സൂര്യനെന്നൊരു നക്ഷത്രം

ഭൂമിയിൽ ജീവന്റെ നിലനിൽപ്പിനാധാരം എന്താണെന്നു ചോദിച്ചാൽ വായു, വെള്ളം എന്നൊക്കെയായിരിക്കും കൂട്ടുകാരുടെ ഉത്തരം. എന്നാൽ, ഇത്തരം ഘടകങ്ങളുടെ രൂപപ്പെടലിൽ നിർണായക പങ്കുവഹിക്കുന്നതും ഭൂമിയിലെ ഊർജത്തിന്റെ പ്രധാന സ്രോതസ്സുമാണ് സൂര്യൻ.​​ സൗരയൂഥത്തിന്റെ കേന്ദ്രമായ ഭൂമിയുടെ മാതൃനക്ഷത്ര​​ത്തിന്റെ കൂടുതൽ വിശേഷങ്ങൾ അ‌റിയാം.

109 ഭൂമികൾക്ക് തുല്യം

13.92 ലക്ഷം കിലോമീറ്ററാണ് സൂര്യന്റെ വ്യാസം. ഏകദേശം 109 ഭൂമികൾക്കു തുല്യമാണിത്. സൗരയൂഥത്തിലെ ആകെ പിണ്ഡത്തിന്റെ 99.86 ശതമാനവും സൂര്യന്റേതാണ്. എന്നാൽ പ്രപഞ്ചത്തിലെ മറ്റു നക്ഷത്രങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ സൂര്യൻ ഒരു ഇടത്തരം നക്ഷത്രം മാത്രമാണെന്നോർക്കുക.

സൂര്യൻ രൂപംകൊണ്ടത് ഏകദേശം 460 കോടി വർഷങ്ങൾക്കു മുമ്പാണെന്നു കരുതപ്പെടുന്നു. 460 കോടി വർഷങ്ങൾ എന്ന് ഒറ്റയടിക്ക് പറയുമ്പോൾ ആ കാലയളവിന്റെ ദൈർഘ്യം കൂട്ടുകാർക്ക് മനസ്സിലായിക്കൊള്ളണമെന്നില്ല. നമ്മൾ മ​റ്റൊന്നും ചെയ്യാതെ നിർത്താതെ തുടർച്ചയായി ഒന്നു മുതൽ 460 കോടി വരെ എണ്ണാൻ തുടങ്ങിയാൽ നമ്മുടെ ആയുസ്സിൽ അത് എണ്ണിത്തീരില്ലെന്നോർക്കുക. വലിയൊരു പ്രദേശത്തെ ദ്രവ്യം ഗ്രാവിറ്റേഷനൽ കൊളാപ്സ് എന്ന എന്ന പ്രക്രിയയിലൂടെ കേന്ദ്രീകരിച്ച് സൂര്യനും മറ്റു ഗ്രഹങ്ങളും ഉണ്ടായി എന്നാണ് അനുമാനിക്കുന്നത്.

സൂര്യനിലുമുണ്ട് കൊറോണ

സൂര്യന്റെ ഏറ്റവും പുറമെയുള്ള പാളിയാണ് കൊറോണ. എന്നാൽ ഈ ഭാഗം പൂർണ സൂര്യഗ്രഹണ സമയത്ത് മാത്രമേ നഗ്നനേത്രങ്ങൾകൊണ്ട് കാണാൻ സാധിക്കുകയുള്ളൂ. എന്നാൽ നമ്മൾ പുറമെ കാണുന്ന സൂര്യന്റെ ഭാഗമാണ് ഫോട്ടോസ്‌ഫിയർ അഥവാ പ്രഭാമണ്ഡലം. സൂര്യനിലെ ഉയർന്ന താപനിലയിൽ പദാർഥത്തിന്റെ നാലാമത്തെ അ‌വസ്ഥയായ പ്ലാസ്മയിലാണ് ദ്രവ്യം സ്ഥിതിചെയ്യുന്നത്. സൂര്യനിൽ ഏറ്റവും കൂടുതൽ കാണ​പ്പെടുന്ന മൂലകം ​ഹൈഡ്ര​​ജനാണ്. ഏകദേശം മൂന്നിൽ ഒന്നോളം വരുമിത്. 23.8 ശതമാനം ഹീലിയവും വളരെ ചുരുങ്ങിയ അ‌ളവിൽ ഓക്സി​ജൻ, കാർബൺ പോലുള്ള ഘനമൂലകങ്ങളും കാണ​പ്പെടുന്നു. അ‌ണുസംയോജനം അഥവാ ന്യൂക്ലിയർ ഫ്യൂഷൻ എന്ന പ്രക്രിയയിലൂടെയാണ് സൂര്യനിൽ ഊർജോൽപാദനം നടക്കുന്നത്. ഇതിലൂടെ രണ്ട് ഹൈഡ്രജൻ ആറ്റങ്ങൾ കൂടിച്ചേർന്ന് ഒരു ഹീലിയം ആറ്റമായി മാറുന്നു. ഈ പ്രക്രിയ വഴിയാണ് അതിഭീമമായ ഊർജം സൂര്യൻ പുറന്തള്ളുന്നത്. നാം കാണുന്ന ദൃശ്യപ്രകാശവും നാമനുഭവിക്കുന്ന താപവും മുതൽ അ‌ൾട്രാവയലറ്റ് രശ്മികളും ​വൈദ്യുതകാന്തികതരംഗത്തിലെ അപകടകാരികളായ ഗാമാ വികിരണങ്ങളുംവരെ ഇതിലൂടെ പുറന്തള്ളുന്നു.

സൂര്യൻ കെട്ടിയ ചരടിലെ ഭൂമി

ഭൂമിയടക്കം സൗരയൂഥത്തിലെ എട്ടു ഗ്രഹങ്ങളും സൂര്യനു ചുറ്റും ഇത്ര അനുസരണയോടെ മറ്റെങ്ങോട്ടും തെന്നിമാറാതെ പരിക്രമണം ചെയ്യുന്നതെങ്ങനെയെന്ന് ചിന്തിച്ചിട്ടുണ്ടോ? ഗ്രഹങ്ങളെയും സൗരയൂഥത്തിലെ കുള്ളൻ ഗ്രഹങ്ങളും ഉൽക്കകളുമടക്കം മറ്റനേകം വസ്തുക്കളെയും സൂര്യൻ നിയന്ത്രിക്കുന്നത് ഗുരുത്വാകർഷണം എന്ന അദൃശ്യമായ ചരടിനാലാണ്. പ്രപഞ്ചത്തിലെ എല്ലാ വസ്തുക്കളും പരസ്പരം ആകർഷിക്കുന്നുവെന്ന് പാഠപുസ്തകങ്ങളിൽ പഠിച്ചതോർമയില്ലേ? മറ്റു ഗ്രഹങ്ങളെ അപേക്ഷിച്ച് സൂര്യന്റെ ഭീമമായ വലുപ്പം കാരണം അതിശക്തമായ ഗുരുത്വാകർഷണ വലിവ് (ഗ്രാവിറ്റേഷനൽ പുൾ) നിമിത്തം ഒരു ചരടിൽ കല്ലുകെട്ടി കറക്കുന്നതുപോലെ ഭൂമി സൂര്യനു ചുറ്റും തിരിയുന്നു. സൗരയൂഥത്തിന്റെ കേന്ദ്രത്തിൽ സൂര്യനില്ലായിരുന്നെങ്കിലോ... ക്ഷീരപഥത്തിൽ നമ്മളിങ്ങനെ കെട്ടില്ലാത്ത പട്ടംപോലെ ഒഴുകി നടന്നേനെ!

സൂര്യന്റെ ഭാവി

​നക്ഷത്രങ്ങൾക്ക് ജനനവും മരണവുമുണ്ടെന്ന് കൂട്ടുകാർക്കറിയാമല്ലോ. നക്ഷത്രങ്ങൾ എങ്ങനെയാണ് രൂപം കൊള്ളുന്നതെന്നും അ‌വ എങ്ങനെ നശിക്കുന്നുവെന്നും ഇന്ന് ശാസ്ത്രത്തിന് വ്യക്തമായ ധാരണയുണ്ട്. വർഷങ്ങൾ കഴിയുമ്പോൾ സൂര്യന്റെ കാമ്പിലെ ​ഹൈഡ്രജൻ തീർന്നുപോകുകയും അ‌ണുസംയോജനം നടക്കാതെ വരുകയും ചെയ്യും. തൽഫലമായി കാമ്പ് ചുരുങ്ങാനാരംഭിക്കുകയും വൻതോതിൽ ഗ്രാവിറ്റേഷനൽ പൊട്ടൻഷ്യൽ ഊർ​​ജം പുറത്തുവിടുകയും ചെയ്യും. തുടർന്ന് സൂര്യന്റെ തിളക്കം വർധിച്ച് വികസിക്കാനാരംഭിക്കും. ഈ പ്രക്രിയയിൽ ബുധനെയും ശുക്രനെയും വിഴുങ്ങുകയും ഭൂമി വാസയോഗ്യമല്ലാതാകുകയും ചെയ്യും. റെഡ് ​​​ജയന്റ് അ‌ഥവാ ചുവന്ന ഭീമൻ എന്ന ഘട്ടത്തിലേക്ക് സൂര്യനെത്തും. പിന്നീട് തണുത്തുറഞ്ഞ് അനേകായിരം കോടി വർഷങ്ങൾ വെള്ളക്കുള്ളനായി പ്രപഞ്ചത്തിന്റെ അ‌നന്തതയിൽ ശയിക്കും. എന്നാൽ ഇതൊന്നും അ‌ടുത്തെങ്ങും സംഭവിക്കുന്ന കാര്യങ്ങളല്ല. സൂര്യ​ൻ അ‌തിന്റെ അ‌ടുത്ത ഘട്ടത്തിലേക്ക് കടക്കാൻ പോലും 500 കോടി വർഷങ്ങളെങ്കിലും കഴിയും. അ‌ത്രയും കാലം ഭൂമിയിൽ ജീവനുണ്ടാകു​മോ എന്നുപോലും ഉറപ്പില്ല!

Tags:    
News Summary - Sun the star at the center of the Solar System

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT