Welcome 2024

.ഐയുടെ അഡ്വാൻസ്ഡ് ടൂൾസ്, ചാന്ദ്രദൗത്യങ്ങൾ, അൾട്രാ ഫാസ്റ്റ് സൂപ്പർ കമ്പ്യൂട്ടർ... 2024നെ വരവേൽക്കാൻ ലോകം ഒരുങ്ങിക്കഴിഞ്ഞു. ശാസ്ത്ര, സാ​ങ്കേതിക, ആരോഗ്യ മേഖലകളിൽ വലിയൊരു കുതിച്ചുച്ചാട്ടത്തിനാണ് 2023 സാക്ഷിയായത്. ഇന്ത്യയുടെ ഉൾപ്പെടെ വമ്പൻ ബഹിരാകാശ ദൗത്യങ്ങളും മറ്റു കണ്ടുപിടിത്തങ്ങളും ഇതിൽ ഉൾപ്പെടും. ഏതെല്ലാം മേഖലകളിലാണ് ഈ കുതിച്ചുചാട്ടമുണ്ടാകുകയെന്നും പുതിയ പ്രതീക്ഷകളും നമുക്കൊന്ന് ​നോക്കിയാലോ?

എ.ഐ അഡ്വാൻസസ്

2023ൽ ചാറ്റ് ജി.പി.ടി സൃഷ്ടിച്ച പുകിലുകളൊക്കെ നമ്മൾ കണ്ടു. ഓപ്പൺ എ.ഐ വികസിപ്പിച്ച ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത ഭാഷാ മോഡലായ ചാറ്റ് ജി.പിടിയുടെ പുതിയ പതിപ്പ് ഈ വർഷം പുറത്തിറങ്ങും. ചാറ്റ് ജി.പി.ടിയുടെ നെക്സ്റ്റ് ജനറേഷൻ പതിപ്പായ ജി.പി.ടി -5 മായാണ് ഓപ്പൺ എ.​ഐ 2024ൽ എത്തുക. നിലവിലെ ഏറ്റവും പുതിയ പതിപ്പായ ജി.പി.ടി -4 നേക്കാൾ കൂടുതൽ അഡ്വാൻഡ്സ് പതിപ്പായിരിക്കും ജി.പി.ടി 5. മുൻഗാമികളേക്കാൾ ഒരുപിടി കൂടുതൽ കഴിവുകൾ പ്രദർശിപ്പിക്കുന്ന ജി.പി.ടി 5 ലോകത്ത് വലിയ മാറ്റങ്ങൾക്ക് കാരണമായേക്കും. ജി.പി.ടി -4 ന്റെ സഹമത്സരാർഥിയായ ഗൂഗ്ളിന്റെ ജെമിനിയെയും ടെക് ലോകം പ്രതീക്ഷയോടെയാണ് കാണുന്നത്. ഈ ഭാഷാ മോഡലിന് ടെക്സ്റ്റ്, കമ്പ്യൂട്ടർ കോഡ്, ഇമേജുകൾ, ഓഡിയോ, വിഡിയോ തുടങ്ങിയ ഇൻപുട്ടുകൾ പ്രോസസ് ചെയ്യാൻ കഴിയുമെന്നാണ് വിലയിരുത്തൽ.

ഗൂഗ്ൾ ഡീപ്മൈൻഡ്സിന്റെ (Google DeepMinds) എ.ഐ ടൂളായ ആൾഫാഫോൾഡിന്റെ (AlphaFold) പുതിയ പതിപ്പും ശാസ്ത്രലോകത്തേക്കെത്തുന്നത് പുതിയ പ്രതീക്ഷകളോടെയാണ്. മരുന്ന് ഉൽപ്പാദനത്തിൽ വലിയ മാറ്റങ്ങൾ സൃഷ്ടിക്കാൻ ഇവക്ക് കഴിയും.

ആർട്ടിഫിഷ്യൽ ഇന്ററലിജൻസ് പുതിയ മാനങ്ങൾ ക​ണ്ടെത്താൻ തുടങ്ങിയതോടെ ഇവയുടെ ഉപയോഗത്തിന് യുനൈറ്റഡ് നേഷൻസ് 2024 പകുതിയോടെ പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവന്നേക്കും.

നക്ഷത്രങ്ങളെ ലക്ഷ്യംവെച്ച്

ചിലിയിൽ നിർമാണത്തിലിരിക്കുന്ന ജ്യോതിശാസ്ത്ര നിരീക്ഷണ കേന്ദ്രമായ മുമ്പ് ലാർജ് സിനോപ്റ്റിക് സർവേ ടെലിസ്കോപ് എന്നറിയപ്പെട്ടിരുന്ന വെരാ സി. റൂബിൻ ഒബ്സർവേറ്ററി 2024 അവസാനത്തോടെ പ്രവർത്തനം ആരംഭിക്കും. ദക്ഷിണാർദ്ധ ഗോളത്തിലെ ആകാശത്തെക്കുറിച്ച് പത്തുവർഷത്തെ സർവേക്ക് മുന്നോടിയായാണ് പ്രവർത്തനം ആരംഭിക്കുക. ഒബ്​സർവേറ്ററിയുടെ 8.4 മീറ്റർ ദൂരദർശിനിയും 32,00 മെഗാപിക്സൽ കാമറയും ഉപയോഗിച്ച് പുതിയ പ്രതിഭാസങ്ങളും ഭൂമിക്ക് സമീപത്തെ ഛിന്നഗ്രഹങ്ങളെയും കണ്ടെത്താനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ. ചിലിയിലെ അറ്റകാമ മരുഭൂമിയിലെ സൈമൺസ് ഒബ്സർവേറ്ററിയും 2024ഓടെ പൂർത്തിയാകും. മഹാവിസ്ഫോടനം, ഗുരുത്വാകർഷണം തുടങ്ങിയവയിൽ പുതിയ മാനങ്ങൾ പുതു തലമുറ പ്രപഞ്ചാശാസ്ത്രജ്ഞർ ഇതുവഴി തിരയും.

കൊതുകുകൾ ആയുധമാകും

കൊതുകുകൾ പരത്തുന്ന രോഗങ്ങളെ ഇല്ലാതാക്കാൻ കൊതുകുകളെ തന്നെ ആയുധമാക്കുന്ന വിദ്യയെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടാകും. ബ്രസിലിലാണ് സംഭവം. 2024ൽ രോഗങ്ങ​ളെ ചെറുക്കുന്ന കൊതുകുകളെ സൃഷ്ടിക്കുന്ന ഒരു ഫാക്ടറി തന്നെ ബ്രസീലിൽ തുടങ്ങിയേക്കും. World Mosquito Program എന്ന എൻ.ജി.ഒയാണ് ഇതിനുപിന്നിൽ. ലോകമെമ്പാടും ലക്ഷകണക്കിന് പേർക്കാണ് കൊതുകു​കൾ പരത്തുന്ന ഡെങ്കി, സിക തുടങ്ങിയ രോഗംമൂലം ജീവൻ നഷ്ടമാകുന്നത്. ബാക്ടീരിയ കുത്തിവെച്ച ​കൊതുകുകളെ ഉപയോഗിക്കുന്നതുമൂലം രോഗബാധിതരുടെ എണ്ണം കുറക്കാനാകുമെന്നാണ് ശാസ്ത്രജ്ഞരുടെ പ്രതീക്ഷ.

മഹാമാരിക്കുശേഷം

കോവിഡ് 19 മഹാമാരി ലോകത്തെ തന്നെ മാറ്റിമറിച്ചിരുന്നു. സാമ്പത്തിക, സാമൂഹിക, ആരോഗ്യ നയങ്ങളും പൊളിച്ചെഴുതിയിരുന്നു. കോവിഡ് 19നെതിരായ വാക്സിനുകൾ നിർമിച്ചെങ്കിലും ഫലപ്രദമായ മൂന്ന് നെക്സ്റ്റ് ജനറേഷൻ വാക്സിനുകൾ നിർമിക്കാനൊരുങ്ങുകയാണ് യു.എസ്. പ്രതിരോധ ശേഷി വർധിപ്പിച്ച് അണുബാധയെ തടയുന്ന രണ്ട് ഇൻട്രാനേസൽ വാക്സിനുകളും ഒരു mRNA വാക്സിനുമാണ് ഉൽപ്പാദിപ്പിക്കുക. mRNA വാക്സിൻ വഴി ആന്റിബോഡിയും ടി സെൽ പ്രതിരോധവും വർധിപ്പിച്ച് കോവിഡ് വകഭേദങ്ങൾക്കെതിരെ പ്രതിരോധശേഷി സൃഷ്ടിക്കുകയാണ് ലക്ഷ്യം.

അതേസമയം ലോകാരോഗ്യ സംഘടന മേയ് മാസത്തിൽ നടക്കുന്ന 77ാമത് ലോകാരോഗ്യ അസംബ്ലിയിൽ പാർഡമിക് ഉടമ്പടിയുടെ അന്തിമ കരട് അവതരിപ്പിക്കും. ഭാവിയിൽ പകർച്ചവ്യാധികളെ ഫലപ്രദമായി തടയുന്നതിന് ലോകമെമ്പാടുമുള്ള സർക്കാറുകളെ സജ്ജമാക്കുകയാണ് ലക്ഷ്യം. ഡബ്ല്യൂ.എച്ച്.ഒയിൽ അംഗങ്ങളായ 194 രാജ്യങ്ങളും അതിലെ വ്യവസ്ഥകൾ തീരുമാനിക്കും. കൂടാതെ മഹാമാരികൾ തടയുന്നതിനായി വാക്സിനുകളും ഡേറ്റയും വൈദഗ്ധ്യവും ഉൾ​പ്പെടെ തുല്യമായി കൈമാറുന്നതിനുമുള്ള വ്യവസ്ഥകളുണ്ടാക്കും.

ഭൂമിക്കപ്പുറം

2024ൽ ചൈനയുടെ Chang’e-6 ദൗത്യമായിരിക്കും ശാസ്ത്രലോകത്ത് വഴിത്തിരിവ് സൃഷ്ടിക്കുക. ച​ന്ദ്രന്റെ വിദൂര ഭാഗങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിക്കുക എന്നതാണ് ഈ ദൗത്യത്തിന്റെ ലക്ഷ്യം. ഇതോടെ വിദൂരഭാഗങ്ങളിൽനിന്ന് സാമ്പിളുകൾ ശേഖരിക്കുന്ന ആദ്യ രാജ്യവുമാകും ചൈന.

നാസയുടെ ക്ലിപ്പർ ക്രാഫ്റ്റാണ് ലോകം പ്രതീക്ഷയോടെ കാണുന്ന അടുത്ത ദൗത്യം. വ്യാഴത്തിന്റെ ഉപഗ്രഹമായ യൂറോപ്പയാണ് ഇതിന്റെ ലക്ഷ്യം. വ്യാഴത്തിന്റെ മഞ്ഞുമൂടിയ ഉപഗ്രഹമായ യൂറോപ്പക്ക് താഴെ ജീവൻ നിലനിർത്താൻ കഴിയുന്ന സ്ഥലങ്ങളുണ്ടോ എന്ന് നിർണ്ണയിക്കുകയാണ് ഈ ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം.

ജപ്പാന്റെ മാർഷ്യൻ മൂൺസ് എക്സ്പ്ലൊറേഷനാണ് (എം.എം.എക്സ്) മറ്റൊരു ദൗത്യം. ചൊവ്വയുടെ ഉപഗ്രഹങ്ങളായ ഫോബോസ്, ഡീമോസ് എന്നിവ സന്ദർശിക്കും. കൂടാതെ ഫാബോസിൽ ഇറങ്ങി ഉപരിതല സാമ്പിളുകൾ ശേഖരിച്ച് 2029ഓടെ ഭൂമിയിലേക്ക് മടങ്ങിയെത്തും.

ഭൂമിയെ രക്ഷിക്കണം

2024ന്റെ രണ്ടാം പകുതിയിൽ ഹേഗിലെ അന്താരാഷ്ട്രകോടതി ഭൂമിയെ സംരക്ഷിക്കുന്നതിനും കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുമായി രാജ്യങ്ങളുടെ നിയമപരമായ ബാധ്യതകളെക്കുറിച്ച് അഭിപ്രായം രേഖപ്പെടുത്തും. കാലവസ്ഥയെ ദോഷകരമായി ബാധിക്കുന്ന നടപടികൾ സ്വീകരിക്കുന്നവർക്കെതിരെ നിയമപരമായ നടപടികൾ സ്വീകരിക്കുന്നതിനുള്ള മാർഗങ്ങളും കൊണ്ടുവരും. ഇത്തരമൊരു നടപടി കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട രാജ്യങ്ങളുടെ ആഭ്യന്തര നിയമങ്ങളും മറ്റും നടപ്പിലാക്കുന്നതിനും പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്നതിനും വഴിവെക്കും. പ്ലാസ്റ്റിക് മലിനീകരണം ഇല്ലാക്കാനായി അന്താരാഷ്ട്ര ഉടമ്പടി ഉണ്ടാക്കുന്ന യു.എൻ പ്ലാസ്റ്റിക് ഉടമ്പടി സംബന്ധിച്ച ചർച്ചകൾ അടുത്തവർഷം പൂർത്തിയാക്കും.

സൂപ്പർ ഫാസ്റ്റ് സൂപ്പർ കമ്പ്യൂട്ടറുകൾ

2024ൽ യുറോപ്പിന്റെ ആദ്യ എക്സാസ്കെയിൽ സൂപ്പർ കമ്പ്യൂട്ടറായ ജുപീറ്ററിലേക്ക് ശാസ്ത്രജ്ഞർ മാറും. ഓരോ സെക്കന്റിലും ഒരു ക്വിന്റില്ല്യൺ (ഒരു ബില്ല്യൺ ബില്ല്യൺ) കമ്പ്യൂട്ടേഷൻസ് ഇതിലൂടെ നടത്താൻ കഴിയും.

മെഡിക്കൽ ആവശ്യങ്ങൾക്കായി മനുഷ്യന്റെ ഹൃദയത്തിന്റെയും തലച്ചോറിന്റെയും ഡിജിറ്റൽ ഇരട്ട മാതൃകകൾ സൃഷ്ടിക്കുന്നതിനും ഭൂമിയുടെ കാലാവസ്ഥയുമായി ബന്ധപ്പെട്ട പഠനങ്ങൾക്കും ഇത് ഉപയോഗിക്കും.

2024ൽ യു.എസി​ലെ ശാസ്ത്രജ്ഞർ രണ്ട് എക്സാസ്കെയിൽ മെഷിനുകൾ ഇൻസ്റ്റാൾ ചെയ്യും. ഇല്ലിനോയിസിലെ ആർഗോൺ നാഷനൽ ലബോറട്ടറിയിൽ അറോറയും കാലിഫോർണിയയിലെ ലോറൻസ് ലിവർമോർ നാഷനൽ ലബോറട്ടറിയിൽ എൽ കാപിറ്റനും ഇൻസ്റ്റാൾ ചെയ്യും. ​തലച്ചോറിലെ ന്യൂറൽ സർക്ക്യൂട്ടുകളുടെ മാപ് നിർമിക്കാനാണ് അറോറ ഉപയോഗിക്കുക. ന്യൂക്ലിയർ ആയുധ സ്ഫോടനങ്ങളുടെ ​ഫലങ്ങൾ പഠിക്കാൻ എൽ കാപിറ്റനും ഉപയോഗിക്കും.

Tags:    
News Summary - science Technology predictions for 2024

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.