രോ ദിവസവും ഓരോ പരീക്ഷണങ്ങളുമായി എത്തുന്നതാണ് സൈബർ ലോകം. എല്ലാ തലമുറയെയും ഒരുപോലെ ആകർഷിക്കുന്ന പുത്തൻ പരീക്ഷണങ്ങളാണ് ഇതിൽ പ്രധാനം. ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്ന ഫേസ് ആപ്പുകൾ മുതൽ ഇൻസ്റ്റന്റ് വായ്പാ ആപ്പുകൾ വരെ ഇതിൽ ഉൾപ്പെടും. സൈബർ സു​രക്ഷയെക്കുറിച്ച് ബോധവാന്മാർ അല്ലാത്തവർ ഇവയുടെ കെണിയിൽ വീഴുകയും ചെയ്യും.

മനുഷ്യന്റെ നന്മക്കും വികാസത്തിനും വേണ്ടി തലമുറകളുടെ കണ്ടുപിടിത്തങ്ങളുടെ ഫലമായി നിർമിച്ചെടുത്തവയാണ് ഈ ​സൈബർ ലോകം. മനുഷ്യർ തമ്മിലുള്ള അകലം കുറക്കാനും ജോലിഭാരം കുറക്കാനും പുത്തൻ ജോലി സാധ്യതകൾ നൽകാനും ഈ സൈബർ ​ലോകത്തിന് കഴിയും. എന്നാൽ, എല്ലാത്തിനും മറ്റൊരു വശമുണ്ടെന്ന് പറയുന്നതുപോലെ സൈബർ ലോകത്തുമുണ്ട് ഇരപിടിയന്മാർ. ശ്രദ്ധയോടെ കൈകാര്യം ചെയ്തില്ലെങ്കിൽ നമ്മുടെ ജീവനും സ്വത്തിനുമെല്ലാം ഒരുപോലെ ഭീഷണിയാകുന്നവ. അതിനാൽ സൈബർ ലോകത്തെ ചതിക്കുഴികളെക്കുറിച്ച് ഈ ലക്കം അറിഞ്ഞാലോ.

മുഖം മിനുക്കുമ്പോൾ ശ്രദ്ധവേണം

ഡിജിറ്റൽ ​ഫോട്ടോകൾ എഡിറ്റ് ചെയ്ത് വിഷ്വലി മെച്ചപ്പെടുത്താൻ ഉപയോഗിക്കുന്ന നിരവധി ടൂളുകളും ഇഫക്ടുകളും അടങ്ങിയ ഫോട്ടോ എഡിറ്റിങ് ആപ്പുകളിൽ മുഖം മിനുക്കിയിട്ടുള്ളവരാകും നമ്മളിൽ പലരും. എന്നാൽ, ഇത്തരം ആപ്പുകൾക്കുപിന്നിൽ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ച് പലർക്കും അറിയില്ലെന്നതാണ് സത്യം. ​മൊബൈൽ ​ഫോണുകളിലും മറ്റു​ ഡിവൈസുകളിലും ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുമ്പോൾ മുതൽ ഡിവൈസുകളിലെ വിവരങ്ങൾ ഇവർ കൈക്കലാക്കിയിട്ടുണ്ടാകും. ആപ്പുകൾ ഇൻസ്റ്റാൾ ചെയ്ത് പ്രവർത്തനസജ്ജമാക്കാൻ കാമറ ആക്‌സസ്, കോൺടാക്ട്സ്, ഗാലറി, കോൾസ്, ലൊക്കേഷൻ തുടങ്ങിയവക്ക് ആക്സസ് നൽകാൻ ചോദിക്കും. ചില ആപ്പുകളിൽ ഇവ നൽകിയാൽ മാത്രമേ ഇത്തരം ആപ്പുകൾ ഉപയോഗിക്കാൻ കഴിയൂ. ആപ്പുകൾ പ്രവർത്തിക്കാൻ ആവശ്യമില്ലാത്ത പെർമിഷനുകളാണ് പലപ്പോഴും​ ചോദിക്കുക. അതിനാൽ അവക്ക് ആക്സസ് നൽകുമ്പോൾ പ്രത്യേകം ശ്രദ്ധിക്കണം. ഫോട്ടോ എഡിറ്റിങ് ആപ്പിന് കോൾസിന്റെയോ കോൺടാക്ട്സിന്റെയോ ആവശ്യമില്ലെന്ന് അറിയാമല്ലോ. ഗാലറിയുടെ പെർമിഷൻ നൽകുന്നതോടെ നമ്മൾ എഡിറ്റ് ചെയ്യാൻ ഉപയോഗിക്കുന്ന ഫോട്ടോയുടെ വിവരങ്ങൾ മാത്രമല്ല, ഗാലറിയിലെ മുഴുവൻ വിവരങ്ങളും ഈ ആപ്പുകൾ ശേഖരിക്കുമെന്ന് തിരിച്ചറിയണം. ഈ വിവരങ്ങൾ ശേഖരിക്കുക മാത്രമല്ല, അവ മറ്റുള്ള തട്ടിപ്പുകാർക്ക് ഉൾപ്പെടെ വിൽപന നടത്തുന്നുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. ചില ആപ്പുകൾ ഫിഷിങ് സൈറ്റുകളിലേക്ക് ഉപയോക്താക്കളെ റീ ഡയറക്ട് ചെയ്യുകയും മാൽവെയറുകൾ ഡിവൈസുകളിൽ ഇൻസ്റ്റാൾ ചെയ്യുകയും ചെയ്യും.

മാൽവെയറുകൾ ഇൻസ്റ്റാൾ ചെയ്യുന്നതു മൂലം ഈ ആപ്പുകൾ അൺ ഇൻസ്റ്റാൾ ചെയ്താലും വിവരങ്ങൾ ചോർത്തിയെടുക്കും. അതുകൊണ്ടുതന്നെ ഫോട്ടോ എഡിറ്റിങ് ആപ്പുകൾ ഉപയോഗിക്കുന്നതിനുമുമ്പ് ഇവ സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്താൻ കഴിയണം. ആപ് ഡെവലപ്പർ, പെർമിഷനുകൾ, ആപ് റിവ്യൂകൾ തുടങ്ങിയവ​ ശ്രദ്ധിച്ച് മനസ്സിലാക്കിയതിനുശേഷം മാത്രം ഇത്തരം ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യാൻ ശ്രദ്ധിക്കണം.

കെണിയാണേ വായ്പാ ആപ്പുകൾ

ഓൺലൈൻ ആപ്ലിക്കേഷനുകളിലൂടെ വായ്​പയെടുത്ത് കുടുങ്ങിയവരുടെ വാർത്തകൾ വായിച്ചുകാണും. ഇത്തരത്തിൽ വായ്പയെടുത്ത് തട്ടിപ്പിന് ഇരയാകുന്നവരുടെ എണ്ണം അനവധിയാണ്. കടുത്ത നിബന്ധനകളും ഉയർന്ന പലിശനിരക്കുമാണ് ഇത്തരം വായ്പകളുടെ പ്രധാന പ്രശ്നം. പണത്തിന് അത്യാവശ്യം വരുന്നവർ എളുപ്പത്തിൽ വായ്പ ലഭിക്കുന്ന ഇത്തരം ഡിജിറ്റൽ വായ്പാ ആപ്ലിക്കേഷനുകളുടെ കെണിയിൽ ചാടും. ഫോൺകോളിലൂടെയോ ഓൺലൈനിലൂടെയോ ആണ് ഇത്തരം ആപ്പുകളുടെ പരസ്യങ്ങൾ ആദ്യം ഉപയോക്താക്കളിലേക്കെത്തുന്നത്. ഇത്തരം ആപ്പുകൾ ഡൗൺലോഡുചെയ്ത് വായ്പയെടുത്താൽ ഉയർന്ന പലിശ നൽകി മുടങ്ങാതെ വായ്പ തിരിച്ചടക്കണം. മുടങ്ങിയാൽ വലിയ ഭീഷണി നേരിടേണ്ടിവരും. ഉടനടി വായ്പ നൽകുന്ന ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യുന്നതോടെ ഡിവൈസുകളിൽനിന്ന് കോൺടാക്ടുകൾ, ഫോട്ടോകൾ, വിഡിയോകൾ തുടങ്ങി പ്രധാന വിവരങ്ങളെല്ലാം ഇവ ചോർത്തിയെടുക്കും. ഇവ ഉപയോഗിച്ച് ഉപയോക്താക്കളെ ഭീഷണിപ്പെടുത്തും. ഡിജിറ്റൽ വായ്പ എടുക്കുന്നതിനുമുമ്പേ ലോൺ ആപ് റിസർവ് ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുണ്ടോയെന്ന് പരിശോധിക്കണം. കൂടാതെ സുരക്ഷിതമായ വെബ്‌സൈറ്റും ഫിസിക്കൽ അഡ്രസും ഉണ്ടോയെന്ന് ശ്രദ്ധിക്കണം. ധനകാര്യ സ്ഥാപനവും വായ്പാ ആപ്പും തമ്മിലുള്ള പങ്കാളിത്തം പരിശോധിച്ച് ഉറപ്പിക്കണം. ഫോണിലെ വ്യക്തിഗത വിവരങ്ങൾ ആക്‌സസ് ചെയ്യാൻ ആപ്പിന് അനുവാദം നൽകാൻ പാടില്ല. ഈ വിവരങ്ങൾ കൈക്കലാക്കിയാൽ ഉപയോക്താക്കളെ ബ്ലാക്ക്മെയിൽ ചെയ്യാനാണ് ഈ വിവരങ്ങൾ ഉപയോഗിക്കുന്നത്. കേരളത്തിൽ ഇത്തരത്തിലുള്ള ലോൺ ആപ് തട്ടിപ്പുകളുടെ എണ്ണം വർധിച്ചതോടെ പരാതികൾ അറിയിക്കാനായി ​കേരള പൊലീസ് ഒരു വാട്സ്ആപ് നമ്പർ ഒരുക്കിയിട്ടുണ്ട്. 9497980900 എന്ന നമ്പറിൽ ഇത്തരം തട്ടിപ്പുകൾക്കെതിരെ പരാതി നൽകാം.

സൈബർ സുരക്ഷ

മണിക്കൂറുകളോളം ഫോൺ സ്ക്രീനിൽ ചെലവഴിക്കുന്നവരാണ് കൂട്ടികൾ ഉൾപ്പെടെ മിക്കവരും. ഗൂഗ്​ൾ, ഇ-മെയിൽ, വാട്​സ്​ആപ്, എക്സ് (ട്വിറ്റർ), ​ഫേസ്​ബുക്ക്, ​ഇൻസ്റ്റഗ്രാം, ത്രഡ്സ് തുടങ്ങിയവയെല്ലാം ജീവിതത്തി​ന്റെ ഭാഗമായിക്കഴിഞ്ഞു. ഇവ ഉപയോഗിക്കു​മ്പോഴും സൈബർ സുരക്ഷിതത്വത്തെക്കുറിച്ച്​ പലരും ബോധവാന്മാരല്ല. വ്യക്തിഗത വിവരങ്ങൾ ഉൾപ്പെടെ ​സമൂഹമാധ്യമങ്ങളിൽ പങ്കുവെക്കാൻ ഒരു മടിയുമില്ലാത്തവരായി പഴയതും പുതിയതുമായ തലമുറ മാറിക്കഴിഞ്ഞു. ഇതിലൂടെ സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണവും വർധിച്ചു. കമ്പ്യൂട്ടർ അല്ലെങ്കിൽ കമ്പ്യൂട്ടർ ശൃംഖലയുമായി ബന്ധപ്പെട്ട കുറ്റകൃത്യമാണ്​ സൈബർ കുറ്റകൃത്യം. മോഷണം, വ്യാജരേഖ ചമക്കൽ, വഞ്ചന, അപകീർത്തിപ്പെടുത്തൽ തുടങ്ങിയവ കമ്പ്യൂട്ടറുമായോ കമ്പ്യൂട്ടർ ശൃംഖലയുമായോ ബന്ധപ്പെടുത്തി നടക്കു​മ്പോഴാണ്​ അവയെ ഇപ്രകാരം വിളിക്കുന്നത്​. ഇത്തരം കുറ്റകൃത്യങ്ങളിൽ ഇരകളോ കുറ്റവാളികളോ കൂടുതലും കുട്ടികളാണ്. നാഷനൽ സൈബർ ക്രൈം റിപ്പോർട്ടിങ് പോർട്ടലിന്റെ കണക്കുപ്രകാരം ഓൺലൈൻ സാമ്പത്തിക തട്ടിപ്പ് വിഭാഗത്തിൽ മാത്രം 2021 ജനുവരി മുതൽ 2022 നവംബർ 30 വരെ 8,84,863 പരാതികൾ റിപ്പോർട്ട് ചെയ്തു. അതേസമയം കുട്ടികൾക്കെതിരായ സൈബർ കുറ്റകൃത്യങ്ങൾ 2020ൽ 1102 ആയിരുന്നത് 2021ൽ 1376 ആയും ഉയർന്നു.

സൈബർ ബുള്ളിയിങ്​

കുട്ടികൾക്കും മുതിർന്നവർക്കുംനേരെ സാധാരണയായി നടത്തുന്ന ആക്രമണമാണ്​ സൈബർ ബുള്ളിയിങ്​ അഥവാ സൈബർ പീഡനങ്ങൾ. ഇന്റർനെറ്റ്, മറ്റു വിവരസാ​​ങ്കേതിക വിദ്യകളുടെ സഹായത്തോടെ​യോ അറിഞ്ഞുകൊണ്ട്​ അധിക്ഷേപങ്ങളും പരിഹാസങ്ങളും ആക്ഷേപങ്ങളും അയക്കുന്നതിനെയാണ്​ സൈബർ ബുള്ളിയിങ്​ എന്നുപറയുക​. സൈബർ ബുള്ളിയിങ്​ ടെ​ക്​സ്​റ്റ്​ മെസേജുകൾ, ഇ-മെയിൽ, സമൂഹമാധ്യമങ്ങൾ, വെബ്​ പേജുകൾ, ചാറ്റ്​ റൂമുകൾ തുടങ്ങിയവ വഴിയാകാം. സൈബർ ബുള്ളിയിങ്​ കുട്ടികളുടെ പഠനത്തെയും മാനസികാരോഗ്യത്തെയും ദോഷമായി ബാധിക്കും. സൈബർ മാധ്യമങ്ങളുടെ ഉപയോഗത്തിൽ അൽപം ശ്രദ്ധ ചെലുത്തിയാൽ സൈബർ ബുള്ളിയിങ്ങിൽനിന്ന് രക്ഷപ്പെടാം. സമൂഹമാധ്യമങ്ങളിൽ അപരിചിതരെ സുഹൃത്തുക്കളാക്കാതിരിക്കാൻ പരമാവധി ശ്രദ്ധിക്കുക. സ്വകാര്യ വിവരങ്ങൾ അതായത്,​ ജനനതീയതി, വിലാസം, ഫോൺ നമ്പർ തുടങ്ങിയവ പങ്കുവെക്കാതിരിക്കുക. സൈബർ ബുള്ളിയിങ്ങിന് ഇരയായിക്കഴിഞ്ഞാൽ രക്ഷാകർത്താക്കളെയോ മുതിർന്നവരെയോ ഉടൻ വിവരം അറിയിക്കുക. പ്രശ്നം പരിഹരിക്കാൻ സാധിച്ചില്ലെങ്കിൽ ​പൊലീസി​നെ വിവരം അറിയിക്കണം. ആക്രമണം ശ്രദ്ധയിൽപ്പെട്ടാൽ സംവാദങ്ങളും മെസേജുകളും സൂക്ഷിച്ചുവെക്കണം, കൂടാതെ വൈകാരിക ബുദ്ധിയോടെ അവരോട്​ പ്രതികരിക്കാതിരിക്കാനും ശ്രദ്ധിക്കണം.

സൈബർ ഗ്രൂമിങ്​

ഓൺലൈനിലൂടെ കുട്ടികളുമായി അടുത്ത ബന്ധം സ്​ഥാപിക്കുന്ന രീതിയാണ്​ സൈബർ ഗ്രൂമിങ്​. കുട്ടികൾ മാത്രമല്ല പലപ്പോഴും മുതിർന്നവരും ഇതിന്​ ഇരയാകാറുണ്ട്​. ആദ്യം ഇവർ മാനസികമായി അടുപ്പം സ്​ഥാപിക്കും. അതിനായി ആശംസ​കളോ സമ്മാനങ്ങളോ ജോലി വാഗ്​ദാനങ്ങളോ നൽകും. പിന്നീട്​ ചിത്രങ്ങളോ വിഡിയോകളോ അയച്ചുകൊണ്ടിരിക്കും. സൗഹൃദം സ്ഥാപിച്ചുകഴിഞ്ഞാൽ നിങ്ങളുടെ ചിത്രങ്ങളോ വിഡി​യോകളോ ആവശ്യപ്പെടുകയും നൽകിയാൽ അവ ഉപയോഗിച്ച് ചൂഷണം ചെയ്യുകയും ചെയ്യും. വഴങ്ങിയില്ലെങ്കിൽ പിന്നീട് ഭീഷണിയുമായി ഇവരെത്തും. അപരിചിതരുമായി സമൂഹമാധ്യമങ്ങളിൽ ബന്ധം സ്​ഥാപിക്കാതിരിക്കുകയും സ്വകാര്യ വിവരങ്ങൾ ഓൺലൈൻ പ്ലാറ്റ്​ഫോമുകളിൽ പങ്കുവെക്കാതിരിക്കുകയും ചെയ്യുക. സന്ദേശങ്ങൾ കൈമാറുന്ന വ്യക്തി കുറഞ്ഞ സമയത്തിനുള്ളിൽ നിങ്ങളെ പുകഴ്​ത്തി പറഞ്ഞുക്കൊണ്ടിരുന്നാൽ അതിൽ ചതിയുള്ളതായി മനസ്സിലാക്കുക. സ്വകാര്യ ചിത്രങ്ങൾ പങ്കുവെക്കുകയോ അശ്ലീല ചുവയോടെ സംസാരിക്കുകയോ ചെയ്താൽ ചതിക്കുഴിയാണെന്ന് തിരിച്ചറിയുക. കുട്ടികളുമായി ചാറ്റുചെയ്യുന്ന വ്യക്തിയുടെ വിവരങ്ങളും ചാറ്റ്​ സന്ദേശങ്ങളും മുതിർന്നവർ അറിഞ്ഞിരിക്കുക. ഓൺലൈനിലൂടെ പരിചയപ്പെട്ട വ്യക്തിയെ കാണാൻ ഒരിക്കലും ഒറ്റക്ക്​ പോകാതിരിക്കുക.

ഓൺലൈൻ ഗെയിമിങ്

മുതിർന്നവരും കുട്ടികളും ഒരുപോലെ കബളി​പ്പിക്കപ്പെടുന്നതാണ്​ ഓൺലൈൻ ഗെയിമിങ്​. നൂതന സാ​േങ്കതികവിദ്യ ഉപയോഗപ്പെടുത്തിയായിരിക്കും ഇവയുടെ തട്ടിപ്പ്.​ ഇതുവഴി ഒാൺലൈൻ ചതിയും സൈബർ ബുള്ളിയിങ്ങും അനധികൃത സന്ദേശ കൈമാറ്റവും വ്യാപകമായി നടക്കുന്നുണ്ടെന്നാണ്​ ഏറ്റവും പുതിയ വിവരം. ഗെയിമിങ്ങിൽ തുടങ്ങി ഗെയിമിങ്​ ചാറ്റിങ്ങിലും ഗ്രൂപ്പുകളിലും സമയം ​ചെലവഴിക്കുകയും ഇതുവഴി നിങ്ങളുടെ ആരോഗ്യപരവും മാനസികവും സാമൂഹികവുമായ പ്രശ്​നങ്ങൾക്കും കാരണമാകും. ഓൺലൈൻ ഗെയിമിൽ വ്യാപൃതരായിക്കുന്നവരെല്ലാം ഒരേ സ്വഭാവക്കാരായിരിക്കില്ല. ചിലപ്പോൾ അശ്ലീല സംസാരങ്ങളോ മറ്റ്​ മോശം സംസാരങ്ങളോ ഓൺലൈൻ ഗെയിമിങ്ങിനിടയിലുണ്ടാകും. ഗെയിമുകൾ ഡൗൺലോഡ് ചെയ്യുന്നതുവഴി വ്യക്തിഗത വിവരങ്ങളും ചോർത്തിയെടുത്തേക്കാം. കൂടുതൽ ഓൺലൈൻ ഗെയിമുകളിലും വിജയികൾക്ക്​ പ്രതിഫലമായി കോയിനുക​ളോ പോയന്റുകളോ നൽകും. ഇതിനായി നിങ്ങളുടെ ബാങ്ക് വിവരങ്ങൾ കൈക്കലാക്കുകയും അവ ദുരുപയോഗം ചെയ്ത് പണം തട്ടാനും സാധ്യതയുണ്ടാകും. സൗജന്യ ഓൺലൈൻ വെബ്​സൈറ്റുകളിൽനിന്ന്​ ഒരിക്കലും ഗെയിമുകൾ ഡൗൺലോഡ്​ ചെയ്യാതിരിക്കുക. ഇവയിൽനിന്ന്​ ഡൗൺലോഡ്​ ചെയ്​താൽ വൈറസുകളും മാൽവെയറുകളും നിങ്ങളുടെ കമ്പ്യൂട്ടറിനെയും സ്​മാർട്ട്​ ഫോണിനെയും നശിപ്പിക്കുകയും സ്വകാര്യ വിവരങ്ങൾ ചോർത്തിയെടു​ക്കുകയും ചെയ്​തേക്കാം.

നിങ്ങൾക്കറിയാമോ​?

ഒരിക്കൽ നിങ്ങളുടെ സ്വകാര്യ വിവരങ്ങൾ ഇൻറർനെറ്റ്​ വഴി പരസ്യപ്പെടുത്തിയാൽ പിന്നീട്​ പൂർണമായും അത്​ നീക്കം ചെയാൻ കഴിയില്ല.

Tags:    
News Summary - cybercrime and security

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-01-12 08:14 GMT
access_time 2024-01-03 05:41 GMT
access_time 2023-12-19 05:35 GMT