എന്താകുമോ എന്തോ! Next Gen @ 23

ങ്ങനെയുണ്ടായിരുന്നു 2022? എല്ലാത്തവണയും പോലെ 2022ഉം നല്ല വേഗത്തിലങ്ങ് കടന്നുപോയി അല്ലേ? അതിനിടയിൽ നല്ലതും ചീത്തയുമായ പലകാര്യങ്ങളും നമുക്കുചുറ്റുമുണ്ടായി. കഴിഞ്ഞ കാര്യങ്ങളെക്കുറിച്ച് അധികം ചിന്തിച്ചുകൂട്ടാതെ വരാനിരിക്കുന്ന നാളെകളെ കുറിച്ച് ചിന്തിക്കാം എന്നല്ലേ മഹാന്മാർ പറഞ്ഞിരിക്കുന്നത്. അപ്പോൾ നമുക്കും അൽപം ചിന്തയാകാം നാളെയെക്കുറിച്ച്. 2023ൽ എന്തെല്ലാം നടക്കും? പ്രവചനമൊന്നും സാധ്യമല്ലെങ്കിലും ചിലതെല്ലാം നമ്മൾ പ്രതീക്ഷിക്കുന്നുണ്ട്. എന്തൊക്കെ പറഞ്ഞാലും 2023ന് 2022നേക്കാൾ അൽപം വേഗത കൂടുതലായിരിക്കും എന്നതിൽ ആർക്കും സംശയം ​വേണ്ട. ഇനി 2023ലെ ചില പ്രതീക്ഷകൾ...

അവിടെ 8ജി ഇവിടെ 5ജി

എന്താണ് 5ജി എന്നൊന്നും കൂട്ടുകാർക്ക് പ്രത്യേകിച്ച് പറഞ്ഞുതരേണ്ട കാര്യമില്ല. നിങ്ങളെല്ലാവരും ഇന്റർനെറ്റ് തലമുറയിൽ ജനിച്ച് വളർന്നുവന്നവരാണ്. നിങ്ങളുടെ തലമുറയിലുള്ളവർക്ക് അതിവേഗം ഇന്റർനെറ്റും മറ്റ് സാ​ങ്കേതികവിദ്യകളും സ്വായത്തമാക്കാനുള്ള കഴിവുണ്ടെന്ന് പലപഠനങ്ങളും തെളിയിച്ചിട്ടുമുണ്ട്. വേഗതയുടെ അടിസ്ഥാനത്തിൽ പല തലമുറകളായി ഇൻറർനെറ്റിനെ തിരിച്ചിരിക്കുന്നത് കൂട്ടുകാർക്കറിയാം. 2023ൽ ഇന്ത്യയിൽ അഞ്ചാം തലമുറ ഇന്റർനെറ്റ് (5ജി) വ്യാപകമാവും എന്നതുതന്നെയാണ് പ്രതീക്ഷനൽകുന്ന ഒരു കാര്യം. എന്നാൽ, ജനസംഖ്യയിൽ ലോകത്ത് ഒന്നാം സ്ഥാനത്ത് കുതിക്കുന്ന നമ്മൾ അഞ്ചാംതലമുറയിൽ മാത്രമെത്തിനിൽക്കുമ്പോൾ മറ്റ് പല രാജ്യങ്ങളും എട്ടാം തലമുറയിലൂടെയും പത്താം തലമുറയിലൂടെയുമെല്ലാമാണ് കടന്നുപോകുന്നതെന്നുകൂടി ഓർക്കണം!

വെബ് 3.0

‘അകലം’ എന്ന യാഥാർഥ്യത്തെ ഇല്ലാതാക്കി എത്തിയതായിരുന്നു മെറ്റാവേഴ്സ് എന്ന പുത്തൻ സാ​ങ്കേതികവിദ്യ. അതിന്റെ നൂതനപരിഷ്കരണങ്ങൾ വന്നുകൊണ്ടേയിരിക്കുന്നു. 2023ൽ മെറ്റാവേഴ്സ് സകല മേഖലയിലും വിപ്ലവം സൃഷ്ടിക്കും എന്നുതന്നെയാണ് കണക്കുകൂട്ടൽ. മെറ്റാവേഴ്‌സിനുമപ്പുറം ലോകം 2023ൽ ചർച്ച ചെയ്യുന്ന ഒന്നാകും വെബ് 3.0. ഇത് നിങ്ങളുടെ ഓഗ്‍മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി, ആര്‍ട്ടിഫിഷല്‍ ഇന്റലിജന്‍സ്, മെഷീന്‍ ലേണിങ്, ഇന്റര്‍നെറ്റ് ഓഫ് തിങ്‌സ്, ബ്ലോക്‌ചെയിൻ തുടങ്ങിയ സാങ്കേതികവിദ്യകള്‍ ഒരുമിച്ചുചേർന്ന് പ്രവർത്തിക്കും വെബ് 3.0യിൽ. വെര്‍ച്വല്‍ ലോകത്ത് പല രാജ്യങ്ങളിലുള്ളവർ തമ്മിൽ കണ്ടുമുട്ടും. അവരൊരുമിച്ച് സമയം ചെലവിടും. ഒന്നിച്ച് ജോലിചെയ്യും...

ബ്രേക്ഫാസ്റ്റ് ലണ്ടനിൽ, ലഞ്ച് ന്യൂയോർക്കിൽ!

സാങ്കൽപിക ലോകത്തിന്റെ കടന്നുവരവായിരിക്കും 2023ൽ നമ്മെ കാത്തിരിക്കുന്നത്. ഗെയിമുകളിലും മറ്റും നിങ്ങളറിഞ്ഞ സാങ്കൽപിക ലോകമാവില്ല ഇനിവരുന്നത്. വെർച്വൽ റോഡുകളിലൂടെ ഇനി നിങ്ങൾക്ക് സഞ്ചരിക്കാനാവും. ന്യൂയോർക്കിലുള്ള സുഹൃത്തിന്റെ വീട്ടിൽ പോയിവരാം. ലണ്ടനിലെ തെരുവിലൂടെ സൈക്കിളിൽ പോകാം. സെക്കൻഡുകളുടെ വ്യത്യാസമില്ലാതെ ഏത് മഹാനഗരത്തിലുമെത്താം. ഇതൊന്നും സ്വപ്നമല്ല. 2023ൽ ഇതിൽ ചിലതെങ്കിലും തീർച്ചയായും സാധ്യമാവുമെന്നാണ് സാ​ങ്കേതിക വിദഗ്ധരുടെ കണക്കുകൂട്ടൽ.

ഇനി സൂപ്പർ ആപ്പുകൾ

ഡെസ്ക്ടോപ് കമ്പ്യൂട്ടറും ലാപ്ടോപ്പും കടന്ന് മൊബൈലിലും ടാബിലുമെത്തിയ കാല​മൊക്കെ കഴിഞ്ഞു. ഇനി എന്തിനും ഏതിനും വിരൽതുമ്പത്ത് ആപ്പുകളുണ്ടാവും. ഓരോ കമ്പനിയും ഇപ്പോൾ ആപ്പുകൾക്കുപിന്നിൽ പായുകയാണ്. ഒരുപക്ഷേ വാട്സ്ആപ്പിനെയും വെട്ടി പുതിയ ചാറ്റിങ് ആപ്പുകൾ നിങ്ങൾക്കുമുന്നിൽ എത്തിയേക്കും. അതിനുള്ള ഒരുക്കങ്ങൾ പല വൻ കമ്പനികളും തുടങ്ങിക്കഴിഞ്ഞു. ചൈനയിലെ വീചാറ്റ് ആണ് ഇപ്പോഴത്തെ ഏറ്റവും വലിയ സൂപ്പര്‍ ആപ്. അതിനെ മാതൃകയാക്കി മസ്‌കിന്റെ ‘എക്‌സ്’ ആപ്പും ടാറ്റയുടെ പുതിയ ആപ്പും 2023ൽ എത്തും. പുത്തൻ ഫീച്ചറുകളുമായി വാട്സ്ആപ് ഇനിയും കളംനിറയും. ലോകത്തെ 50 ശതമാനം ജനങ്ങളും 2023ഓടെ സൂപ്പര്‍ ആപ് ഉപയോക്താക്കളായി മാറുമെന്ന പ്രവചനവും എത്തിയിട്ടുണ്ട്.

പറക്കും ടാക്സികൾ

റോഡിലൂടെ മാത്രം എന്നും യാത്രചെയ്താൽ മതിയോ? വിമാനയാത്ര എപ്പോഴും നടക്കുന്ന ഒന്നല്ലല്ലോ. ഇനി വീട്ടിൽനിന്ന് പുറത്തിറങ്ങി ടാക്സി കാറുകളിൽ ഒന്നു പറന്നാലോ? റോഡിൽ പറക്കുന്ന കാര്യമല്ല, ആകാശത്ത്. സംഭവം യാഥാർഥ്യമാക്കാൻ ഒരുങ്ങുകയാണ് ദുബൈ. പറക്കാനുള്ള മനുഷ്യന്റെ ആഗ്രഹം മുന്നിൽ കണ്ടുകൊണ്ടുതന്നെയാണ് പറക്കും ടാക്സികൾ എന്ന പുതിയ പദ്ധതിയെക്കുറിച്ച് ദുബൈ ചിന്തിച്ചുതുടങ്ങിയത്. 2023ൽ ഈ പദ്ധതിക്ക് വിപുലമായ സാധ്യതകളാണ് ദുബൈൽ തുറക്കുന്നത്. 2026 ആകുമ്പോഴേക്കും പൂർണ അർഥത്തിൽ പ്രാവർത്തികമാക്കുന്ന രീതിയിലാണ് 2023ൽ ഈ പദ്ധതിക്ക് തുടക്കമിടുന്നത്.

ചന്ദ്രനിലേക്ക് ടൂർ പോകുമോ?

ബഹിരാകാശ ടൂറിസം എന്നത് ശാസ്ത്രലോകത്ത് എന്നും ചർച്ചനടക്കുന്ന കാര്യമാണ്. സ്​പേസ് എക്സിന്റെ ബഹിരാകാശ ടൂറിസം പദ്ധതിയുടെ ആദ്യകടമ്പകളെല്ലാം വിജയമായിരുന്നു എന്നത് പ്രതീക്ഷകൾ കൂട്ടുന്നുണ്ട്. 2030ഓടെ പൂർണ അർഥത്തിൽ ഒരു ടൂറിസം സ്​പേസ് ആയി ബഹിരാകാശം മാറും എന്നുതന്നെയാണ് കണക്കുകൂട്ടൽ. 2023ൽ ഇതുമായി ബന്ധപ്പെട്ട് നിരവധി ചുവടുവെപ്പുകൾ നടക്കും.

കോവിഡിനെ AI തുരത്തുമോ​?

കോവിഡ് വീണ്ടും ലോകത്ത് ശക്തമാകുന്നുവെന്ന വാർത്തകളായിരുന്നു 2022ന്റെ അവസാനവും 23ന്റെ ആദ്യവും നമ്മൾ കേട്ടത്. കോവിഡ് മഹാമാരികാലത്ത് അടച്ചുപൂട്ടിയിരുന്ന അവസ്ഥയിലേക്ക് എത്തിച്ചേരുമോ എന്ന ഭയമുണ്ട് എല്ലാവരുടെയും മനസ്സിൽ. എന്നാൽ, ശാസ്ത്രലോകം അതിവേഗം സഞ്ചരിച്ചുകൊണ്ടേയിരിക്കുകയാണ്. ആർട്ടിഫിഷൽ ഇന്റലിജൻസ്​പോലുള്ള പുത്തൻ സാ​ങ്കേതികവിദ്യകളിലൂടെ മഹാമാരികളെ തുടച്ചുനീക്കാൻ കഴിയുമെന്ന് ശാസ്ത്രലോകം വിശ്വസിക്കുന്നു. അതിന്റെ പരീക്ഷണവേദികൂടിയാവും 2023.

ആരോഗ്യരംഗം ജാഗ്രതപുലര്‍ത്താനായി ഡിജിറ്റല്‍ ഇമ്യൂണ്‍ സിസ്റ്റങ്ങളടക്കം 2023ൽ വന്നേക്കാം. എ.ഐ-ഓഗ്മെന്റഡ് ടെസ്റ്റിങ് അടക്കമുള്ള സൗകര്യങ്ങളും ഇതിന്റെ ഭാഗമാകും.

വെളിച്ചത്തിനും മുകളിൽ

ഗൂഗ്ളിന്റെ സുന്ദർ പിച്ചെ പറഞ്ഞ ഒരുകാര്യം കൂട്ടുകാർ ഓർക്കുന്നുണ്ടോ? 2023ൽ ഏറെ പ്രാധാന്യമുള്ള ഒരു നിരീക്ഷണമായിരിക്കും അത്. ‘‘ആർട്ടിഫിഷൽ ഇന്റലിജൻസ് (നിർമിതബുദ്ധി) ഇനി ഏറെ ശക്തിയാർജിക്കാൻ പോവുകയാണ്. മനുഷ്യന് തീ, വെളിച്ചം, വൈദ്യുതി എന്നിവക്കും മുകളിൽ പ്രാധാന്യമുള്ള ഒന്നായി എ.ഐ മാറും. 2023ൽതന്നെ ഇതിന്റെ അനക്കങ്ങൾ കണ്ടുതുടങ്ങും’’. എ.ഐ കേന്ദ്രീകരിച്ചുള്ള ഉല്‍പന്നങ്ങള്‍ കൂടുതലായി സൃഷ്ടിക്കപ്പെടും. പണമില്ലാത്തവർക്കും എ.ഐയുടെ സാധ്യതകൾ പ്രയോജനപ്പെടുന്ന രീതിയിലായിരിക്കും സാ​ങ്കേതികവിദ്യയുടെ വളർ​ച്ചയെന്നും അദ്ദേഹം പറയുന്നു.

പെട്രോളടിക്കാതെ യാത്രപോവാം

‘വെർച്വൽ വോയേജേഴ്‌സ്’ എന്ന പുതിയൊരു സാധ്യത തുറക്കുകയാണ് 2023ൽ ശാസ്ത്രലോകം. വെർച്വൽ റിയാലിറ്റിയിൽ യാത്ര നടത്താൻ ആഗ്രഹിക്കുന്നവർക്കുവേണ്ടിമാത്രം ഒരു സംരംഭം. 3ഡി വെർച്വൽ സ്​പേസിലേക്ക് യാത്രചെയ്യാനാകും സൗകര്യമൊരുങ്ങുക. മെറ്റാവേഴ്സ് ആയിരിക്കും ഈ വെർച്വൽ യാത്ര സാധ്യമാക്കുക. ഓരോ ആളുകൾക്കും ‘അവതാർ’ എന്ന പേരിൽ തങ്ങളുടെ മിനിയേച്ചർ രൂപം ഉണ്ടാക്കുന്നവിധം ഇതി​നോടകംതന്നെ കൂട്ടുകാർ കണ്ടുകാണും. ആ രൂപത്തിലാകും വെർച്വൽ ലോകത്തിലൂടെയുള്ള സഞ്ചാരം.

Tags:    
News Summary - Next Generation 2023

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT