വെള്ളിയാഴ്ചകളിലെ വീട്ടിൽ പോക്കും തിങ്കളാഴ്ചകളിലെ സിനിമാക്കഥകളും -സ്കൂൾ ഓർമകൾ പങ്കുവെച്ച് അൻസിബ ഹസൻ

കോഴിക്കോട് മാത്രയിലെ കാലിക്കറ്റ് ഇസ്‍ലാമിക് ​െറസിഡൻഷ്യൽ സ്കൂളിലാണ് ഞാൻ പഠിച്ചത്. ആറാം ക്ലാസ് മുതൽ ഹോസ്റ്റലിൽ ആയിരുന്നു. എന്റെ ഉമ്മയുടെ അനിയന്മാർ ഒക്കെ ഹോസ്റ്റലിൽനിന്നാണ് പഠിച്ചത്. അതേ സ്കൂളിൽതന്നെ. ഞാൻ അന്ന് കുഞ്ഞാണ്. എനിക്ക് രണ്ടോ മൂന്നോ വയസ്സുള്ളപ്പോൾ ഇവർ ഹോസ്റ്റലിൽനിന്ന് വരും. കഥകൾ പറയും. ഞാൻ ആറിൽ എത്തിയപ്പോഴേക്കും ഇവർ കോളജിലായി. പക്ഷേ എന്റെ മനസ്സിൽ ഇപ്പോഴും ഈ ഹോസ്റ്റലാണ് നിറഞ്ഞു നിൽക്കുന്നത്.

ഇവർ പറഞ്ഞ ഹോസ്റ്റലും സ്കൂളും എനിക്ക് ഇഷ്ടപ്പെട്ടു. അങ്ങനെ കരഞ്ഞ് നിർബന്ധിച്ചിട്ടാണ് എന്നെ ഹോസ്റ്റലിൽ ചേർത്തത്. ഹോസ്റ്റലിൽ ചേർത്ത്, ഇവർ പോയിക്കഴിഞ്ഞപ്പോഴാണ് ഒറ്റക്ക് നിൽക്കണമെന്ന് എനിക്ക് മനസ്സിലായത്. അന്നേ അഭിമാനം കൂടുതൽ ആയതുകൊണ്ട് ഒറ്റക്കിരുന്ന് കരഞ്ഞതേയുള്ളൂ. വീട്ടുകാരോട് പറഞ്ഞില്ല. കാരണം കരഞ്ഞ് കാലുപിടിച്ചിട്ടാണല്ലോ അവിടെ ചേർത്തത്.

അഞ്ചാം ക്ലാസ് മുതൽ ഒരു വർഷം പിന്നാലെ നടന്നിട്ടാണ് ഹോസ്റ്റലിൽ ചേർത്തത്. അവിടെ ഏറ്റവും പ്രായം കുറഞ്ഞ കുട്ടി ഞാനായിരുന്നു. അതുകൊണ്ടുതന്നെ ഹോസ്റ്റലിൽ പ്രത്യേക പരിഗണന എനിക്കുണ്ടായിരുന്നു. എല്ലാവരുമായിട്ട് മിങ്കിളായി പോകുന്ന ഒരാളാണ് ഞാൻ.

കോഴിക്കോട് തന്നെയാണ് വീട്. അവിടെയാണ് ഹോസ്റ്റലും. ഹോസ്റ്റലും സ്കൂൾ കോമ്പൗണ്ടും ഒരുമിച്ചാണ്. വെള്ളിയാഴ്ച ക്ലാസ് കഴിഞ്ഞാൽ വീട്ടിലേക്ക് കൊണ്ടുപോകും. ശനിയും ഞായറും വീട്ടിൽ നിൽക്കും. തിങ്കളാഴ്ച രാവിലെ കൊണ്ടുവിടും. എല്ലാ വെള്ളിയാഴ്ചയും വീട്ടിലേക്ക് വന്നാൽ ശനിയും ഞായറും ആ ആഴ്ച ഇറങ്ങുന്ന എല്ലാ പടവും കാണുന്ന ഒരേ ഒരാൾ ഞാനായിരുന്നു. തിങ്കളാഴ്ച ഞാൻ വരാൻവേണ്ടി ക്ലാസിലെ കുട്ടികൾ കാത്തിരിക്കും. കഥ പറഞ്ഞുകൊടുക്കാൻ. അങ്ങനെ എല്ലാ ആഴ്ചയും കഥ പറഞ്ഞു കൊടുക്കുന്നത് ഞാനാണ്. ചെറുപ്പത്തിലേ സിനിമാക്കഥ പറഞ്ഞുകൊടുക്കുന്ന ആളായി. പിന്നീട് എപ്പോഴെങ്കിലും ഈ സിനിമ ടി.വിയിൽ വരുമല്ലോ. ഞാൻ പറയാത്ത ഒരു സീൻ പോലും സിനിമയിൽ ഇല്ലെന്ന് കൂട്ടുകാർ പറയും. അതുപോലെയാണ് ഞാൻ കഥ പറഞ്ഞു കൊടുത്തിരുന്നത്.


കഥ പറയാൻ ഏറെ ഇഷ്ടം

സ്കൂൾ കലോത്സവങ്ങളിൽ ഒന്നും പങ്കെടുക്കാൻ അവസരം ഉണ്ടായിരുന്നില്ല. നാലാം ക്ലാസ് വരെ മലപ്പുറത്താണ് പഠിച്ചത്. ആ സമയത്ത് കലോത്സവത്തിൽ പോയിട്ടുണ്ട്. നാലാം ക്ലാസിൽ പഠിക്കുന്ന സമയത്ത് ആദ്യമായി എന്നെ കഥാകഥനത്തിന് കൊണ്ടുപോയി ചേർത്തു. കഥാകഥനം എന്താണെന്ന് പോലും എനിക്ക് അറിയില്ലായിരുന്നു. എന്നെ അതിന് ചേർത്തു, ഒരു കഥയും പഠിക്കാൻ തന്നു. ആൻഡ്രോക്ലിസും സിംഹവും എന്ന് പറഞ്ഞിട്ടുള്ള കഥയായിരുന്നു. ടൈറ്റിൽ ഇപ്പോഴും ഓർമയുണ്ട്. കഥ മൊത്തം ഞാൻ കാണാതെ പഠിച്ചു. എങ്ങനെയാണ് ഇതു പറയേണ്ടത് എന്ന് എനിക്കറിയില്ലായിരുന്നു. എന്‍റെ ചെസ്റ്റ് നമ്പർ അനുസരിച്ച് മൂന്നാമതോ നാലാമതോ ആണ് ഞാൻ കയ​റേണ്ടത്. ആദ്യത്തെ കുട്ടികൾ പറയുന്നത് കണ്ടിട്ട് ഞാനും അതുപോലെയൊക്കെ കഥ പറഞ്ഞു. അങ്ങനെ എനിക്ക് സെക്കൻഡ് പ്രൈസ് കിട്ടി. ജീവിതത്തിൽ ആദ്യമായി ഞാൻ അറിയാതെപോയി ചെയ്ത് എനിക്ക് പ്രൈസ് കിട്ടിയത് ഇതിലാണ്. ചിലപ്പോൾ അതായിരിക്കും സിനിമാക്കഥകൾ പറഞ്ഞുകൊടുക്കാനുള്ള കോൺഫിഡൻസ് തന്നത്.

എല്ലാവർഷവും മണവാട്ടി

ഇസ്‍ലാമിക് സ്കൂൾ ആയതുകൊണ്ട് ഡാൻസ് കോമ്പറ്റീഷൻ ഒന്നും ഇല്ലായിരുന്നു. ആകെ ഉണ്ടായിരുന്നത് ഒപ്പനയാണ്. ഒപ്പനക്ക് ഞാൻ എല്ലാ പ്രാവശ്യവും ചേരും. എന്നാൽ, എന്നെ എല്ലാ പ്രാവശ്യവും പിടിച്ച് മണവാട്ടിയാക്കും. മറ്റുള്ള കുട്ടികൾക്ക് കളിക്കാൻവേണ്ടിയിട്ടാണ്. ഞാൻ വഴക്കു കൂടാത്ത ആളായതുകൊണ്ട് അങ്ങനെ ചോദിച്ച് വാങ്ങുക ഒന്നുമില്ല. എന്‍റെ ആഗ്രഹം പറഞ്ഞാലും ബാക്കിയുള്ളവർ ഇടിച്ചു കേറും കളിക്കാൻ വേണ്ടി. മണവാട്ടി ആവാൻ ആർക്കും താൽപര്യം ഉണ്ടാവില്ല. എല്ലാവർക്കും ഡാൻസ് കളിക്കണം. പത്താം ക്ലാസ് വരെ എല്ലാവർഷവും ഞാൻ തന്നെയായിരുന്നു മണവാട്ടി.

പഠനം മാത്രം പോര

പഠനത്തോടൊപ്പം എക്സ്ട്രാ കരിക്കുലർ ആക്ടിവിറ്റിയും വേണം. കോമ്പറ്റീഷന്റെ സമയത്തൊക്കെ ഗ്രേസ് മാർക്ക് വേണമെന്ന് മാതാപിതാക്കൾ പറയുമെങ്കിലും മക്കൾ എല്ലാവരുടെ മുന്നിലും അവരുടെ എക്സ്ട്രാ കഴിവുകൾ പ്രദർശിപ്പിക്കണം എന്നാണ് ഓരോ മാതാപിതാവും ആഗ്രഹിക്കുന്നത്. മക്കൾ നന്നായിട്ട് ഡാൻസ് പഠിക്കട്ടെ, പാട്ടു പഠിക്കട്ടെ എന്ന് ആലോചിച്ചിട്ടായിരിക്കും ഇല്ലാത്ത കാശ് മുടക്കി കലോത്സവത്തിൽ പങ്കെടുപ്പിക്കുന്നത്. ഗ്രേസ് മാർക്കിനുവേണ്ടി മാത്രമാണ് ഇതു ചെയ്യിക്കുന്നത് എന്ന് എനിക്ക് അഭിപ്രായമില്ല.

അവരുടെ ആഗ്രഹമാണ്. അവർക്ക് ചെയ്യാൻ പറ്റാത്തത് അവരുടെ മക്കൾ ചെയ്യട്ടെ. പണ്ട് ആഗ്രഹിച്ചിരുന്ന കാര്യങ്ങൾ മക്കളിലൂടെ ചെയ്യുന്നു. മക്കളോടുള്ള സ്നേഹം കാരണമാണ് മാതാപിതാക്കൾ ഇതെല്ലാം പഠിപ്പിക്കുന്നത്. ചിലർ താൽപര്യമില്ലാതെ പഠിക്കുന്നുണ്ടാവാം. അങ്ങനെയുള്ള കുട്ടികളെ അവർക്ക് വേറെ എന്തിനോടാണോ താൽപര്യം അതു കണ്ടെത്തി അതിലേക്ക് തിരിച്ചുവിടണം. ജനിച്ചു വീഴുന്ന കുട്ടിയുടെ കൈയിലേക്ക് പണ്ട് കളിപ്പാട്ടങ്ങളാണ് കൊടുത്തിരുന്നെങ്കിൽ ഇന്ന് കൊടുക്കുന്നത് മൊബൈൽ ഫോണാണ്. ചെറുപ്പമില്ലാതെയാണ് കുട്ടികൾ വലുതായി പോകുന്നത്. നമ്മൾ തെറ്റിൽനിന്ന് ശരി പഠിച്ചവരല്ലേ. ഇപ്പോഴത്തെ കുട്ടികൾ ആദ്യം ശരിയാണ് കാണുന്നത്. കുട്ടിക്കാലം ഇല്ലാതെയാണ് അവർ വളരുന്നത്.


ഇഷ്ടമുള്ളത് ചെയ്യുക. ചില കുട്ടികൾക്ക് ഡാൻസ് ആയിരിക്കും, ചിലർക്ക് പാട്ടായിരിക്കും. സ്പോർട്സ്, എഴുത്ത്, പെയിന്റ് ചെയ്യൽ എന്നിവ ഇഷ്ടപ്പെടുന്നവരും ഉണ്ടാകാം. അവരുടെ മേഖല ഏതാണ് എന്നുവെച്ചാൽ അതു ചെയ്യിപ്പിക്കുക. എഴുതാനാണ് താൽപര്യമെങ്കിൽ ഒരുപാട് പുസ്തകങ്ങൾ വാങ്ങിക്കൊടുക്കുക. കഥകളും കവിതകളും എഴുതാൻവേണ്ടി അവസരം കൊടുക്കുക, പ്രോത്സാഹിപ്പിക്കുക. പേന വെച്ച് പുസ്തകത്തിൽ എഴുതിയതിനുശേഷം ടൈപ് ചെയ്യട്ടെ. അത് മെമ്മറിയിൽനിന്ന് പോകില്ല ഒരിക്കലും.

Tags:    
News Summary - Ansiba Hasan shares school memories

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.