ്പെടുകയും ചെയ്യുന്നു. ഇത്തരം ചില്ലുകൂടുകൾ ചെയ്യുന്നതുപോലെ അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ഭൂമി പ്രതിപതിപ്പിക്കുന്ന താപവികിരണങ്ങൾ ശൂന്യാകാശത്തിലേക്ക് നഷ്​ടപ്പെടാതെ തടയുന്നു. ഇതാണ് ഹരിതഗൃഹപ്രഭാവം.

അന്തരീക്ഷം ചൂടുപിടിക്കുന്നതെങ്ങനെ?

ഭൂമിയുടെ അന്തരീക്ഷതാപനില ഉയരുന്നത് ഭൂമിയിൽ നേരിട്ടുപതിക്കുന്ന സൂര്യരശ്​മികളാലല്ല. അവ ​ ഹ്രസ്വതരംഗങ്ങളായതിനാൽ അധികം വായുകണങ്ങളുമായി സമ്പർക്കത്തിൽ വരാത്തതാണ് കാരണം. എന്നാൽ, ഇവയേറ്റ് ചൂടുപിടിക്കുന്ന ഭൂമി, ഇൻഫ്രാറെഡ് വികിരണങ്ങൾ (ഉഷ്ണരശ്മികൾ) ഭൗമോപരിതലത്തിൽ നിന്നും പ്രതിപതിപ്പിക്കും. തരംഗദൈർഘ്യം കൂടുതലുള്ളതിനാൽ ഇവ വളഞ്ഞുപുളഞ്ഞ് സഞ്ചരിച്ച് അന്തരീക്ഷത്തിലെ കൂടുതൽ വായുകണങ്ങളുമായി സമ്പർക്കത്തിൽ വന്ന് അവയെ ചൂടുപിടിക്കും. ഇതാണ് അന്തരീക്ഷതാപനില ഉയർത്തുന്നത് (ഇൻറർലോക്കിട്ട മുറ്റമുള്ള വീടുകളിൽ നേരിട്ട് സൂര്യപ്രകാശമേൽക്കാത്ത സിറ്റൗട്ടിൽ ഇരിക്കുമ്പോൾ നമുക്ക് അത്യധികമായ ചൂട് അനുഭവപ്പെടാനുള്ള കാരണം ഈ ഭൗമവികിരണങ്ങളാണ്).


താപത്തെ കെണിയിലാക്കുന്നവർ

ഭൗമോപരിതലത്തിൽനിന്നും പ്രതിപതിക്കുന്ന താപവികിരണങ്ങളാണ് അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്നത് എന്നു നാം കണ്ടു. ഈ താപവികിരണങ്ങളെ ബഹിരാകാശത്തേക്ക് തിരിച്ചുപോകാൻ അനുവദിക്കാതെ അന്തരീക്ഷത്തിലെ ചില വാതകങ്ങൾ ആഗിരണം ചെയ്യുന്നു. ഇത്തരം വാതകങ്ങളാണ് ഹരിതഗൃഹവാതകങ്ങൾ (Green house gases). കാർബൺ ഡൈഓക്സൈഡ്, മീഥൈൻ, നൈട്രസ് ഓക്സൈഡ്, നീരാവി എന്നിവയാണ്പ്രധാന ഹരിതഗൃഹവാതകങ്ങൾ. ഈ വാതകങ്ങൾ അവ ആഗിരണം ചെയ്ത താപവികിരണങ്ങളെ വീണ്ടും താഴേക്കും മുകളിലേക്കും വശങ്ങളിലേക്കും പ്രതിപതിപ്പിക്കുന്നു. ഇവയെ ഭൗമോപരിതലവും മറ്റു ഹരിതഗൃഹ വാതകകണങ്ങളും വീണ്ടും ആഗിരണം ചെയ്യുകയും പുറത്തുവിടുകയും ചെയ്യുന്നു. ഈ ചാക്രിക പ്രക്രിയയാണ് അന്തരീക്ഷത്തെ ജീവ​ന്‍റെ നിലനിൽപിന് അനുയോജ്യമാം വിധം ചൂടുള്ളതാക്കുന്നത്.

അമിതമായാൽ അമൃതും വിഷം

സസ്യ-ജന്തുജാലങ്ങളുടെ നിലനിൽപിന് ആവശ്യമായ അളവിൽ അന്തരീക്ഷതാപം നിലനിർത്തുന്നത് ഹരിതഗൃഹവാതകങ്ങളിൽ പ്രധാനപ്പെട്ട കാർബൺ ഡൈഓക്സൈഡാണ്. എന്നാൽ, കഴിഞ്ഞ ഏതാനും പതിറ്റാണ്ടുകളായി കാർബൺ ഡൈഓക്സൈഡി​െൻറ അനുപാതം അന്തരീക്ഷത്തിൽ സാരമായി വർധിച്ചിരിക്കുകയാണ്. കൽക്കരി, പെട്രോളിയം, പ്രകൃതിവാതകം എന്നിവയുടെ അമിതമായ ഉപയോഗം, വനനശീകരണം എന്നിവയാണ് അന്തരീക്ഷത്തിൽ കാർബൺ ഡൈഓക്സൈഡി​െൻറ അളവു കൂടാൻ കാരണമായത്.പത്തൊമ്പതാം നൂറ്റാണ്ടിൽ അന്തരീക്ഷത്തിലെ കാർബൺ ഡൈഓക്സൈഡി​െൻറ അളവ് 280 പി.പി.എം ആയിരുന്നു (Parts per million അഥവാ പത്ത് ലക്ഷത്തിൽ ഒരംശം എന്നതാണ് പി.പി.എം കൊണ്ട് ഉദ്ദേശിക്കുന്നത്). ഇന്ന് അത് 350 പി.പി.എം ആണ്.

അന്തരീക്ഷത്തിൽ ഉണ്ടായിട്ടുള്ള കാർബൺ ഡൈഓക്സൈഡ് വർധനയുടെ 25 ശതമാനവും സംഭവിച്ചിട്ടുള്ളത് കഴിഞ്ഞ 40 വർഷങ്ങൾക്കുള്ളിലാണ്. ഈ നില തുടർന്നാൽ 2050ൽ കാർബൺ ഡൈഓക്സൈഡി​ന്‍റെ അളവ് 600 പി.പി.എം ആകും. ഇത് ആഗോളതാപനത്തിന് ഇടയാക്കും.

ആഗോളതാപനം

ഹരിതഗൃഹവാതകങ്ങളുടെ അളവു കൂടുന്നതുമൂലം അന്തരീക്ഷതാപനില ഉയരുന്നതാണ് ആഗോളതാപനം(Global warming). ഇരുപതാം നൂറ്റാണ്ടി​െൻറ രണ്ടാം പാതിയിൽ ഭൂമിയുടെ ശരാശരി താപ നില 0.8ഡിഗ്രി C മുതൽ 1.2ഡിഗ്രി Cവരെ ഉയർന്നു എന്നാണ് വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നത്. 1986 നും 2005നും ഇടയിൽ ഉണ്ടായ തോതിൽ അന്തരീക്ഷത്തിൽ കാർബൺ ഡൈഓക്സൈഡ് ഇനിയും എത്തിയാൽ 2100 ആകുമ്പോഴേക്കും ഭൂമിയുടെ ശരാശരി താപനില 5.8ഡിഗ്രി Cവരെ ഉയരുമെന്നാണ് കാലാവസ്ഥാ വ്യതിയാനത്തെക്കുറിച്ച് പഠനം നടത്തുന്ന ശാസ്ത്രജ്ഞരുടെ സംഘമായ IPCC (Intergovernmental Panel on Climate Change) മുന്നറിയിപ്പ് നൽകുന്നത്.

ഭൂമിയുടെ ഇപ്പോഴത്തെ ശരാശരി താപനില 15ഡിഗ്രി C മാത്രമാണെന്നിരിക്കെ ഈ വർധന എത്രമാത്രം ഭീതിദമാണ്! ഇതു പല പ്രശ്നങ്ങളും ഭൂമിയിൽ സൃഷ്​ടിക്കും. അൻറാർട്ടിക്കയിലെയും ഹിമാലയത്തിലെയും മഞ്ഞുരുകി ഇന്ത്യയിലെ മുംബൈ അടക്കം ലോകത്തെ പല വൻനഗരങ്ങളും ചില ദ്വീപരാജ്യങ്ങളും വെള്ളത്തിനടിയിലാകും. ഭൂമിയിലെ ഋതുഭേദങ്ങൾ മാറിമറിയും. ചിലയിടത്ത് പേമാരിയും ചിലയിടത്ത് വരൾച്ചയുമുണ്ടാകും. കൊടുങ്കാറ്റുകളും ചുഴലിക്കാറ്റുകളും സാർവത്രികമാകും. ഭൂമിയിലെ വിവിധ ആവാസ വ്യവസ്ഥകൾ നശിക്കും. കൃഷിനാശവും അതു വഴി ഭക്ഷ്യക്ഷാമവുമുണ്ടാകും. മനുഷ്യർക്ക് ത്വക് അർബുദം പോലുള്ള രോഗങ്ങളുണ്ടാകും.

ആഗോളതാപനത്തി​െൻറ ഗൗരവം ഉൾക്കൊണ്ടാണ് പല വർഷങ്ങളുടെയും ലോകപരിസ്ഥിതിദിനസന്ദേശങ്ങൾ പോലും രൂപപ്പെട്ടത്. മഞ്ഞുരുകൽ ഒരു ചൂടുള്ള വിഷയം, 'CO2- Kick the habit', 'Beat air pollution', 'ആഗോള താപനം - മരമാണ് മറുപടി' തുടങ്ങിയവ ഉദാഹരണങ്ങളാണ്.

Tags:    
News Summary - what is Greenhouse effect and Global warming

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT