ഇമ്മിണി ബല്യ കഥയുടെ സുൽത്താൻ

മാങ്കോസ്റ്റിൻ മരച്ചുവട്ടിലിരുന്ന് മലയാള ഭാഷാ വ്യാകരണത്തെ 'പളുങ്കൂസാക്കി' മാറ്റിയ ബേപ്പൂർ സുൽത്താന്റെ ദിനമാണ് ജൂലൈ അഞ്ച്. 'വെളിച്ചത്തിനെന്ത് വെളിച്ചം' എന്ന് വിളിച്ചുപറഞ്ഞ കഥാകാരൻ, ചൊറിയുന്നിടത്ത് മാന്തുന്നതാണ് ലോകത്തിലെ ഏറ്റവും വലിയ സുഖം എന്ന ചെറിയ, ​വലിയ ആ യാഥാർഥ്യവും വൈക്കം മുഹമ്മദ് ബഷീറാണ് മാലോകരോട് പറഞ്ഞത്. പ്ഠോം.... പാത്തുമ്മായുടെ ആട് പെറ്റു... ഒരു പ്രസവം ഇത്ര സിംപിളായി എഴുതിയ വിശ്വവിഖ്യാതനായ എഴുത്തുകാരൻ... ഒന്നും ഒന്നും ഇമ്മിണി ബല്യ ഒന്നായി മാറ്റിയ ബേപ്പൂർ സുൽത്താൻ.

ആടും പൂച്ചയും തേരട്ടയും ബഷീറിലൂടെ നിറഞ്ഞുനിന്നിരുന്ന കഥാപാത്രങ്ങളായിരുന്നു. ജീവിതത്തിലെ പച്ചയായ യാഥാർഥ്യങ്ങളെ രസകരമായരീതിയിൽ ബഷീർ ഓരോ കഥയിലും വരച്ചിടുന്നുണ്ടായിരുന്നു. ശബ്ദങ്ങളിലൂടെയും മതിലുകളിലൂടെയും പാത്തുമ്മയുടെ ആടിലൂടെയും ബാല്യകാല സഖിയിലൂടെയും വായനക്കാരെ വ്യത്യസ്ത അനുഭവങ്ങളുടെ ലോകത്തിലേക്ക് എത്തിക്കുന്നത്. സകല ജീവികൾക്കും ഭൂമിയിൽ ഒരേ അവകാശമാണുള്ളത് എന്ന ആശയം ഉയർത്തിപ്പിടിക്കുന്നതായിരുന്നു 'ഭൂമിയുടെ അവകാശികൾ' എന്ന കഥയിലെങ്കിൽ, 'പാത്തുമ്മായുടെ ആട്' എന്ന നോവലിൽ അക്കാലത്തെ സ്ത്രീകളുടെ ദുരിതങ്ങളെയും ബഷീർ വരച്ചുകാട്ടി.

'കാടായിത്തീർന്ന ഒറ്റമരത്തിന്റെ ആത്മകഥയാണ് ബഷീർ സാഹിത്യം' ബഷീർ സാഹിത്യത്തെ എം.എൻ. വിജയൻ മാഷ് ഇങ്ങനെയാണ് വിശേഷിപ്പിച്ചത്. 'അതെ, ബഷീർ സാഹിത്യം ഒരു കാട് തന്നെയായിരുന്നു, ആ ഒറ്റമരത്തിന്റെ ശിഖരങ്ങളെല്ലാം പടർന്നുപന്തലിച്ചു'.

ആധുനിക മലയാള സാഹിത്യത്തിൽ ഏറ്റവും കൂടുതൽ വായിക്കപ്പെടുന്ന എഴുത്തുകാരിൽ ഒരാളായിരുന്നു വൈക്കം മുഹമ്മദ് ബഷീർ. എല്ലാവരെയും ഉൾക്കൊള്ളുക ഇതായിരുന്നു ബഷീറിന്റെ ഓരോ കഥയുടെയും മർമം. സുഹറയും മജീദും നാരായണനും എട്ടുകാലി മമ്മൂഞ്ഞും ബഷീർ തുന്നിച്ചേർത്ത, ജീവൻ പകർന്ന കഥാപാത്രങ്ങളായിരുന്നു. രണ്ടാംലോക യുദ്ധത്തിന്റെ ഭീകരത മലയാള സാഹിത്യത്തിൽ അവതരിപ്പിച്ച കൃതിയാണ് ശബ്ദങ്ങൾ. ബഷീറിന്റെ ഭാഷയിൽ പറഞ്ഞാൽ ഘോര ഘോര പീരങ്കി ഉണ്ടകൾ തെറിക്കുന്ന ശബ്ദങ്ങൾ!

'ബഷീർ മലയാള സാഹിത്യത്തിലെ സർഗവിസ്മയം' ബഷീറിന്റെ കൃതി ഇംഗ്ലീഷിലേക്ക് വിവർത്തനം ചെയ്ത് റൊണാൾഡ് ഇ. ആഷർ അദ്ദേഹത്തെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്. തന്റേതായ എഴുത്തിന്റെ ശൈലി തന്റെ ചുറ്റുമുള്ളതിന് ജീവൻ പകർന്ന മാന്ത്രിക എഴുത്തുകാരൻ.

ജീവചരിത്രം

1908 ജനുവരി 21ന് കോട്ടയം ജില്ലയിലെ വൈക്കത്തിനടുത്തുള്ള തലയോലപ്പറമ്പിലെ ഒരു മരവ്യാപാരിയുടെ മകനായി ജനിച്ച ബഷീർ ബാല്യത്തിൽ തന്നെ ഗാന്ധിയൻ ചിന്തകളിലും ആദർശങ്ങളിലും ആകൃഷ്ടനായിത്തീർന്നു. സ്വാതന്ത്ര്യസമര രംഗത്ത് പ്രവർത്തിക്കുകയും സത്യഗ്രഹത്തിൽ പ​ങ്കെടുത്ത് ജയിൽവാസം അനുഭവിക്കേണ്ടിവരുകയും ചെയ്തിട്ടുണ്ട്. കൊച്ചുമുഹമ്മദ് എന്നായിരുന്നു ബഷീറിന്റെ യഥാർഥ പേര്.

ഫാബിയുടെ റ്റാ റ്റാ

വൈക്കം മുഹമ്മദ് ബഷീറിന്റെ ഭാര്യയായിരുന്ന ഫാബി ബഷീറിനെ 'റ്റാ റ്റാ' എന്നായിരുന്നു വിളിച്ചിരുന്നത്. പത്താംതരത്തിൽ പഠിക്കുമ്പോഴായിരുന്നു ബഷീറുമായുള്ള വിവാഹം. 2015 ജൂലൈ 15ന് 78ാം ജന്മദിനത്തിൽ അവർ നിര്യാതയായി. ഫാത്തിമയുടെ ഫായും ബീവിയുടെ ബിയും ചേർന്നാണ് ഫാബിയായത്. സാഹിത്യരംഗത്തേക്ക് ബഷീറുമായുള്ള 36 വർഷത്തെ ദാമ്പത്യജീവിതത്തിന്റെ ഓർമകൾ ഉൾക്കൊള്ളുന്ന 'ബഷീറിന്റെ എടിയേ' എന്ന പേരിൽ ഡി.സി ബുക്സ് ആരംഭച്ചു.

ബഷീർ കൃതികൾ

പാത്തുമ്മായുടെ ആട്

ബാല്യകാല സഖി

മതിലുകൾ

പ്രേമലേഖനം

ന്റുപ്പൂപ്പാക്കൊരാനേണ്ടാർന്നു

വിശ്വവിഖ്യാതമായ മൂക്ക്

ജന്മദിനം

ശബ്ദങ്ങൾ

അനുരാഗത്തിന്റെ ദിനങ്ങൾ

ആനപ്പൂട

മാന്ത്രികപ്പൂച്ച

ബഷീറിന്റെ ഏക നാടകമാണ് കഥാബീജം

ബഷീർ മൊഴികൾ

'എന്റെ എഴുത്തുകൾ വായിച്ച് ഏറ്റവും കൂടുതൽ ചിരിച്ചത് ഞാനായിരിക്കും'

കരഞ്ഞതും ഞാൻ ആയിരിക്കും. കാരണം, അതൊക്കെയും എന്റെ അനുഭവങ്ങളായിരുന്നു.'

'സ്ത്രീകളുടെ തലക്കകത്ത് നിലാവെളിച്ചമാണ്'

'വെളിച്ചത്തിനെന്ത് വെളിച്ചം'

ബഹുമതികൾ

1982ൽ ഇന്ത്യ ഗവൺമെന്റ് അദ്ദേഹത്തിന് നാലാമത്തെ പരമോന്നത സിവിലിയൻ ബഹുമതിയായ പത്മശ്രീ നൽകി ആദരിച്ചു. കേന്ദ്ര സാഹിത്യ അക്കാദമി ഫെലോഷിപ്, കേരള സാഹിത്യ അക്കാദമി ഫെലോഷിപ്, മികച്ച കഥക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാർഡ്, 1993ൽ വള്ളത്തോൾ പുരസ്കാരം തുടങ്ങിയവ ലഭിച്ചിട്ടുണ്ട്.

Tags:    
News Summary - july 5 vaikom muhammad basheer day

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT